sections
MORE

നിലവിളി നിലയ്ക്കാതെ ഓച്ചിറ; കേരളത്തിൽ ഇതരസംസ്ഥാന പെൺകുട്ടികളെ കാത്തിരിക്കുന്നത്

Ochira , a fearsome lesson for the girl children from other states
ഓച്ചിറയിലെ ആക്രമണ സംഭവം പുറത്തുവന്നപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ ജീവിതരീതിയുടെ ഒരു പ്രത്യേകതകൂടി വെളിപ്പെട്ടത്.
SHARE

ഇതരസംസ്ഥാനക്കാര്‍ കൂട്ടമായി താവളമടിക്കുന്ന കേരളത്തിലെ ചില സ്ഥലങ്ങളുണ്ട്. അവയിലൊന്നാണ് കൊല്ലം ജില്ലയിലെ ഓച്ചിറ. ദേശീയപാതയ്ക്ക് ഇരുവശത്തുമുള്ള വിശാലമായ പുറമ്പോക്കുകളാണ് വഴിയോര കച്ചവടക്കാരായ ഇതരസംസ്ഥാന ക്കാരുടെ കച്ചവടകേന്ദ്രം. കുടുംബങ്ങളുമായി കിട്ടാവുന്ന ചെറിയ വാടകവീടുകളില്‍ താമസിക്കുന്നവരുമുണ്ട്. അവിടെ, ഓടുകള്‍കൊണ്ടു മേല്‍ക്കൂര തീര്‍ത്ത ഒരു കൊച്ചുവീട്ടില്‍നിന്ന് കഴിഞ്ഞ ദിവസം ഉയര്‍ന്ന നിലവിളി ഇപ്പോഴും നിലച്ചിട്ടില്ല. 

ഒരു വീട്ടില്‍നിന്നും ഉയര്‍ന്ന ആ നിലവിളി ഒറ്റപ്പെട്ടതല്ല. അതു കേരളമാകെ വ്യാപിക്കേണ്ടതുണ്ട്. ഇഷ്ടമില്ലാത്തതൊന്നും കേള്‍ക്കേണ്ടതില്ല എന്ന നാട്യത്തില്‍ ചെവി അടച്ചിരിക്കുന്നവരും സംസ്കാരസമ്പന്നരെന്ന് അഭിമാനിക്കുന്നവരുമായ മുഴുവന്‍ മലയാളികളും കേള്‍ക്കണം. സാക്ഷരതയില്‍ മുന്നില്‍നില്‍ക്കുന്ന ഒരു നാട് കേള്‍ക്കണം.

വൈദ്യശാസ്ത്ര സൗകര്യങ്ങളില്‍ വിദേശ രാജ്യങ്ങളെപ്പോലും തോല്‍പിക്കുന്ന ഒരു നാട് കേള്‍ക്കണം. നിലവിളി ഉയര്‍ന്നത് മലയാളികളുടെ അടച്ചുറപ്പുള്ള, ഇരുമ്പുചങ്ങല കൊണ്ടു പൂട്ടിയ ഗേറ്റുള്ള വീടുകളില്‍നിന്നല്ല. ജീവിക്കാന്‍വേണ്ടി കേരളത്തിലെത്തി ഈ നാട് സ്വന്തം നാട് പോലെ കാണുന്ന പാവപ്പെട്ടവരുടെ കൊച്ചുവീട്ടില്‍നിന്ന്. അധികാരങ്ങളും അവകാശങ്ങളും സൗകര്യങ്ങളും ഇല്ലാത്ത, വോട്ടര്‍പട്ടികയില്‍ പേരുമില്ലാത്തവരുടേത്. അവര്‍ ദൈവത്തിന്റെ സ്വന്തം നാടിനോട് ചോദിക്കുന്നുണ്ട് ഇതാണോ ആതിഥ്യമര്യാദ..? 

ആ ചോദ്യത്തിന് ആര് ഉത്തരം പറയും ...? 

വഴിയോര കച്ചവടക്കാരായ ഇതര സംസ്ഥാന ദമ്പതികളെ വീട്ടില്‍കയറി ആക്രമിച്ച് പതിനാലുകാരിയായ മകളെ കടത്തിക്കൊണ്ടുപോയതാണ് സംഭവം. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് ആക്രമണം ഉണ്ടായത്. പെണ്‍കുട്ടിയെ ബെംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോയെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. കുറച്ചുപേര്‍ പിടിയിലായിട്ടുമുണ്ട്. ഈ സംഭവം നടക്കുന്നതിന് ഏതാനും ദിവസം മുമ്പും പെണ്‍കുട്ടിക്കു നേരെ ആക്രമണം നടന്നിരുന്നു. വീട്ടില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ആക്രമണം. 

621839280
പ്രതീകാത്മക ചിത്രം

വീട്ടുകാരെ ഭീഷണിപ്പെടുത്താനായി ഒരിക്കല്‍ ഓട് പൊളിച്ച് വീട്ടിനകത്തുകടന്ന സംഘം കുടുംബത്തിന്റെ  ആകെയുള്ള സമ്പാദ്യവും  അപഹരിച്ചാണ് കടന്നത്. ഈ സംഭവങ്ങളും കൂടി അവര്‍ത്തിച്ചുപറയുന്നതിന് ഒരു കാരണമുണ്ട്. തിങ്കളാഴ്ച രാത്രി നടന്നത് ഒറ്റപ്പെട്ട സംഭവമല്ല. ഇതു കുറേനാളായി തുടരുന്നതാണ്. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധൈര്യത്തില്‍ ഇതരസംസ്ഥാനക്കാര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങളുടെ തുടര്‍ച്ച. ആ വീടുകളില്‍ വളരുന്ന പെണ്‍കുട്ടികള്‍ക്ക് സമാധാനം നല്‍കാത്ത ക്രൂരതയുടെ തുടര്‍ച്ച. 

ഓച്ചിറയിലെ ആക്രമണ സംഭവം പുറത്തുവന്നപ്പോഴാണ് ഇതരസംസ്ഥാനക്കാരുടെ ജീവിതരീതിയുടെ ഒരു പ്രത്യേകതകൂടി വെളിപ്പെട്ടത്. കച്ചവടസ്ഥലത്തും വീടുകളിലുമെല്ലാം കാണപ്പെടുന്ന അവരുടെ കുട്ടികള്‍ക്കെല്ലാം ഒരേ വേഷം.ആണ്‍കുട്ടി കളുടെ വേഷം. ഒരേ രീതിയിലുള്ള ഭാഷ. ആണ്‍കുട്ടികളുടെ ഭാഷ. അവര്‍ നടക്കുന്നതോ കൂട്ടമായി.കേരളത്തിലെ ത്തിയതിനുശേഷം മാത്രമാണ് ഇങ്ങനെയൊരു ജീവിതരീതി അവര്‍ സ്വീകരിക്കുന്നത്. കാരണം ഇതരസംസ്ഥാനക്കാരുടെ പെണ്‍കുട്ടികള്‍ നാട്ടുകാരുടെ നോട്ടപ്പുള്ളികളാണ്. തരം കിട്ടിയാല്‍ ആക്രമിക്കും. അക്രമിച്ചു കീഴടക്കും. പൊലീസ് കേസോ അന്വേഷണം പോലുമോ ഉണ്ടാകില്ല. 

ആ ധൈര്യത്തിലായിരിക്കും ഇത്തവണയും ആക്രമണം പ്ലാന്‍ ചെയ്യുകയും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയും ചെയ്തത്. ഇതെല്ലാം ഉത്തരേന്ത്യയിലോ വിദൂര പൂര്‍വ ദേശങ്ങളിലോ അല്ല നടക്കുന്നത്, കേരളത്തില്‍. നവോത്ഥാനത്തിന്റെ നാട്ടില്‍ പെണ്‍കുട്ടികള്‍ക്ക് സ്വന്തം വേഷത്തില്‍ സഞ്ചരിക്കാന്‍ ആവുന്നില്ല. ഗിന്നസ് ബുക്കില്‍ കയറിയ വനിതാ മതിലിന്റെ നാട്ടില്‍ പെണ്‍കുട്ടികള്‍ സഞ്ചരിക്കുന്നത് ആണ്‍കുട്ടികളുടെ വേഷത്തില്‍.

സ്വന്തം വീട്ടില്‍, മുറിയില്‍, പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ പോലും അവര്‍ സുരക്ഷിതരല്ലെങ്കില്‍ എങ്ങനെ മേനി നടിക്കാനാകും കേരളത്തിന് സ്വന്തം നേട്ടങ്ങളെക്കുറിച്ച്. ജീവിക്കാന്‍ കേരളത്തിലേക്ക് വരുന്നവരോട് ഇതാണോ മലയാളികള്‍ കാണിക്കേണ്ട ആതിഥ്യമര്യാദ. നാളുകളായി മൂടിവച്ച മലയാളികളുടെ കപടനാട്യമാണ് ഇവിടെ പുറത്തുവരുന്നത്. വിദേശത്തും വിദൂരത്തുമുള്ള ദേശങ്ങള്‍പോലും സ്വന്തം നാടാക്കുകയും അന്യരാജ്യങ്ങളെ ആശ്രയിച്ചു ജീവിക്കുകയും ചെയ്യുന്ന അതേ മലയാളികളുടെ കപടനാട്യം. 

104655430
പ്രതീകാത്മക ചിത്രം

ജീവിക്കാന്‍ വേണ്ടി നാടുവിട്ട് കാമുകനെ അന്വേഷിച്ച് കേരളത്തിലെത്തിയ ഒരു പെണ്‍കുട്ടിയെ മാനഭംഗം ചെയ്ത് പിച്ചിച്ചീന്തിയ സംഭവം കേരളത്തില്‍ അരങ്ങേറിയിരുന്നു, കുറച്ചുനാള്‍ മുമ്പ് കണ്ണൂരില്‍. ഇപ്പോഴിതാ ഒരു തെക്കന്‍ ജില്ലയില്‍ അച്ഛനമ്മമാരോടൊപ്പം താമസിച്ച പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയിരിക്കുന്നു. 8 മാസം മുൻപ് ഓച്ചിറയില്‍ത്തന്നെ, വാടകയ്ക്കു താമസിക്കുകയായിരുന്ന അന്യസംസ്ഥാന ദമ്പതികളുടെ 3 വയസ്സുകാരിയെ സമീപവാസി പീഡിപ്പിച്ചിരുന്നു. സംഭവത്തിൽ ദമ്പതികൾ പരാതി നൽകിയതിനെ തുടർന്ന് നാട്ടുകാർ അവരെ  വാടക വീട്ടിൽനിന്നു ഇറക്കി വിടുകയാണ് ചെയ്തത്.

സ്വന്തം മകളെ നഷ്ടപ്പെട്ട്, ആക്രമണത്തിനു വിധേയരായി ആശുപത്രിയില്‍ ചികില്‍സ തേടിയ ഇപ്പോഴത്തെ സംഭവത്തിലെ ദമ്പതികളുടെ അവസ്ഥ ഇനിയെന്താകും ? അവരെപ്പോലെ നാട്ടുകാരായ അക്രമികളെ പേടിച്ച് തങ്ങളുടെ പെണ്‍കുട്ടികളെ ആണ്‍കുട്ടികളായി വളര്‍ത്തുന്ന മറ്റു കുടുംബങ്ങളുടെ അവസ്ഥയോ. ഒരു രാത്രിയെങ്കിലും സമാധാനത്തോടെ അവര്‍ക്ക് ഉറങ്ങാനാകുമോ. മക്കളെ വീട്ടിലാക്കി ഒരു ദിവസമെങ്കിലും അവര്‍ക്ക്  കച്ചവടത്തില്‍ ശ്രദ്ധിക്കാനാകുമോ. മറ്റേതെങ്കിലും നാട്ടില്‍ നിന്ന് കുടുംബവുമായി കേരളത്തിലേക്ക് ഇനിയും കുടുംബങ്ങള്‍ വരുമോ....ഉത്തരമില്ലാത്ത ചോദ്യങ്ങള്‍ നീളുമ്പോള്‍ സൗകര്യപൂർവം മറക്കാം തട്ടിക്കൊണ്ടുപോകപ്പെട്ട ആ പെണ്‍കുട്ടിയെക്കുറിച്ച്. അതേക്കുറിച്ച് ചിന്തിച്ചാല്‍ ഒരുപക്ഷേ പൂര്‍ണമായും തകര്‍ന്നേക്കും മലയാളിയുടെ വ്യാജ അഭിമാനവും മുഖമുദ്രയായ കപടനാട്യവും ! 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA