ഭൂമിയുടെ അറ്റത്തു നിന്നൊരു ക്ലിക്ക്; പോര്‍ച്ചുഗല്‍ വിശേഷങ്ങള്‍ പങ്കുവച്ച് ലിസി
Mail This Article
യാത്രകളെ സ്നേഹിക്കുന്നയാളാണ് നടി ലിസി. പോര്‍ച്ചുഗലിൽ അവധിക്കാലമാഘോഷിച്ചതിന്റെ ചിത്രങ്ങളാണ് ലിസി ഇപ്പോൾ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്. പോര്‍ച്ചുഗലിലെ പ്രശസ്തമായ കാബോ ഡ റോക്കയില്‍ നിന്നുള്ള ചിത്രങ്ങളാണവ. ഈ സ്ഥലത്തെക്കുറിച്ചു വിശദമായ ഒരു കുറിപ്പും ലിസി എഴുതിയിട്ടുണ്ട്. കുറിപ്പ് വായിക്കാം.
"പോർച്ചുഗലിന്റെയും യൂറോപ്പിന്റെയും പടിഞ്ഞാറൻ ഭാഗമാണ് കാബോ ഡ റോക്ക അല്ലെങ്കിൽ കേപ് റോക്ക. ഇതിനെ "ലോകത്തിന്റെ അറ്റം" അല്ലെങ്കിൽ "ലോകത്തിന്റെ അവസാനം" എന്നു വിളിക്കുന്നു. അമേരിക്ക കണ്ടെത്തുന്നതിനു മുമ്പ്, കര അവസാനിക്കുന്നതും കടൽ ആരംഭിക്കുന്നതും കേപ് റോക്കിലാണെന്ന് ആളുകൾ വിശ്വസിച്ചിരുന്നു. ഈ മനോഹരമായ സ്ഥലം ലിസ്ബണിൽ നിന്ന് അത്ര ദൂരെയല്ല. കാഴ്ചകൾ ആസ്വദിച്ചുകൊണ്ട് കേപ്പിലെ ചുരുക്കം ചില റസ്റ്ററന്റുകളിൽ ഒന്നിൽനിന്നു ഗ്രിൽ ചെയ്‌ത ഫ്രഷ് ചാള കഴിക്കണം!!"
കാബോ ഡ റോക്ക അല്ലെങ്കിൽ കേപ് റോക്ക
സിൻട്ര പർവതനിരകളുടെ പടിഞ്ഞാറൻ ഭാഗത്ത് പോർച്ചുഗൽ മെയിൻ ലാൻഡ്, കോണ്ടിനെന്റൽ യൂറോപ്പ്, യുറേഷ്യൻ ഭൂപ്രദേശം എന്നിവയുടെ ഏറ്റവും പടിഞ്ഞാറൻ പോയിന്റായ മുനമ്പാണ് കാബോ ഡ റോക്ക അല്ലെങ്കിൽ കേപ് റോക്ക എന്നറിയപ്പെടുന്നത്. ലിസ്ബൺ നഗരത്തിൽനിന്നു 42 കിലോമീറ്റർ പടിഞ്ഞാറും സിൻട്രയുടെ തെക്കുപടിഞ്ഞാറുമായി സിൻട്ര കാസ്കൈസ് നാച്ചുറൽ പാർക്കിലാണ് കേപ്പ് സ്ഥിതി ചെയ്യുന്നത്.
നൂറു മീറ്ററിലധികം ഉയരമുള്ള പാറക്കെട്ടുകളാണ് കാബോ ഡ റോക്കയ്ക്ക് ചുറ്റും. ഒരുകാലത്ത് വൈവിധ്യമാർന്ന സസ്യജാലങ്ങളുടെ ആവാസകേന്ദ്രമായിരുന്നു കാബോ ഡാ റോക്ക. പതിറ്റാണ്ടുകൾക്കു മുമ്പ് പ്രദേശവാസികൾ ഇവിടെ വളർത്തിയ കാർപോബ്രോട്ടസ് എഡുലിസ് എന്ന സസ്യം പടര്‍ന്നുപിടിച്ചതിനാല്‍ കാബോ ഡ റോക്കയിലെ കൃഷിയോഗ്യമായ ഭൂമിയുടെ ഭൂരിഭാഗവും തരിശായി മാറി. തീരപ്രദേശത്തെ പാറക്കെട്ടുകളില്‍ ഒട്ടേറെ ദേശാടന, കടൽ പക്ഷികള്‍ വസിക്കുന്നു.
അറ്റ്ലാന്റിക് സമുദ്രനിരപ്പില്‍നിന്നു 165 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഫറോൾ ഡി കാബോ ഡാ റോക്ക ലൈറ്റ് ഹൗസാണ് ഇവിടുത്തെ ഏറ്റവും വലിയ ആകര്‍ഷണം. സിൻട്ര മുനിസിപ്പാലിറ്റിയിലെ കൊളാറെസിലെ സിവിൽ ഇടവകയിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. പോർച്ചുഗലിൽ നിർമിച്ച ആദ്യത്തെ വിളക്കുമാടങ്ങളിലൊന്നാണിത്, 1772 ൽ പ്രവർത്തനമാരംഭിച്ച ഈ ലൈറ്റ് ഹൗസ് ഇന്നും ഒട്ടേറെ സഞ്ചാരികളെ ആകര്‍ഷിക്കുന്നു.
ഭൂമി പരന്നതാണെന്നു വിശ്വസിച്ചിരുന്ന കാലത്ത്, കാബോ ഡ റോക്ക ലോകത്തിന്റെ അറ്റങ്ങളിൽ ഒന്നാണെന്നു വിശ്വസിക്കപ്പെട്ടിരുന്നു. പ്രശസ്ത പോര്‍ച്ചുഗീസ് എഴുത്തുകാരനായ ലൂയിസ് ഡി കാമോസ് തന്റെ ഇതിഹാസ കാവ്യമായ ഓസ് ലൂസിയാദാസിൽ (ദി ലൂസിയാഡ്സ്) ‘കര അവസാനിക്കുന്നതും കടൽ ആരംഭിക്കുന്നതുമായ സ്ഥലം’ എന്നാണ് കാബോ ഡ റോക്കയെ വിശേഷിപ്പിച്ചത്.
സിൻട്രയ്ക്കും കാസ്കെയ്‌സിനും ഇടയിലുള്ള പ്രധാന സ്ഥലമായതിനാല്‍, വളരെ ജനപ്രിയമായ ഒരിടമാണ് കാബോ ഡ റോക്ക. പാറക്കെട്ടുകളുടെ മുകളിൽ വളഞ്ഞുപുളഞ്ഞ പ്രകൃതിരമണീയമായ ഹൈക്കിങ് പാതകളിലൂടെയുള്ള യാത്ര അവിസ്മരണീയമായ അനുഭവമാണ്. എപ്പോഴും കാറ്റു വീശിക്കൊണ്ടിരിക്കുന്ന ഭൂപ്രകൃതിയാണ് ഇവിടെയുള്ളത്. അറ്റ്ലാന്റിക്ക് സമുദ്രത്തിന്റെ വിശാലമായ നീലപ്പരപ്പില്‍, അസ്തമയ സൂര്യന്റെ സ്വർണ തിളക്കം പതിക്കുന്ന സായാഹ്നക്കാഴ്ചയും ഒട്ടേറെ ആളുകളെ ആകര്‍ഷിക്കുന്നു.
സിൻട്രയിൽ നിന്നും കാസ്കെയ്‌സിൽ നിന്നും ഇവിടേക്ക് ധാരാളം ബസുകള്‍ ഉള്ളതിനാല്‍ ഇവിടെ എത്തിച്ചേരാനും വളരെ എളുപ്പമാണ്. എന്തായാലും ലിസിയുടെ പോര്‍ച്ചുഗൽ യാത്രാ ചിത്രങ്ങൾ കാണുമ്പോൾ മകൾ കല്യാണിക്കു കുശുമ്പു വരുമെന്നാണ് ആരാധകരുടെ കമന്റ്.