ADVERTISEMENT

വിവാഹപ്പിറ്റേന്നു മുതൽ മരുമകൾ പട്ടിണി കിടന്ന് ചില കർമങ്ങൾ അനുഷ്ഠിച്ചാൽ ഒളിഞ്ഞിരിക്കുന്ന നിധി കൈയിലെത്തും. നാട്ടിലെ ദൈവപുരുഷനെന്നു സ്വയം വിശേഷിപ്പിച്ചയാളുടെ പ്രവചനം തകർത്തത് ഒരു പാവം പെൺകുട്ടിയുടെ ജീവിതമാണ്. മഹാരാഷ്ട്രയിലാണ് സംഭവം. ദൈവപുരുഷന്റെ പ്രവചനം വിശ്വസിച്ച ഭർതൃ വീട്ടുകാർ വിവാഹപ്പിറ്റേന്നു മുതൽ പെൺകുട്ടിക്ക് ജീവൻ നിലനിൽക്കാനാവശ്യമുള്ള ആഹാരം മാത്രം നൽകി. അതികഠിനമായ പൂജകൾക്കും ദുർമന്ത്രവാദത്തിനും അവളെ വിധേയയാക്കി.

2018 ആഗസ്റ്റിലായിരുന്നു യുവതിയുടെ വിവാഹം.അന്ധവിശ്വാസികളായ ഭർത്താവും വീട്ടുകാരും ചേർന്ന് അന്നു മുതൽ അവളുടെ ജീവിതം നരകമാക്കിത്തുടങ്ങി. പുലർച്ചെ 2.45 മുതൽ അവളെ പൂജകൾക്കു വിധേയയാക്കും. പൂജക്കിടയിൽ അവൾ അറിയാതെ വരുത്തുന്ന പിഴവുകൾക്കു പോലും അവളെ കഠിനമായി ദ്രോഹിക്കും. കുടുംബത്തിൽ നടക്കുന്ന ദുരാചാരങ്ങൾ പുറംലോകത്തെത്തിക്കാൻ പെൺകുട്ടിയുടെ മൊബൈൽ ഫോണും ഭർതൃ വീട്ടുകാർ വാങ്ങിവയ്ക്കും. സ്വന്തം കുടുംബാംഗങ്ങളുമായി സംസാരിക്കാനുള്ള അവസരം പോലും അവർ അവൾക്ക് നിഷേധിച്ചു.

മകളെച്ചുറ്റിപ്പറ്റി എന്തോ ദുരൂഹതകളുണ്ടെന്നു സംശയം തോന്നിയ പെൺകുട്ടിയുടെ അച്ഛൻ അവളെ കാണാനായി ഭർതൃവീട്ടിലെത്തുന്നതു വരെ മാത്രമേ ആ ദുരാചാരങ്ങൾക്ക് ആയുസ്സുണ്ടായിരുന്നുള്ളൂ. ഭർതൃ വീട്ടിലെ മകളുടെ അവസ്ഥ കണ്ട് അദ്ദേഹം അമ്പരന്നു. മാനസികമായും ശാരീരികമായും തളർന്ന മകളെ അദ്ദേഹം അപ്പോൾത്തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി. മകൾ മനസ്സു തുറന്നു സംസാരിക്കാൻ തയാറായപ്പോഴാണ് ഭർതൃവീട്ടിൽ നടക്കുന്ന അനാചാരത്തെക്കുറിച്ച് അദ്ദേഹം മനസ്സിലാക്കിയത്.

പെൺകുട്ടിയുടെ കുടുംബത്തിൽ നിന്ന് വിവരങ്ങളറിഞ്ഞ മഹാരാഷ്ട്ര ബ്ലൈൻഡ് ഫെയ്ത്ത് ഇറാഡിക്കേഷൻ കമ്മറ്റി പൊലീസിൽ വിവരമറിയിക്കുകയും പെൺകുട്ടിയുടെ ഭർതൃവീട്ടുകാർക്കെതിരെ പരാതി നൽകുകയും ചെയ്തു. പരാതിയെത്തുടർന്ന് പെൺകുട്ടിയുടെ ഭർത്താവിനെയും സ്വയം പ്രഖ്യാപിത ആൾ ദൈവത്തെയും അറസ്റ്റ് ചെയ്തു. പ്രതികളെ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കുമെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്നും നിയമ പാലകർ പറയുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com