ADVERTISEMENT

യാത്രകൾ ജീവിതത്തിന്റെ ഭാഗമാക്കണം, പുതിയ അനുഭവങ്ങളിലൂടെ, കാഴ്ചകളിലൂടെ സഞ്ചരിക്കുമ്പോഴാണ് നമുക്ക് നല്ലൊരു മനുഷ്യനാകാൻ സാധിക്കൂ… കണ്ടതത്രയും മനോഹരമായ കാഴ്ചകളായിരുന്നു, കീഴടക്കിയതത്രയും ചിന്തകളിൽപ്പോലും ഉദിക്കാത്ത ഉയരങ്ങളായിരുന്നു… പക്ഷേ സുഹ്റ സ്വന്തമാക്കിയത് ഇതെല്ലാമായിരുന്നു.. പാഷനെ മുറുകെപിടിച്ച് തലയുയർത്തി നോക്കാൻ ഇവർ കാണിച്ച ധൈര്യത്തിന്റെ പ്രതിഫലനമാണ് കീഴടക്കിയ ഉയരങ്ങൾ. ഈ യുവതി കണ്ടതും അറിഞ്ഞതും ഒരു മനുഷ്യജന്മത്തിൽ പലർക്കും സങ്കൽപ്പിക്കാൻ പോലുമാകാത്തവയാണ്. മലപ്പുറം മഞ്ചേരി സ്വദേശി സുഹ്റ സിറാജ് ഒരു പർവതാരോഹകയും ക്ലൈംബറുമാണ്. എവറസ്റ്റ് ബേസ് ക്യാംപും അതിനേക്കാൾ കഠിനവും ബുദ്ധിമുട്ടേറിയതുമായ ലെബൂച്ചെ മൗണ്ടനും കീഴടക്കിയ സുഹ്റയുടെ നേട്ടത്തെക്കുറിച്ചും നമ്മൾ വായിക്കുകയും അറിയുകയും ചെയ്തു. എന്നാൽ സുഹ്റയിലെ സഞ്ചാരിയെ, അവർ കണ്ട കാഴ്ചകളെ ഇന്നുവരെ ആരും എവിടേയും വരച്ചിട്ടിട്ടില്ല. നമ്മൾ സഞ്ചരിക്കുന്നത്, ആ വഴികളിലൂടെയാണ്. നമുക്ക് ഈ സാഹസീകയ്ക്കൊപ്പം ഒരു യാത്ര പോകാം.. 

സുഹ്റ സിറാജ്
സുഹ്റ സിറാജ് യാത്രയിൽ

 

ലെബുചെ കൊടുമുടി: ഇന്നുവരെ താണ്ടിയതിൽ ഏറ്റവും ഉയരമുള്ള കൊടുമുടി

 

zuhra-siraj-01
സുഹ്റ സിറാജ് യാത്രയിൽ

യാത്രകളിലൂടെ തന്റെ ലക്ഷ്യങ്ങളിലേയ്ക്കു നടന്നുകയറുന്ന പർവതാരോഹകയും സഞ്ചാരിയുമാണ് സുഹ്റ സിറാജ്. ലോകത്തിന്റെ നെറുകയിലാണ് നമ്മൾ നിൽക്കുന്നതെന്നു തോന്നും, ഇനി കീഴടക്കാൻ ഉയരങ്ങളില്ലെന്നു മനസ് ചിന്തിയ്ക്കും, അടുത്ത നിമിഷം അതിനേക്കാൾ ഉയരത്തിലേക്കു കയറണമെന്ന് ഉറപ്പിക്കും. ഇതൊക്കെയാണ് കൺമുന്നിൽ എവറസ്റ്റ് അങ്ങനെ തലയുയർത്തി തെളിഞ്ഞു നിന്നപ്പോഴൊക്കെ തോന്നിയത്. ലെബൂച്ചെ എന്ന അതികഠിനമായ മലനിരകൾ കീഴടക്കിയ ഒരു വനിതയുടെ വാക്കുകൾ ആരംഭിക്കുന്നത് ഇങ്ങനെയാണ്. അവിടേയ്ക്ക് എത്തുന്നതിനായി അവർ കടന്നുപോയ വഴികളിലത്രയും ഇന്നീ ഭൂമിയിൽ കാണാനാവുന്ന ഏറ്റവും മനോഹരമായ കാഴ്ചകളും. എവറസ്റ്റ് കീഴടക്കാനെത്തുന്ന പർവതാരോഹകർ അവരുടെ ദൗത്യം ആരംഭിക്കുന്ന സ്ഥലമാണ് എവറസ്റ്റ് ബേസ് ക്യാംപ്. എവറസ്റ്റിനോടു ചേർന്നുനിൽക്കുന്ന പർവതങ്ങൾ തന്നെയാണ് ഇവയും. 5,545 മീറ്റർ വരെയാണു ബേസ് ക്യാംപിന്റെ ഉയരം. എന്നാൽ ബേസ് ക്യാംപിനേക്കാൾ ബുദ്ധിമുട്ടേറിയ ഇടം ലെബൂച്ചെ തന്നെ. ബേസ് ക്യാംപ് പലർക്കും കയറാവുന്നതാണെങ്കിലും ലെബൂച്ചെ അങ്ങനെ എല്ലാവർക്കും പറ്റാത്തൊരു യാത്രയാണ്. ഏറെനാളത്തെ ഒരുക്കവും പരിശീലനവും ആവശ്യമാണതിന്. 

സുഹ്റ സിറാജ്
സുഹ്റ സിറാജ് മൗണ്ടൻ ക്ലൈബിങിൽ

 

ഹിമാലയത്തിന്റെ രത്നം എന്നറിയപ്പെടുന്ന ഇത് എവറസ്റ്റ് കയറ്റക്കാരുടെ പരിശീലന കൊടുമുടിയാണ്. നിരവധി പർവതാരോഹകർ പർവതാരോഹണത്തിന്റെ ലോകത്തേക്കുള്ള യാത്ര ആരംഭിക്കുന്ന അതിശയകരമായ ഒരു പർവതമാണിത്. 6,119 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയിലെത്തുന്നത് എളുപ്പമുള്ള കാര്യമല്ല, ശാരീരിക പരിശീലനത്തിനായി ഏകദേശം ഞാൻ 75 ദിവസത്തോളം ചെലവഴിച്ചു. 4,900 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ലോബുചെ ഗ്രാമം 5,300 മീറ്ററിലുള്ള ഹൈ ക്യാംപിൽ എത്തുന്നതിനുള്ള ആരംഭ പോയിന്റാണ്. അമ ദബ്ലാം പർവതത്തിന് താഴെ ഒരു ചെറിയ കുളവും നിറയെ ടെന്റുകളുമുള്ള ഹൈ ക്യാംമ്പ് മനോഹരമായ കാഴ്ചയാണ്. ലൊബുചെ ഗ്രാമത്തിൽ നിന്നു മൂന്ന് മണിക്കൂർ നടന്ന് ഉച്ചയോടെ ഞാൻ ഹൈ ക്യാംപിലെത്തി. ഹൈ ക്യാംപിൽ വച്ച് ജീവിതത്തിൽ ആദ്യമായി ഒരു ജുമാരോ ആരോഹണം ഉപയോഗിക്കാനുള്ള അവസരം ലഭിച്ചു. ലോബുചെ ഹൈ ക്യാംപിൽ നിന്നു മഞ്ഞുമൂടിയ പ്രതലങ്ങളിൽ കയറാനും താഴേയ്ക്ക് ഇറങ്ങാനുമെല്ലാം എന്റെ ഷെർപ്പ പസാംഗ് പഠിപ്പിച്ചു. രണ്ട് ദിവസത്തെ ഉറക്കക്കുറവു കൊണ്ടു ശാരീരികമായും മാനസികമായും തളർച്ച അനുഭവപ്പെട്ടിരുന്നുവെങ്കിലും , ഈ കയറ്റത്തിനായുള്ള എന്റെ അഭിലാഷങ്ങളും തയാറെടുപ്പുകളും ഞാൻ ഓർത്തു, സർവ്വ ശക്തിയും സംഭരിച്ച്, രാത്രി ഒരു മണിയോടെ ഞങ്ങൾ പുറപ്പെട്ടു. ആദ്യത്തെ 200 മീറ്ററിൽ പാറയും മഞ്ഞും കലർന്നതാണ് ഭൂപ്രദേശം. പ്രതീക്ഷിച്ചതുപോലെ, ഞങ്ങൾ ക്രാമ്പോൺ പോയിന്റിൽ എത്തുന്നതുവരെ അത്യന്തം ആവേശത്തോടെ തന്നെ കയറി. 

സുഹ്റ സിറാജ്
സുഹ്റ സിറാജ്


എന്റെ ചുറ്റുപാടുകളേയും ഓരോ തിരിവിലും വിരിയുന്ന സൗന്ദര്യത്തേയും അഭിനന്ദിക്കാതെ നമുക്ക് ആ മലകയറ്റം പൂർത്തിയാക്കാനാവില്ല. 8,000 മീറ്ററിലധികം ഉയരമുള്ള നിരവധി കൊടുമുടികൾ, എവറസ്റ്റിനു മുകളിലുള്ള സൂര്യോദയം, എന്റെ പാദങ്ങൾക്ക് താഴെയുള്ള പുതിയ മഞ്ഞ് എന്നിവ അതിൽ ചിലതുമാത്രം. ലക്ഷ്യത്തിലെത്തും മുമ്പ് ക്ഷീണിച്ചിട്ടും ഊർജമെല്ലാം തീർന്നിട്ടും 50 മീറ്റർ കൂടി താണ്ടിയാണ് കൊടുമുടിയിലെത്തിയത്. മുകളിലെത്തുന്നതിനു മുൻപ് ഒരു നിമിഷത്തിൽ എനിക്കെന്റെ ലക്ഷ്യം പൂർത്തിയാക്കാനാവില്ല എന്നുതോന്നിയപ്പോൾ അക്കാര്യം ഗൈഡിനെ അറിയിച്ചു. അപ്പോൾ അദ്ദേഹം പുഞ്ചിരിച്ചുകൊണ്ട് ഇങ്ങനെ പറഞ്ഞു, "നിങ്ങൾ വെറും 50 മീറ്റർ മാത്രം അകലെയാണ്. മുകളിലേക്ക് നോക്കി കയറുക’’. എന്റെ ശരീരത്തിൽ അവശേഷിക്കുന്ന ബാക്കിയുള്ള ഊർജ്ജമത്രയും കാലുകളിലേയ്ക്ക് എത്തിച്ച് ഞാൻ എന്നെ തന്നെ മുന്നോട്ട് തള്ളികൊണ്ടേയിരുന്നു.ഈ മലകയറ്റത്തിനായി ഞാൻ സമർപ്പിച്ച രണ്ട് മാസത്തെ തയാറെടുപ്പ്, എന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണ, എല്ലാമെന്റെ മനസ്സിലേക്ക് ഓടിയെത്തി. ഗൈഡിന്റെ ആ വാക്കുകളാണ് എന്റെ കയറ്റത്തിന്റെ അവസാന നിമിഷ പോരാട്ട ശക്തി. 

 

മുകളിലെത്തി നിന്നപ്പോൾ കണ്ട കാഴ്ച ജീവിതത്തിൽ ഒരിക്കലും മറക്കില്ലെന്ന് സുഹ്റ പറയുന്നു. അതികഠിനമായ സമയത്തിലൂടെ കടന്നാണ് ഞാൻ അവിടെ എത്തുന്നത്. ഓരോ ചുവടും സൂഷ്മതയോടെ വേണം മുകളിലേയ്ക്ക് കയറാൻ. വെറും 800 മീറ്റർ താണ്ടാൻ ഞാൻ എടുത്തത് 6 മണിക്കൂറിൽ അധികമായിരുന്നു. നമ്മൾ നാട്ടിൽ ഒരു കിലോമീറ്റർ ഒക്കെ വെറും മിനിറ്റുകൾകൊണ്ട് നടന്നെത്തും. എന്നാൽ ഇവിടെ ഒന്ന് ചുവടുറപ്പിക്കാൻപ്പോലും സമയമേറെയെടുക്കും. മലകയറിത്തുടങ്ങുമ്പോൾ ഒറ്റയ്ക്കാണ് ഗൈഡുണ്ടാകുമെങ്കിലും എല്ലാവരും അവനവന്റെതായ രീതിയിൽ കയറിക്കോളണം. കുത്തനെയുള്ള ഭാഗങ്ങളിൽ ചിലപ്പോൾ തെന്നിപ്പോകും. അപ്പോൾ നമ്മളെ കെട്ടിയിരിക്കുന്ന കയറിൽ അങ്ങനെ തൂങ്ങിക്കിടക്കും കുറേനേരം. പിന്നെ തന്നത്താനെ എങ്ങനെയെങ്കിലും വലിഞ്ഞുകയറി യാത്ര തുടരും. മഞ്ഞിൽ ബൂട്ട് പുതഞ്ഞ് നടക്കാൻ പറ്റാതാകും. രണ്ടോ മൂന്നോ സ്റ്റെപ്പിൽ കൂടുതൽ മുന്നോട്ട് പോകാനാകില്ല. പിന്നെ റസ്റ്റ് എടുത്തു വേണം തുടരാൻ. 

 

ഒടുവിൽ, പരകോടിയിലെത്തിയപ്പോഴുള്ള നിമിഷങ്ങൾ പറഞ്ഞറിയിക്കാനാവില്ല. അവിടെ നിന്നുള്ള അതിമനോഹരമായ ഹിമാലയൻ പർവതനിരകളുടെ കാഴ്ച അഗാധമായ സംതൃപ്തിയാണ് എന്നിൽ നിറച്ചത്. തലയുടെ മുകളിൽ സൂര്യൻ തൊട്ടടുത്തായി ഉദിച്ചുനിൽക്കുന്നു. തൊട്ടുമുന്നിൽ എവറസ്റ്റ്. ഒരു ക്ലൈംബർ എന്നതിലുപരി ഒരു യാത്രിക എന്ന നിലയിൽ ആ നിമിഷങ്ങളിൽ നമുക്ക് അനുഭവപ്പടുന്നത് നമ്മൾ കീഴടക്കുന്നത് പർവതങ്ങളല്ല, മറിച്ച് നമ്മളെ തന്നെയാണെന്നതാണ്. 

zuhra-siraj-03

 

വലിയൊരു മലയുടെ മുകളിൽ അറ്റത്തായി എയർപോർട്ട്, വിമാനത്തിലിരുന്ന് കാണുന്നതൊരു അത്ഭുതവും 

 

കഠ്മണ്ഡുവിൽനിന്നാണ് ഞാൻ യാത്ര തുടങ്ങുന്നത്. ആ നാട് തന്നെ അതിമനോഹരമാണ്. അവിടുത്തെ ആളുകളും ചെറിയ മാർക്കറ്റുകളും മറ്റുമെല്ലാം നമ്മളിലെ സഞ്ചാരിയുടെ മനസ്സ് നിറയ്ക്കാൻ പോന്നവയാണ്. ഹിമാലയം അതിരിടുന്ന ആ നാട്ടിലെത്തിയാൽ പറ്റുമെങ്കിൽ ഒരു രണ്ട് ദിവസം അവിടെ തങ്ങി എല്ലാമൊന്ന് ചുറ്റികറങ്ങികാണണം, കഠ്മണ്ഡുവിൽ നിന്ന് ലുക് ല എന്ന വിമാനത്താവളത്തിലേയ്ക്കാണ് പോകേണ്ടത്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ വിമാനത്താവളം, ടെൻസിംഗ് ഹിലരി എയർപോർട്ട് എന്നാണ് അറിയപ്പെടുന്നത്. എവറസ്റ്റ് കയറാനുള്ളവർക്കും ബേസ് ക്യാംപിലേക്കുള്ളവർക്കും എത്തിച്ചേരാനുളള ഏക മാർഗം. എവറസ്റ്റ് കൊടുമുടിയുടെ കവാടം എന്നാണ് ലുക് ല എന്ന നാട് അറിയപ്പെടുന്നത്. ഇത്ര ഭംഗിയുള്ളൊരു നാട് കണ്ടിട്ടില്ല. 

 

പക്ഷേ വിമാനത്താവളം അത് അങ്ങേയറ്റം ഭീകരമാണന്നേ പറയാൻ പറ്റു അതുപോലെ തന്നെ അത്ഭുതപ്പെടുത്തുന്നതും. അത്രയും അപകടം പിടിച്ചൊരു സ്ഥലത്ത് അങ്ങനെയൊരു വിമാനത്താവളം നിർമ്മിക്കുക എന്നത് അങ്ങേയറ്റം അവിശ്വസനീയമാണ്. കാഠ്മണ്ഡുവിൽ നിന്നും പറന്നുയരുന്നതോടെ നമ്മുടെ കാഴ്ചയുടെ തലങ്ങൾ മാറുകയാണ്. മറ്റ് വിമാനങ്ങൾ പോകുന്നതുപോലെ മേഘങ്ങൾക്കിടയിലൂടെ ഒന്നുമല്ല, തൊട്ടടുത്തായി മലനിരകൾ കാണാനാകും. അതിനിടയിലെ ചെറിയ ചെറിയ ഗ്രാമങ്ങൾ, ഭയങ്കര രസമാണ് ആ യാത്ര. ആകെ 16 പേർക്ക് മാത്രമേ വിമാനത്തിൽ കയറാനാകു. ഒരു ഷട്ടിൽ സർവ്വീസ് ആണ് ശരിക്കും ഈ വിമാനയാത്ര. ആളെ കയറ്റുന്നു. ലുക്ലയിൽ ഇറക്കുന്നു. വീണ്ടും കഠ്മണ്ഡുവിൽ ചെന്ന് അടുത്ത ആളുകളെ കയറ്റുന്നു. അങ്ങനെ ഒരു ദിവസം ഏതാണ്ട് നൂറോളം സർവീസ് ഇവിടെ നടക്കുന്നുണ്ട്. നൂറുക്കണക്കിന് പേരാണ് ഒരോ ദിവസവും അവിടെ വന്നിറങ്ങുന്നത്. ഈ വിമാനത്താവളത്തിന്റെ ഭീകരതയും അത്ഭുതയും മനസ്സിലാകണമെങ്കിൽ അതിൽ ഒരിക്കൽ കയറി യാത്ര ചെയ്യുക തന്നെ വേണം. മലനിരകൾക്കിടയിലൂടെ, താഴ്ന്നും പൊങ്ങിയും പറന്ന്. ലോകത്തിലെ ഏറ്റവും അപകടം നിറഞ്ഞ എയർപോർട്ട് എന്ന നിലയിൽ ഇവിടം പ്രശസ്തമായിട്ടുണ്ടെങ്കിൽ അതിരിക്കുന്ന സ്ഥാനം കൊണ്ടും കൂടിയാണ്. പക്ഷേ വളരെ സുരക്ഷിതമായിട്ടാണ് ആ സർവ്വീസ് നടക്കുന്നതെന്നത് അഭിനന്ദനാർഹമാണ്. 

 

കൊതിപ്പിക്കുന്ന ഉയരങ്ങൾ, അടുത്തത് അമാദാബ്ലം

 

കൂടുതലും വിദേശിയരാണ് ഇത്തരത്തിൽ പർവതാരോഹണത്തിന് എത്തുന്നത്., അതിൽ സ്ത്രീകളുണ്ടാകുമെങ്കിലും ഇന്ത്യയിൽ നിന്നുള്ളവർ വിരലിൽപ്പോലും എണ്ണാനില്ല എന്നു പറേണ്ടിവരും. ലെബൂചെ കയറ്റം നടത്തുന്ന സമയത്ത് വേറെ സ്ത്രീകളില്ലായിരുന്നു. ഏകദേശം 21 ദിവസമെടുത്താണ് ഞാനെന്റെ യാത്ര പൂർത്തിയാക്കുന്നത്. ജീവിതത്തിൽ ലഭിക്കുന്ന ചില സന്തോഷങ്ങൾ നമ്മളെ എവറസ്റ്റിനോളം ഉയരത്തിലെത്തിക്കുമെന്ന് പലരും പറയാറുണ്ട്. അത് യഥാർത്ഥത്തിൽ അനുഭവിച്ചയാളാണ് ഞാൻ. മുകളിലെത്തി ഫിനിഷിങ് പോയിന്റിൽ നിൽക്കുമ്പോൾ എന്റെ തലയ്ക്ക് തൊട്ടടുത്ത് സൂര്യനാണ്. നേരേ മുന്നിൽ എവറസ്റ്റ്. 

 

ഏറ്റവും ദുർഘടമേറിയ ലെബൂച്ചെ കയറ്റം കയ്യിലൊതുക്കിയ, സുഹ്റയ്ക്ക് കാണണമെന്ന് ആഗ്രഹമുള്ളത് മറ്റൊരു പർവതമാണ്. ഹിമാലയത്തിന്റെ ഭാഗമായ അമാദാബ്ലം. "ഹിമാലയത്തിന്റെ മാറ്റർഹോൺ" എന്നറിയപ്പെടുന്ന അമയ് ദബ്ലാംഗ് എന്നും അറിയപ്പെടുന്ന അമ ദബ്ലം, ഹിമാലയത്തിലെ ഉയരം കൂടിയ കൊടുമുടികളിൽ ഒന്നാണ്. പർവതാരോഹണത്തിന് അനുവദനീയമായ മൂന്നാമത്തെ ഏറ്റവും പ്രശസ്തമായ ഹിമാലയൻ കൊടുമുടി.അമാ ദബ്ലം എന്ന പേരിന്റെ അർത്ഥം "അമ്മയുടെ മാല" എന്നാണ്. അതിന്റെ ഇരുവശത്തുമുള്ള നീണ്ട മലനിരകൾ അമ്മയുടെ കൈകളായി കണക്കാക്കപ്പെടുന്നു. ഒരമ്മ തന്റെ കുഞ്ഞിനെ ഇരുകൈകൾകൊണ്ട് ചേർത്ത് പിടിച്ചിരിക്കുന്നതുപോലെയാണ് ഈ കൊടുമുടി. താനും ഒരമ്മയായതിനാലാകാം ആ കൊടുമുടിയോട് ഒരു പ്രത്യേക താൽപര്യം തോന്നുന്നതെന്ന് സുഹ്റ പറയുന്നു. സുഹ്റ സിറാജ്, ക്ലൈംബിങ് ആരംഭിച്ചത് രണ്ട് കുട്ടികളുടെ അമ്മയായതിനുശേഷമാണ്. 36-മത്തെ വയസിലാണ് ബേസ് ക്യാംപ് കീഴടക്കുന്നത്. ‘‘ഒരു സ്ത്രീയ്ക്കു സാധിക്കില്ലെന്ന് സമൂഹം കൽപിച്ചുവച്ചിരിക്കുന്ന മേഖലകളിലേയ്ക്ക് നമ്മൾ ഇറങ്ങുമ്പോഴാണ് അത് എത്രമാത്രം പ്രചോദനകരമാണെന്നു മനസ്സിലാക്കാൻ സാധിക്കും. ലക്ഷ്യം പൂർത്തിയാക്കി ഹിമവാന്റെ നെറുകയിൽ നിന്നപ്പോൾ തോന്നിയത് ഒരു സ്ത്രീയ്ക്ക് അസാധ്യമായതായി ഒന്നുമില്ല എന്നായിരുന്നു.’’

 

ഹിറ്റ്ലർക്ക് സമ്മാനം കിട്ടിയ മലകയറിയപ്പോൾ 

 

ജീവിതം തന്നെ ഒരു യാത്രയാണ്. ആ യാത്രയ്ക്കിടെ നമ്മൾ ഇടയ്ക്ക് നിർത്തുന്ന ചില സ്റ്റോപ്പുകളുണ്ടാകും. ജീവിതകാലം മുഴുവൻ ഓർത്തിരിക്കുന്ന അത്തരമൊരു യാത്രയായിരുന്നു ജർമനിയിലെ അതിർത്തിയിൽ നടത്തിയത്. സൽസ്ബർഗിലാണ് ഈഡിൾ നെസ്റ്റ് എന്ന നാസി ഭരണകാലത്തെ ഒരു വാസ്തുവിദ്യ വിസ്മയം എന്നുവിശേഷിപ്പിക്കാവുന്ന റിട്രീറ്റ് സ്ഥിതിചെയ്യുന്നത്. ഇത് നാസികൾ ഹിറ്റ്ലർക്ക് പിറന്നാൾ സമ്മാനമായി നൽകിയതാണത്രേ. ബവേറിയൻ ആൽപ്‌സിലൂടെയുള്ള യാത്രയാണ് ഇതിന്റെ ഹൈലൈറ്റ്. പർവതനിരയും അതിലേക്കുള്ള പാതയും അക്കാലത്തെ ഒരു വലിയ എൻജിനീയറിങ് നേട്ടമായി കണക്കാക്കപ്പെട്ടിരുന്നു. അതിർത്തിയിലൂടെ യാത്ര ചെയ്ത് റിസർവ് ചെയ്ത പ്രത്യേക ബസിൽ 1,820 മീറ്റർ മലമുകളിലേയ്ക്ക് കയറുന്നു. ഒരു ഗൈഡിന്റെ നേതൃത്വത്തിൽ, ഹിറ്റ്‌ലറുടെ റെസിഡൻഷ്യൽ കോംപ്ലക്‌സിന്റെ സൈറ്റ് സന്ദർശിക്കാം, ബവേറിയൻ, ഓസ്ട്രിയൻ ആൽപ്‌സ് പർവതനിരകളുടെ അതിമനോഹരമായ പനോരമിക് കാഴ്ചയാണ് ഇവിടെ നമ്മളെ കാത്തിരിക്കുന്നത്. അതിഗംഭീരമായ മലനിരകളാണത്. ഞാൻ നടത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല യാത്രകളിലൊന്ന്. 

 

ഇന്ത്യയിലെ പർവതാരോഹണ മേഖല ശരിക്കും വിനോദസഞ്ചാരത്തിന്റെ ഭാഗം കൂടിയാണ്. ആയിരക്കണക്കിനു വിദേശിയരാണ് ഓരോ വർഷവും രാജ്യത്തെത്തി പല മലനിരകളിലേയ്ക്കും ട്രെക്കിങ്, മൗണ്ടനീയറിങ് എന്നിവ നടത്തുന്നത്. എന്നാൽ സത്യത്തിൽ നമ്മുടെ ടൂറിസം മേഖല ഇതിനു വേണ്ടത്ര പരിഗണന നൽകുന്നില്ലെന്നു പലപ്പോഴും തോന്നാറുണ്ടെന്നു സുഹ്റ പറയുന്നു. വിദേശീയരായ സ്ത്രീകളെ ധാരാളം നമുക്ക് ഈ മേഖലയിൽ കാണാം, എന്നാൽ നമ്മുടെ നാട്ടിൽ നിന്നും വളരെ കുറച്ചു പേർ മാത്രമേ ഇതിലേയ്ക്ക് ഇറങ്ങുന്നുള്ളു. പലരും തനിക്ക് സാധിക്കില്ല എന്നു വിചാരിച്ച് മാറിനിൽക്കുന്നതാകാം.. ഇതൊന്നും സ്ത്രീകൾക്ക് പറ്റിയതല്ല എന്ന ചിന്താഗതിയും ഒരു കാരണമാണ്. സ്കൂളുകളിലൊക്കെ ക്യാംപ് സംഘടിപ്പിക്കാറില്ലേ. അതുപോലെ ഒരു പാഠ്യപദ്ധതിയായി യാത്ര വരണമെന്നാണ് എന്റെ ആഗ്രഹം. യാത്രകളിലൂടെ മാത്രമേ നമുക്ക് നല്ലൊരു തലമുറയെ വളർത്തിയെടുക്കാനാവു. യാത്ര തന്നെ വേണമെന്നില്ല, എന്തെങ്കിലും ഔട്ട്ഡോർ ആക്റ്റിവിറ്റി ആയാലും മതി. വിദേശീയരുടെ ജീവിതരീതി നോക്കിയാലറിയാം, അവർ വർഷത്തിൽ ഇത്ര ദിവസം മറ്റിടങ്ങളിലേയ്ക്ക് സഞ്ചരിക്കുന്നതിനായി മാറ്റിവയ്ക്കുന്നു. പുതിയതിനെ അറിയാനും മനസ്സിലാക്കാനുമുള്ള നല്ലൊരു മാർഗ്ഗമാണ് യാത്ര. സുഹ്റ ഇങ്ങനെ പറയുമ്പോൾ ഉയരങ്ങൾ മാത്രം കീഴടക്കാൻ ആഗ്രഹിക്കുന്ന ഒരു വനിതയുടെ ധീരമായ വാക്കുകളാണിതെന്നു നമുക്ക് തിരിച്ചറിയാം.

 

Content Summary : Zuhra Siraj is an inspiration to many who are interested in traveling the world.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com