'തൂണും ചാരിയിരുന്ന് എന്തോ കുത്തിക്കുറിക്കുന്ന മോനെ ടീച്ചർ കണ്ടു, അതാണ് ജീവിതത്തിൽ വഴിത്തിരിവായത്'
Mail This Article
ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് ശ്രീഹരി ആദ്യമായി ഒരു കവിത എഴുതുന്നത്. എ.പി. ജെ. അബ്ദുൽ കലാം അന്തരിച്ച ദിവസമായിരുന്നു അന്ന്. അദ്ദേഹത്തെക്കുറിച്ചായിരുന്നു കവിത. തൊട്ടടുത്ത വർഷം അദ്ദേഹത്തിന്റെ ചരമവാർഷിക ദിവസം അവൻ മറ്റൊരു കവിതകൂടി എഴുതി. ക്ലാസിൽ കയറാതെ, റിസോഴ്സസ് റൂമിനു പുറത്തുളള തിണ്ണയിൽ തൂണും ചാരി ഇരുന്ന് എന്തൊക്കെയോ കുത്തിക്കുറിക്കുന്ന ശ്രീഹരിയെ സ്കൂളിൽ പുതുതായി ജോയിൻ ചെയ്ത സ്പെഷൽ എജ്യുക്കേറ്റർ രേണുക ശശികുമാർ ശ്രദ്ധിച്ചു. അതായിരുന്നു അവന്റെ ജീവിതത്തിലെ വഴിത്തിരിവായത്.
ഓരോരോ വിഷയങ്ങൾ നൽകി ടീച്ചർ അവന്റെ എഴുതാനുള്ള കഴിവ് നിരന്തരം പ്രോത്സാഹിപ്പിച്ചു. ഒടുവിൽ അവൻ എഴുതിയ എല്ലാ കവിതകളും േചർത്ത് പ്രിന്റൗട്ട് എടുത്ത് ഒരു കുഞ്ഞു പുസ്തകമാക്കി ‘ഹരിശ്രീ’ എന്നു പേരിട്ടു. ആ പുസ്തകം 2018 ലെ ലോകഭിന്നശേഷി ദിനത്തിൽ അന്നത്തെ കൃഷി മന്ത്രി സുനിൽ കുമാർ പ്രകാശനം ചെയ്തു. പിന്നീട് അവൻ നിരന്തരം എഴുതിക്കൊണ്ടേയിരുന്നു. ആദ്യത്തേത് രേണുക ടീച്ചറുടെ വകയായുള്ള ഒരു കുഞ്ഞു പുസ്തകമായിരുന്നെങ്കില്‍ പിന്നീട് ശ്രീഹരിയുെട 26 കവിതകൾ ഉള്‍പ്പെടുത്തി ‘മാനസമുദ്ര’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. ഇന്നത്തെ ശ്രീഹരിയിലേക്കുള്ള അവന്റെ മാറ്റത്തിനു കാരണം, രേണുക ടീച്ചറിനെപ്പോലെ, ഓരോ കാലത്തും ഒരു വരദാനം പോലെ അവന്റെ ജീവിതത്തിലേക്കു കടന്നുവന്ന ഓരോരോ വ്യക്തികളാണ്.
Read also: ഓട്ടിസം തളർത്തിയില്ല; പ്രതിസന്ധിയിലും പാട്ടുപാടി റെക്കോർഡുകൾ നേടിയ മകൻ, തുണയായി അമ്മയും
ശ്രീഹരിയെക്കുറിച്ചോർത്തു വളരെയേറെ സങ്കടപ്പെട്ട ഒരു കാലം എനിക്കുണ്ടായിരുന്നു. കൊടുങ്ങല്ലൂരാണ് എന്റെ വീട്. ബിഎഡ് കഴിഞ്ഞു നിൽക്കുമ്പോഴായിരുന്നു വിവാഹം. ഭർത്താവ് രാജേഷിനു വിദേശത്തായിരുന്നു ജോലി. ആരോഗ്യം കുറഞ്ഞ്, തീരെ തൂക്കക്കുറവോടു കൂടിയായിരുന്നു ശ്രീഹരി ജനിച്ചത്. വളർച്ചയുടെ ഘട്ടങ്ങളെല്ലാം വൈകിയിരുന്നു. എങ്കിലും അവന് ബുദ്ധിപരമായ കുഴപ്പങ്ങളുണ്ടെന്ന് ആദ്യകാലത്ത് ഞങ്ങൾക്കു മനസ്സിലായിരുന്നില്ല.
മോന് രണ്ടര വയസ്സായപ്പോൾ ഇരിങ്ങാലക്കുടയിലെ ഒരു എയ്ഡഡ് സ്കൂളിൽ എനിക്ക് താൽക്കാലിക ജോലി കിട്ടി. അവനെയും ഞാൻ സ്കൂളിൽ കൂട്ടുമായിരുന്നു. മറ്റു കുട്ടികളിൽ നിന്നു വ്യത്യസ്തനാണ് എന്റെ മോൻ എന്ന് മനസ്സിലായത് അപ്പോഴാണ്. ഒരു നിമിഷം അടങ്ങിയിരിക്കില്ല. കുട്ടികളെയെല്ലാം ഉപദ്രവിക്കും. ബൗദ്ധികഭിന്നശേഷിയുള്ള കുട്ടിയാണെന്നു മനസ്സിലാക്കാതെ ആ കാലത്ത് ഞാനവനു നല്ല ശിക്ഷയും കൊടുത്തിരുന്നു. പക്ഷേ, പിന്നീടു മനസ്സിലായി, അതൊന്നും അവൻ അറിഞ്ഞു കൊണ്ടു ചെയ്യുന്നതല്ല എന്ന്. അതോടെ ഞാൻ ജോലി രാജിവച്ച് മുഴുവൻ സമയവും അവനോടൊപ്പം ചെലവഴിക്കാൻ തീരുമാനിച്ചു.
ഹൈപ്പർ ആക്ടീവും ചില നേരങ്ങളിൽ നല്ല അക്രമാസക്തനുമായിരുന്നു ശ്രീഹരി. അവനെ ഒന്നു മെരുക്കിയെടുക്കാൻ ഞാന്‍ നന്നായി പാടുപെട്ടു. നോർമൽ സ്കൂളിലെ കുട്ടികൾക്കോ അധ്യാപകർക്കോ അവനുമായി ഒത്തുപോകാൻ പറ്റില്ല എന്ന വിശ്വാസത്തിൽ ഒരു സ്പെഷൽ സ്കൂളിൽ വിട്ട് പഠിപ്പിക്കാം എന്നു ഞാൻ തീരുമാനിച്ചു. തുടരന്വേഷണത്തിൽ തൃശൂരിലെ ആൽഡി എന്ന സംഘടനയുമായി ബന്ധപ്പെട്ടു. ഭിന്നശേഷിയുള്ള കുട്ടികളുടെ മാതാപിതാക്കളുടെ ഒരു കൂട്ടായ്മയായിരുന്നു അത്. സംഘടനയ്ക്കു നേതൃത്വം നൽകുന്ന ജോസഫ് സാറിനെ കണ്ടുമുട്ടിയത് വഴിത്തിരിവായി. ശ്രീഹരിയെപ്പോലൊരു കുട്ടിക്ക് എങ്ങനെ പരിശീലനം നൽകണമെന്നു മനസ്സിലാക്കിയത് അവിടെ നിന്നാണ്. ജോസഫ് സാറിന്റെ നിർദേശപ്രകാരം മോനെ നോർമൽ സ്കൂളിൽ തന്നെ ചേർത്തു.
അൻപതു ശതമാനം ഓട്ടിസ്റ്റിക്കാണ് ശ്രീഹരി. എങ്കിലും ചെറിയ പ്രായത്തിൽ തന്നെ തെറപ്പികൾ കൃത്യമായി നൽകാൻ പറ്റിയതു കൊണ്ട് പിന്നീട് നല്ല പുരോഗതിയുണ്ടായി. എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ പഠിച്ചത് തൃശൂർ മോഡൽ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിലാണ്. അവന്റെ കലാപരമായ കഴിവുകൾ വികസിക്കുന്നതും ഈ കാലത്താണ്. എഴുത്തിൽ മാത്രമല്ല, വായനയിലും പാട്ടിലും മേളത്തിലുമെല്ലാം കമ്പമുണ്ട്. ഇപ്പോൾ ബിഎ മ്യൂസിക് അവസാനവർഷ വിദ്യാർഥിയാണ്. ധന്യടീച്ചറും കൃഷ്ണ ഗോപിനാഥുമായിരുന്നു സംഗീതത്തിലെ ആദ്യകാല ഗുരുക്കൻമാർ. പാട്ടിനെക്കാൾ ശ്രീഹരിക്ക് ഇഷ്ടം ഉള്ളിലെ താളത്തിനനുസരിച്ചു വരികൾ എഴുതാനും ഈണം നൽകാനുമാണ്. അവന് സ്വന്തമായി ഒരു ലൈബ്രറി തന്നെയുണ്ട്. ബഷീറും വികെഎന്നുമാണ് ഇഷ്ടപ്പെട്ട എഴുത്തുകാർ.
മോൻ കുറച്ചു വലുതായി സ്വന്തം കാര്യം നോക്കാൻ തുടങ്ങിയപ്പോൾ എനിക്ക് പബ്ലിക് സർവീസ് കമ്മീഷനിൽ ജോലി ലഭിച്ചു. ശ്രീഹരിക്ക് ഒരു അനിയൻ കൂടിയുണ്ട്. എട്ടാം ക്ലാസ് വിദ്യാർഥിയായ നിഹാർ. പ്രതിസന്ധികളെയെല്ലാം മറികടന്ന് ഞങ്ങൾ അമ്മയും മക്കളും ഇപ്പോൾ സന്തോഷത്തോടെ കഴിയുന്നു.