sections
MORE

ആർമിയിൽ ചേരാൻ തീരുമാനിച്ചതിന് കാരണം അച്ഛൻ ; ഹൃദയത്തിൽ തൊടും കുറിപ്പ്

Photo Credit: Facebook, Hume's Of Bombay
ചിത്രത്തിന് കടപ്പാട് : ഫെയ്സ്ബുക്ക്
SHARE

ഏറെയിഷ്ടമുള്ള ഒരു കാര്യം പ്രൊഫഷനായി തിരഞ്ഞെടുക്കാൻ ഓരോരുത്തർക്കും ഓരോ കാരണമുണ്ടാകും. അങ്ങനെ അച്ഛൻ ചെയ്ത ജോലിയോടുള്ള ഇഷ്ടവും അച്ഛനോടുള്ള ബഹുമാനവുംകൊണ്ട് അച്ഛൻ  ജോലിചെയ്ത മേഖലയിൽത്തന്നെ ജോലിചെയ്യുമെന്നുറപ്പിച്ച ഒരു പെൺകുട്ടിയുടെ കഥയാണിത്. ഹ്യൂമൻസ് ഓഫ് ബോംബെ എന്ന ഫെയ്സ്ബുക്ക് പേജിലൂടെ അവൾ പങ്കുവച്ച കഥയിങ്ങനെ :-

''എനിക്ക് മൂന്നു വയസ്സുള്ളപ്പോഴാണ് ഞാൻ ആ കാര്യം തിരിച്ചറിഞ്ഞത്. മറ്റുള്ള കുട്ടികളുടെ അച്ഛന്മാരിൽ നിന്ന് ഏറെ വ്യത്യസ്തനാണ് എന്റെ അച്ഛൻ. അച്ഛൻ എപ്പോഴും ദൂരെ എവിടെയോ ആയിരിക്കും, യുദ്ധത്തിൽ പങ്കെടുക്കുകയായിരിക്കും. വർഷത്തിൽ ഒരിക്കൽ മാത്രമേ ഞങ്ങൾക്ക് അച്ഛനെ കാണാൻ സാധിക്കുമായിരുന്നുള്ളൂ. ഞങ്ങൾ അച്ഛനെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ അമ്മ വല്ലാതെ വിഷമിക്കുന്നത് ഞങ്ങൾ പലപ്പോഴും കണ്ടിട്ടുണ്ട്. അന്ന് സെൽഫോണുകളും മെയിലുകളുമൊന്നും അത്രകണ്ട് പ്രചാരത്തിലില്ലായിരുന്നു. അമ്മ അച്ഛന് കത്തെഴുതുകയായിരുന്നു ചെയ്തിരുന്നത്.

അവർ കാണുമ്പൊഴൊക്കെ സംസാരിച്ചിരുന്നത്, അല്ലെങ്കിൽ അച്ഛൻ അമ്മക്കെഴുതിയ കത്തുകളിലൊക്കെ പ്രതിപാദിച്ചിരുന്നത് എന്താണ് അച്ഛൻ ജോലിചെയ്തിരുന്ന സ്ഥലങ്ങളിൽ സംഭവിക്കുന്നത് എന്നതിനെക്കുറിച്ചായിരുന്നു. ഇന്ത്യയും പാക്കിസ്താനും തമ്മിൽ യുദ്ധം കൊടുമ്പിരി കൊണ്ടു നിന്ന സമയത്തെ അനുഭവങ്ങളെക്കുറിച്ചായിരുന്നു അത്. നിമിഷംതോറുമുണ്ടാകുന്ന അപകടങ്ങൾ, സഹപ്രവർത്തകരുടെ ജീവൻ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള സങ്കടങ്ങൾ, മൈനുകളൊളുപ്പിച്ച സ്ഥലങ്ങളിലൂടെ ട്രക്ക് ഓടിക്കുന്ന അനുഭവങ്ങൾ, ഏതു നിമിഷവും പൊട്ടിത്തെറിക്കാവുന്ന ബോംബുകൾ അദ്ദേഹത്തിന്റെ സ്റ്റേഷനടുത്തുണ്ടെന്നുള്ള സത്യം. അങ്ങനെ സാധാരണ കുടുംബാന്തരീക്ഷത്തിൽ ഒരിക്കലും സംസാരവിഷയമാകാത്ത ഇത്തരം കാര്യങ്ങളെക്കുറിച്ചായിരുന്നു എന്റെ അച്ഛനമ്മമാർ സംസാരിച്ചത് മുഴുവനും.

അവധി തീർന്ന് അച്ഛൻ തിരിച്ചു പോകുമ്പോൾ അമ്മയ്ക്ക് ഒരു പ്രാർഥനയേയുള്ളൂ. ഒരിക്കലും ത്രിവർണ്ണ പതാകയിൽ പൊതിഞ്ഞ അച്ഛന്റെ ശരീരം കാണാൻ ഇടവരുത്തരുതേയെന്ന്, പോയപോലെ തന്നെ മിടുക്കനായി അച്ഛൻ തിരിച്ചു വരണേയെന്ന്. എന്റെ ഇളയ സഹോദരൻ പിറന്നപ്പോൾ അച്ഛൻ യുദ്ധഭൂമിയിലായിരുന്നു. അച്ഛന് മകനെ കാണാൻ സാധിക്കുമോയെന്ന ഭയമായിരുന്നു അന്ന് അമ്മയുടെ മനസ്സു നിറയെ. പക്ഷേ ഒരിക്കൽപ്പോലും അച്ഛന്റെ അസാന്നിധ്യമോ അമ്മയുടെ ഭയമോ അമ്മ പുറത്തു കാണിച്ചിരുന്നില്ല. ആർമിക്കാരുടെ ഭാര്യമാരെപ്പോലെ ധൈര്യമുള്ള ആളുകളെ ഞാൻ വേറെ കണ്ടിട്ടില്ല. അജയ്യരാണവർ.

എന്തൊക്കെ ആയിരുന്നാലും ഞങ്ങളുടെ വീട്ടിൽ എപ്പോഴും പോസിറ്റീവ് എനർജി നിറഞ്ഞിരുന്നു. ആ വീട്ടിൽ എനിക്കേറ്റവും പ്രിയപ്പെട്ട ഓർമകൾ ദീപാവലിയുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും കുടുംബത്തോടൊപ്പം ദീപാവലി ആഘോഷിക്കുമ്പോൾ ഞാനും അനിയനും വിഷമിച്ചിരിക്കും. ബാക്കിയുള്ള കുട്ടികളൊക്കെ അച്ഛന്മാരോടൊപ്പം പടക്കംപൊട്ടിച്ചും മറ്റും ദീപാവലി ആഘോഷിക്കുമ്പോൾ ഞങ്ങൾ മാത്രം ഇങ്ങനെ. അപ്പോൾ ഞങ്ങളുടെ സങ്കടം മാറ്റാനായി അമ്മ വീടു മുഴുവൻ അലങ്കരിക്കും. അച്ഛൻ കൊടുത്തു വിട്ടതാണെന്നു പറഞ്ഞ് ഞങ്ങൾക്ക് കൈ നിറയെ പടക്കങ്ങൾ തരും. ഞങ്ങൾ സന്തോഷത്തോടെ ദീപാവലി ആഘോഷിക്കുന്നുണ്ടെന്ന് അമ്മ ഉറപ്പാക്കും. അച്ഛൻ എപ്പോഴും ഞങ്ങളെക്കുറിച്ചു തന്നെ ചിന്തിച്ചുകൊണ്ടിരിക്കുകയാണെന്ന് ഞങ്ങളോടു പറയും.

ഞങ്ങൾ മുതിർന്നപ്പോൾ, അവരുടെ ത്യാഗങ്ങളെക്കുറിച്ചറിഞ്ഞപ്പോൾ ഞാനും എന്റെ അനിയനും അച്ഛനമ്മമാരെ ഏറെ ബഹുമാനത്തോടെ സ്നേഹിക്കാൻ തുടങ്ങി. ലോകത്തു നടക്കുന്ന തീവ്രവാദ പ്രവർത്തനങ്ങളെക്കുറിച്ചും, അക്രമത്തെക്കുറിച്ചുമുള്ള വാർത്തകൾ ഏറെ ശ്രദ്ധയോടെ വായിച്ചു തുടങ്ങി.‌ കാരണം ‍ഞങ്ങൾക്കറിയാമായിരുന്നു ഞങ്ങളുടെ അച്ഛൻ എന്തിനുവേണ്ടിയാണ് പോരാടുന്നതെന്ന്.

ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ ആർമിയിൽ ചേരണമെന്ന് ഞാൻ തീരുമാനിച്ചു. അതിനുവേണ്ടിയുള്ള എന്റെ പരിശ്രമങ്ങൾ അടുത്തിടെ തന്നെ പൂവണിയുമെന്നാണ് എന്റെ പ്രതീക്ഷ. എനിക്ക് എന്റെ കുടുംബത്തിന്റെ പാരമ്പര്യം പിന്തുടരണമെന്നുണ്ട്. കോളേജ് പഠനകാലത്ത് ഞാനെന്റെ പ്രണയം കണ്ടെത്തി. പൊതു സുഹൃത്തുക്കൾക്കിടയിൽ നിന്നാണ് ഞാനവനെ കണ്ടെത്തിയത്. അവനും ഒരു ആർമി കുടുംബത്തിൽ നിന്നു തന്നെയുള്ളയാളായിരുന്നു. ഞങ്ങൾ ഒരുപാടു കാലം അങ്ങനെ സന്തോഷത്തോടെ മുന്നോട്ടു പോയി. കുറച്ച് വർഷങ്ങൾക്കു മുൻപ് അവനെന്നോടു പറഞ്ഞു. അവനും ആർമി ഓഫീസറായി രാജ്യത്തെ സേവിക്കാനാണിഷ്ടമെന്ന്. അന്ന് അഭിമാനംകൊണ്ട് ഞാൻ കരഞ്ഞു പോയി. രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്യാൻ പോകുന്നവർക്കും കുടുംബമുണ്ട്. പക്ഷേ അവരുടെ മുൻഗണനയിൽ എപ്പോഴും രാജ്യത്തിന്റെ സുരക്ഷയായിരിക്കും. അങ്ങനെയൊരു കുടുംബത്തിന്റെ ഭാഗമാകാൻ കഴിഞ്ഞതിൽ എനിക്കഭിമാനമുണ്ട്.

ആയിരക്കണക്കിന് കുടുംബങ്ങൾ വർഷങ്ങളുടെ ത്യാഗം സഹിക്കുന്നുണ്ട്. ഭർത്താക്കന്മാരൊടൊപ്പം സമയം ചിലവഴിക്കാനാകാത്ത ഭാര്യമാരുടെയും മക്കളോടൊപ്പം സമയം ചിലവഴിക്കാൻ കഴിയാത്ത അമ്മമാരുടെയും ത്യാഗമുണ്ടതിൽ. അവർ വീട്ടിലേക്കു വരാനായി ഓരോ തവണയും കാത്തിരിക്കുമ്പോഴും, അവർ മടങ്ങി വരുമ്പോൾ നന്ദിയോടെ അവരെ സ്വീകരിക്കുമ്പോഴും നമുക്കറിയാം ചിലപ്പോൾ ഏതെങ്കിലുമൊരു ദിവസം  അവർ രക്തസാക്ഷികളായേക്കാമെന്ന് അതുകൊണ്ടു തന്നെ ഓരോ കുടുംബത്തിലും ഒരു ദീപം തെളിഞ്ഞു കത്തും. ഒരിക്കലുമണയാത്ത പ്രതീക്ഷയുടെ ദീപം. തിന്മയെ നശിപ്പിച്ച് നന്മ വിജയിച്ചതിന്റെ ദീപം''.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FAMILY CORNER
SHOW MORE
FROM ONMANORAMA