ADVERTISEMENT

മലയാള അഭിനേത്രികളിൽ മിക്കവരും സൗത്ത് ഇന്ത്യൻ സിനിമാലോകത്തെ മിന്നും താരങ്ങളാണ്, ഒന്നോ രണ്ടോ മലയാള ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞാൽ അപ്പോൾ വിളി വരും തമിഴിൽ നിന്നും തെലുങ്കിൽ നിന്നുമെല്ലാം. മികച്ച അവസരങ്ങൾ വാരിക്കോരിനൽകി കോളിവുഡടക്കമുള്ള സിനിമലോകം അവരെ മികച്ച താരങ്ങളാക്കുന്നു. തമിഴ് മിനിസ്ക്രീൻ ഇതിനേക്കാൾ ജനപ്രിയ മേഖലയാണ്. നമ്മുടെ മിക്ക നടിമാരും തമിഴ് സീരിയൽ ലോകത്തെ റാണിമാരാണെന്ന് പറയാം. വൈഗ റോസും അങ്ങനെ തമിഴ് മനസ്സ് കീഴടക്കിയ താരമാണ്. മലയാളത്തിൽ അധികം ചിത്രങ്ങളിൽ വേഷമിട്ടിട്ടില്ലെങ്കിലും ചെയ്ത കഥാപാത്രങ്ങളെല്ലാം എന്നും ഓർത്തെടുക്കാവുന്നവയാണ്. ഇപ്പോൾ തമിഴ് മിനിസ്ക്രീനിലെ തിരക്കുള്ള അഭിനേത്രിയാണ് വൈഗ റോസ് എന്ന പാലാക്കാരി.

 

vaiga-rose-collage-01
വൈഗ റോസ് യാത്രയിൽ

 

കൊറോണയ്ക്ക് മുമ്പ് അങ്ങനെ യാത്രകൾ ഒന്നും പോകാത്തൊരാൾ പെട്ടെന്നൊരു ദിവസം ഒരു യൂറോപ്പ് ട്രിപ്പ് അങ്ങ് പോയാൽ എങ്ങനെയുണ്ടാകും. വൈഗയുടെ ഉലകം ചുറ്റൽ ആരംഭിക്കുന്നത് അങ്ങനെയാണ്. ലോകം മുഴുവൻ കൊറോണയെന്ന മഹാമാരിയിൽ പെട്ട് ഇനി മുന്നോട്ടുള്ള ജീവിതം എന്താകുമെന്നറിയാതെ സ്തംഭിച്ചുനിന്ന കാലം.ലോകം അവസാനിക്കുമോ എന്ന പേടിയിൽ നിന്നും പതിയെ നമ്മൾ കരകയറാൻ തുടങ്ങിയപ്പോഴാണ് ജീവിതം എന്നുപറയുന്നത് ഇത്രയൊക്കെയേ ഉള്ളുവെന്നും ചെയ്യാനുള്ള കാര്യങ്ങൾ മാറ്റി വയ്ക്കേണ്ടതില്ല എന്ന ചിന്ത എല്ലാവരിലും ഉണ്ടാകാനും തുടങ്ങിയത്. താനും അങ്ങനെ ചിന്തിച്ചൊരാളാണെന്ന് വൈഗ പറയുന്നു. എന്നാൽ പിന്നീട് യാത്രകളെ സ്നേഹിച്ചുതുടങ്ങി. നോക്കിയിരുന്നിട്ട് കാര്യമില്ല, സമയം നഷ്ടപ്പെടുത്താനുള്ളതല്ലെന്ന ബോധ്യം എല്ലാവർക്കും ഉണ്ടാകണം. ചെന്നെയിൽ താമസമാക്കിയ വൈഗ സമയം കിട്ടുമ്പോഴെല്ലാം യാത്രകൾ നടത്താറുണ്ട്.

വൈഗ റോസ്
വൈഗ റോസ് യാത്രയിൽ
വൈഗ റോസ്
വൈഗ റോസ് യാത്രയിൽ

 

വൈഗ റോസ്
വൈഗ റോസ് യാത്രയിൽ

 

വൈഗ റോസ്
വൈഗ റോസ് യാത്രയിൽ

യൂറോപ്പിൽ വാഷ്റൂം അന്വേഷിച്ച് നടക്കേണ്ടിവന്നു

 

 ബാങ്കോങ് യാത്രയിൽ
ബാങ്കോക്ക് യാത്രയിൽ

അങ്ങനെ കൊറോണയിൽ നിന്നും ഊർജ്ജം ഉൾക്കൊണ്ട് ആദ്യം നടത്തിയ യൂറോപ്പിലേയ്ക്കായിരുന്നു. 12 ദിവസത്തെ യാത്രയായിരുന്നു അത്. ഒരു ടൂർ ഗ്രൂപ്പിന്റെ ഭാഗമായി മുൻപരിചയമില്ലാത്ത 44 പേരും ഞാനും. നമ്മൾ സിനിമയിൽ പ്രവർത്തിക്കുന്നവരായതിനാൽ സഹായത്തിനായി എപ്പോഴും ആരെങ്കിലുമൊക്കെ കൂടെയുണ്ടാകും.എല്ലാ കാര്യങ്ങളും അവർ തന്നെയാകും ചെയ്യുക. സത്യം പറഞ്ഞാൽ നമ്മൾ ഒന്നുമറിയാതെ കൂളായിട്ടായിരിക്കും എവിടേയും പോകുന്നത്. എന്നാൽ ഈ യാത്ര മൊത്തത്തിൽ വ്യത്യസ്തമായിരുന്നു. എല്ലാകാര്യങ്ങളും നമ്മൾ തന്നെ ചെയ്യണം. ഹോട്ടലിൽ ചെക്കിൻ ചെയ്യുന്നതുവരെ നമ്മൾ തന്നെ. ഞാൻ ആദ്യമായിട്ടായിരുന്നു അത്തരമൊരു അനുഭവത്തിലൂടെ കടന്നുപോകുന്നത്. അതുപോലെ ആർട്ടിസ്റ്റായതുകൊണ്ട് തന്നെ എവിടെ പോവുകയാണെങ്കിലും ലഗേജ് കൂടുതലുണ്ടാകും. ഡ്രസാണെങ്കിലും എന്താണെങ്കിലും എണ്ണത്തിൽ കൂടുതൽ കയ്യിലെടുത്താണ് നമ്മുടെ ഓരോ യാത്രകളും. പക്ഷേ യൂറോപ്പ് ട്രിപ്പ് എന്നെ പഠിപ്പിച്ചത് ലഗേജ് ഇല്ലാതെ പോകാൻ പറ്റിയാൽ അത്രയും നല്ലതെന്നാണ്.

 

യാത്രയുടെ ആദ്യ ദിവസങ്ങളിൽ ഞാൻ ശരിക്കും ബുദ്ധിമുട്ടി. കൂടെയുള്ള ഒരാളെപ്പോലും പരിചയമില്ല, മാത്രമല്ല ആ ടീമിൽ ഞാൻ മാത്രമാണ് ഒറ്റയ്ക്ക് പോയത്. ബാക്കിയെല്ലാവരും ഫാമിലിയായിട്ടായിരുന്നു വന്നിരുന്നത്. പിന്നെ രണ്ടുമൂന്ന് ദിവസം കഴിഞ്ഞപ്പോൾ എല്ലാം സെറ്റായി. ടൂർ പാക്കേജ് ആയതിനാൽ തന്നെ എല്ലാം മുൻപേ തന്നെ തയ്യാറാക്കിയതുപോലെ നടക്കും. രാവിലെ ഹോട്ടൽ റൂമിൽ നിന്നും ഇറങ്ങി എല്ലായിടത്തും അവർ നമ്മളെ കൊണ്ടുപോകും. ഫ്രാൻസ്, സ്വിറ്റ്സർലൻഡ് തുടങ്ങി കുറച്ചധികം യൂറോപ്യൻ രാജ്യങ്ങൾ ആ യാത്രയിൽ കാണാനായി. പക്ഷേ ആ സന്തോഷങ്ങൾക്കിടെ ചെറിയൊരു പണിയും കിട്ടി. അവിടെ വച്ച് എനിക്ക് ഫുഡ് പോയ്സൺ വന്നു. 44 പേരുള്ള ആ ഗ്രൂപ്പിൽ എനിക്ക് മാത്രമായിരുന്നു പ്രശ്നം വന്നത്. അന്ന് യൂറോപ്പിൽ വാഷ്റൂം അന്വേഷിച്ചുനടന്നത് കൂടെവന്നവർ പോലും മറക്കില്ല. നമ്മുടെ നാട്ടിൽ പെട്രോൾ പമ്പിൽ ബാത്ത്റൂം ഉണ്ടാകുമല്ലോ.അവിടെയും സംഭവം ഒക്കെയുണ്ട്. പക്ഷേ ഒരു പമ്പ് കഴിഞ്ഞ് അടുത്തത് എത്തണമെങ്കിൽ കിലോമീറ്ററുകളോളം സഞ്ചരിക്കണം. രണ്ടുദിവസം ഞങ്ങൾ പോകുന്നയിടത്തെല്ലാം ബാത്ത്റൂം അന്വേഷണമായിരുന്നു.അങ്ങനെ ഞാൻ ബാത്ത്റൂമിന്റെ അംബാസിഡറായി എന്നുപറയേണ്ടിവരും, കാരണം പിന്നെ ആർക്കെങ്കിലും ബാത്ത്റൂം ആവശ്യമായി വരുമ്പോൾ എന്നോടാണ് ചോദിക്കുന്നത് എവിടെയുണ്ടാകുമെന്ന്. എന്തായാലും ഈയൊരു കാര്യം നീക്കി നിർത്തിയാൽ യൂറോപ്പ് ട്രിപ്പ് ഗംഭീരമായിരുന്നു.

 

ആ യാത്രയിൽ ഞാൻ കണ്ടതിൽ ഏറ്റവും സുന്ദരമായ സ്ഥലം സ്വിറ്റ്സർലൻഡാണ്. കേരളം ഗോഡ്സ് ഓൺ കൺട്രിയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും ശരിക്കുമത് സ്വിറ്റ്സർലൻഡ് ആണ്. എന്ത് മനോഹരമാണ് ആ നാട്. അവിടുത്തെ വഴികളും സ്ഥലങ്ങളും എല്ലാം, അവിടുത്തെ ഓരോ കാര്യവും വളരെ സിസ്റ്റമാറ്റിക്കാണ്. നമ്മൾ അമ്പരന്നുനിന്നുപോകും ആ നാടിന്റെ ഭംഗി കണ്ട്. അവിടെ പോയി വന്നതിനുശേഷം എല്ലാവരോടും ഞാൻ പറയാറുണ്ട് ഒരിക്കലെങ്കിലും അവിടെപ്പോകണമെന്ന്. പിന്നെ ഒന്നു രണ്ടു ദിവസം കൊണ്ടൊന്നും അവിടം കണ്ടു തീർക്കാൻ സാധിക്കില്ല. നമ്മൾ ഒരു പാക്കേജിൽ പോയതുകൊണ്ട് ശരിക്കും കണ്ടാസ്വദിക്കാനായില്ല. ഇനി ഒരിക്കൽക്കൂടി സ്വിറ്റ്സർലൻഡിൽ പോകണം. നല്ല് സമയമെടുത്ത് ആ നാട് മുഴുവൻ കാണണം.

 

ബോംബെയ്ക്കാണെന്ന് പറഞ്ഞ് ബാങ്കോക്കിന് കൊണ്ടുപോയ ചേച്ചി

 

ഓർത്തിരിക്കുന്ന മറ്റൊരു യാത്ര ബാങ്കോക്കാണ്. സിനിമ ചെയ്യുമ്പോൾ, അല്ലെങ്കിൽ അവസരം വരുമ്പോൾ പോകാമെന്ന് വിചാരിച്ച് ഞാൻ മാറ്റിവച്ച ഒരു യാത്രയായിരുന്നു ബാങ്കോക്കിലേയ്ക്കുള്ളത്. എന്നാൽ എന്റെ ചേച്ചി എന്നെ അത്ഭുതപ്പെടുത്തികളഞ്ഞു. എന്റെ പിറന്നാളിന് മുംബൈയ്ക്ക് പോകാമെന്ന് പറഞ്ഞ് ചേച്ചി എന്നെ വിളിച്ചുകൊണ്ടുപോയത് ബാങ്കോക്കിലേയ്ക്കായിരുന്നു. അതൊരു സർപ്രൈസ് ട്രിപ്പായിരുന്നു സത്യത്തിൽ. ഞാൻ വീട്ടിൽ നിന്നും ഇറങ്ങിയതും മുംബൈയ്ക്കാണെന്ന ധാരണയിൽ തന്നെയായിരുന്നു. എനിക്ക് ഡോൾഫിനെ ഇഷ്ടമാണ്. അത് ചേച്ചിയ്ക്കുമറിയാം. അങ്ങനെ ഞങ്ങൾ ബാങ്കോക്കിലെത്തി. ഡോൾഫിനേയും കടുവയേയുമെല്ലാം അടുത്തുകണ്ടു. ഡോൾഫിനെ പങ്കെടുപ്പിച്ചുകൊണ്ടുള്ള അവിടുത്തെ വിനോദപരിപാടികൾ നല്ല രസമാണ്. ആ ജീവികളുടെ മനുഷ്യരോടുള്ള ഇണക്കം കാണുമ്പോൾ അദ്ഭുതം തോന്നും. എന്നാൽ സങ്കടകരമായ കാര്യം ആളുകൾക്ക് ഫോട്ടോയെടുക്കാനും മറ്റുമായി കടുവകളെ മയക്കുമരുന്ന് കുത്തിവച്ച് കിടത്തിയിരിക്കുന്ന കാഴ്ചയാണ്. ഭയങ്കര വിഷമമുള്ള കാഴ്ചയാണത്. അതും ഒരു ജീവനാണ്, എന്തിനുവേണ്ടിയാണെന്ന് പറഞ്ഞാലും പാവം മൃഗങ്ങളെ ഇങ്ങനെ കഷ്ടപ്പെടുത്തുന്നതിനോട് തനിക്ക് ഒട്ടും യോജിക്കാനാവില്ലെന്ന് വൈഗ പറയുന്നു. ഡോൾഫിന്റെ കാര്യവും ഇതുപോലെയാണെങ്കിലും അവയ്ക്ക് വെള്ളത്തിൽ യഥേഷ്ടം നീന്താനുള്ള അവസരമെങ്കിലും ലഭിക്കുന്നുണ്ട്, എന്നാൽ കടുവകളെ ശരിക്കും കഷ്ടപ്പെടുത്തുന്നുണ്ട് അതു സങ്കടമുളള കാര്യമാണ്.

 

ബാങ്കോക്കിലെത്തിയാൽ പരീക്ഷിക്കേണ്ട മറ്റൊന്ന് സ്ട്രീറ്റ് ഫുഡാണ്. പുൽച്ചാടി, പാറ്റ, ചീവിട് തുടങ്ങിയ സകലമാന ജീവികളേയും പിടിച്ചു വറുത്തും പൊരിച്ചും വച്ചിട്ടുണ്ടാകും. എല്ലാവരും ആവേശത്തോടെ അത് വാങ്ങി കഴിക്കുന്നത് കാണുമ്പോൾ നമുക്കും തോന്നും ഒന്ന് കഴിച്ചുനോക്കാമെന്ന്,പക്ഷേ ആ ജീവികളെ നമുക്ക് അറിയാവുന്നതുകൊണ്ട് സാധിക്കില്ല. എനിക്കെന്തായാലും കഴിക്കാൻ പറ്റിയില്ല. പക്ഷേ ബാങ്കോക്കിലെ പഴങ്ങളും മറ്റു ഫുഡ് വെറൈറ്റികളുമെല്ലാം ഞങ്ങൾ നല്ലതുപോലെ ആസ്വദിച്ചു. ബാങ്കോക്ക്, പട്ടായ തുടങ്ങി പ്രധാനപ്പെട്ട എല്ലാ സ്ഥലങ്ങളും കണ്ടാണ് അന്നു മടങ്ങിയത്. യാത്ര ചെയ്യുമ്പോൾ നമ്മൾ ശ്രദ്ധിക്കേണ്ടതായുള്ള ചിലതുണ്ട്, ഒന്ന് വളരെ കുറച്ചുമാത്രം ലഗേജ് കരുതുക, മറ്റൊന്ന് കുറേ സ്ഥലങ്ങൾ ഒരുമിച്ചു കാണാൻ പോകാതെ ഒന്നോ രണ്ടോ സ്ഥലങ്ങൾ തിരഞ്ഞെടുത്ത് സമയമെടുത്ത് ആസ്വദിച്ച് കാണുക.

 

Content Summary : Vaikha Rose, Europe travel experience.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com