നാടുകണ്ട്, ചിത്രം വരച്ച് ലോകം ചുറ്റുന്ന സഞ്ചാരി
Mail This Article
യാത്രകൾ നടത്തുമ്പോൾ നമ്മൾ ഏറ്റവും കൂടുതൽ ആസ്വദിക്കുന്നത് വഴികളിലെ കാഴ്ചകളാണ്. പിന്നീട് ഒരു ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ ആ കാഴ്ചകളേറെയും നമ്മൾ ക്യാമറയിൽ പകർത്തിയെടുക്കും. ചിലരുടെ യാത്രാ ഉദ്ദേശം തന്നെ ചിത്രങ്ങൾ എടുക്കുക എന്നതുമാണ്. എന്നാൽ ഈ കലാകാരൻ വ്യത്യസ്തനാണ്. താൻ കാണുന്ന ദൃശ്യങ്ങളെ ക്യാമറ കണ്ണുകൾ കൊണ്ടല്ല കൈവിരലുകളാലാണ് ഒപ്പിയെടുക്കുന്നത്. ഓർമ്മകളെ ചായങ്ങളുടെ കൂട്ടിൽ ചാലിച്ച് മനോഹരമായ ചിത്രങ്ങളായി ക്യാൻവാസിലേയ്ക്ക് പകർത്തുന്നു. വളരെ ലളിതമായി പറഞ്ഞാൽ യാത്രകളിൽ കാണുന്ന സ്ഥലങ്ങൾ, കാഴ്ചകൾ ഒക്കെ ലൈവായി വരയ്ക്കുന്ന സഞ്ചാരിയായ കലാകാരനാണ് സൂരജ് ബാബു.
∙ കാഴ്ചകൾ, ലൈവായി വരയ്ക്കുന്ന കലാകാരൻ
പാലക്കാട് സ്വദേശിയായ സൂരജ് ബാബുവിന്റെ ക്യാൻവാസിൽ പാലക്കാടിന്റെ ഗ്രാമഭംഗിയും പാരിസിലെ ഈഫല്‍ ടവറും ഒരുപോലെ ചിത്രങ്ങളായി പിറവിയെടുത്തിട്ടുണ്ട്. ഒരു സഞ്ചാരിക്കു മാത്രം മനസ്സിലാക്കാൻ സാധിക്കുന്ന കാഴ്ചാനുഭവങ്ങളുണ്ട്. സൂരജിന്റെ ചായക്കൂട്ടുകളിൽ വിരിയുന്നത് അത്തരം ചിത്രങ്ങളാണ്. മറ്റുള്ളവർക്ക് ചിലപ്പോൾ വളരെ സാധാരണമായി തോന്നാവുന്ന പലതും ഈ കലാകാരന്റെ കൈവിരലുകളിലെ മാന്ത്രികതയാൽ മനോഹര ചിത്രങ്ങളായി മാറുന്നു.
ഇന്ത്യയിലും വിദേശരാജ്യങ്ങളിലുമടക്കം നിരവധി യാത്രകൾ നടത്തിയിട്ടുണ്ട് സൂരജ് ബാബു ചെയ്യുന്ന ഈ ലൈവ് ചിത്രരചന അറിയപ്പെടുന്നത് പ്ലീൻ എയർ പെയ്ന്റിംഗ് എന്നാണ്. ചെറുപ്രായം മുതൽ വരകളോട് അടങ്ങാത്ത ഇഷ്ടമുണ്ടായിരുന്ന സൂരജ് എല്ലാം സ്വയം പഠിച്ചെടുത്തതാണ്. അമ്മയും നല്ലതുപോലെ വരയ്ക്കുമായിരുന്നതിനാൽ മകനും ആ വഴി നടക്കാൻ തുടങ്ങി. വാട്ടർ കളറാണ് പ്രധാനമായും സൂരജ് ഉപയോഗിക്കുന്നത്. കയ്യിലെപ്പോഴും പെൻസിലും കളറുമുണ്ടാകുമെന്നും കഴിഞ്ഞ 10-15 വർഷമായിട്ടുള്ള ശീലമാണിതെന്നും സൂരജ് പറയുന്നു.
സോഷ്യൽ മീഡിയയാണ് തന്റെ വരകൾക്ക് ഇന്നുള്ള പേരും പ്രശസ്തിയും നേടിതന്നത്. ലൈവായി ചിത്രം വരക്കുന്നതിന്റെ വിഡിയോയെല്ലാം ഇൻസ്റ്റഗ്രാമിൽ ഹിറ്റാണ്. യാത്രകളെ ഇഷ്ടപ്പെട്ടുതുടങ്ങിയത് തന്റെ വരകൾ മൂലമാണെന്ന് സൂരജ്. യാത്ര ചെയ്യാൻ ഇഷ്ടമില്ലാത്ത മനുഷ്യരുണ്ടാകില്ല. യാത്രക്കിടെ കാണുന്ന ചില സ്ഥലങ്ങൾ ക്യാൻവാസിലേക്കു പകർത്തിയപ്പോൾ ലഭിച്ച ആത്മസംതൃപ്തിയാണ് തന്നെ കൂടുതൽ യാത്രകൾ നടത്താൻ പ്രേരിപ്പിക്കുന്നതെന്ന് സൂരജ് പറയുന്നു.
∙ യൂറോപ്പിലെ കിങ്, കാൽനടയാത്രക്കാരും സൈക്കിൾ സവാരിക്കാരുമാണ്
നിരവധി രാജ്യങ്ങളിൽ സന്ദർശനം നടത്തിയിട്ടുണ്ട് സൂരജ്. അതിൽ തനിക്കേറ്റവും ഇഷ്ടം യൂറോപ്പാണെന്ന് സൂരജ് പറയുന്നു. യൂറോപ്പ് മുഴുവൻ ചുറ്റിസഞ്ചരിച്ച് കാണാൻ, അനുഭവിക്കാൻ ഒരു ജീവിതം മതിയാവില്ല. അത്രമാത്രം കാഴ്ചകളും അത്ഭുതങ്ങളും നിറഞ്ഞയിടങ്ങളാണ് യൂറോപ്പിലുടനീളം. ജർമ്മനി, ഫ്രാൻസ്, ആംസ്റ്റർഡാം, പാരീസ് അങ്ങനെ സൂരജിന്റെ ക്യാൻവാസിൽ നിറങ്ങളായി പരിണമിച്ച നാടുകൾ ഏറെ. അതിൽ, തന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ നാട് ജർമനിയാണെന്ന് സൂരജ്. വളരെ ഓർഗനൈസ്ഡ് ആയിട്ടുള്ള ഒരു രാജ്യമാണ് ജർമനി. സത്യം പറഞ്ഞാൽ ആരേയും പേടിക്കാതെ ഒന്നിനേയും ഭയക്കാതെ സഞ്ചരിക്കാൻ സാധിക്കുന്ന നാട്. ജർമനിയിൽ എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത് അവിടുത്തെ റോഡുകൾ തന്നെ. നമ്മളെ അത്ഭുതപ്പെടുത്തുന്ന പലതും വഴിയിലുടനീളമുണ്ടാകും. പലരുടേയും വീടിന് മുന്നിൽ പഴങ്ങളും പച്ചക്കറികളും നിരത്തിവച്ചിരിക്കുന്നതു കാണാം. കുട്ടകളിൽ ഇരിക്കുന്ന അതൊക്കെ വിൽക്കാൻ വച്ചിരിക്കുന്നതാണ്. എന്നാൽ വിൽപനക്കാരനെ നമ്മൾ എവിടെയും കാണില്ല. ആവശ്യക്കാർ വാഹനം നിർത്തി അവരുടെ ആവശ്യത്തിന് കൃത്യമായി അളന്നെടുത്ത് അതിന്റെ പണവും അവിടെ തന്നെ വച്ച് പോകും. ആരും ആ പണമോ മറ്റു വസ്തുക്കളോ അനധികൃതമായി എടുക്കില്ല.
ജർമനിയിലെ തെരുവോരങ്ങൾ അതിമനോഹരമാണ്. നിരവധി ചിത്രങ്ങൾ ജർമ്മനിയിൽ ആയിരുന്നപ്പോൾ വരച്ചിട്ടുണ്ട്. പ്ലീൻ എയർ പെയ്ന്റിങ് അത്ര പോപ്പുലർ ആയിട്ടുള്ള ചിത്രരചനയല്ല. നമ്മൾ പൊതുസ്ഥലത്തൊക്കെ ഇരുന്നു വരയ്ക്കുമ്പോൾ മിക്കവരും ഭയങ്കര കൗതുകത്തോടെ വന്ന് നോക്കി നിൽക്കും. ചിലർ എന്താണ് ചെയ്യുന്നതെന്ന് ചോദിക്കും. വിദേശരാജ്യങ്ങളിൽ പോലും ഇത്തരം ലൈവ് ചിത്രരചന അത്ര ജനകീയമല്ല എന്നതാണ് വസ്തുത. ജർമ്മനിപോലെ എന്നെ ആകർഷിച്ച മറ്റൊരു നാട് ആംസ്റ്റർഡാമാണ്. അവിടെ പോകണമെന്നത് വലിയൊരാഗ്രഹമായിരുന്നു. ഒരു എക്സിബിഷന്റെ ഭാഗമായിട്ടാണ് ആംസ്റ്റർഡാം സന്ദർശിക്കുന്നത്. ലോകത്ത് ഏറ്റവും അധികം സൈക്കിളുകൾ ഉള്ള നഗരമാണ് ആംസ്റ്റർഡാം.
യൂറോപ്പിൽ കാൽനടയാത്രക്കാരാണ് അവിടുത്തെ രാജാക്കൻമാർ. കാൽനടക്കാർക്ക് ലഭിക്കുന്നത്ര പരിഗണയനയും പ്രാധാന്യവും നമുക്ക് അവിടങ്ങളിലെ റോഡിൽ നിന്നും നേരിട്ട് കണ്ട് അറിയാൻ സാധിക്കും.അതുപോലെതന്നെയാണ് സൈക്കിൾ സവാരിക്കാരും. അവിടെയൊക്കെ സൈക്കിളുകൾക്ക് കടന്നുപോകാൻ പ്രത്യേകം പാതകളുണ്ട്. ഒരു സംഭവം പറയാം. റോഡ് ക്രോസ് ചെയ്യാൻ സിഗ്നലിൽ നിൽക്കുന്ന സമയം. സൈക്കിളുകളുടെ ലൈനിലൂടെ ആളുകൾ നടക്കുന്നതു കണ്ട് അവിടെയുണ്ടായിരുന്ന ചെറുപ്പക്കാരൻ വളരെ ദയനീയതയോടെ ആളുകളോട് അങ്ങനെ ചെയ്യരുത് അത് സൈക്കിൾ കടന്നുപോകുന്ന വഴിയാണ് എന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. അവിടെയുള്ളവർക്ക് അത് കൃത്യമായി അറിയാം. എന്നാൽ നമ്മളെപ്പോലെ മറ്റിടങ്ങളിൽ നിന്ന് വന്നവരായിരിക്കും അതൊക്കെ തെറ്റിക്കുന്നത്. അവിടങ്ങളിലെ കൊച്ചുകുട്ടികൾക്ക് വരെ റോഡിലെ നിയമങ്ങൾ സ്വായക്തമാണ്.
അതുപോലെ ഒരു അച്ഛനും അമ്മയും അവരുടെ ചെറിയ കുട്ടിയെ സിഗ്നൽ ക്രോസ് ചെയ്യാൻ പഠിപ്പിക്കുന്ന കാഴ്ചയും അത്ഭുതമായിരുന്നു. റെഡ് ലൈറ്റ് മാറി ഗ്രീൻ ആകുമ്പോൾ ആ കുട്ടി ഇപ്പുറത്തുനിന്നും അപ്പുറമെത്തണം .അവൻ തനിച്ചാണ് ആ റോഡ് ക്രോസ് ചെയ്യേണ്ടത്. നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളിലുള്ളവരടക്കം അവനെ കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നത് കണ്ടപ്പോൾ ഞാൻ ശരിക്കും അമ്പരന്നു. എന്നാൽ അത് ആ നാട്ടിലെ നിത്യസംഭവമാണ്. മിക്കവാറും എല്ലാ സിഗ്നലുകളിലും നടക്കുന്ന ഒരു ദിനചര്യ എന്നുപറയാം. ചെറുപ്രായത്തിൽ തന്നെ കുട്ടികളെ ട്രാഫിക് സിസ്റ്റവുമായി പരിചയപ്പെടുത്തുകയാണ്. ആ കുട്ടി കടന്നുപോകുന്നതുവരെ എല്ലാവരും കാത്തുനിൽക്കും. എത്ര സ്പീഡിൽ വരുന്ന വാഹനമാണെങ്കിലും ഒരാൾ റോഡ് മുറിച്ചുകടക്കുന്നത് കണ്ടാൽ അയാൾ പോകുന്നതുവരെ കാത്തുനിൽക്കും.
∙ ക്യാൻവാസിൽ പതിഞ്ഞ ഏറ്റവും മനോഹരമായ കാഴ്ച വടക്കുംനാഥൻ
ലോകത്തിന്റെ പല പ്രശസ്തമായ സ്ഥലങ്ങളും സൂരജ് ചിത്രങ്ങളാക്കിയിട്ടുണ്ടെങ്കിലും എന്നും തന്റെ പ്രിയപ്പെട്ടയിടം തൃശ്ശൂർ വടക്കുംനാഥ ക്ഷേത്രമാണെന്ന് സൂരജ് പറയുന്നു. ഓരോ സ്ഥലങ്ങളും വ്യത്യസ്തമാകുന്നതുപോലെ തന്നെയാണ് അവിടുത്തെ ആളുകളും. ഒറ്റത്തവണമാത്രമാണ് ഞാൻ അവിടെ വരയ്ക്കാനായി പോയിട്ടുള്ളു, എങ്കിലും എനിക്കേറ്റവും ഇഷ്ടമുള്ളത് വടക്കുംനാഥ ക്ഷേത്രമാണ്. അവിടെ വരച്ചുകൊണ്ടിരിക്കുന്ന സമയം കുറേ ആളുകൾ ചുറ്റും കൂടിയിരുന്നു. പലർക്കും ഞാൻ എന്താണ് ചെയ്യുന്നതെന്ന് അറിയില്ല. അതിലൊരു ചേട്ടൻ ഞാൻ വരച്ചുകഴിയുന്നതുവരെ അവിടെ നിന്നു. ഞാൻ വരച്ചത് ക്ഷേത്രത്തിന്റെ ചിത്രമായിരുന്നു, പക്ഷേ ആ ചേട്ടൻ എന്നോട് ചോദിച്ചു, തൊട്ടടുത്തുള്ള മരത്തിലെ കിളികളെ വരച്ചില്ലേ എന്ന്. ഞാൻ അത് ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം പറഞ്ഞത് ഞാൻ വരയ്ക്കാൻ തുടങ്ങിയപ്പോൾ മുതൽ ആ കിളികൾ അവിടെ ബഹളമുണ്ടാക്കിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നുവെന്നാണ്. ഓരോരുത്തരും കാണുന്ന കാഴ്ചകൾ വ്യത്യസ്തമാണ്. അവർ ചിന്തിക്കുന്ന രീതികളും വ്യത്യാസപ്പെട്ടിരിക്കും. ഇതുപോലെ അത്ഭുതപ്പെടുത്തിയ കുറേ മനുഷ്യരെ ഞാൻ പല യാത്രകളിലും കണ്ടുമുട്ടിയിട്ടുണ്ട്. അടുത്ത എക്സിബിഷനായി ഫ്രാൻസിലേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് സൂരജിപ്പോൾ.
Content Summary: Sooraj Babu, artist passion designer and traveller.