‘‘ഞാൻ ഡൈവ് ചെയ്യുന്നതു കാണണം പോലും, ദുഷ്ടൻമാർ തന്നെ’’; ഒരു ഓസ്പ്രെയുടെ യാത്രാനുഭവം
Mail This Article
രാവിലെ വണ്ടികൾ പായുന്ന ഒച്ച കേട്ടാണ് കണ്ണ് തുറന്നത്. ഇന്ന് ഞായറാഴ്ച ആണെന്നു തോന്നുന്നു. കാരണം രണ്ടു ദിവസമായി രാത്രി മുഴുവൻ ആളുകളുടെ കലപില സംസാരങ്ങളും അലറിച്ചിരികളും ചെവി പൊട്ടുന്ന പാട്ടും മേളവുമായിരുന്നു. ഒരു പോള കണ്ണടയ്ക്കാൻ പറ്റിയിട്ടില്ല. ഇനി തിങ്കളാഴ്ചയാകണം സമാധാനം കിട്ടാൻ. ദുബായിലെ അൽ ഖുദ്രയിൽ അപ്പച്ചന്റെയും അമ്മച്ചിയുടെയും കൂടെ വന്നിട്ട് നാലു മാസത്തോളമായി. അത്യാവശ്യം ബാലപാഠങ്ങളൊക്കെ പഠിപ്പിച്ചിട്ട് അവർ അവരുടെ വഴിക്കു പോയി. അതുകൊണ്ടുതന്നെ മീൻ പിടിക്കൽ എനിക്ക് കുറച്ചു ബുദ്ധിമുട്ടേറിയ കാര്യമാണ്.
ഓസ്‌പ്രെ ലേക്കിൽ അത്യാവശ്യം മീനുകളൊക്കെയുണ്ട്. പക്ഷേ സൂര്യനുദിക്കും മുൻപ് ഒരുലോഡ് ആളുകൾ അവിടെ എത്തിയിട്ടുണ്ടാകും. ആദ്യമൊക്കെ അവരുടെ ബഹളവും ആ കുഴലും പൊക്കിപ്പിടിച്ചുള്ള ഇരിപ്പും കാണുമ്പോൾ പേടിയായിരുന്നു. പിന്നീട് മനസ്സിലായി വല്യ കാര്യം ഒന്നുമില്ല എന്ന്.
സൂര്യൻ ഉദിച്ചു, വെളിച്ചം പടർന്നു തുടങ്ങി. ബ്രേക് ഫാസ്റ്റിനുള്ള സമയമായി. സമയം കളയാതെ ലേക്ക് ലക്ഷ്യമാക്കി പറന്നു. എനിക്ക് ദൂരെനിന്നു കാണാം, ഒരു മുപ്പതാളെങ്കിലും അവിടെ തമ്പടിച്ചിട്ടുണ്ട്. കുറച്ചു പേർ പായ വിരിച്ചു കിടപ്പാണ്, കുറേപ്പേർ കുത്തിയിരിപ്പുണ്ട്, രണ്ടു മൂന്നു പേർ കസേരയിട്ട് ഇരിക്കുന്നു, അതിൽ ഒരുവൻ ഒരു കുടയും ചൂടിയിട്ടുണ്ട്. വേറെ ഒരുത്തൻ മാറി ഒരു മരത്തിന്റെ ചുവട്ടിൽ കമിഴ്ന്ന് കിടപ്പുണ്ട്. വേറെ കുറെയെണ്ണം ഇവരുടെയൊക്കെ പുറകിൽ എന്തൊക്കെയോ തള്ളിക്കൊണ്ട് നിൽപ്പുണ്ട്.
എല്ലാവരുടെയും കയ്യിൽ കറുത്തതും വെളുത്തതും കവറിട്ടതും ഒക്കെയായി നീണ്ട കുഴലുകളും ഉണ്ട്. ദൂരെ എന്റെ തലവെട്ടം കണ്ടതും ഏതോ ഒരുവൻ " ഓസ്‌പ്രെ വരുന്നേ'' എന്ന് വിളിച്ചു കൂവുന്നുണ്ട്. അത് കേട്ടതും എല്ലാം കൂടി ഓടിപ്പിടഞ്ഞു വരമ്പത്തേക്കു പാഞ്ഞെത്തി. ആള് കൂടിയപ്പോൾ തീരെ സ്ഥലം ഇല്ലെന്നു തോന്നുന്നു. ഒരുത്തൻ രണ്ടു പേരുടെ ഇടയിൽ കൂടി നുഴഞ്ഞു കയറുന്നതും കാണാം.
എല്ലാവരുടെയും കുഴലുകൾ എന്റെ നേർക്കാണ് ലക്ഷ്യം വച്ച് നീട്ടി പിടിച്ചിരിക്കുന്നത്. ഞാൻ പറക്കുന്നതിന് അനുസരിച്ചു കുഴലുകളും നീങ്ങുന്നുണ്ട്. എന്നാൽ പിന്നെ അതൊന്നു ശരിക്കും ആസ്വദിക്കാം എന്നു വിചാരിച്ച് അവരുടെ തലയ്ക്കു മുകളിൽ കൂടി രണ്ടു മൂന്ന് പ്രാവശ്യം വെറുതെ പറന്നുകളിച്ചു. എന്റെ പറക്കലിന് അനുസരിച്ച് അവരും അവരുടെ കുഴലുകളും കറങ്ങുന്നുണ്ട്. അവരുടെ തലയ്ക്കു മുകളിൽ എത്തുമ്പോൾ എന്തോ അടിച്ചു പൊട്ടിക്കുന്ന ഒച്ചയും കേൾക്കാം. മൂന്നാമത്തെ കറക്കത്തോടെ പലരുടെയും കൈ വേദനിക്കുന്നു എന്നൊക്കെ പഴി പറഞ്ഞു മുറുമുറുക്കുന്നുണ്ട്.
വെള്ളത്തിലേക്കു നോക്കിയിട്ടു വലിയ മീനുകളെ ഒന്നും കാണുന്നുമില്ല. ചെറുതെങ്കിൽ ചെറുത് എന്ന് വിചാരിച്ചു വെള്ളത്തിലേക്ക് കൂപ്പുകുത്തി. പക്ഷേ ഒന്നും കിട്ടിയില്ല. ദേഹം മുഴുവനും നനഞ്ഞു. വെള്ളം കുടഞ്ഞു കളഞ്ഞ് ആയാസപ്പെട്ട് വെള്ളെത്തിൽനിന്ന് ഉയർന്നു പറക്കുമ്പോൾ, അവന്മാരെല്ലാം ആർത്തു ചിരിക്കുന്നു. ഇനിയും ഞാൻ ഡൈവ് ചെയ്യുന്നത് കാണണം പോലും. തനി ദുഷ്ടന്മാർ തന്നെ.
ഒരുവൻ പറയുകയാണ് ഞാൻ ‘ജുവനൈൽ’ ആയതു കൊണ്ടാണ് മീൻ പിടിക്കാൻ അറിയാത്തതെന്ന്.
ഓ.. പിന്നേ .. നീയൊക്കെ കടലിൽ പോയി കൊമ്പൻ സ്രാവിനെ ചൂണ്ടയിട്ട് പിടിച്ചിട്ടല്ലേ ഫുഡ് അടിക്കുന്നത്. ഓൺലൈനിൽ ഓർഡർ ചെയ്തിട്ട്, പത്തു മിനിറ്റു താമസിച്ചാൽ അവരെ മെസേജ് അയച്ചു വെറുപ്പിച്ച്, കൊടുത്ത പൈസ റീഫണ്ടും മേടിക്കുന്ന ടീമുകളാണ്.
വേറെ ഒരുത്തന് ഞാൻ നേരെ മുന്നിൽ പോയി ചാടിയില്ലെന്ന്. സ്കെയിൽ വച്ച് നോക്കിയപ്പോ കുറച്ചു ചരിഞ്ഞു പോയി പോലും! ലവൻ അതിനു വേണ്ടി കഴിഞ്ഞ ഒരാഴ്ച ഫുൾ ഇവിടെയായിരുന്നു. എന്നാൽ അവനു സമാധാനമാവട്ടെ എന്ന് വിചാരിച്ചു, ഒരുദിവസം തൊട്ടു മുൻപിൽ പോയി ചാടിക്കൊടുത്തു. അപ്പൊ ലവൻ പറയുകയാണ് വളരെ അടുത്തായിപ്പോയി, ആകെ കണ്ണും മൂക്കും മാത്രമേ കിട്ടിയുള്ളൂ എന്ന്. അന്ന് അതുകേട്ടു കലി കയറിയ ഞാൻ റൂട്ട് മാറ്റി വേറെ ലേക്കിലേക്കു പോയപ്പോ, അവൻ വച്ചുപിടിച്ചു വീണ്ടും എന്റെ പുറകെ വരുന്നു.
ഇനി ഞാൻ കഷ്ടപ്പെട്ട് പെട്ടന്നെങ്ങാനും മീൻ പിടിച്ചു പോയാൽ, ചിലർ ‘‘നാശം, ഇനിയും ഒന്നര മണിക്കൂർ കാത്തിരിക്കണം" എന്നും പുലമ്പിക്കൊണ്ട് ദേഷ്യത്തോടെ ഞാൻ പറന്നു പോകുന്നതും നോക്കി നിൽക്കുന്നതും ഞാൻ വിഷമത്തോടെ കാണാറുണ്ട്. വെറും ഒന്നര മണിക്കൂർ അല്ലേ ഉള്ളു. ഇവിടെ ഓരോരുത്തർ രണ്ടു തൊട്ട് ഏഴു വർഷം വരെയൊക്കെയാണ് കണ്ണ് ചിമ്മാതെ കാത്തിരിക്കാറ്. ചുമ്മാ ഇരിക്കുമ്പോൾ, ആ ഓൺലൈൻ ന്യൂസ് ഒക്കെ എടുത്ത് ഒന്ന് വായിച്ചു നോക്കണം.
പിന്നെ, ഇവന്മാർ കുറച്ചു ഭേദമാണ്. വെള്ളത്തിൽ മുങ്ങുന്നതും പൊങ്ങുന്നതും മാത്രം മതി. വേറെ കുറച്ച് പേരുണ്ട്, മീൻ പിടിച്ചു കഴിഞ്ഞാലും വിടില്ല. അവർക്കു അത് തിന്നുന്നതും പിന്നെ തൂ... അല്ലെങ്കിൽ വേണ്ട, അപ്പിയാകുന്നതുവരെ വേണം. സ്വകാര്യത അവർക്കുമാത്രം മതിയോ, എനിക്കും വേണ്ടേ?.
ഓരോ പ്രാവശ്യം വെള്ളത്തിൽ മുങ്ങുമ്പോഴും എന്റെ ഭാരം കൂടും, പറക്കാൻ തന്നെ പ്രയാസമാണ്. അപ്പോഴെല്ലാം അവന്മാരുടെ ഒരു സന്തോഷം കാണണം. തലയ്ക്ക് ഒരു തോണ്ടു വച്ചു കൊടുത്താൽ രണ്ടു മാസത്തേക്ക് ഇവനൊന്നും ഈ വഴിക്കു വരാൻ പറ്റില്ല.
എനിക്കറിയാം, ഇവരൊന്നും എന്നെ ഉപദ്രവിക്കാതിരിക്കുന്നത് എന്നോടുള്ള സ്നേഹം കൊണ്ടൊന്നും ആവില്ല എന്ന്.
എല്ലാം പരസ്പരം തന്നെ മുട്ടൻ പാരകൾ ആണ്. അപ്പച്ചനും അമ്മച്ചിയും പോകുമ്പോൾ പ്രത്യേകം പറഞ്ഞിട്ടുണ്ട്, ആരെ വിശ്വസിച്ചാലും മനുഷ്യരെ ഒരിക്കലും വിശ്വസിക്കരുത് എന്ന്. ഒട്ടും ദയ ഇല്ലാത്തവരാണ്, ഇവർ ചിരിച്ചു കൊണ്ട് കഴുത്തറക്കും.
അഞ്ചാമത്തെ ചാട്ടത്തിലാണ് എനിക്ക് ഒരു ചെറിയ മീൻ കിട്ടിയത്. അതുംകൊണ്ട് വലിഞ്ഞു വലിഞ്ഞു സ്ഥിരമായി ഇരിക്കുന്ന മരത്തിലേക്ക് പറക്കുമ്പോൾ, ഒരുവൻ ആ കുഴലിൽ നോക്കി പുറകിൽ നിന്നും പറയുകയാണ്... ‘ആകെ ഒരു ചെറിയ മീനേ ഉള്ളൂ...’, അവനു രണ്ടു മീനും അതിന്റെ വായിൽ വേറൊരു കളർ മീനും വേണമെന്ന്.
ഏന്തിവലിഞ്ഞു മരക്കൊമ്പിൽ ഇരുന്ന് ആക്രാന്തത്തോടെ മീൻ കഴിക്കാൻ പോകുമ്പോൾ, മരത്തിന്റെ മൂട്ടിൽ ഒരു അനക്കം. എന്താണെന്ന് അറിയാൻ ഞാൻ എത്തി നോക്കുമ്പോൾ, ഒരാൾ താഴെ നിന്നും പതിഞ്ഞ സ്വരത്തിൽ പറയുന്നു ‘‘എഴുന്നേറ്റ് നിൽക്കല്ലേ... പക്ഷികൾ അടുത്ത് വരില്ല’’ എന്ന്.
എന്താല്ലേ!!
എന്റെ വിഷമം ഞാൻ ആരോട് പറയാൻ ആര് കേൾക്കാൻ !!
എന്ന്,
സ്വന്തം ഓസ്‌പ്രെ.
അൽ ഖുദ്ര !