ADVERTISEMENT

ക്യാറ്റ് വോക്ക് വിത്ത് ദ് ബിഗ് ക്യാറ്റ്’ എന്ന ക്യാപ്ഷനോടെ ഇന്‍സ്റ്റഗ്രാമിൽ പൂജിത മേനോൻ ഈയടുത്ത് ഒരു വിഡിയോ പങ്കുവച്ചിരുന്നു. അതിനൊപ്പം താരം കുറിച്ചത് ഇങ്ങനെയായിരുന്നു: ‘‘എന്തൊരു അനുഭവമായിരുന്നു, ശ്വാസമടക്കിപ്പിടിച്ച്, ശ്വാസമിടിപ്പു നിയന്ത്രിച്ചുകൊണ്ട് ഒരു കടുവയ്ക്കൊപ്പം ഇത്രയും കംഫർട്ട് ആയി നടക്കാൻ കഴിയുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല ഹാഷിമിന് നന്ദി. നിങ്ങളുടെ പ്രചോദനമില്ലെങ്കില്‍ ഇത് സാധ്യമാകുമായിരുന്നില്ല.’’ പൂജിത തായ്‌ലൻഡിലേക്കു നടത്തിയ യാത്രയിലെ ഏറ്റവും വലിയ വിശേഷമായിരുന്നു കടുവയ്ക്കൊപ്പമുള്ള നടത്തം. വിഡിയോയിൽ, കടുവയ്ക്കൊപ്പം കൂളായിട്ടാണ് പൂജിത നടക്കുന്നത്. എന്നാൽ അതിനു പിന്നിലെ ചില തെറ്റിദ്ധാരണകളും അങ്ങേയറ്റം വേദനാജനകമായ ഒരു കഥയും താരത്തിന് പറയാനുണ്ട്. ധാരാളം യാത്രകൾ നടത്തുന്നയാളാണ് പൂജിത മേനോൻ. നി കൊ ഞാ ചാ, സ്വര്‍ണക്കടുവ, ഓംശാന്തി ഓശാന, അരികില്‍ ഒരാള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട പൂജിത ടെലിവിഷന്‍ അവതാരകയായാണ് കരിയര്‍ തുടങ്ങിയത്. ഇപ്പോള്‍ മോഡലിങ്ങിലും ടെലിവിഷന്‍ മേഖലയിലും സജീവമാണ് താരം. യാത്രകൾ തന്റെ ജീവിതത്തിന്റെ ഭാഗമാണെന്നും ഓരോ യാത്രയും സ്വയം കൂടുതൽ മനസ്സിലാക്കാനുള്ള വഴിയാണെന്നും പൂജിത പറയുന്നു. 

poojitha-travel-02
പൂജിത മേനോൻ

കടുവയ്ക്കൊപ്പം നടന്നപ്പോൾ ആ രഹസ്യം അറിഞ്ഞിരുന്നില്ല 

‘‘ചെറിയ ജീവികളെപ്പോലും പേടിയുള്ള ഒരാൾ കടുവയോടൊപ്പം കൂളായി സമയ ചെലവഴിക്കുക എന്നുപറഞ്ഞാൽ അദ്ഭുതമായി തോന്നാം. എന്നാൽ മൃഗങ്ങളെ പേടിയുള്ള എനിക്ക് കടുവയ്ക്കൊപ്പം സമയം ചെലവഴിക്കാനും നടക്കാനുമുള്ള ധൈര്യമുണ്ടായി. അത് ലൈഫിൽ മറക്കാനാവാത്ത അനുഭവമായിരുന്നു. തായ്‌ലൻഡിൽ എത്ര തവണ ഞാൻ പോയിട്ടുണ്ടെന്ന് ചോദിച്ചാൽ കൃത്യമായി പറയാനാകില്ല. പക്ഷേ അപ്പോഴൊന്നും ഒന്നു കാണണമെന്നു പോലും തോന്നാത്ത കാര്യമായിരുന്നു ഇത്തവണത്തെ യാത്രയിൽ സംഭവിച്ചത്. 

poojitha-travel-01
പൂജിത മേനോൻ, കടുവയ്ക്കൊപ്പം നടന്നപ്പോൾ.

ഫ്ലൈ വെൽ എന്ന ട്രാവൽ ഏജൻസി വഴിയാണ് ഞാൻ തായ്‌ലൻഡിനു പോയത്. 20 ലധികം പേരുണ്ടായിരുന്നു ടീമിൽ. അവിടെ ചെന്നപ്പോഴൊന്നും ഈ കടുവയുടെ കാര്യം പറഞ്ഞിരുന്നില്ല. കാരണം എനിക്ക് മൃഗങ്ങൾ എന്നുപറഞ്ഞാൽ തന്നെ പേടിയാണ്. അപ്പോൾ ഇത്തരം പരിപാടികൾക്ക് എന്തായാലും ഞാൻ പോകില്ല. അങ്ങനെ തായ്‌ലൻഡ് യാത്ര വളരെ മനോഹരമായി പുരോഗമിക്കവേ ഈ ട്രിപ്പിന്റെ ഓർഗനൈസറായ ഹാഷിം എന്നോടു പറഞ്ഞു, കടുവയെ കാണാൻ പോകാമെന്ന്. ഞാൻ ആദ്യം കരുതിയത് ദൂരെ മാറിനിന്ന്, മൃഗശാലയിൽ ഒക്കെ കാണുന്നതുപോലെ കാണാനായിരിക്കുമെന്നാണ്. അവിടെ ചെന്നപ്പോഴാണ് അതിന്റെ കൂടെ നടക്കുന്നതാണ് പരിപാടി എന്നറിഞ്ഞത്. ഞാൻ ജീവനോടെ തിരിച്ചുവരണ്ട എന്നാണോ നിങ്ങൾ പറയുന്നതെന്നായിരുന്നു അതിന് ഞാൻ ആദ്യം പറഞ്ഞ മറുപടി. പക്ഷേ ഹാഷിം സമ്മതിച്ചില്ല, ഇപ്പോൾ ഇത് ചെയ്തില്ലെങ്കിൽ ഇനി അതിനുള്ള ധൈര്യം നിനക്കുണ്ടാകില്ല എന്നു പറഞ്ഞ് എന്നെ കൂടുതൽ പ്രചോദിപ്പിച്ചുകൊണ്ടിരുന്നു. കടുവയ്ക്കൊപ്പം അതിനെ നോക്കുന്നയാളുമുണ്ടാകും, പേടിക്കണ്ട എന്നൊക്കെ പറഞ്ഞു. 

poojitha-travel-05
പൂജിത മേനോൻ

നമ്മുടെ ഉള്ളിലെ ഭയത്തെ മറിക്കടക്കാനായാൽ ഒരു പരിധി വരെ നമുക്ക് ജീവിതത്തിൽ വിജയിക്കാനാകുമെന്നു വിശ്വസിക്കുന്നയാളാണ് ഞാൻ. നമ്മൾ പലപ്പോഴും പേടികൊണ്ടാണ് പല കാര്യങ്ങളും ചെയ്യാതിരിക്കുന്നത്. ആ പേടിയെ മാറ്റിനിർത്തി, എനിക്കു കഴിയും എന്നു ചിന്തിക്കുന്നിടത്ത് മാറ്റങ്ങൾ സംഭവിച്ചുതുടങ്ങും. എന്റെ ജീവിതത്തിലെ ഏറ്റവും സാഹസികമായ നിമിഷങ്ങളത്രയും പിറന്നത് ഇങ്ങനെ ഭയത്തെ മാറ്റി, എനിക്ക് ചെയ്യാൻ പറ്റുമെന്ന് ഞാൻ സ്വയം വിശ്വസിച്ച സമയങ്ങളിലായിരുന്നു. അങ്ങനെ കടുവയ്ക്കൊപ്പം നടക്കാൻ ഞാൻ തീരുമാനിച്ചു. ഹൃദയം അതിശക്തമായി മിടിക്കുന്നത് എനിക്ക് കേൾക്കാമായിരുന്നു. കടുവയുടെ കഴുത്തിൽ കെട്ടിയിരിക്കുന്ന തുടൽ എന്റെ കയ്യിൽ തന്നു. ആദ്യം ശരിക്കും പേടിച്ചെങ്കിലും പിന്നെ അത് പതിയെ ഇല്ലാതായി. ഞങ്ങൾ നടക്കുന്ന സമയമത്രയും ഇടതടവില്ലാതെ ആ കടുവയ്ക്ക് ഇറച്ചി ഇട്ടു കൊടുക്കുന്നുണ്ടായിരുന്നതു കൊണ്ടാകാം അത് എന്നെ മൈൻഡ് ചെയ്യാതിരുന്നതെന്നാണ് ഞാൻ കരുതിയത്. പക്ഷേ അതിനു പിന്നിലെ വേദനിപ്പിക്കുന്ന സത്യമറിഞ്ഞപ്പോൾ ആകെ വിഷമമായി. 

tiger-walk
പൂജിത മേനോൻ, കടുവയ്ക്കൊപ്പം നടന്നപ്പോൾ.

മൃഗങ്ങളോടു കാണിക്കുന്ന ക്രൂരതയ്ക്ക് വിനോദമെന്ന് പറയുന്നത് ശരിയല്ല 

തായ്‌ലൻഡിലെ പ്രശസ്തമായ വിനോദസഞ്ചാര ആകർഷങ്ങളിലൊന്നാണ് വന്യമൃഗങ്ങൾക്കൊപ്പമുള്ള പ്രവർത്തനങ്ങൾ. തായ്‌ലൻഡ്, ബാങ്കോക്ക്, പട്ടായ എന്നിവിടങ്ങളിലെല്ലാം ഇവ കാണാം. മൃഗങ്ങളെ പേടിയായതിനാൽ, പല പ്രാവശ്യം പോയിട്ടുള്ള സ്ഥലങ്ങളായിട്ടുകൂടി ഇതൊന്നും ഇതുവരെ പരിക്ഷിച്ചുനോക്കിയിട്ടില്ല. കടുവയ്ക്കൊപ്പം നടന്നപ്പോഴും ഇത് അത്ര വലിയ കാര്യമാണെന്നും തോന്നിയിരുന്നില്ല. പക്ഷേ ഞാൻ വിഡിയോ പോസ്റ്റ് ചെയ്തു കഴിഞ്ഞപ്പോഴാണ് പലരും കമന്റിൽ ഇങ്ങനെ കടുവയടക്കമുള്ള വന്യമൃഗങ്ങളെ സഞ്ചാരികൾക്ക് മുന്നിൽ നിർത്തുന്നത് അവയ്ക്ക് മയക്കുമരുന്നു നൽകിയിട്ടാണെന്നു പറഞ്ഞത്. അതറിഞ്ഞപ്പോൾ ഭയങ്കര ഷോക്കായിരുന്നു. പിന്നീട് അതിനെക്കുറിച്ച് കൂടുതൽ അന്വേഷിച്ചപ്പോൾ ഈ കടുവകളുടെ നഖവും പല്ലുകളും വരെ നീക്കം ചെയ്തിട്ടാണ് അവയെ പ്രദർശിപ്പിക്കുന്നതെന്നും അറിഞ്ഞു. അപ്പോൾ വല്ലാത്ത വിഷമമായി. എന്തൊക്കെ ന്യായം പറഞ്ഞാലും ഇങ്ങനെ മിണ്ടാപ്രാണികളെ ഉപദ്രവിക്കുന്നതിനോട് എനിക്ക് ഒട്ടും യോജിക്കാനാവില്ല. എന്റെ ഒപ്പമുണ്ടായിരുന്ന കടുവയെയും ഇതുപോലെ ചെയ്തിരുന്നതാണെന്ന് അറിഞ്ഞിരുന്നെങ്കിൽ ഞാൻ ഒരിക്കലും അതിന് മുതിരുമായിരുന്നില്ല. ഈ സംഭവം എന്നെ വല്ലാതെ അസ്വസ്ഥയാക്കി. സോഷ്യൽ മീഡിയയിൽ അത്തരമൊരു വിഡിയോ ഇട്ടത് ഈ ക്രൂരത അറിഞ്ഞുകൊണ്ടാല്ലായിരുന്നു. ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവം എനിക്കുണ്ടാവുന്നത്. മുൻപ് ദുബായിൽ പോയപ്പോൾ ഒട്ടകപ്പുറത്ത് സഫാരി നടത്തിയിരുന്നു. അവിടെ പക്ഷേ മൃഗങ്ങളോട് ഇങ്ങനെയൊന്നും ചെയ്യുന്നില്ല. എന്നാൽ തായ്‌ലൻഡിലെ സംഭവം എനിക്ക് മറക്കാനാവില്ല. മൃഗങ്ങളെ അവരുടെ സ്വൈര്യവിഹാരത്തിൽ നിന്നും പിടിച്ചുകെട്ടി കൊണ്ടുവന്ന് ഇങ്ങനെ ഉപദ്രവിക്കുന്നത് അവസാനിപ്പിക്കണം എന്നാണ് എന്റെ അഭിപ്രായം. 

poojitha-travel-03
പൂജിത മേനോൻ

ഈയൊരു കാര്യം മാറ്റിനിർത്തിയാൽ തായ്‌ലൻഡ് യാത്ര ഗംഭീരമായിരുന്നു. പൊതുവെ തായ്‌ലൻഡ്, ബാങ്കോക്ക് എന്നിവിടങ്ങളൊക്കെ ബാച്‌ലേ‌ഴ്സിനു മാത്രമുള്ള ഡെസ്റ്റിനേഷനാണെന്ന് ഒരു ധാരണയുണ്ട്, എന്നാൽ രാത്രി പന്ത്രണ്ടുമണിയ്ക്കും സ്ട്രീറ്റ് സ്റ്റാളുകളും ഷോപ്പുകളുമായി സജീവമായി ജോലിചെയ്യുന്ന അനേകം സ്ത്രീകളെ നമുക്കവിടെ കാണാം. തായ്‌ലൻഡിന്റെ ഏറ്റവും വലിയ പ്രത്യേകത അവിടുത്തെ അധ്വാനികളായ സ്ത്രീകളാണ്. അധ്വാനിക്കാനുള്ള മനസ്സാണ് അവരെ മുന്നോട്ടു നയിക്കുന്നത്. അതുകൊണ്ടു തന്നെ സ്ത്രീകൾക്കു സുരക്ഷിതമായി യാത്ര ചെയ്യാൻ സാധിക്കുന്ന രാജ്യം തന്നെയാണു തായ്‌ലൻഡ് എന്നു നിസംശയം പറയാം. ഓരോ പ്രാവശ്യം ചെല്ലുമ്പോഴും തായ്‌ലൻഡ് എനിക്കു സമ്മാനിക്കുന്നത് ഓരോ പുതിയ അനുഭവങ്ങളാണ്.’’ 

ലോകത്തിലെ ഏറ്റവും നീളമുള്ള സിപ് ലൈൻ, യൂറോപ്യൻ ഡ്രൈവിങ് ലൈസൻസ്

‘ജീവിതം ഒന്നുകിൽ ധീരമായ സാഹസികതയാണ് അല്ലെങ്കിൽ ഒന്നുമല്ല’–  ഹെലൻ കെല്ലറുകളുടെ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിന്റെ ആപ്തവാക്യമാക്കി സ്വീകരിക്കേണ്ടതാണ്. പൂജിത എന്തായാലും ഇത് പിന്തുടരുന്ന ആളാണെന്ന് അവരുടെ യാത്രാചരിത്രമെടുത്താൽ മനസ്സിലാകും. സാഹസിക കാര്യങ്ങൾ ചെയ്യാനാണു താരത്തിനു പ്രിയം. തായ്‌ലൻഡിലെ കടുവയ്ക്കൊപ്പമുള്ള നടത്തം പോലെ പൂജിത മേനോൻ നടത്തിയ മറ്റൊരു സാഹസികത ലോകത്തിലെ തന്ന ഏറ്റവും നീളം കൂടിയ സിപ് ലൈനിൽ കയറിയതാണ്. 

poojitha-travel-04
പൂജിത മേനോൻ

‘‘യുണൈറ്റഡ് അറബ് എമിറേറ്റ്‌സിലെ മലയോര മരുഭൂമിയിൽ സ്ഥിതി ചെയ്യുന്ന ജബൽ ജെയ്‌സ് ഫ്ലൈറ്റാണ് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ സിപ് ലൈൻ. ഗിന്നസ് വേൾഡ് റെക്കോർഡ്സിൽ വരെ ഇടം പിടിച്ച ഈ സിപ് ലൈനിന് 2.8 കിലോമീറ്റർ നീളമുണ്ട്. മണിക്കൂറിൽ 150 കിലോമീറ്റർ വേഗത്തിലാണ് ഇതു പോകുന്നത്. അറേബ്യൻ ഗൾഫിനു മുകളിൽ 1680 മീറ്റർ ഉയരത്തിലുള്ള ഈ അതിസാഹസികത  ജീവിതത്തിൽ ഒരിക്കലെങ്കിലും അനുഭവിക്കണം. ആ സിപ് ലൈനിൽ കയറാൻ തീരുമാനിക്കുമ്പോഴും ഉള്ളിൽ ഭയമുണ്ടായിരുന്നു. പക്ഷേ ഞാൻ നേരത്തേ പറഞ്ഞില്ലേ, നമ്മുടെ ഉള്ളിലെ ഭയത്തെ മറികടക്കുക എന്നതായിരിക്കണം ലക്ഷ്യം. പേടിച്ചുനിന്നാൽ ഒന്നും നടക്കില്ല. ഇതിനു മുൻപും ഇത്തരം അഡ്വഞ്ചറസായിട്ടുള്ള കാര്യങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും ഇത്രയും ഉയരത്തിലുള്ളതു പരീക്ഷിക്കുന്നത് ആദ്യമായിട്ടായിരുന്നു. ജീവിതത്തിലെ മറക്കാനാവാത്ത അവിസ്മരണീയമായ മൂന്ന് മിനിറ്റായിരുന്നു അത്. വെറും മൂന്ന് മിനിറ്റു കൊണ്ട് 3 കിലോമീറ്ററോളം നമ്മൾ താണ്ടും. ആ പോക്കിൽ മലകളും കാടുകളും കാണാനാകും. താഴേയ്ക്കു നോക്കിയാൽ പേടിയാകുമെങ്കിലും അതൊരു അവിസ്മരണീയമായ അനുഭവമായിരുന്നു.

ഇനി അടുത്ത യാത്ര ലക്ഷദ്വീപിലേക്കാണ്. അതും ഫ്ലൈ വെൽ ഏജൻസി വഴി തന്നെയാണ്. യാത്രയ്ക്കു പ്ലാനിടുമ്പോൾ ആദ്യം ചിന്തിക്കുന്നത്  സാമ്പത്തിക സ്ഥിതിയെക്കുറിച്ചാകും. ഒരു വിദേശ യാത്ര പോകണമെന്ന് ആഗ്രഹമുണ്ടാകുമെങ്കിലും പലപ്പോഴും പണം ഒരു വിഷയം തന്നെയായി മുന്നിൽ നിൽക്കും. എന്നാൽ എന്റെ അനുഭവത്തിൽ പറയുകയാണെങ്കിൽ ഫ്ലൈ വെൽ ടൂർ ആൻഡ് ട്രാവൽസ് ഈ സാമ്പത്തിക പ്രതിസന്ധി മറികടന്നു കൊണ്ടു യാത്ര ചെയ്യാനുള്ള അവസരം നൽകുന്നു. സാധാരണ ഏജൻസികളിലെപ്പോലെ ഒറ്റത്തവണ മുഴുവൻ തുകയും ഇവിടെ കൊടുക്കേണ്ടതില്ല. പ്രതിമാസ ഇഎംഐ ഉപയോഗിച്ച് രാജ്യാന്തര യാത്രകൾ ആസൂത്രണം ചെയ്യാൻ കഴിയും. മുഴുവൻ യാത്രാ ചെലവുകളും ഒരു സമയം അടയ്‌ക്കേണ്ട ബാധ്യത ഉണ്ടാകുന്നില്ല. ഞാൻ ദുബായ്, മാലദ്വീപ് എന്നിവിടങ്ങളിലെല്ലാം പോയത് ഇവർക്കൊപ്പമായിരുന്നു. 

മാലദ്വീപ് പ്രകൃതിയുടെ അദ്ഭുതമാണെങ്കിൽ, ദൂബായ് മനുഷ്യനിർമിത അദ്ഭുതമാണ്. ഇത് രണ്ടും കണ്ടാസ്വദിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ദുബായിൽ ചെന്നാൽ നമ്മൾ വേറൊരു ലോകത്ത് എത്തിയ പ്രതീതിയാണ്. എന്തൊക്കെ കാഴ്ചകളാണ്. ലോകത്തിലെ എല്ലാ വിസ്മയങ്ങളും അവിടയുണ്ടെന്നു തോന്നിപ്പോകും. അതേസമയം മാലദ്വീപ് ഒരു സ്വർഗം തന്നെയാണ്. പ്രകൃതി അണിയിച്ചൊരുക്കിയ ഒരു സ്വർഗഭൂമി. ഒരിക്കൽക്കൂടി അവിടെപ്പോകണമെന്നാണ് എന്റെ ആഗ്രഹം’’. 

യാത്രകളെ ഇഷ്ടപ്പെടുന്നൊരാളെന്ന നിലയിൽ പൂജിതയ്ക്കുമുണ്ട് സന്ദർശിക്കേണ്ട സ്ഥലങ്ങളുടെ ഒരു ബക്കറ്റ് ലിസ്റ്റ്. അതിലൊന്ന് യൂറോപ്പിൽ ചെന്ന് ഡ്രൈവിങ് ലൈസൻസ് എടുത്ത്, അവിടെയൊരു റോഡ് ട്രിപ്പ് നടത്തുക എന്നതാണ്. അധികം വൈകാതെ അത് സാധ്യമാക്കാനുള്ള ഒരുക്കത്തിലാണ് പൂജിത മേനോൻ. 

English Summary:

Poojitha Menon's trip experience in Thailand.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com