മെല്‍ബണ്‍: നദീതീരത്തെ പട്ടണത്തിൽ സഞ്ചാരികളെ കാത്തിരിക്കുന്നത് വിസ്മയ കാഴ്ചകൾ
Mail This Article
മഞ്ഞുകാലത്തെ ഒരു പ്രഭാതം, കാറ്റു വീശുന്നുണ്ട്. ഞാന്‍ യാര നദിക്കു കുറുകെയുള്ള ഒരു പാലത്തിനു ചുവട്ടിലായി നില്‍ക്കുകയാണ്. അങ്ങു ദൂരെ മെല്‍ബണ്‍ നഗരത്തില്‍ ആകാശം തൊട്ടു നില്‍ക്കുന്ന കെട്ടിടങ്ങള്‍ കാണാം. ‘‘യാര നദിക്ക് നേരത്തേ ബിറാറങ് എന്നായിരുന്നു പേര്...’’ എന്റെ ഗൈഡ് മാര്‍ട്ടിന ജെന്നിങ്‌സ് പറഞ്ഞു തുടങ്ങി. മഞ്ഞും നിഴലുമുള്ള ഇടം എന്നാണ് അതിന്റെ അര്‍ഥം. എന്നാല്‍ നാട്ടുകാര്‍ ഇതു പറഞ്ഞപ്പോൾ, ഇവിടേക്ക് അധിനിവേശത്തിനെത്തിയവര്‍ കേട്ടത് യാരാ യാരാ എന്നാണ് . ഒഴുകുന്നത് എന്നര്‍ഥമുള്ളതിനാല്‍ നദിയുടെ പേരാണ് ഇതെന്ന് അവർ കരുതി. അങ്ങനെയാണ് മെല്‍ബണ്‍ നഗരത്തിന്റെ ജീവനാഡിയായ നദിക്ക് വിദേശികള്‍ യാര എന്നു പേരിട്ടത്.
നദീതീരത്തെ പട്ടണം എന്നതിനേക്കാളും ഇന്ന് ഒരുപാട് മെല്‍ബണ്‍ വളര്‍ന്നിരിക്കുന്നു. ഓസ്‌ട്രേലിയയിലെ വിക്ടോറിയ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ് ഇന്ന് മെല്‍ബണ്‍. എന്നാല്‍ വിക്ടോറിയയെ ഒരു സഞ്ചാരിയെന്ന നിലയില്‍ കൂടുതല്‍ ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ മെല്‍ബണിനു പുറത്തു കടക്കണം. വന്യജീവിസങ്കേതങ്ങളും ക്രൂസ് കപ്പല്‍ യാത്രയും ചൂടു നീരാവിയിലെ കുളിയും ടോയ് ട്രെയിന്‍ യാത്രയും വൈന്‍ രുചിക്കലുമൊക്കെയായി വിക്ടോറിയയില്‍ സഞ്ചാരികളെ കാത്തിരിക്കുന്ന അനുഭവങ്ങള്‍ നിരവധിയാണ്.
മറക്കാനാവാത്ത ട്രെയിൻ യാത്ര
മുത്തശ്ശിക്കഥകളില്‍നിന്നു നേരെ ചൂളംവിളിച്ച് പുക പറത്തിക്കൊണ്ടുവരുന്നതു പോലുള്ള ടോയ് ട്രെയിനാണ് പഫിങ് ബില്ലി. ഡാന്‍ഡെനോങ് മലനിരകള്‍ക്കിടയിലൂടെ പഫിങ് ബില്ലിയിലുള്ള യാത്ര മനോഹരമാണ്. മെല്‍ബണില്‍നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബെല്‍ഗ്രേവില്‍ നിന്നാണ് ഞങ്ങളുടെ ഈ ട്രെയിനിലെ യാത്ര ആരംഭിക്കുന്നത്. മഴക്കാടുകളും മരപ്പാലങ്ങളും പുഴകളുമെല്ലാം പിന്നിട്ട് ഞങ്ങള്‍ ഒരു മണിക്കൂറിനുള്ളില്‍ ലേക്ക്‌സൈഡ് സ്റ്റേഷനിലെത്തി. ഇവിടെയുള്ള സന്ദര്‍ശക കേന്ദ്രത്തില്‍നിന്ന് ഈ ട്രെയിനിന്റെ കൂടുതല്‍ ചരിത്രം യാത്രികര്‍ക്ക് അറിയാനാവും. ബെല്‍ഗ്രേവില്‍നിന്ന് 1.50 മണിക്കൂര്‍ ദൂരെയുള്ള ജെബ്രൂക്ക് സ്‌റ്റേഷന്‍ വരെ ഈ ടോയ് ട്രെയിന്‍ പോവുന്നുണ്ട്. വളര്‍ത്തു മൃഗങ്ങളെ കൊണ്ടുപോവാന്‍ ഡോഗ് എക്‌സ്പ്രസ് സൗകര്യവുമുണ്ട്.
വൈന്‍ രുചിക്കാം
യാര താഴ്‌വരയിലെ വൈന്‍ രുചിക്കാനായി നടത്തിയ യാത്രകള്‍ മനോഹരമായിരുന്നു. ഷാഡുനേ, ഷിരാസ്, പീനോ നോവാ എന്നിങ്ങനെ പ്രസിദ്ധമായ വൈന്‍ നിര്‍മാണ കേന്ദ്രങ്ങള്‍ അടക്കം 60 വൈനറികള്‍ ഈ പ്രദേശത്തുണ്ട്. ഫ്രാന്‍സില്‍ നിന്നുള്ള വൈന്‍ നിര്‍മാതാക്കള്‍ ആരംഭിച്ച ഡൊമിനിക് പോര്‍ട്ടെറ്റ് എന്ന വൈന്‍ നിര്‍മാണ കേന്ദ്രത്തിലേക്കാണ് ഞങ്ങള്‍ പോയത്. വൈന്‍ മാത്രമല്ല ബീയറും ജിന്നും ആപ്പിളില്‍ നിന്നുള്ള മദ്യമായ സിഡാറുമെല്ലാം ഇവിടെ വിളമ്പുന്നുണ്ട്. കുടുംബ ബിസിനസുകളാണ് ഇവിടുത്തെ ഭൂരിഭാഗം മുന്തിരിപ്പാടങ്ങളും വൈന്‍ നിര്‍മാണ കേന്ദ്രങ്ങളും. യാര താഴ്‌വരയിലെ ചോക്ലേറ്റ് നിര്‍മാണ ഫാക്ടറിയും ഞങ്ങള്‍ സന്ദര്‍ശിച്ചു.
കംഗാരു
ഒരു ഗോള്‍ഫ് കോഴ്‌സിനകത്തുള്ള യെരിങ് ജോര്‍ജ് കോട്ടേജിലായിരുന്നു ഞങ്ങളുടെ താമസം. അതിന് അടുത്തേക്കൊക്കെ കംഗാരുക്കള്‍ കൂട്ടമായി എത്തിയിരുന്നു. എങ്കിലും കംഗാരുക്കളെ നേരിട്ട് കണ്ട് ആസ്വദിക്കണമെങ്കില്‍ ഹീല്‍സ്‌വില്‍ സാന്‍ച്വറിയാണ് (Healesville Sanctuary) നല്ലത്. അപകടങ്ങളിലും മറ്റും പരുക്കേറ്റ് പിന്നീട് ആരോഗ്യം വീണ്ടെടുത്ത 1,500ലേറെ മൃഗങ്ങളേയും ഇവിടെ കാണാം.
പെന്‍ഗ്വിനെ കാണാന്‍ ഫിലിപ് ദ്വീപ്
പെന്‍ഗ്വിനുകളെ കൂട്ടമായി കാണാനും തൊട്ടടുത്ത് ആസ്വദിക്കാനും സാധിക്കുന്ന സ്ഥലമാണ് ഫിലിപ് ദ്വീപ്. ഒരടിയോളം ഉയരമുള്ള പെന്‍ഗ്വിനുകള്‍ കടലില്‍നിന്നു കരയിലേക്കു കൂട്ടമായി വരുന്നത് കാണേണ്ട കാഴ്ചയാണ്. പെന്‍ഗ്വിനുകള്‍ക്ക് ശല്യമാവാത്ത വിധം ഒളിച്ചിരുന്ന് അവയെ ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. വേണ്ട നിര്‍ദേശങ്ങള്‍ പ്രകൃതിസ്‌നേഹികളും ഗൈഡുമാരും നല്‍കുകയും ചെയ്യും.
പെന്‍ഗ്വിന്‍ മാത്രമല്ല കോലയും ഫിലിപ് ദ്വീപിലെ കാഴ്ചയാണ്. കോല സംരക്ഷണ കേന്ദ്രവും ഇവിടെയുണ്ട്. കടലിലേക്ക് കപ്പലിലോ ബോട്ടിലോ പോയാല്‍ സീലുകളെയും കടല്‍പക്ഷികളെയുമൊക്കെ കാണാം.
മോണിങ്ടൻ പെനിന്‍സുലയും ആല്‍ബ തെര്‍മല്‍ സ്പ്രിങ്‌സ് ആൻഡ് സ്പായും
മോണിങ്ടൻ പെനിന്‍സുലയിലെ ഏറ്റവും ഉയര്‍ന്ന ഭാഗമായ ആര്‍തേഴ്‌സ് സീറ്റ് ഈഗിളിലേക്ക് ഒരു മണിക്കൂര്‍ മാത്രമാണ് മെല്‍ബണില്‍ നിന്നുള്ള ദൂരം. കര്‍ഷകരുടെയും ഫാമുകളുടെയും സ്വര്‍ഗമാണ് മോണിങ്ടൻ ഉപദ്വീപ്. റെഡ് ഹില്ലിലെ ഗ്രീൻ ഒലീവിലേക്കാണ് ഞങ്ങള്‍ പോയത്. ഇവിടുത്തെ ഉച്ചഭക്ഷണം ഫാം ടു പ്ലേറ്റ് അനുഭവമായി മാറി. റിസോര്‍ട്ടുകളുടെ പട്ടണമായ സോറെന്റോയിലേക്കു കൂടി പോവാതെ മോണിങ്ടൻ പെനിന്‍സുലയിലേക്കുള്ള യാത്ര പൂര്‍ണമാവില്ല.
ആല്‍ബ തെര്‍മല്‍ സ്പ്രിങ്‌സ് ആൻഡ് സ്പായിലെ പ്രകൃതിയോടു ചേര്‍ന്നുള്ള ചൂടു വെള്ളത്തിലെ കുളി ഒരു അനുഭവമാണ്. കാടിനോടും പൂന്തോട്ടങ്ങളോടും ചേര്‍ന്ന് 32 കുളങ്ങളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. കെട്ടിടങ്ങള്‍ക്കു മുകളില്‍ സജ്ജീകരിച്ചിരിക്കുന്ന സ്വകാര്യ കുളങ്ങളും മസാജ്, സ്പാ സൗകര്യങ്ങളും ഇവിടെയുണ്ട്.
മെല്‍ബണിലെത്തുന്ന സഞ്ചാരികള്‍ക്ക് യോജിച്ച സ്ഥലങ്ങളാണ് യാര താഴ്‌വരയും ഫിലിപ് ദ്വീപും മോണിങ്ടൻ പെനിന്‍സുലയുമെല്ലാം. മോണിങ്ടൻ പെനിന്‍സുലയിലേക്ക് മെല്‍ബണില്‍നിന്ന് 76 കിലോമീറ്ററും യാര താഴ്‌വരയിലേക്ക് 60 കിലോമീറ്ററും ഫിലിപ് ദ്വീപിലേക്ക് 140 കിലോമീറ്ററുമാണുള്ളത്. ഇവിടെയെല്ലാം ഒന്നിലേറെ ദിവസങ്ങള്‍ കാണാനുള്ള കാഴ്ചകളുണ്ട്. ഇന്ത്യയിലെ പ്രധാന നഗരങ്ങളില്‍ നിന്നെല്ലാം മെല്‍ബണിലേക്ക് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനങ്ങളുണ്ട്.