ADVERTISEMENT

ലണ്ടനില്‍ നിന്നുള്ള മനോഹര യാത്രാചിത്രങ്ങള്‍ പങ്കുവച്ച് ഗായിക ശ്വേത മോഹന്‍. പിങ്ക് വസ്ത്രമണിഞ്ഞ്‌ ലണ്ടന്‍ ഐയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ശ്വേതയെ ചിത്രത്തില്‍ കാണാം. കൂട്ടുകാര്‍ക്കൊപ്പമുള്ള ചിത്രങ്ങളും ഈ കൂട്ടത്തിലുണ്ട്. "ഒരു രാത്രി മുഴുവന്‍ ലണ്ടന്‍ നഗരത്തിന്‍റെ ഹൃദയത്തിലൂടെ നടക്കാനാകുമെന്ന് കരുതിയതേ ഇല്ല" എന്ന് ശ്വേത ഇതിനു അടിക്കുറിപ്പ് നല്‍കി. 

 

സംഗീതപരിപാടിയ്ക്കായി ലണ്ടനിൽ എത്തിയതായിരുന്നു ശ്വേതയും ടീമും. ലണ്ടനില്‍ നിന്നു ജര്‍മനി, പാരീസ് തുടങ്ങിയ രാജ്യങ്ങളിലും സന്ദര്‍ശനം നടത്തിയ സംഘം, പരിപാടി കഴിഞ്ഞ് ചെന്നൈയില്‍ തിരിച്ചെത്തി.

 

ലോകത്തിലെ ഏറ്റവും വലിയ നിരീക്ഷണചക്രമാണ്‌ ലണ്ടൻ ഐ എന്ന ഭീമാകാരമായ ഫെറിസ് വീൽ. തേംസ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലണ്ടന്‍ ഐ മില്ലേനിയം വീൽ എന്നും അറിയപ്പെടുന്നുണ്ട്. ഇതിനുമുകളില്‍ കയറിയാല്‍ ലണ്ടന്‍ നഗരത്തിന്‍റെ മനോഹരമായ കാഴ്ചകള്‍ ആസ്വദിക്കാം.

 

135 മീറ്റർ ഉയരമുള്ള ലണ്ടൻ ഐ, പൂർണ്ണമായും എയർകണ്ടീഷൻ ചെയ്ത 32 ക്യാപ്‌സ്യൂളുകൾ ഉള്ളതാണ്, ഓരോന്നിനും ഒരേസമയം 25 പേരെ വരെ വഹിക്കാൻ ശേഷിയുണ്ട്. അര മണിക്കൂര്‍ നേരം ഇതിന് മുകളില്‍ കയറി കാഴ്ചകള്‍ ആസ്വദിക്കാം. ഒരു തവണ ഇതിന് മുകളില്‍ കയറാന്‍ 1200 രൂപയാണു ചാര്‍ജ്. എന്നിട്ടും വർഷം തോറും 35 ലക്ഷം ആളുകളാണ് ഇതിൽ കയറുന്നത്.

 

തെളിഞ്ഞ ദിവസങ്ങളില്‍ സന്ദർശകർക്ക് ബക്കിങ്ഹാം കൊട്ടാരം, സെന്‍റ് പോൾസ് കത്തീഡ്രൽ, പാർലമെന്‍റ് ഭവനങ്ങൾ തുടങ്ങിയ പ്രശസ്തമായ ലാൻഡ്‌മാർക്കുകൾ ഉൾപ്പെടെ എല്ലാ ദിക്കുകളിലും 40 കിലോമീറ്റർ വരെ കാണാനാകും.

 

വര്‍ഷം മുഴുവനും സഞ്ചാരികളെ സ്വാഗതംചെയ്യുന്ന ലണ്ടന്‍ എന്നും സഞ്ചാരികളുടെ സ്വപ്നനഗരമാണ്. യുനെസ്കോയുടെ ലോക പൈതൃക സൈറ്റായ ലണ്ടൻ ടവര്‍, ബിഗ്‌ ബെന്‍, ബ്രിട്ടീഷ് മ്യൂസിയം, നാചുറൽ ഹിസ്റ്ററി മ്യൂസിയം, വെസ്റ്റ്മിൻസ്റ്റർ കൊട്ടാരം, ഹൗസ് ഓഫ് കോമൺസ്, ഹൗസ് ഓഫ് ലോർഡ്സ് തുടങ്ങിയവയെല്ലാം ഇവിടെ കാണേണ്ട കാഴ്ചകളില്‍ പെടുന്നു.

 

Content Summary : London Eye during the day, images shared by Swetha Mohan.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com