sections
MORE

റി സോൾ ജു പൊതുരംഗത്ത് പ്രത്യക്ഷ്യപ്പെട്ടിട്ട് മാസങ്ങൾ; കിം ജോങ് വീണ്ടും അച്ഛനായോ?

North Korean leader Kim Jong-un With His Wife  Ri Sol Ju
റി സോൾ ജു, കിം ജോങ് ഉൻ
SHARE

ഉത്തരകൊറിയ പുതിയൊരു അഭ്യൂഹത്തിന്റെ ചുറ്റിലുമാണ്. ഇത്തവണ ആ രാജ്യം മാത്രമല്ല, ലോകവും ആ അഭ്യൂഹത്തിന്റെ പിന്നാലെയാണ്. കാരണം ഉത്തര കൊറിയയുടെ ഭാവിയുടെ മാത്രം പ്രശ്നമല്ല, ലോക രാഷ്ട്രീയത്തിന്റെ ഭാവിയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട് ആ രാജ്യത്തു നടക്കുന്ന ചലനങ്ങള്‍. രാജ്യത്തിന്റെ ഏകാധിപതി കിം ജോങ് ഉന്നിന്റെ ഭര്യ റി സോള്‍ ജുവിനെ കുറച്ചു മാസങ്ങളായി പൊതുരംഗത്ത് കാണാറേയില്ല. ജൂണില്‍ അവസാനം കണ്ടതിനുശേഷം പൊതുരംഗത്തു പ്രത്യക്ഷപ്പെടാതായതോടെ റി സോള്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ പുറത്തുവന്നു. അതോടെ ജനിക്കാനിരിക്കുന്ന കുട്ടിയെപ്പറ്റിയായി അഭ്യൂഹം.

വിവാഹിതനായതിനുശേഷവും വാര്‍ത്ത വര്‍ഷങ്ങളോളം മറച്ചുവയ്ക്കുകയും കുട്ടികള്‍ ജനിച്ച കാര്യം പുറത്തുവിടാതിരിക്കുകയും ചെയ്ത കിം ജോങ് പുതിയ വാര്‍ത്തയും പുറം ലോകത്തെ അറിയിക്കാതിരിക്കുകയാണെന്നായിരുന്നു സംസാരം. മൂന്നു കുട്ടികളുടെ പിതാവായ കിം ജോങ് ഒരു ആണ്‍കുട്ടിക്കുവേണ്ടിയുള്ള കാത്തിരിപ്പിലാണത്രേ. ആ കുട്ടിയായിരിക്കും ഉത്തരകൊറിയയുടെ ഭാവി ഏകാധിപതി. 

എന്തായാലും റി സോള്‍ ഗര്‍ഭിണിയാണെന്ന ഊഹാപോഹങ്ങള്‍ പ്രചരിക്കുന്നതിനിടെ കഴിഞ്ഞ ദിസവം ശരീരം മുഴുവന്‍ മൂടുന്ന കറുത്ത വസ്ത്രങ്ങളുമായി കിമ്മിനൊപ്പം അവര്‍ പുറത്തുവന്നു. റി സോളിന്റെ പ്രസവം കഴിഞ്ഞിരിക്കാം എന്നാണ് ലോകം ഇപ്പോള്‍ കരുതുന്നത്. ഇനി ഒരു ചോദ്യം മാത്രം ബാക്കി: ആഗ്രഹിച്ചതുപോലെ കിമ്മിനും റി സോളിനും ഉത്തരകൊറിയയ്ക്കും അവരുടെ ഭാവി തലവനെത്തന്നെയാണോ ലഭിച്ചത്...?

കഴിഞ്ഞ ജൂണില്‍ ദേശീയ അവധി ദിനങ്ങളുടെ തുടക്കം കുറിക്കുന്ന ആഘോഷച്ചടങ്ങില്‍ റി സോള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പിന്നെയായിരുന്നു ദുരൂഹമായ തിരോധാനം. നാലു മാസങ്ങള്‍ക്കുശേഷം കഴിഞ്ഞ ദിവസം മൗണ്ട് കുമ്ഗാങ്ങിലെ റിസോര്‍ട്ട് സന്ദര്‍ശിക്കുന്ന കിമ്മിനെയും റി സോളിനെയും ലോകം കണ്ടു. റി സോള്‍ ശരീരം മുഴുവന്‍ മൂടുന്ന കറുത്ത കുപ്പായത്തിലായിരുന്നു. ഗര്‍ഭിണിയാണെങ്കില്‍ വയര്‍ കാണാമായിരുന്നുവെന്നും അതു കാണാത്തതിനാല്‍ ഗര്‍ഭം കഴിഞ്ഞുവെന്നുതന്നെ അനുമാനിക്കാമെന്നുമാണ് ഇപ്പോഴത്തെ വാര്‍ത്തകള്‍. പ്രസവം കഴിഞ്ഞെങ്കില്‍ത്തന്നെ അക്കാര്യം പുറത്തറിയണമെങ്കില്‍ ഉത്തരകൊറിയയുടെ ഏകാധിപത്യരീതിയനുസരിച്ച് വര്‍ഷങ്ങള്‍ തന്നെ കഴിയേണ്ടിവരും.

കിമ്മിനു മൂന്നു കുട്ടികളുണ്ടെങ്കിലും അദ്ദേഹമോ കുടുംബമോ രാജ്യമോ ഇക്കാര്യം ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. കിമ്മിനെത്തന്നെ പുറം ലോകം ആദ്യമായി കാണുന്നത് അദ്ദേഹത്തിന് 20 വയസ്സ് കഴിഞ്ഞതിനുശേഷമാണ്. വിവാഹം പുറത്ത് അറിയിച്ചിരുന്നില്ല. 2009 ല്‍ കിം വിവാഹം കഴിച്ചുവെന്നാണ് ഉത്തരകൊറിയയെക്കുറിച്ചു ഗവേഷണം നടത്തുന്ന വിദഗ്ധര്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്കുശേഷം 2012 ല്‍ റി സോളിനെ മാധ്യമങ്ങള്‍ പ്രഥമ വനിത എന്നു വിശേഷിപ്പിച്ചപ്പോഴാണ് കിം വിവാഹം കഴിച്ചുവെന്ന വിവരം തന്നെ പുറത്തുവരുന്നതും. 2011 ല്‍ അന്തരിച്ച കിമ്മിന്റെ പിതാവാകട്ടെ അദ്ദേഹത്തിന്റെ പല ഭാര്യമാരെക്കുറിച്ചുള്ള ഒരു വിവരവും പുറത്തുവിട്ടിരുന്നില്ല. അതുകൊണ്ടുതന്നെ കിമ്മിന്റെ ഭാര്യ റി സോള്‍ പൊതു രംഗത്തു പ്രത്യക്ഷപ്പെട്ടപ്പോള്‍ അതു തന്നെ വലിയ വാര്‍ത്തയായിരുന്നു.

കിമ്മിന്റെ അടുത്ത സുഹൃത്തും ബാസ്കറ്റ് ബോള്‍ താരവുമായ ഡെന്നിസ് റോഡ്മാന്‍ കിമ്മിന്റെ മകളെക്കുറിച്ച് പറഞ്ഞപ്പോഴാണ് അദ്ദേഹത്തിന് ഒരു പെണ്‍കുട്ടി ജനിച്ചുവെന്ന വിവരം നാടറിയുന്നത്. മറ്റു രണ്ടു കുട്ടികള്‍ കൂടി ഏകാധിപതിക്ക് ഉണ്ടെങ്കിലും അവരുടെ പേരോ വയസ്സോ ആണോ പെണ്ണോ എന്ന കാര്യവും ഇതുവരെ പുറംലോകത്ത് ആര്‍ക്കുമറിയില്ല. 2015 ലും 16 ലും 17 ലും റി സോള്‍ മാസങ്ങളോളം തുടര്‍ച്ചയായി പൊതുരംഗത്തു പ്രത്യക്ഷപ്പെട്ടിരുന്നില്ല. പ്രസവത്തിനുവേണ്ടിയായിരുന്നു ഈ തിരോധാനങ്ങള്‍ എന്നാണ് ലോകം വിശ്വസിക്കുന്നത്. 2017 ഫെബ്രുവരിയില്‍ റി സോള്‍ മൂന്നാമത്തെ കുട്ടിക്കു ജന്‍മം കൊടുത്തു എന്നാണ് ദക്ഷിണ കൊറിയ പുറത്തുവിട്ട വിവരം.

റി സോളിന് 30 വയസ്സ് എങ്കിലും ആയിട്ടുണ്ടെന്നാണ് പ്രചരിക്കുന്നത്. അവരുടെ കുടുംബമോ മാതാപിതാക്കളെ ക്കുറിച്ചുള്ള വിവരങ്ങളോ പുറത്താര്‍ക്കും അറിയില്ല. പിതാവ് പ്രഫസര്‍ ആയിരുന്നെന്നും മാതാവ് ഡോക്ടര്‍ ആണെന്നുമാണ് കരുതപ്പെടുന്നത്. യഥാര്‍ഥ പേര് റി സോള്‍ എന്നുതന്നെയാണോ എന്ന കാര്യത്തിലും ഇുതവരെ തീര്‍പ്പില്ല.

2005 ല്‍ ദക്ഷിണ കൊറിയയില്‍ നടന്ന ഏഷ്യന്‍ അത്‍ലറ്റിക്സ് ചാംപ്യന്‍ഷിപ്പില്‍ ചീയര്‍ ഗേള്‍സിന്റെ കൂട്ടത്തില്‍ റി സോള്‍ പങ്കെടുത്തിരുന്നത്രേ. കോളജില്‍ സംഗീത വിദ്യാര്‍ഥിയായിരുന്നു എന്നും കരുതപ്പെടുന്നു. ഫാഷന്‍ വസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ തല്‍പരയായ റി സോള്‍ ഏകാധിപതി കിം ജോങ്ങിനൊപ്പം പ്രത്യക്ഷപ്പെടുമ്പോള്‍ അദ്ദേഹത്തിനു സമീപം നിന്ന് പുഞ്ചിരിക്കുക മാത്രമാണ് ചെയ്യുന്നത്. ലക്ഷക്കണക്കിന് ഉത്തരകൊറിയക്കാര്‍ ദാരിദ്ര്യത്തോട് മല്ലടിക്കുമ്പോള്‍ റി സോള്‍ ആഡംബര ബ്രാന്‍ഡുകളുടെ വസ്ത്രങ്ങള്‍ ധരിച്ച് പ്രത്യക്ഷപ്പെടുന്നത് വിമര്‍ശനവിധേയമായിട്ടുമുണ്ട്. 

English Summary: North Korean leader Kim Jong-un, Ri Sol Ju, Pregnancy Rumour

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA