sections
MORE

എട്ടു സ്ത്രീകളെ കുടുക്കി, ചൂഷണം ചെയ്തു; അയാൾ ഉപയോഗിച്ചത് ഒരേ തന്ത്രം

Emotional And Sexual Abuse
സ്ത്രീകളെ ശാരീരികമായും മാനസികമായും ചൂഷണം ചെയ്തു എന്ന പരാതിയിൽ ആരോപണ വിധേയനായ മാക്സ് ലാൻഡിസ്
SHARE

ആ എട്ടു സ്ത്രീകളുടെ പേരുകൾക്കു മാത്രമേ വ്യത്യാസമുണ്ടായിരുന്നുള്ളൂ. അവർ കടന്നുപോയ കനൽവഴികൾക്ക് ഒരേ ചൂടായിരുന്നു. ഹോളിവുഡ് സ്ക്രിപ്റൈറ്ററും സംവിധായകനുമായ മാക്സ് ലാൻഡിസിനെതിരെ ആ എട്ടു സ്ത്രീകളും ഉന്നയിച്ചത് ഒരേ ആരോപണങ്ങൾ. തങ്ങളെ അയാൾ ലൈംഗികമായും മാനസികമായും ചൂഷണം ചെയ്തതിനെക്കുറിച്ച് അവർ പറഞ്ഞത് ഒരേകാര്യങ്ങൾ.

ആദ്യം അയാൾ പരസ്യമായി ശരീരത്തെ ജഡ്ജ് ചെയ്യും. പിന്നെ മറ്റു സ്ത്രീകളുടെ ശരീരവുമായി താരതമ്യം ചെയ്യാൻ തുടങ്ങും. കുറച്ചു കൂടി മെലിഞ്ഞാൽ കാണാൻ കൂടുതൽ ഭംഗിയുണ്ടാകുമെന്ന് വിശ്വസിപ്പിക്കും. പിന്നെ പതുക്കെ ഭക്ഷണം കഴിക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കും. പട്ടിണി കിടക്കുന്നത് പ്രോത്സാഹിപ്പിക്കും അങ്ങനെയൊടുവിൽ ഇര ഈറ്റിങ് ഡിസോർഡറിന് വിധേയയാകും വരെ അതു തുടരും. ഭക്ഷണം ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിനൊപ്പം വർക്കൗട്ട് ക്ലാസുകളിലും സ്ഥിരമായി കൊണ്ടുപോകും. പുറമേയുള്ളവർ നോക്കുമ്പോൾ കാമുകിയുടെ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധയുള്ള കരുതലുള്ള പങ്കാളിയെന്നു തോന്നും പക്ഷേ അയാൾ അതിവിദഗ്ധമായി ഇരകളെ വൈകാരിക ചൂഷണത്തിന് ഇരയാക്കിക്കൊണ്ടിരിക്കുകയാവും.

യുവതികളുടെ വെളിപ്പെടുത്തലുകൾ മാധ്യമ ശ്രദ്ധനേടിയതോടെ ചൂഷകർ ഇരകളെ കുടുക്കാനുപയോഗിക്കുന്ന സ്ഥിരം തന്ത്രങ്ങളെക്കുറിച്ച് മുന്നറിയിപ്പു നൽകുകയാണ് മസാച്യുസെറ്റ്സ് യൂണിവേഴ്സിറ്റിയിലെ പ്രൊഫസറും എഴുത്തുകാരിയുമായ ലിസ ഫോണ്ടസ്. ഇരകളുടെ ആത്മാഭിമാനം നഷ്ടപ്പെടുത്തി അവരുടെ മനസ്സിനെ വരുതിയിലാക്കുകയാണ് ഇവർ ആദ്യം ചെയ്യുന്നത്. സ്വന്തം ശരീരത്തെക്കുറിച്ചും സ്വത്വബോധത്തെക്കുറിച്ചും മോശം തോന്നലുണ്ടാക്കുകയാണ് ആദ്യപടി. ആത്മവിശ്വാസം ഇല്ലാതായാൽ ഇരകൾ എല്ലാക്കാര്യത്തിനും പങ്കാളിയെ ആശ്രയിക്കുമെന്ന ഉത്തമബോധ്യം അവർക്കുണ്ട്.

പരസ്പരമുള്ളത് ശക്തമായ ആത്മബന്ധമാണെന്ന തോന്നൽ വ്യഥാ സൃഷ്ടിച്ച ശേഷമാണ് അവർ ലക്ഷ്യത്തിലേക്കു കടക്കുന്നത്. തങ്ങളിൽ നിന്ന് എന്തെങ്കിലും തെറ്റു സംഭവിച്ചാലും ഇഷ്ടത്തിന്റെ പുറത്താണ് പങ്കാളി അങ്ങനെ ചെയ്യുന്നതെന്ന തോന്നൽ സൃഷ്ടിക്കാൻ അവർ ആവുംവിധം ശ്രമിക്കും.

കുറച്ച് ഭക്ഷണം കഴിക്കാൻ നിർബന്ധിക്കുന്നതും ഒരു പരിധിയിൽ കവിഞ്ഞ് ഭാരം കുറയ്ക്കാൻ പറയുന്നതും അമിതമായി വ്യായാമം ചെയ്യാൻ നിർബന്ധിക്കുന്നതുമെല്ലാം ഇരകളെ മാനസികമായും ശാരീരികമായും തകർക്കാനുള്ള തന്ത്രമാണ്. ഏതെങ്കിലും സുഹൃത്തുക്കളോ ബന്ധുക്കളോ ഇത്തരത്തിൽ ചൂഷണം ചെയ്യപ്പെടുന്നുണ്ടെങ്കിൽ തങ്ങൾ ഇരകളായിക്കൊണ്ടിരിക്കുകയാണെന്ന സത്യം അവർക്ക് മനസ്സിലാക്കിക്കൊടുക്കണമെന്നും അവർ ആ മോശം ബന്ധത്തിൽ നിന്ന് രക്ഷപെടുന്നതുവരെ അവരുടെയൊപ്പം നിൽക്കണമെന്നും പ്രൊഫസർ ഓർമപ്പെടുത്തുന്നു.

നിങ്ങൾക്കോ, സുഹൃത്തുക്കൾക്കോ സ്വയമൊരു തീരുമാനമെടുക്കാൻ കഴിയാത്ത അവസ്ഥയാണെങ്കിൽ ഗാർഹിക പീഡന നിയമങ്ങളെക്കുറിച്ച് നല്ല ധാരണയുള്ള കൗൺസിലർമാരുടെയോ. നിയമ വിദഗ്ധരുടെയോ ഉപദേശം തേടാനും അവർ ഓർമ്മിപ്പിക്കുന്നു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA