സ്കോട്ട്ലന്‍ഡിന്‍റെ കുളിരില്‍ അവധിക്കാല യാത്രയുമായി മഡോണ
Mail This Article
ക്രിസ്മസ് അവധിക്കാലം സ്കോട്ട്ലൻഡില്‍ ചെലവിടുന്ന മനോഹര ചിത്രങ്ങളുമായി നടിയും ഗായികയുമായ മഡോണ സെബാസ്റ്റ്യന്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്കോട്ട്ലന്‍ഡിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മഡോണയുടെ ഇന്‍സ്റ്റഗ്രാമില്‍ കാണാം. ആറു ഡിഗ്രി തണുപ്പില്‍ നടക്കാനിറങ്ങുന്ന ചിത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്.
സ്കോട്ട്ലന്‍ഡിലെ പ്രശസ്തമായ ഫോര്‍ത്ത് ബ്രിജാണ് ചിത്രത്തില്‍ കാണുന്നത്. സ്കോട്ട്ലൻഡിന് കിഴക്ക് ഫിർത്ത് ഓഫ് ഫോർത്തിനു കുറുകെയുള്ള ഒരു കാൻറിലിവർ റെയിൽവേ പാലമാണ് ഇത്. 1890-ൽ പൂർത്തീകരിച്ച ഇത് സ്കോട്ട്ലൻഡിന്റെ പ്രതീകമായി കണക്കാക്കപ്പെടുന്നു. 2016 ൽ സ്കോട്ട്ലൻഡിലെ ഏറ്റവും വലിയ മനുഷ്യനിർമിത അത്ഭുതമായി തിരഞ്ഞെടുക്കപ്പെട്ട പാലം, യുനെസ്കോയുടെ ലോക പൈതൃക സൈറ്റ് കൂടിയാണ്.
യൂറോപ്പിന്‍റെ സാമ്പത്തിക കേന്ദ്രങ്ങളില്‍ ഒന്നായ സ്കോട്ട്ലൻഡ്, വിനോദസഞ്ചാരികള്‍ക്കും വളരെ പ്രിയപ്പെട്ടതാണ്. സ്കോട്ട്ലൻഡിലെ ബ്രിട്ടീഷ് രാജവാഴ്ചയുടെ ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം സ്ഥിതിചെയ്യുന്ന തലസ്ഥാന നഗരമായ എഡിൻബർഗ് ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന സ്ഥലങ്ങളില്‍ ഒന്നാണ്.
ഡിസംബർ മുതൽ മാർച്ച് ആദ്യം വരെയുള്ള ശൈത്യകാലത്ത് സ്‌കോട്ട്‌ലൻഡ് വളരെ മനോഹരമാണ്. ഐൽ ഓഫ് സ്കൈ, ലോച്ച് നെസ് സെന്റർ & എക്സിബിഷൻ, എഡിൻബർഗ് കാസിൽ, സ്റ്റെർലിങ് കാസിൽ, ഡണ്ണോട്ടർ കാസിൽ തുടങ്ങിയ ആകര്‍ഷണങ്ങള്‍ ഈ സമയത്തും തുറന്നിരിക്കും. സ്‌കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരമായ ഗ്ലാസ്‌ഗോയും സന്ദര്‍ശിക്കാം. കൂടാതെ, സ്കീയിങ്, സ്നോബോര്‍ഡിങ് മുതലായ സാഹസിക വിനോദങ്ങളും ഈ സമയം വിവിധ ഭാഗങ്ങളില്‍ വളരെ സജീവമാകും.