ADVERTISEMENT

ചായക്കട നടത്തി ലോകം ചുറ്റിയ വിജയന്‍ മോഹന ദമ്പതികളെക്കുറിച്ച് കേള്‍ക്കാത്തവര്‍ ചുരുക്കമായിരിക്കും. അവരെക്കാള്‍ പ്രായമുള്ള രണ്ടു കൂട്ടുകാരികളാണ് ഇപ്പോള്‍ വാര്‍ത്തകളിലെ താരം. 81–ാം വയസില്‍ ലോകയാത്ര ചെയ്ത് സമൂഹമാധ്യമത്തിൽ താരങ്ങളാകുകയാണ് യുഎസ്എയിലെ ടെക്‌സാസിൽ നിന്നുള്ള എല്ലി ഹാംബിയും സാൻഡി ഹാസെലിപ്പും.

രാജ്യാന്തര ഡോക്യുമെന്‍ററി ഫോട്ടോഗ്രാഫറായ എല്ലി ഹാംബിയും ഡോക്ടറായ സാൻഡി ഹാസെലിപ്പും 23 വർഷമായി ഉറ്റ സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് മുന്‍പും ഒട്ടേറെ യാത്രകള്‍ നടത്തിയിട്ടുണ്ട്. ഒടുവില്‍, ലോകത്തെ ഏഴ് ഭൂഖണ്ഡങ്ങളും സന്ദർശിക്കാൻ പുറപ്പെട്ട്, 80 ദിവസത്തിന് ശേഷം ഇരുവരും ടെക്‌സാസിലേക്ക് മടങ്ങിയെത്തി.

80 ദിവസത്തിനുള്ളിൽ ലോകം ചുറ്റുന്ന കാര്യം എണ്‍പതാം വയസ്സിലാണ് ഇവര്‍ ആലോചിക്കുന്നത്. എന്നാല്‍, കോവിഡ് മൂലം സഞ്ചാരസൗകര്യങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ അന്ന് യാത്ര നടന്നില്ല. പിന്നീട്, 81 വയസ്സില്‍ ഇവര്‍ യാത്ര ആരംഭിച്ചു. ഈ വർഷം ജനുവരിയിൽ അവർ തങ്ങളുടെ ആദ്യ ഇടമായ അന്റാർട്ടിക്കയിലേക്ക് പുറപ്പെട്ടു. യാത്ര തുടങ്ങും മുന്‍പേ തന്നെ ഇവര്‍ രാജ്യാന്തര മാധ്യമങ്ങളിലെ താരങ്ങളായി കഴിഞ്ഞിരുന്നു.

ഏഴു ഭൂഖണ്ഡങ്ങളിലായി 18 രാജ്യങ്ങളാണ് ഇരുവരും യാത്രയ്ക്കിടെ സന്ദർശിച്ചത്. ഓസ്‌ട്രേലിയ, ഇന്തൊനീഷ്യ, ജപ്പാൻ, നേപ്പാൾ, ഫിൻലൻഡ്, അർജന്റീന, ഇന്ത്യ എന്നിവിടങ്ങളിലേക്കെല്ലാം അവർ യാത്ര ചെയ്തു. ഏതെങ്കിലും ട്രാവല്‍ എജന്‍സി വഴി ബുക്ക് ചെയ്തിട്ടായിരുന്നില്ല ഇവരുടെ യാത്രകളും എന്നതാണ് മറ്റൊരു രസകരമായ വസ്തുത. മാത്രമല്ല, ആഡംബര ഹോട്ടലുകളോ രുചികരമായ ഭക്ഷണങ്ങളോ ഒന്നും യാത്രകളില്‍ ഉണ്ടായിരുന്നില്ല.

ഇന്ത്യയിലെത്തിയ ഇരുവരും കുത്തബ് മിനാർ, ഇന്ത്യാ ഗേറ്റ്, ജുമാമസ്ജിദ് എന്നിവിടങ്ങള്‍ എല്ലാം സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.

തുടർന്ന് തടാകങ്ങളുടെ നഗരമായ ഉദയ്പൂരിലുമെത്തി. ഇവിടെ 180 വര്‍ഷം പഴക്കമുള്ള കണ്‍കര്‍വ ഹവേലിയില്‍ താമസിച്ച അനുഭവവും അവര്‍ വിഡിയോയില്‍ പറയുന്നുണ്ട്. വളരെ കുറഞ്ഞ ചെലവില്‍ മനോഹരമായ ഒരു മുറിയില്‍ താമസിക്കാനായി എന്നും കുറിച്ചിട്ടുണ്ട്. രണക്പൂർ ജൈനക്ഷേത്രവും ഭരത്പൂരും സന്ദർശിച്ച ശേഷം ഒടുവിൽ, ആഗ്രയിലെ ഐതിഹാസികമായ താജ്മഹലും സന്ദര്‍ശിച്ചു.

ലോകപ്രസിദ്ധമായ ഒരുവിധം എല്ലാ ഇടങ്ങളിലും ഇവര്‍ ഈ 80 ദിവസത്തിനിടയില്‍ പറന്നെത്തിയിട്ടുണ്ട്. എവറസ്റ്റ് കൊടുമുടി, ഈജിപ്റ്റിലെ പിരമിഡുകള്‍, ടോക്കിയോ നഗരം, ഫുജി പര്‍വതം, ബാലി, ആഫ്രിക്ക മുതലായ ഒട്ടേറെ ഇടങ്ങളില്‍ നിന്നുള്ള മനോഹരമായ ദൃശ്യങ്ങള്‍ ഇവര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. ആഗ്രഹങ്ങൾ പൂർത്തിയാക്കാൻ പ്രായം ഒരു തടസമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് ഇൗ പെൺ സുഹൃത്തുക്കൾ.

English Summary: The Adventure Of A Lifetime: 81-Year-Old Best Friends Travel To 18 Countries In 80 Days

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com