ADVERTISEMENT

തുടർച്ചയായ ആറാം തവണയും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുക്കപ്പെട്ട ഇടമാണ് ഫിൻലൻഡ്. ഏതൊരു ലോകസഞ്ചാരിയുടെയും ബക്കറ്റ് ലിസ്റ്റില്‍ ഈ മനോഹര രാജ്യം ഉണ്ടാകുമെന്ന് ഉറപ്പ്. നോര്‍ത്തേണ്‍ ലൈറ്റ്സും സാന്താക്ലോസിന്‍റെ ഗ്രാമവുമെല്ലാം അടക്കം, ഒട്ടേറെ അനുഭവങ്ങള്‍ നല്‍കുന്ന ഫിന്‍ലന്‍ഡിലേക്ക് യാത്ര പോവുകയെന്നു വച്ചാല്‍ അല്‍പം ചെലവേറിയ കാര്യമാണ്. എന്നാല്‍ ഇപ്പോള്‍ തീര്‍ത്തും സൗജന്യമായി സഞ്ചാരികള്‍ക്ക് യാത്ര ഒരുക്കുകയാണ് ഫിൻലൻഡ്.

ഈ വർഷം ജൂണിൽ ഫിൻലൻഡിൽ നടക്കുന്ന "മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസ്" എന്ന പരിപാടിയില്‍ പങ്കെടുക്കാനായി പത്തുപേര്‍ക്ക് സൗജന്യ അവസരം ലഭിക്കും. ഭാഗ്യശാലികൾക്ക് ജൂൺ 12 മുതൽ 15 വരെ നാല് ദിവസത്തെ യാത്ര സൗജന്യമാണ്. തിരഞ്ഞെടുക്കപ്പെട്ട ആളുകള്‍ക്ക് ഫിൻലൻഡിലേക്കും തിരിച്ചുമുള്ള ഫ്ലൈറ്റുകൾക്ക് പണം നൽകും. 

ഫിന്നിഷ് ലേക്ക്‌ലാൻഡ് മേഖലയിൽ സ്ഥിതി ചെയ്യുന്ന സ്വകാര്യ റിട്രീറ്റ് സെന്‍ററായ കുറു റിസോർട്ടിലായിരിക്കും ഇവരുടെ താമസം. പങ്കെടുക്കുന്ന എല്ലാവർക്കും അവരുടേതായ വില്ലകൾ ലഭിക്കും. പ്രകൃതിരമണീയമായ പ്രദേശത്താണ് ഈ റിസോര്‍ട്ട് സ്ഥിതിചെയ്യുന്നത്. ഓരോ വില്ലയിലും സ്വകാര്യ നീരാവിക്കുളിയും സ്പായും കൂടാതെ ഇൻ-റൂം വൈഫൈയും ഉണ്ടാകും. രാജ്യത്തെ ടൂറിസം ഡിപ്പാർട്ട്‌മെന്റായ വിസിറ്റ് ഫിൻലൻഡ് ആണ് പരിപാടി സംഘടിപ്പിക്കുന്നത്.

പരിപാടിയില്‍ പങ്കെടുക്കാന്‍ ചെറിയ ഒരു ചലഞ്ച് ഉണ്ടാകും, ഇതിന് രണ്ടു ഘട്ടങ്ങളുണ്ട്‌. ആദ്യമായി visitfinland.com എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് സൈൻ അപ്പ് ഫോം പൂരിപ്പിക്കുക. ശേഷം സോഷ്യൽ മീഡിയ ചലഞ്ച് പൂർത്തിയാക്കുക. ഇന്‍സ്റ്റഗ്രാമില്‍ #Findyourfinn, @ourfinland എന്നിവ ടാഗ് ചെയ്ത് കണ്ടന്‍റ് ഇടുകയാണ് സോഷ്യല്‍ മീഡിയ ചലഞ്ചില്‍ ചെയ്യേണ്ടത്. എന്തുകൊണ്ടാണ് മാസ്റ്റർക്ലാസ് ഓഫ് ഹാപ്പിനസിൽ ചേരാൻ ആഗ്രഹിക്കുന്നതെന്ന് ഇതില്‍ വ്യക്തമാക്കണം.

ഭാഗ്യശാലികളെ മെയ് മാസത്തിൽ പ്രഖ്യാപിക്കും. ഫിൻലൻഡിന്‍റെ ഇൻസ്റ്റഗ്രാം, ടിക് ടോക്ക് ചാനലുകളില്‍ വിജയികളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തും. കൂടാതെ, കൂടുതൽ വിവരങ്ങളും നിർദ്ദേശങ്ങളും നൽകുന്നതിനായി വിജയികളെ ഇമെയിൽ വഴിയും ബന്ധപ്പെടും. അപേക്ഷിക്കാനുള്ള അവസാന തീയതി 2023 ഏപ്രിൽ 2 ആണ്. അപേക്ഷകന് 18 വയസ്സ് തികഞ്ഞിരിക്കണം എന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

English Summary: Finland is giving free trips to 10 lucky people

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com