‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ ; സൈക്കിൾ ചവിട്ടി ചരിത്രം കുറിക്കാൻ ഒരു കോഴിക്കോട്ടുകാരൻ
Mail This Article
ഇന്ന് ലോക സൈക്കിൾ ദിനം. ഈ കഥ നിങ്ങൾ വായിക്കുമ്പോൾ അങ്ങ് ജോർജിയയിലെ തെരുവുകളിലൂടെ ഒരു കോഴിക്കോട്ടുകാരൻ തന്റെ സൈക്കിൾ ചവിട്ടി മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണ്. ഒരൊറ്റ ലക്ഷ്യം മാത്രം.
സൈക്കിളും ചവിട്ടി ലണ്ടനിലെത്തി ചരിത്രം കുറിക്കുക. പ്രതീക്ഷയുടെ പെഡലുകളിലാണ് അദ്ദേഹം കാലുകളമർത്തി ചവിട്ടുന്നത്. ലക്ഷ്യത്തിലേക്കാണ് ആ സൈക്കിൾ നീങ്ങുന്നത്.
∙ വിപ്രോ റ്റു സൈക്കിൾ
കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ ഫായിസ് അഷ്റഫ് അലിക്ക് സൈക്കിളെന്നാൽ ഉന്മാദമാണ്. വിപ്രോയിൽ ജീവനക്കാരനായിരുന്ന ഫായിസ് തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജി വയ്ക്കുകയായിരുന്നു. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കാണ് ആദ്യമായി സൈക്കിളിൽ യാത്ര ചെയ്തത്. നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, തായ്‌ലൻഡ്, മലേഷ്യ എന്നീ രാജ്യങ്ങളിലൂടെ 8000 കിലോമീറ്ററുകളോളം സഞ്ചരിച്ചു. 104 ദിവസം കൊണ്ട് സിംഗപ്പൂരിലെത്തിയത്.
∙ ഈ യാത്ര സ്വാതന്ത്ര്യം കിട്ടിയത് വെള്ളക്കാരെ ഓർമിപ്പിക്കാൻ !
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് ഫായിസ് ലണ്ടൻ യാത്ര തുടങ്ങിയത്. ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്നതാണ് യാത്രയുടെ സ്ലോഗൻ. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര. 35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലണ്ടനിൽ എത്തിച്ചേരുക എന്നതാണ് ഫായിസ് പദ്ധതിയിട്ടത്. ടീം എക്കോ വീലേഴ്സിന്റെയും റോട്ടറി ഇന്റർനാഷലിന്റെയും സഹായത്തോടെയാണ് ഫായിസ് സൈക്കിളുമായി യാത്ര തുടങ്ങിയത്. സൈക്കിളിൽ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടുകയെന്നതാണ് അപൂർവത. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുവച്ച് മന്ത്രി വി.ശിവൻകുട്ടിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
∙ യാത്രാവഴി ഇങ്ങനെ
തിരുവനന്തപുരത്തുനിന്ന് മുംബൈ വരെ സൈക്കിളിലെത്തിയ ശേഷം അവിടെനിന്ന് വിമാനത്തിൽ ഒമാനിലെത്തി. ഇന്ത്യയിൽ 2070 കിലോമീറ്റർ യാത്ര ചെയ്തു. ഒമാനിലൂടെ 313 കിലോമീറ്റർ യാത്ര ചെയ്ത ശേഷം യുഎഇയിൽ പ്രവേശിച്ചു. 820 കിലോമീറ്റർ യുഎഇയിലൂടെ കറങ്ങി ഖത്തറിലേക്ക് പ്രവേശിച്ചു. ലോകകപ്പ് നടക്കുന്ന കാലത്താണ് ഖത്തറിലെ 360 കിലോമീറ്റർ സൈക്കിളുമായി ഫായിസ് യാത്ര ചെയ്തത്. ബഹറൈനിൽ 150 കിലോമീറ്ററും സൗദിയിലൂടെ 2560 കിലോമീറ്ററും കുവൈറ്റിലൂടെയ 260 കിലോമീറ്ററും പിന്നിട്ട് ഇറാഖിലെത്തി.969 കിലോമീറ്റർ പിന്നിട്ട് ഇറാനിലെത്തിയ ഫായിസ് 1540 കിലോമീറ്റർ സൈക്കിൾ ചവിട്ടി അർമേനിയയിൽ കടന്നു. ഇന്ന് ജോർജിയയിലെ ടിബ്‌ലിസിയിലൂടെയാണ് ഫായിസ് കടന്നുപോവുന്നത്. ഫായിസിന്റെ സൈക്കിൾ കടന്നുപോവുന്ന പതിനൊന്നാമത്തെ രാജ്യമാണ് ജോർജിയ.
∙ ഏതാണാ സൈക്കിൾ?
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസിന്റെ സഞ്ചാരം. പാരാജോൺ എന്ന യുഎഇ ആസ്ഥാനമായ ട്രാവൽ ആൻഡ് ലഗേജ് ആക്സസറീസ് കമ്പനിയാണ് സൈക്കിൾ സ്പോൺസർ ചെയ്തിരിക്കുന്നത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിലെ അംഗമാണ് ഫായിസ് അലി. ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലും ഫായിസിന്റെ സ്വപ്നയാത്രയ്ക്ക് കരുത്തേകുകയാണ്.
Content Summary : Solo bicycle expedition from India to London by Fayis Asraf Ali, an International cyclist.