ADVERTISEMENT

മൂന്നാം വയസ്സിൽ വാക്കുകൾ മറന്നുപോയ കുട്ടി പാട്ടിലൂടെ അതു തിരിച്ചു പിടിച്ച് പുരസ്കാരങ്ങൾ നേടുന്നതു കാണുമ്പോൾ അതുവരെയുള്ള അവന്റെ യാത്രയിൽ തുണയായും അനുഗ്രഹമായും നിറഞ്ഞു നിന്ന വ്യക്തികളെയാണു ഓർത്തുപോകുന്നത്. ഒട്ടും എളുപ്പമായിരുന്നില്ല ഈ യാത്ര. എങ്കിലും ഇന്നു ഞങ്ങൾക്ക് ശ്രേയസിനെ ഓർത്ത് സന്തോഷവും അഭിമാനവുമുണ്ട്. 

രണ്ടര വയസ്സുവരെ വളരെ ഊർജസ്വലനായി നടന്നിരുന്ന കുട്ടിയായിരുന്നു ശ്രേയസ് കിരൺ. ചെറിയ ചെറിയ വാചകങ്ങൾ പറയുമായിരുന്നു. വളർച്ചയുടെ ഘട്ടങ്ങളെല്ലാം നോർമലായിരുന്നു. അസ്വാഭാവികമായി ഒന്നും ഞങ്ങൾ കണ്ടില്ല. പക്ഷേ, പതുക്കപ്പതുക്കെ മോന് പല മാറ്റങ്ങളും സംഭവിച്ചു. അധികം സംസാരമില്ല, കളിയില്ല, ചിരിയില്ല. അതുവരെ പറഞ്ഞിരുന്ന വാക്കുകളെല്ലാം മറന്നതുപോലെയായി. ഒന്നും മിണ്ടാതെ അവൻ തീർത്തും ഒതുങ്ങിക്കൂടി. മോന്റെ മാറ്റം ഞങ്ങൾക്ക് ഉൾക്കൊള്ളാനായില്ല. പിന്നീടു നടത്തിയ വൈദ്യപരിശോധനയിലാണ് മോന് ഓട്ടിസമാണെന്നു കണ്ടെത്തുന്നത്. ഓട്ടിസം എന്ന വാക്ക് ആദ്യമായി കേൾക്കുകയായിരുന്നു. ആ അവസ്ഥയുടെ ആഴമോ വ്യാപ്തിയോ മനസ്സിലാകാത്തതു കൊണ്ടാകാം, ഞാനൊട്ടും പതറിയില്ല. തെറപ്പിയുമായി മുന്നോട്ടുപോയ നാളുകളിൽ എപ്പോഴോ ആണ് എനിക്കു മനസ്സിലായത്, ഇത് ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കുന്ന ഒരു അവസ്ഥയാണെന്ന്. പതറിപ്പോയ നാളുകളായിരുന്നു പിന്നീട്. ഞാൻ സങ്കടവും വിഷമവും മനസ്സിലൊതുക്കി, മോന്റെ അവസ്ഥയെ മനസ്സുകൊണ്ട് അംഗീകരിക്കുകയും ഉൾക്കൊള്ളുകയും ചെയ്തു. അവിടെ നിന്നു പിന്നെയങ്ങോട്ട് മോനെ സ്വന്തം കാര്യം നോക്കാൻ പ്രാപ്തനാക്കണമെന്ന ലക്ഷ്യത്തിലാണു പ്രവർത്തിച്ചത്. തെറപ്പിയും പരിചരണവും പരിശീലനവുമൊക്കെയായി നീണ്ട ഒരുയാത്ര. 

Read also: ‘കുതിരപ്പവൻ തിളക്ക’ത്തിൽ ഇന്ത്യയുടെ നിദ, ദീർഘദൂര കുതിരയോട്ടത്തിൽ ചരിത്രം കുറിച്ച് 21കാരി

മോൻ വളരെ ഹൈപ്പർ ആക്ടീവ് ആയതുകൊണ്ട് അതിനെ മറികടക്കാൻ പല മാർഗങ്ങളും പരീക്ഷിച്ചു നോക്കി. യോഗ, വീണ, കീബോർഡ് പഠനം, അബാക്കസ്, സംഗീതപഠനം അങ്ങനെ പല മാർഗങ്ങൾ. ചിലതൊക്കെ പരാജയപ്പെട്ടു. പക്ഷേ സംഗീതത്തിൽ അവൻ പിടിച്ചു നിന്നു. ഓട്ടിസം കണ്ടെത്തുന്നതിനു മുൻപു തന്നെ സംഗീതത്തിലുള്ള മോന്റെ അഭിരുചിയും താൽപര്യവും മനസ്സിലാക്കിയിരുന്നു. ടിവിയിലെ പരസ്യങ്ങളും പാട്ടുകളും കേട്ടാൽ അതവൻ അനുകരിച്ചു പാടാൻ ശ്രമിക്കുമായിരുന്നു. 

Read also: '72 ഒക്കെ ഒരു പ്രായമാണോ?'; മകന്റെ സമ്മതത്തോടെ അച്ഛനു വിവാഹം, ആരുമില്ലെന്ന സങ്കടം ഇനി പൊന്നമ്മയ്ക്കില്ല

സ്പീച്ച് തെറപ്പിയിലൂടെ സംസാരശേഷി കുറച്ചു തിരിച്ചു കിട്ടിയപ്പോൾ ആദ്യം ചെയ്തത് മോനെ സംഗീതപഠന ക്ലാസിൽ ചേർക്കുക എന്നതായിരുന്നു. ഒൻപതു വയസ്സായിരുന്നു അപ്പോൾ. ഡോ. കൃഷ്ണ ഗോപിനാഥ് ആയിരുന്നു ഗുരു. തുടക്കം വളരെ ശ്രമകരമായിരുന്നു. മൂന്നു നാല് വർഷമെടുത്താണ് ശ്രേയസ് ഒരു സ്ഥലത്ത് അടങ്ങിയിരുന്ന് പാടാൻ തുടങ്ങിയത്. കൃഷ്ണ ടീച്ചർ മോനെ വേദികളിൽ പതിവായി ഭജനകൾ പാടാൻ കൊണ്ടു പോകുമായിരുന്നു. പിന്നീട് സംഗീതാധ്യാപികയായ കലാ പരശുറാം ടീച്ചർ വീട്ടിൽ വന്ന് കർണാടക സംഗീതം പഠിപ്പിക്കാൻ തുടങ്ങി. പതുക്കെ സംഗീതം അവനൊരു ലഹരിയായി മാറി. അതോടെ ശ്രദ്ധക്കുറവിന് മാറ്റം വന്നു. സംസാരശേഷിയിലും പുരോഗതിയുണ്ടായി. കെ. ജി. രവീന്ദ്രൻ മാഷിന്റെ കീഴിൽ നാടൻപാട്ടുകളും ലളിതഗാനങ്ങളും പഠിക്കാൻ ചേർന്നു. ശ്രേയസ്സിന്റെ ലോകം മാറുന്നത് ഞങ്ങൾ നിറഞ്ഞ മനസ്സോടെ കണ്ടുകൊണ്ടിരുന്നു. ഇതുവരെ നാൽപതിലേറെ വേദികളിൽ കീർത്തനങ്ങളും സിനിമാഗാനങ്ങളും അവതരിപ്പിച്ചു. ആദ്യകാലത്ത് പാടാതെ ഇറങ്ങിപ്പോയ അനുഭവമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ, പിന്നീട് അവൻ അടങ്ങിയിരുന്നു പാടാൻ തുടങ്ങി. ഒരു നിമിഷം പോലും അടങ്ങിയിരിക്കാൻ പറ്റാത്ത അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിച്ച്ഡി) ഉള്ള ശ്രേയസ് അടങ്ങിയിരുന്ന് മണിക്കൂറുകൾ തുടർച്ചയായി പാടുന്നതു കണ്ടപ്പോൾ എന്റെ മനസ്സ് നിറഞ്ഞു. മോനെ ചലച്ചിത്രഗാനം പഠിപ്പിക്കുന്നത് സംഗീത സംവിധായകൻ നിർഷാദ് നിനിയാണ്. തുടർച്ചയായി പാടുന്നതു കണ്ടപ്പോൾ നിർഷാദ് നിനിയാണ് ലോക റെക്കോർഡുകൾക്കു ശ്രമിക്കണമെന്ന് നിർദേശിച്ചത്. ഇന്റർനാഷനൽ ബുക്ക് ഓഫ് റെക്കോർഡ്സും വേൾഡ് വൈഡ് ബുക്ക് റെക്കോർഡ്സും ശ്രേയസ് കരസ്ഥമാക്കി. 

Read also: 'കുറച്ചൊന്ന് ഒതുങ്ങാം, ഇങ്ങനത്തെ വസ്ത്രം ഇടുകയും വേണ്ട', എല്ലാം സ്ത്രീയുടെ നല്ലതിനു വേണ്ടി പറയുന്നതാണേ

വിവേകോദയം ബോയ്സ് സ്കൂളിൽ നിന്നു പ്ലസ്ടു പാസ്സായ ശ്രേയസ് ഇപ്പോൾ അണ്ണാമലൈ യൂണിവേഴ്സിറ്റിയിൽ ബിഎ മ്യൂസിക്കിനു പഠിക്കുകയാണ്. പ്രിയ മേനോൻ എന്ന ഗുരു കൂടി ശ്രേയസിന് ഇപ്പോൾ ഉണ്ട്. ഓൺലൈൻ ക്ലാസിൽ തനിച്ചിരിക്കാത്ത മോൻ ഇപ്പോൾ പ്രിയ ടീച്ചറുടെ ക്ലാസിൽ ഒറ്റയ്ക്ക് അടങ്ങിയിരുന്നു പഠിക്കാനും തുടങ്ങി. പാട്ടു കഴിഞ്ഞാൽ ശ്രേയസിന് ഇഷ്ടം പാചകമാണ്. പാചകത്തിലുള്ള അഭിരുചി മനസ്സിലാക്കി ഫുഡ് പ്രൊഡക്ഷൻ ഡിപ്ലോമ കോഴ്സിനും ശ്രേയസിനെ ചേർത്തു പഠിപ്പിച്ചു. പാചകത്തിൽ എന്നെ സഹായിക്കാറുമുണ്ട്. 

വടക്കാഞ്ചേരിയാണ് ഞങ്ങളുടെ സ്വദേശം. മോന്റെ പഠനത്തിന്റെയും തെറപ്പിയുടെയും സൗകര്യത്തിനായി തൃശൂരിലേക്കു പിന്നീടു താമസം മാറി. ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയിൽ ഉദ്യോഗസ്ഥയായിരുന്ന ഞാൻ മോന് കൂടുതൽ ശ്രദ്ധ ആവശ്യമാണെന്നു തോന്നിയപ്പോൾ വിആർഎസ് എടുത്തു. ഭർത്താവ് സുധീർ പോസറ്റ്മാസ്റ്ററാണ്. ശ്രേയസിന് ശശാങ്ക് എന്നു പേരുള്ള ഒരു അനിയൻ കൂടിയുണ്ട്. 

Read also: സുന്ദരി ആയതുകൊണ്ടല്ല, വീട്ടിലെ അവസ്ഥ മോശമായതുകൊണ്ടാണ് അമ്മ എന്നെ സിനിമയിൽ അഭിനയിക്കാൻ വിട്ടത്: റാണി മുഖർജി

Content Summary: Inspirational Story of a Boy who is Autistic and has World Records

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com