മാന്ത്രിക ലോകത്തെ പത്തു ദിനങ്ങള്‍; കെജിഎഫ് നായികയുടെ സ്വിറ്റ്സര്‍ലന്‍ഡ് വെക്കേഷന്‍
Mail This Article
സ്വിറ്റ്സര്‍ലന്‍ഡിലെ വെക്കേഷന്‍ ചിത്രങ്ങളുമായി കെജിഎഫ് നായിക ശ്രീനിധി ഷെട്ടി. "എന്‍റെ ഹൃദയത്തിന്‍റെ ഒരു കഷ്ണം ഈ മാന്ത്രിക ലോകത്ത് ഉപേക്ഷിച്ചാണ് ഞാന്‍ പോന്നത്. പത്തു ദിവസം ഈ സ്വര്‍ഗ്ഗത്തില്‍ കഴിഞ്ഞത് എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടു" നടി ചിത്രങ്ങള്‍ക്കൊപ്പം കുറിച്ചു.
സ്വിറ്റ്‌സർലൻഡിലെ ഒബ്‌വാൾഡനിലുള്ള പ്രകൃതിദത്ത തടാകമായ ലുങ്കേൺ തടാകക്കരയില്‍ നിന്നുള്ള ചിത്രങ്ങളും വിഡിയോകളുമാണ് ശ്രീനിധി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തീരത്തുള്ള ലുങ്കേൺ പട്ടണത്തിന്‍റെ പേരിലാണ് ഇത് അറിയപ്പെടുന്നത്. മനോഹരമായ തടാകവും ചുറ്റുമുള്ള പച്ചപ്പും മലനിരകളുമെല്ലാം ഇതില്‍ കാണാം. തടാകത്തിലൂടെയുള്ള ബോട്ട് യാത്രയുടെ ചിത്രങ്ങളുമുണ്ട്. വെളുത്ത ടീഷര്‍ട്ടും ക്യാപ്പും കറുത്ത ജീന്‍സുമാണ് നടിയുടെ വേഷം.
മഞ്ഞുകാലമാകുമ്പോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ് സ്വിറ്റ്സര്‍ലന്‍ഡ്. ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളിലൊന്നായ സ്വിറ്റ്സര്‍ലന്‍ഡില്‍ ആരെയും കൊതിപ്പിക്കുന്ന ഒട്ടേറെ കാഴ്ചകളും അനുഭവങ്ങളും സഞ്ചാരികളെ കാത്തിരിക്കുന്നു. മഞ്ഞു മൂടിയ ആല്‍പ്സ് പര്‍വ്വതനിരകളും ശീതകാല കായിക വിനോദങ്ങളുമെല്ലാം സ്വിറ്റ്സര്‍ലന്‍ഡിന്‍റെ മഞ്ഞുകാല ആകര്‍ഷണങ്ങളില്‍പ്പെടുന്നു.
ആകർഷകമായ ക്രിസ്മസ് മാർക്കറ്റുകളും കാഴ്ചകളുമാണ് മറ്റൊരു ആകര്‍ഷണം. സൂറിച്ചിലെ ക്രൈസ്റ്റ്കിൻഡ്ലിമാർട്ട്, ജനീവ തടാകത്തിലെ മോൺട്രിയൂസ് ക്രിസ്മസ് മാർക്കറ്റ്, ബാസൽ ക്രിസ്മസ് മാർക്കറ്റ് എന്നിവ വളരെ പ്രശസ്തമാണ്. ഇവിടെ കൈകൊണ്ട് നിർമ്മിച്ച കരകൗശലവസ്തുക്കൾ വാങ്ങാം.
സെർമാറ്റ്, സെന്‍റ് മോറിറ്റ്സ്, ജംഗ്ഫ്രോ റീജിയൻ പോലുള്ള മനോഹരമായ സ്വിസ് റിസോർട്ടുകളില്‍, മിന്നുന്ന ലൈറ്റുകളും ഉത്സവ അലങ്കാരങ്ങളും സ്വിസ് ആൽപ്‌സ് പർവതനിരകളുടെ അതിമനോഹരമായ ദൃശ്യങ്ങളും സഞ്ചാരികളെ വരവേല്‍ക്കും. സ്കീയിങ്, സ്നോബോർഡിങ് തുടങ്ങിയ വിനോദങ്ങളും ഈ സമയത്ത് സജീവമാകും. സ്വിറ്റ്‌സർലൻഡിലെ മഞ്ഞുമൂടിയ മലനിരകളിലൂടെയുള്ള ട്രെയിന്‍ സവാരിയും ഈ സമയത്ത് ആസ്വദിക്കാം.