ADVERTISEMENT

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമായ ബാർബഡോസിൽ അവധിക്കാലം ചെലവഴിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട താരജോഡികളായ വിരാട് കോലിയും അനുഷ്ക ശർമയും. തെക്കൻ കരിബീയൻ പ്രദേശത്തു സ്ഥിതി ചെയ്യുന്ന ഈ രാജ്യം കാഴ്ചയിൽ അതിമനോഹരമാണ്. ധാരാളം ബീച്ചുകളും സമൃദ്ധമായ പച്ചപ്പുമൊക്കെ ഈ നാടിന്റെ പ്രത്യേകതയാണ്. വിരാട് കോലിയാണ് തങ്ങളുടെ ബാർബഡോസ് യാത്രയിലെ ഒരു മനോഹര ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭാര്യ അനുഷ്‌കയ്‌ക്കൊപ്പം ഒരു കഫേയുടെ മുമ്പിൽ നിൽക്കുന്ന ചിത്രമാണ് താരം പുറത്തു വിട്ടത്. ഞങ്ങൾ കഴിച്ചിട്ടുള്ളതിൽ ഏറ്റവും രുചികരമായ ഭക്ഷണം ഇവിടെ നിന്നുള്ളതാണെന്നും ബാർബഡോസിൽ എത്തിയാൽ നിർബന്ധമായും എത്തേണ്ട ഒരിടമാണിതെന്നും സൂചിപ്പിക്കുന്ന ഒരു കുറിപ്പും പങ്കുവെച്ച ചിത്രത്തിന് താഴെയുണ്ട്.

 

കാഴ്ചകളൊരുക്കി ബാർബഡോസ്

തെക്കേ അമേരിക്കയുടെയും കരീബിയൻ പ്ലേറ്റിന്റെയും അതിർത്തിയിലായി സ്ഥിതി ചെയ്യുന്ന രാജ്യമാണ് ബാർബഡോസ്. ഇവിടെത്തുന്ന അതിഥികൾക്കായി ധാരാളം കാഴ്ചകളാണ് ഈ രാജ്യം കരുതി വെച്ചിരിക്കുന്നത്. എൺപതോളം ബീച്ചുകളാണ് രാജ്യത്തിന്റെ സൗന്ദര്യത്തിനു മാറ്റുകൂട്ടുന്നത്. ലോകത്തിലെ ഏറ്റവും മനോഹരമായ ബീച്ചുകളുടെ പട്ടികയിൽ പ്രഥമ സ്ഥാനം അലങ്കരിക്കുന്നത് ഈ രാജ്യത്തിലെ മനോഹര തീരങ്ങളാണ്. ഇവിടെത്തുന്ന അതിഥികൾക്കു നിരവധി വാട്ടർ സ്പോർട്സും ജെറ്റ് സ്‌കീയിങ്ങും സർഫിങ്ങും പോലുള്ളവയും ആസ്വദിക്കാവുന്നതാണ്. അതുപോലെ തന്നെ ചെറിയ ബോട്ടുകളിലെ സവാരിയും ആമകൾക്കൊപ്പം നീന്തലും തുടങ്ങി ബീച്ചുമായി ബന്ധപ്പെട്ടു നിരവധി വിനോദങ്ങളാണ് അതിഥികളെ കാത്തിരിക്കുന്നത്. ഒരു ദിവസത്തിലെ മുഴുവൻ സമയവും ഉണർന്നിരിക്കുന്ന ബീച്ചുകൾ സന്ദർശകർക്ക് പുതിയൊരു അനുഭവം തന്നെയായിരിക്കും.

 

ബാർബഡോസ് എന്ന രാജ്യത്തിന്റെ തനതു രീതിയിൽ തയാറാക്കി തരുന്ന ഭക്ഷണം അതീവ രുചികരമാണ്. മൽസ്യവിഭവങ്ങൾ  കൊണ്ടു സമ്പന്നമായതിനാൽ മീൻ ഉപയോഗിച്ചു തയാറാക്കുന്ന വിഭവങ്ങളാണ് കൂടുതലും. വെസ്റ്റ് ഇന്ത്യൻ കറികളും റൊട്ടിയുമൊക്കെയാണ് ഊണുമേശയിലെ പ്രധാന താരങ്ങൾ. കൂടാതെ ഇവിടെ തന്നെ ഉണ്ടായ പഴങ്ങളും അതിൽ നിന്നും തയാറാക്കിയ ജ്യൂസുകളുമെല്ലാം  ലഭിക്കും. വളരെ ചെറിയ ദ്വീപ് രാഷ്ട്രമാണെങ്കിലും ധാരാളം റസ്റ്ററന്റുകളും കഫേകളും കാണുവാൻ കഴിയും. റമ്മിന്റെ ജന്മദേശമെന്ന് അറിയപ്പെടുന്ന നാടാണ് ബാർബഡോസ്. 1703 ലാണ് മൗണ്ട് ഗയ് ഡിസ്‌ലറി സ്ഥാപിക്കപ്പെട്ടത്. ലോകത്തിലെ ഏറ്റവും പഴക്കമുള്ള റം ഉൽപ്പാദിപ്പിക്കപ്പെട്ടത് ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. മാത്രമല്ല, ഏറ്റവും മികച്ച റം ഇവിടെ നിന്നുള്ളതാണെന്ന ഖ്യാതിയും ബാർബഡോസിന് സ്വന്തമാണ്.

 

ധാരാളം സാംസ്‌കാരിക ഉത്സവങ്ങളും സാഹസിക വിനോദങ്ങളും മികച്ച ഭക്ഷണവും മനോഹരമായ ബീച്ചുകളുമൊക്കെയാണ് ആ രാജ്യത്തേക്ക് എത്തുന്ന അതിഥികളെ കാത്തിരിക്കുന്നത്. വർഷത്തിന്റെ ഏതു സമയത്തു  വേണമെങ്കിലും സന്ദർശിക്കാം. ഏറ്റവുമുയർന്ന താപനില 30 ഡിഗ്രിയും ഏറ്റവും താഴ്ന്നതു 22 ഡിഗ്രിയുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com