sections
MORE

ആർത്തവപ്പുരയിലെ വായനകളിലൂടെ വിപ്ലവത്തെക്കുറിച്ചറിഞ്ഞവർ; പെണ്ണിടത്തിന്റെ ചരിത്രം

Manu Pillai
മനു പിള്ള
SHARE

20-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ബ്രാഹ്മണ വീടുകളില്‍ സ്ത്രീകള്‍ ആര്‍ത്തവസമയത്ത് അനുഭവിച്ചിരുന്ന ഒറ്റപ്പെടലിനെക്കുറിച്ച് വ്യക്തമായ വിവരണങ്ങളുണ്ട് ദേവകി നിലയങ്ങോടിന്റെ ഓര്‍മക്കുറിപ്പുകളില്‍. ഈ കുറിപ്പുകള്‍ ഇപ്പോള്‍ ഓര്‍മിപ്പിക്കുന്നത് ചരിത്രപുസ്തകങ്ങളിലൂടെ അടുത്തകാലത്ത് രാജ്യാന്തര പ്രശസ്തി നേടിയ എഴുത്തുകാരന്‍ മനു എസ്.പിള്ള. വിമന്‍ ഇന്‍ സിനിമ കളക്റ്റീവ് ഫെയ്സ് ബുക് പേജിലാണ് കേരളത്തിലെ പെണ്ണിടത്തെക്കുറിച്ചുള്ള കൗതുകകരമായ നിരീക്ഷണങ്ങള്‍ മനു എഴുതുന്നത്. 

പെണ്‍കുട്ടികള്‍ക്ക് ആര്‍ത്തവം തുടങ്ങിയെന്നറിയുന്നതോടെ അവരെ അടച്ചിട്ട ഒറ്റപ്പെട്ട മുറികളിലേക്ക് മാറ്റുന്നതിനെക്കുറിച്ച് ദേവകി  നിലയങ്ങോട് അവരുടെ ഓര്‍മക്കുറിപ്പുകളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അവര്‍ ശുദ്ധിയില്ലാത്തവരായി മാറുന്നു. പുറത്തേക്കിറങ്ങാന്‍ അനുവാദമില്ലെന്നു മാത്രമല്ല, അടുക്കളയില്‍ കയറാന്‍ പോലും അനുവാദവുമില്ല. പുരുഷന്‍മാരുടെ നിയന്ത്രണമില്ലാതെ സ്ത്രീകള്‍ക്ക് കുറച്ചുസമയമെങ്കിലും ചെലവഴിക്കാന്‍ കഴിയുന്ന ഒരേയൊരിടവും ഈ ആര്‍ത്തവപ്പുരകള്‍ തന്നെയായിരുന്നു. 

അക്കാലത്ത് സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം ചെയ്യാനുള്ള അനുവാദമില്ലായിരുന്നു. ഏഴുതാനും വായിക്കാനും അറിയാവുന്നവര്‍ക്കുപോലും പുസ്തകം വായിക്കാനോ മാസിക വായിക്കാനോ ഉള്ള അനുവാദവും ഇല്ലായിരുന്നു. പക്ഷേ, ഉര്‍വശീശാപം ഉപകാരമെന്നതുപോലെ ആര്‍ത്തവസമയത്ത് ഒറ്റപ്പെട്ട മുറികളിലായിരിക്കുമ്പോള്‍ പെണ്‍കുട്ടികളും യുവതികളും ആ സമയം വായനയ്ക്കുവേണ്ടി നീക്കിവച്ചു.  അങ്ങനെയാണവര്‍ പുറംലോകത്തെക്കുറിച്ചും പൊട്ടിപ്പുറപ്പെടാനിരുന്ന വിപ്ലവത്തെക്കുറിച്ചും അറിയുന്നതും ആകൃഷ്ടരാകുന്നതും. പുരുഷന്‍മാര്‍ കണ്ണിലെണ്ണയൊഴിച്ചു കാത്തിരുന്നിട്ടും കാര്‍ക്കശ്യത്തിന്റെ അധികാരപ്രയോഗം നടത്തിയിട്ടും എത്രയോ പെണ്‍കുട്ടികളും യുവതികളും എല്ലാ നിയന്ത്രണവും പൊട്ടിച്ചെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക-സാംസ്കാരിക മേഖലയിലെ വിപ്ലവ പ്രസ്ഥാനത്തില്‍ അണിചേര്‍ന്നു. 

ഇന്ത്യയിലെ ഭക്തി പ്രസ്ഥാനത്തിന്റെ ചരിത്രം പരിശോധിച്ചാലും അടിച്ചമര്‍ത്തപ്പെട്ടിട്ടും ധിക്കരിക്കാനും പോരാടാനും തയാറായ സ്ത്രീകളുടെ ജീവചരിത്രങ്ങള്‍ കാണാന്‍ കഴിയും. ഉദാഹരണം മീരാബായ് തന്നെ. കൃഷ്ണന്റെ അടിയുറച്ച ഭക്ത. എന്നാല്‍ ഇതേ മീര തന്നെയാണ് രജപുത്ര  സിംഹാസനത്തിനെതിരെ സ്ത്രീ സ്വാതന്ത്ര്യത്തിനുവേണ്ടി നിലകൊണ്ടതും. സതിയാകാന്‍ ഞാനില്ല- മീര പ്രഖ്യാപിച്ചു. ഭര്‍ത്താവിന്റെ ചിതയില്‍ വിറകുകഷ്ണമായി എരിയാന്‍ താനില്ലെന്നായിരുന്നു മീരയുടെ ധീരമായ പ്രഖ്യാപനം. മുതിര്‍ന്നവരും കുടുംബത്തിലെ  കാരണവന്‍മാരുമൊക്കെ പറയുന്ന അടിമത്വത്തിന്റെ ലോകത്തില്‍ പ്രവേശിക്കാതെ സ്വാതന്ത്ര്യം കാത്തുസൂക്ഷിച്ച മീര ഒടുവില്‍ ജീവിതം അസഹനീയമായപ്പോള്‍ തെരുവിലേക്കിറങ്ങി, ഗ്രാമങ്ങള്‍ തോറും പാട്ടുപാടി നടക്കുന്ന ഗായികയായി സ്വാതന്ത്ര്യം പ്രഖ്യാപിച്ചു. 

കര്‍ണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ മഹാദേവിയുടെ കഥയും വ്യത്യസ്തമല്ല. പുരുഷ ലോകത്തിന്റെ ശാസനകള്‍ ധിക്കരിച്ച മഹാദേവി ഒടുവില്‍ വസ്ത്രങ്ങള്‍ പോലും പൂര്‍ണമായി ഉപേക്ഷിച്ചാണ് ലോകത്തിനു ‍ഞെട്ടല്‍ സമ്മാനിച്ചത്. അവരുടെ കവിതകളും സ്വാതന്ത്ര്യത്തെക്കുറിച്ചാണ്; സ്ത്രീ സ്വാതന്ത്ര്യത്തെക്കുറിച്ച്. 

ഇന്നാകട്ടെ പരിഷ്കൃത സമൂഹത്തില്‍ സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യസ്ഥാനം എന്നാണ് കരുതപ്പെടുന്നത്. പക്ഷേ, ഓണ്‍ലൈന്‍ ലോകത്തേക്ക് കടന്നാല്‍ കാണുന്നത് സ്ത്രീകള്‍ക്കെതിരെയുള്ള ഭീഷണിയും ചീത്തപറച്ചിലും ഒട്ടേറെ രീതികളിലുള്ള അടിച്ചമര്‍ത്തലുകളും. വ്യത്യസ്തമായ അഭിപ്രായം പറയുന്ന പെണ്‍കുട്ടികള്‍ക്കും യുവതികള്‍ക്കുമെല്ലാം ഭീഷണികള്‍ തന്നെയാണ് ലഭിക്കുന്നത്. ഒരു സിനിമയെ വിമര്‍ശിച്ചാല്‍പ്പോലും സ്ത്രീയാണെങ്കില്‍ അവര്‍ ആക്രമിക്കപ്പെടും എന്നതാണ് അവസ്ഥ. സമൂഹ മാധ്യമങ്ങളില്‍പ്പോലും സ്ത്രീകള്‍ സുരക്ഷിതരല്ല എന്നതാണ് അവസ്ഥ. പക്ഷേ, പേടിച്ചു മാറിനില്‍ക്കേണ്ടവരല്ല സ്ത്രീകള്‍. 

വിമര്‍ശിക്കപ്പെട്ടേക്കാം, ആക്ഷേപിക്കപ്പെട്ടേക്കാം, ട്രോളുകള്‍ക്ക് വിധേയരായേക്കാം. പക്ഷേ, ഒരുകാലത്ത് ദേവകി നിലയങ്ങോട് ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ പോരാട്ടത്തിന്റെ വീര്യം ഏറ്റെടുത്ത് സ്ത്രീകള്‍ ഇന്നും പോരാട്ടത്തിന് തയാറായേ പറ്റൂ. സ്ത്രീകള്‍ക്ക് അവരുടേതായ സ്ഥലം അനുവദിച്ചുകൊടുക്കാന്‍ പുരുഷന്‍മാരും തയാറാകണം. ഭീഷണികളില്‍നിന്നും ആക്ഷേപങ്ങളില്‍നിന്നും പരിഹാസത്തില്‍നിന്നും മറിനിന്ന് സ്ത്രീകളെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും മനസ്സിലാക്കാനും അംഗീകരിക്കാനും അവര്‍ക്കുള്ള സ്ഥലം അനുവദിച്ചുകൊടുക്കാനും പുരുഷന്‍മാരും തയാറാകണം- മനു എസ്.പിള്ള പറയുന്നു. 

English Summary : History Of Feminine Space

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA