ശസ്ത്രക്രിയയിൽ മാംസം മൂടാൻ അവർ മറന്നു, ‘അസ്ഥി വിരലി’ൽ പിഎച്ച്ഡി: യഥാർഥ ഹീറോ!
Mail This Article
‘അതിജീവനം...’ മാളവിക അയ്യരുടെ കാര്യത്തിൽ അത്രനിസാരത്തോടെ പ്രയോഗിക്കേണ്ട വാക്കല്ല അത്. കൈകളിലിരുന്ന് ഗ്രനേഡ് പൊട്ടിത്തെറിച്ചപ്പോൾ എന്താണു സംഭവിക്കുന്നതെന്നു മനസിലാകാതിരുന്ന കൗമാരക്കാരി. പിന്നീട് താണ്ടിയ വേദനാ പർവം. എല്ലാത്തിനും ഒടുവിൽ ഇന്ന് വിജയത്തിന്റെ വെന്നിക്കൊടി പാറിക്കുകയയാണ് മാളവിക,
13വയസായിരുന്നു അന്ന് മാളവികയുടെ പ്രായം. ബിക്കാനീറിലുണ്ടായ ഗ്രനേഡ് ആക്രമണത്തിലാണ് മാളവികയ്ക്ക് കൈകകൾ നഷ്ടമാകുന്നത്. തന്റെ ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ ശസ്ത്രക്രിയ നടത്തിയ ഡോക്ടർമാർക്കു പറ്റിയ അബദ്ധവും , അനുഭവിക്കേണ്ടി വന്ന വേദനയും പിന്നീട് അത് അദ്ഭുത വിരലായി മാറിയതിന്റെ അനുഭവവും സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കുകയാണ് മാളവിക.
‘ബോംബ് വീണ് എന്റെ കൈകൾക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. ജീവൻ രക്ഷിക്കാനുള്ള തിരക്കിൽ വലിയ സമ്മർദത്തിലായിരുന്നു ഡോക്ടര്‍മാർ. അങ്ങനെയാണ് വലതുകൈയ്ക്കു നടത്തിയ ശസ്ത്രക്രിയയിൽ അബദ്ധം പറ്റുന്നത്. ശസ്ത്രക്രിയയ്ക്കു ശേഷം മാംസം തുന്നിച്ചേർക്കാതെയാണ് അവർ വലതുകൈ വച്ചുകെട്ടിയത്. വേദനകൊണ്ട് പുളഞ്ഞ ഞാൻ മരണം നേരിൽ കണ്ട നിമിഷങ്ങളായിരുന്നു അത്. എന്നാൽ അദ്ഭുതം എന്നു പറയാം. വലതുകൈയിൽ വച്ചുകെട്ടിയ സ്റ്റമ്പിനൊപ്പം ഒരു അസ്ഥിയും ഉണ്ടായിരുന്നു. എന്നാൽ ഡോക്ടർമാർക്കു സംഭവിച്ച ആ കയ്യബദ്ധംകൊണ്ടാണ് ഞാനിപ്പോൾ പിഎച്ച്ഡി പൂർത്തിയാക്കിയത്. ‘അസ്ഥിവിരൽ’ എന്ന് അതിനെ സ്നേഹത്തോടെ വിളിക്കാനാണ് എനിക്കിപ്പോൾ ഇഷ്ടം. എനിക്കുള്ള ഈ ഒരു വിരൽ ഉപയോഗിച്ചാണ് പിഎച്ച്ഡി പ്രബന്ധം മുഴുവൻ ടൈപ്പ് ചെയ്തത്. ജീവിതം എത്ര കാർമേഘം നിറഞ്ഞതാണെങ്കിലും പ്രത്യാശയുടെ കിരണം എവിടെയെങ്കിലും കാണുമെന്ന് ഈ അനുഭവം പഠിപ്പിച്ചു.’– മാളവിക അയ്യർ പറഞ്ഞു.
നിങ്ങളാണ് യഥാർഥ ഹീറോ എന്നാണ് മാളവികയുടെ അനുഭവം കേട്ട സോഷ്യൽ മീഡിയയുടെ പ്രതികരണം. ഹ്യൂമൺസ് ഓഫ് മുംബൈ എന്ന ഫെയ്സ് ബുക്ക് പേജിലൂടെയും മാളവിക തന്റെ അനുഭവം മുൻപ് പങ്കുവച്ചിരുന്നു. ‘അന്ന് ഞങ്ങൾ താമസിച്ചിരുന്ന സ്ഥലത്ത് തീവ്രഇടതുപക്ഷക്കാർ ഒരു ആക്രമണം നടത്തി. ഇതിനിടെ ഒരു ഗ്രനേഡ് ഞങ്ങളുടെ താമസ സ്ഥലത്തും പതിച്ചു. എന്താണെന്നു മനസിലാകാതിരുന്ന ഞാൻ അത് കൈകൊണ്ടെടുക്കുകയും കയിലിരുന്ന് പൊട്ടിത്തെറിക്കുകയും ചെയ്തു. കൈപ്പത്തി പൂർണമായും നഷ്ടമായി. ഞരമ്പുകൾക്കും സാരമായി പരുക്കേറ്റു’– മാളവിക പറഞ്ഞു.
മാളവികയുടെ ജീവിതം ഒരു പാഠമാണ്. നിശ്ചയ ദാർഢ്യമുണ്ടെങ്കില്‍ ഉയരങ്ങളിലെത്താൻ ഒന്നും തടസമാകില്ലെന്ന് നമ്മെ ഓർമിപ്പിക്കുകയാണ് മാളവിക. യുഎനിൽ മാളവിക നടത്തിയ പ്രചോദനപരമായ പ്രസംഗം ഏറെ ശ്രദ്ധ നേടിയിരുന്നു. ലോകത്തിൽ തന്നെ അറിയപ്പെടുന്ന മോട്ടിവേഷനൽ സ്പീക്കറിൽ ഒരാളാണ് ഇന്ന് മാളവിക.
English Summary: Blast Survivor Got Her "Only Finger" After Surgery. Her Story