‘തുക് തുക്’ ഓട്ടോ സവാരിയുമായി കനിഹ, ക്രിസ്മസ് ആഘോഷം ശ്രീലങ്കയില്‍
Mail This Article
ശ്രീലങ്കന്‍ യാത്രാ ചിത്രങ്ങളുമായി നടി കനിഹ. യാത്രക്കിടെയുള്ള ഒട്ടേറെ മനോഹര നിമിഷങ്ങളുടെ ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തു. "കൈവശം ഒരു തൊഴില്‍ ഇരുക്ക്" എന്ന ക്യാപ്ഷനില്‍, ഓട്ടോ ഓടിക്കുന്ന രസകരമായ ഒരു വിഡിയോ കനിഹ പോസ്റ്റ് ചെയ്തിട്ടുണ്ട്. ടൂറിസ്റ്റുകള്‍ക്കായുള്ള വാടക ഓട്ടോയായ തുക് തുക് ഓടിക്കുന്ന വിഡിയോയാണിത്. ഓറഞ്ചും കറുപ്പും നിറമുള്ള ഓട്ടോ ഓടിക്കുന്ന കനിഹയെ ഇതില്‍ കാണാം.
ശ്രീലങ്കയിലെ ബീച്ചില്‍ മകനൊപ്പം ഊഞ്ഞാലാടുന്ന മറ്റൊരു വിഡിയോയും കനിഹ പങ്കുവച്ചു. ക്രിസ്മസ് രാത്രിയില്‍, മകനും ഭര്‍ത്താവിനുമൊപ്പം കടല്‍ത്തീരത്ത് ഡാന്‍സ് കളിക്കുന്ന വിഡിയോയുമുണ്ട്.
അയല്‍രാജ്യമായ ശ്രീലങ്ക ഇന്ത്യക്കാരുടെ പ്രിയപ്പെട്ട ക്രിസ്മസ്, ന്യൂ ഇയര്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനാണ്. ഇന്ത്യൻ മഹാസമുദ്രത്തിന്‍റെ മുത്ത് എന്നറിയപ്പെടുന്ന ശ്രീലങ്കയിലെ ആകർഷകമായ ബീച്ചുകളും സമ്പന്നമായ സാംസ്കാരിക പൈതൃകവുമെല്ലാം ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. താരതമ്യേന ചെലവുകുറഞ്ഞതായതിനാല്‍ ബാക്ക്പാക്കർമാർക്കും ബജറ്റ് യാത്രക്കാർക്കും ഏറെ അനുയോജ്യമാണ് ശ്രീലങ്കന്‍ യാത്ര.
ഈയിടെ ഇന്ത്യന്‍ യാത്രക്കാര്‍ക്കുള്ള വീസ ആവശ്യകത ശ്രീലങ്ക ഒഴിവാക്കിയിരുന്നു. ചൈനയും റഷ്യയും ഇന്ത്യയും ഉൾപ്പെടെ 7 രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കാണ് ശ്രീലങ്ക സന്ദർശിക്കാൻ വീസ ആവശ്യമില്ലാത്തത്. യാത്രാ ടിക്കറ്റും പാസ്പോർട്ടും മാത്രമായി ശ്രീലങ്കയിലേക്ക് യാത്ര പോകാം എന്നതിനാല്‍ ഈ ടൂറിസ്റ്റ് സീസണില്‍ വലിയ തിരക്ക് പ്രതീക്ഷിക്കുന്നുണ്ട്. 2019 ലെ ഈസ്റ്റർ ബോംബാക്രമണവും കോവിഡും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം വളഞ്ഞിട്ടാക്രമിച്ച ശ്രീലങ്കയ്ക്ക്, ടൂറിസം മേഖലയെ ഉയര്‍ത്തിക്കൊണ്ടുവരുന്നതോടെ കരുത്താര്‍ജ്ജിക്കാന്‍ കഴിയുമെന്ന് കരുതുന്നു.
ജാഫ്ന, യാല നാഷണൽ പാർക്ക്, സിഗിരിയ, നുവാര ഏലിയ, ഉദവാലവെ നാഷണൽ പാർക്ക്, രാവണ വെള്ളച്ചാട്ടം, ദംബുള്ള ഗുഹാക്ഷേത്രം, അരുഗം ബേ, ഗാലെ തുടങ്ങിയവ ലോകമെങ്ങുമുള്ള സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ശ്രീലങ്കന്‍ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. ശ്രീലങ്കയുടെ തെക്കുഭാഗത്തുള്ള ബീച്ചുകള്‍, ഡെസ്റ്റിനേഷന്‍ വെഡ്ഡിങിനും പ്രസിദ്ധമാണ്.
ഇന്ത്യയിലെ മിക്കവാറും എല്ലാ പ്രധാന നഗരങ്ങളിൽ നിന്നും ശ്രീലങ്കയിലേക്കു ഫ്ലൈറ്റുകൾ ലഭ്യമാണ്. എയർ ഇന്ത്യ , ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ്, വിസ്താര ഉൾപ്പെടെയുള്ള വിമാനക്കമ്പനികളെല്ലാം ഇവിടേക്കു സര്‍വീസ് നടത്തുന്നുണ്ട്. വിമാനത്തില്‍ വളരെപ്പെട്ടെന്നു തന്നെ ശ്രീലങ്കയിലേക്ക് എത്തിച്ചേരാം.