ADVERTISEMENT

ഭിന്നശേഷിക്കാരായ മക്കളെ പരിചരിക്കാനായി ആയുഷ്കാലം മുഴുവൻ നീക്കിവയ്ക്കുന്ന മാതാപിതാക്കളുണ്ട്. ഭിന്ന ശേഷിയുള്ള ഒരു കുഞ്ഞിനായി അവർക്ക് കയറേണ്ടി വരുന്ന ദുരിത കൊടുമുടികൾക്ക് അവസാനവും ഉണ്ടാവില്ല. അപ്പോൾ ജന്മം നൽകിയ 11 മക്കളും അന്ധരായിത്തീരുകയും മറ്റാരും തുണയില്ലാതെ അവരെ പരിചരിക്കേണ്ടി വരികയും ചെയ്യുന്ന അവസ്ഥ എത്രത്തോളം ഭീകരമായിരിക്കും. സമാനതകളില്ലാത്ത അത്തരമൊരു ജീവിതം നയിക്കുകയാണ് കെനിയ സ്വദേശിനിയായ ആഗ്നസ് നെസ്പോണ്ടി എന്ന ഒരമ്മ. 

സമൂഹമാധ്യമങ്ങളിലൂടെയാണ് ഇപ്പോൾ ആഗ്നസിന്റെ ജീവിതകഥ പുറംലോകത്ത് എത്തിയത്. 42 വർഷങ്ങൾക്കു മുൻപാണ് ഇവർ വിവാഹിതയായതും മൂത്ത മകന് ജന്മം നൽകിയതും. എന്നാൽ കുഞ്ഞിന് കാഴ്ചശക്തിയില്ലെന്ന് തിരിച്ചറിഞ്ഞതോടെ ആഗ്നസും ഭർത്താവും മനസ്സു തകർന്ന അവസ്ഥയിലായി. എങ്കിലും ഇത് തങ്ങൾക്കുള്ള ഒരു പരീക്ഷണം മാത്രമാണെന്ന് കരുതി കുഞ്ഞിനെ വളർത്തിയ ആഗ്നസ് അധികം വൈകാതെ രണ്ടാമതും ഗർഭം ധരിച്ചു. എന്നാൽ ഈ കുഞ്ഞിനും കാഴ്ചശക്തി ഉണ്ടായിരുന്നില്ല.

പ്രതീക്ഷ കൈവിടാതെ ആഗ്നസ് വീണ്ടും മക്കൾക്ക് ജന്മം നൽകി. തങ്ങളെയും സഹോദരങ്ങളെയും പോറ്റാൻ പാകത്തിൽ കാഴ്ചശക്തിയുള്ള ഒരു കുഞ്ഞ് എന്നതു മാത്രമായിരുന്നു ഇവരുടെ മനസ്സിൽ. ഓരോ ഗർഭകാലത്തും കുഞ്ഞുങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങളില്ല എന്നും പ്രതീക്ഷ കൈവിടേണ്ടതില്ല എന്നും ഡോക്ടർമാർ ഉറപ്പുനൽകിക്കൊണ്ടിരുന്നു. പക്ഷേ എല്ലാ കുഞ്ഞുങ്ങളും ജനിച്ചു വീണത് കണ്ണിൽ ഇരുട്ടുമായാണ്. അങ്ങനെ ഒടുവിൽ കാഴ്ച ശക്തിയില്ലാത്ത 11 മക്കളെയാണ് ആഗ്നസിന് ലഭിച്ചത്. ഇതിനിടെ ആഗ്നസിന്റെയും ഭർത്താവിന്റെയും കുടുംബത്തിൽ ആർക്കും നേത്രരോഗ പാരമ്പര്യമില്ല എന്നും ഇവർ തിരിച്ചറിഞ്ഞിരുന്നു.

Read also: മിഷൻ സെൽഫി; മഴയ്ക്കു മുന്‍പ് ഫോട്ടോ എടുക്കാൻ അമ്മായിഅമ്മയോടൊപ്പം സമീറ റെഡ്ഡിയുടെ നെട്ടോട്ടം

തുടക്കത്തിൽ മക്കളെ സ്കൂളിൽ വിട്ടിരുന്നെങ്കിലും സാധാരണ കുട്ടികൾക്കൊപ്പം പഠിക്കാനോ പരസഹായം കൂടാതെ കാര്യങ്ങൾ ചെയ്യാനോ കുട്ടികൾക്കാവാതെ വന്നതോടെ പഠനവും  അവസാനിപ്പിച്ചു. കുഞ്ഞുങ്ങളെ ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക സ്കൂളുകളിൽ വിട്ടു പഠിപ്പിക്കാനുള്ള സാമ്പത്തിക സ്ഥിതി ഇവർക്ക് ഉണ്ടായിരുന്നില്ല. ഇതിനിടെ ആഗ്നസിന്റേത് ശാപം കിട്ടിയ ജന്മമായതുകൊണ്ടാണ് മക്കളുടെ അവസ്ഥ ഇങ്ങനെയായത് എന്ന് നാട്ടുകാരും പറഞ്ഞു പ്രചരിപ്പിച്ചു. ദുർമന്ത്രവാദത്തിന്റെ ഫലമായാണ് ഇതെന്ന് വിശ്വസിക്കുന്നവരും ഏറെയാണ്. പ്രദേശത്തെ പള്ളിയുടെ സഹായത്തിലാണ് കുടുംബം കഴിഞ്ഞിരുന്നത്. ഈ അവസ്ഥകളിലെല്ലാം മനസ്സുറപ്പ് കൈവിടാതെ ഭർത്താവിന്റെ പിന്തുണയോടെ മക്കളെ പരിപാലിച്ച് ജീവിത ദുരിതങ്ങളുമായി കുടുംബം മുന്നോട്ടുപോയി. 

Read also: ഒരുമിച്ചു ജീവിക്കാൻ മൂന്ന് നിലകളുള്ള ബംഗ്ലാവ്; ഇത് 7 കൂട്ടുകാരികളുടെ അടിപൊളി റിട്ടയർമെന്റ് പ്ലാൻ

എന്നാൽ 20 കൊല്ലങ്ങൾക്ക് മുൻപ് ഭർത്താവിന്റെ മരണത്തിന്റെ രൂപത്തിൽ വിധി വീണ്ടും ആഗ്നസിന് വെല്ലുവിളി ഉയർത്തി. സ്വന്തമായി ഒന്നും ചെയ്യാനാവാത്ത 11 ആൺമക്കളെ തനിച്ച് പരിപാലിക്കേണ്ടി വരുന്ന അവസ്ഥ. മറ്റൊരു മാർഗ്ഗവുമില്ലാതെ വന്നതോടെ മൂത്ത കുട്ടികൾ തെരുവിൽ ഭിക്ഷ തേടി ഇറങ്ങി.

ഇന്നിപ്പോൾ ഇത്തരത്തിൽ ഭിക്ഷയായി കിട്ടുന്ന പണം കൊണ്ടാണ് 12 പേർ അടങ്ങുന്ന ഈ കുടുംബം ആഹാരത്തിന് വക കണ്ടെത്തുന്നത്. തന്റെ കാലം കൂടി കടന്നു പോയാൽ മക്കളുടെ അവസ്ഥ എന്താവും എന്ന ചിന്തയിൽ നീറിയാണ് ഈ അമ്മ ഓരോ ദിവസവും തള്ളിനീക്കുന്നത്. കാഴ്ച ശക്തിയില്ലാത്തവർക്ക് ചെയ്യാനാകുന്ന എന്തെങ്കിലും തൊഴിൽ മക്കളെ പഠിപ്പിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നിരുന്നെങ്കിൽ എന്ന ആഗ്രഹവും ഇവർ പങ്കുവയ്ക്കുന്നു.

Read also: മകനാണ് പൈലറ്റ് എന്നറിയാതെ വിമാനത്തിൽ കയറിയ അമ്മ; സന്തോഷം കൊണ്ട് നിലവിളി, വിഡിയോ വൈറൽ

Content Summary: Tragic Life of a Mother from Africa who gave birth to 11 Blind Children

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com