അക്കുസോട്ടോയുടെയും ഡോള്‍മ അമ്മായിയുടെയും നാട്ടില്‍ ജിപി-ഗോപിക ഹണിമൂണ്‍ യാത്ര!
Mail This Article
വിവാഹം കഴിഞ്ഞ് ഹണിമൂണ്‍ യാത്ര നേപ്പാളിന്‍റെ മണ്ണില്‍ത്തുടങ്ങി, ജിപിയും ഗോപികയും. നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയും ഭാര്യയും നടിയുമായ ഗോപിക അനില്‍കുമാറും വിവാഹശേഷം കുടുംബാംഗങ്ങള്‍ക്കൊപ്പം നടത്തിയ യാത്രകള്‍ക്കു ശേഷമാണ് നേപ്പാളിലേക്കു പോയത്. ജനുവരിയിലായിരുന്നു ഇവരുടെ വിവാഹം. തൃശൂർ വടക്കുംനാഥക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ സിനിമാസ സീരിയൽ താരങ്ങളടക്കം പ്രമുഖർ പങ്കെടുത്തിരുന്നു.
"നമ്മുടെ ഏറ്റവും സൗഹൃദപരവും സന്തോഷകരവുമായ അയൽപക്കവും ബുദ്ധന്റെ നാടുമായ നേപ്പാളില്‍ ഞങ്ങളുടെ ആദ്യത്തെ രാജ്യാന്തര യാത്ര ആരംഭിച്ചു! മലയാളിയുടെ സ്വന്തം അക്കുസോട്ടോയുടെയും ഉണ്ണിക്കുട്ടന്റെയും കുട്ടിമാമയുടെയും ഡോൾമ അമ്മായിയുടെയും നാട്." ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രത്തിനു താഴെ ജിപി കുറിച്ചു.
നേപ്പാളിലെ ഒരു ബുദ്ധക്ഷേത്രത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രത്തില്‍ തലയില്‍ കെട്ടും പരമ്പരാഗത ടിബറ്റന്‍ പ്രിന്‍റുകള്‍ ആലേഖനം ചെയ്ത കോട്ടും നെറ്റിയില്‍ ചുവന്ന പൊട്ടുമായി നില്‍ക്കുന്ന ഗോപികയെ കാണാം.
ചൈനയ്ക്കും ഇന്ത്യയ്ക്കും ഇടയിലുള്ള നേപ്പാള്‍ നൂറ്റാണ്ടുകളായി ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ഇടമാണ്. ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പേരിലും മനോഹരമായ ക്ഷേത്രങ്ങളാലും ഈ രാജ്യം പ്രശസ്തമാണ്. മഞ്ഞുമൂടിയ ഹിമാലയ മലനിരകൾ സഞ്ചാരികളെ ആകർഷിക്കുന്നു. എവറസ്റ്റ് കൊടുമുടി ഉൾപ്പെടെ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൊടുമുടികളിൽ എട്ടെണ്ണം ഇവിടെയുണ്ട്.
നേപ്പാളിന്‍റെ തലസ്ഥാനവും രാജ്യത്തെ ഏറ്റവും വലിയ നഗരവുമായ കാഠ്മണ്ഡുവില്‍ നിന്നാണ് ജിപിയുടെയും ഗോപികയുടെയും യാത്ര ആരംഭിച്ചത്. നേപ്പാളിലെ ശിവപുരി, ഫൂൽചൗക്ക്, നഗാർജ്ജുൻ, ചന്ദ്രഗിരി എന്നീ നാലു മലകൾക്കു നടുവിലായി ഒരു കോപ്പയുടെ ആകൃതിയിലുള്ള താഴ്‌വരയിൽ, സമുദ്രനിരപ്പിൽനിന്നും 1,400 മീറ്റര്‍ ഉയരത്തിലായാണ് ഈ നഗരം സ്ഥിതിചെയ്യുന്നത്. പ്രകൃതിഭംഗിക്കു പുറമേ അപൂർവ മനോഹരമായ വാസ്തു നിര്‍മിതികള്‍ക്കും ഇവിടം പ്രസിദ്ധമാണ്. കൊട്ടാരങ്ങൾ, ക്ഷേത്രങ്ങൾ, സ്തൂപങ്ങൾ, ചൈത്യഗൃഹങ്ങൾ, ഗോപുരങ്ങൾ തുടങ്ങി ശിൽപഭംഗിയാര്‍ന്ന ഒട്ടേറെ നിർമിതികള്‍ ഇവിടെ കാണാം. കൂടാതെ, നേപ്പാളിലെ ഏക വിമാനത്താവളവുമാണ് കാഠ്മണ്ഡു.
പ്രതിവര്‍ഷം പത്തുലക്ഷത്തിലധികം ടൂറിസ്റ്റുകള്‍ നേപ്പാള്‍ സന്ദര്‍ശിക്കുന്നു എന്നാണ് കണക്ക്. കഴിഞ്ഞ വര്‍ഷത്തെ കണക്കുകള്‍ അനുസരിച്ച്, തുടര്‍ച്ചയായി മൂന്നാം തവണയാണ് നേപ്പാളില്‍ ടൂറിസ്റ്റുകള്‍ പത്തുലക്ഷം കടന്നത്. ഇവയില്‍ വലിയൊരു വിഭാഗവും ഇന്ത്യക്കാരാണ്. എളുപ്പത്തില്‍ എത്താം എന്നതും ചെലവു കുറവാണ് എന്നതും ഇവിടേക്ക് ധാരാളം ഇന്ത്യന്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നു. കൂടാതെ, ഇന്ത്യയുമായി തുറന്ന അതിർത്തി പങ്കിടുന്നു എന്നത് ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് നേപ്പാളിനെ ഏറ്റവും പ്രായോഗികമായ ടൂറിസം ഗേറ്റ് എവേ ആക്കി മാറ്റുന്നു.
പൊഖാറ അന്നപൂർണ ട്രെക്കിങ് സർക്യൂട്ട്, യുനെസ്കോയുടെ നാല് ലോക പൈതൃക സ്ഥലങ്ങളായ ബുദ്ധന്‍ ജനിച്ച ലുംബിനി ഗ്രാമം, സാഗർമാതാ നാഷനൽ പാർക്ക് (എവറസ്റ്റ്), കാഠ്മണ്ഡു താഴ്‌വരയിലെ ഏഴ് സൈറ്റുകൾ, ചിത്വാൻ ദേശീയോദ്യാനം എന്നിവയെല്ലാം നേപ്പാളിലെ വളരെ ജനപ്രിയ ടൂറിസം കേന്ദ്രങ്ങളാണ്.
കുറഞ്ഞ ചെലവില്‍ നേപ്പാള്‍ സന്ദര്‍ശിക്കാന്‍ ഓഫ് സീസണില്‍ പോകുന്നതാണ് ഏറ്റവും നല്ലത്. ശൈത്യകാലവും മഴക്കാലവുമാണ് നേപ്പാളിലെ ടൂറിസം ഓഫ്സീസണ്‍. ഇതില്‍ത്തന്നെ ശൈത്യകാലമാണ് നേപ്പാൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. താങ്ങാവുന്ന ചെലവിൽ ഗൈഡ് ടൂറുകളും താമസവുമെല്ലാം ഈ സമയത്ത് യഥേഷ്ടം ലഭ്യമാകും.
2024 ൽ 20 ലക്ഷം വിദേശ വിനോദസഞ്ചാരികളെ സ്വാഗതം ചെയ്യാനായി ഒരുങ്ങുകയാണ് നേപ്പാള്‍. ഇതിനായി വിപുലമായ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ ടൂറിസം ബോര്‍ഡ് പദ്ധതിയിടുന്നുണ്ട്.