sections
MORE

കൊലപാതകിയായ അമ്മ ഉണ്ടാകുന്നത് എങ്ങനെ? കേൾക്കണം; സ്ത്രീകൾക്കു പറയാനുണ്ട്!

Saranya
SHARE

പത്ത് മാസം ചുമന്നു പെറ്റതിന്റെ അവകാശങ്ങളൊന്നും തങ്ങൾക്ക് വേണ്ടെന്നു ഇപ്പോൾ ഉറക്കെപ്പറയുന്നത് പുതിയ അമ്മമാർ തന്നെയാണ്. തങ്ങൾക്കുള്ളിൽ നിന്നും പുറത്തേക്ക് വന്ന പ്രാണനെ പൊന്നു പോലെ നോക്കുമെന്ന ഉറപ്പ് പോലും പഴയ അമ്മമാരെപ്പോലെ ഇവർക്ക് പറയാനില്ല. എന്നാൽ ഇത് സ്വാഭാവികമാണോ എന്ന ചോദ്യം സ്വയം അവരുടെയുള്ളിലും ഉയരുന്നുണ്ട്. മാതൃത്വത്തിന്റെ ആർജവവും മഹത്വവും ഇപ്പോഴും നിലച്ചു പോകാത്ത ഒരു തലമുറയാണ് ഇവരെ ചോദ്യം ചെയ്യുന്നതും. കാമുകനു വേണ്ടി സ്വന്തം കുഞ്ഞിനെ കൊല്ലുന്നത് എന്ത് മാനുഷികതയുടെ പുറത്താണെന്ന് ഇവർ ചോദിക്കുന്നു. കാമുകനൊപ്പം ജീവിക്കാൻ കൊച്ചു കുഞ്ഞിനെ വലിച്ചെറിഞ്ഞു കൊന്ന ആദ്യത്തെ അമ്മയല്ല ശരണ്യ എന്ന പെൺകുട്ടി. പലരിൽ ഒരാൾ മാത്രമാണ്. ഇതിനു മുൻപും ഈ വിഷയം ഒരുപാട് പേര് ചർച്ച ചെയ്തിട്ടും സംസാരിച്ചിട്ടുമുണ്ട്. പല രീതിയിൽ ഈ വിഷയത്തെ സമീപിച്ചിട്ടുമുണ്ട്. ഇവിടെ ഇതാ സമൂഹത്തിൽ പല ഇടങ്ങളിൽ നിൽക്കുന്നവർ ഈ വിഷയത്തിൽ പ്രതികരിക്കുന്നു.

മാതൃത്വത്തെ എങ്ങനെ സമീപിക്കണം എന്നതാണ് ഇവിടെ പ്രധാന ചർച്ചാ വിഷയമാകുന്നത്. പഴയ കാലം പോലെ മാതൃത്വം അത്ര മഹനീയമായി കാണേണ്ട ഒന്നല്ലെന്നു പുതിയ തലമുറയിലെ സ്ത്രീകൾ പറയുമ്പോൾ അതേമഹത്വത്തിൽ വിശ്വസിക്കുന്ന തലമുറ ഇവിടെ അവസാനിച്ചിട്ടുമില്ല. അതുകൊണ്ടു തന്നെ ശരണ്യ എന്ന പെൺകുട്ടി നടത്തിയ കൊലപാതകത്തിനും രണ്ടു തലമുണ്ട്. സോഷ്യൽ മീഡിയ ആക്ടിവിസ്റ്റുകൾ പ്രതികരിക്കുന്നു.

കോഴിക്കോടുകാരിയായ മാനസി എഴുത്തുകാരിയാണ്. മാനസി പറയുന്നത് ഇങ്ങനെയാണ്,

"ഭർത്താക്കന്മാരായ/അച്ഛന്മാരായ എന്റെ പ്രിയപ്പെട്ട ആൺസുഹൃത്തുക്കളോടാണ്. കണ്ണൂരിലെ പിഞ്ചു കുഞ്ഞിന്റെ മരണ വാർത്ത നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ടോ. കുഞ്ഞിന്റെ മരണകാരണത്തിനിടയായ അമ്മയോട് വെറുപ്പ് തോന്നുന്നുണ്ടോ?എങ്കിൽ എനിക്ക് ചിലത് പറയാനുണ്ട്. വർഷങ്ങൾക്കു ശേഷം ഗർഭിണിയായിരിക്കുന്ന സമയത്താണ് ഞാൻ വീണ്ടും വായനയിലേക്കും, എഴുത്തിലേക്കും തിരിച്ചെത്തുന്നത്. മടുപ്പിക്കുന്ന ബെഡ് റെസ്റ്റും, കടുത്ത ഏകാന്തതയും എന്നിലേൽപ്പിച്ച മടുപ്പ് മാറ്റുവാൻ വേണ്ടി ഞാൻ കണ്ടു പിടിച്ച വഴിയായിരുന്നു അത്. ഉറക്കമായിരുന്നു എന്റെ ഏറ്റവും വലിയ പ്രശ്നം. കുഞ്ഞ് മരിച്ചു പോകുന്നതും, ഓവുചാലിൽ വീണു കാണാതാവുന്നതും വീടിന്റെ ടെറസിൽ നിന്ന് താഴെ വീഴുന്നതുമൊക്കെയായി സ്വപ്നങ്ങൾ കണ്ട് ഞാൻ അലറി വിളിച്ചു. ഉറങ്ങാതെ രാത്രി മുഴുവൻ വായിച്ചിരുന്നു. പ്രിയപ്പെട്ടൊരാളുടെ സാമീപ്യത്തെ അതിയായി ആഗ്രഹിച്ചു. പക്ഷേ ഏകാന്തതയെ മാത്രമായിരുന്നു കൂട്ട് കിട്ടിയത്. ഉമ്മച്ചിയും കുടുംബക്കാരുമൊക്കെ ചുറ്റുമുണ്ടായിട്ടും ഞാൻ കടുത്ത വിഷാദത്തിലേക്ക് വീഴുക തന്നെ ചെയ്തു. കുഞ്ഞ് മാത്രമായൊരു ലോകത്ത് ഞാനും അവനും മാത്രമായി ദിവസങ്ങളോളം ചുരുണ്ടു കൂടി കിടന്നു. അവന്റെ വളർച്ചയോടൊപ്പം. ഗർഭപാത്രത്തിന്റെ വലുപ്പക്കുറവ് എന്നെ ആശുപത്രിയിലെ താമസക്കാരിയാക്കിയപ്പോൾ വിഷാദത്തിന്റെ തോത് കൂടുക തന്നെ ചെയ്തു. പങ്കാളിയുടെ സാമീപ്യം ഏറ്റവും കൂടുതൽ ആഗ്രഹിച്ച സമയമായിരുന്നു അത്. പക്ഷേ ഭാഗ്യമുണ്ടായില്ല. പ്രസവാനന്തരം മോനെന്ന ലോകത്ത് സന്തോഷിച്ച് കഴിയുന്നതിനിടയിൽ വാവയുടെ പിറന്നാൾ സമയത്ത് കയറി വന്ന പങ്കാളിയെ അപരിചിതനെയെന്ന പോലെ ഞാൻ നോക്കിയിരുന്നു.(അദ്ദേഹത്തിന്റെ സാഹചര്യങ്ങൾ എന്റെ നിഘണ്ടുവിലുണ്ടായിരുന്നില്ല.)

പല തവണ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു തുടങ്ങുമ്പോൾ മോന്റെ മുഖത്തേക്കു നോക്കും. കുറേ നേരം ഇരുന്നു കരയും. ഉമ്മച്ചിയടക്കമുള്ള എന്റെ കുടുംബക്കാർക്ക് എന്റെ പ്രശ്നമെന്താണെന്ന് മനസ്സിലായതേയില്ല. പങ്കാളിക്കും മനസ്സിലായില്ല. ഒരു കാലത്ത് ഞാൻ ആഗ്രഹിച്ചതൊന്നും ലഭിക്കാത്ത സമയത്ത് മറ്റൊരു ലോകം പണിതതു കൊണ്ടാവാം എനിക്കവിടെ മറ്റാരേയും കയറ്റാൻ കഴിഞ്ഞില്ല. പക്ഷേ, എന്നോട് പരിഗണന കാട്ടുന്നതിന്റെ കൂടെ വാവയെയും ചേർത്തു പിടിച്ച വരെ കുറച്ചു നിമിഷത്തേക്കെങ്കിലും വല്ലാത്തൊരു അഭിനിവേശത്തോടെ ഞാൻ ചേർത്തു പിടിക്കുക തന്നെ ചെയ്തു.

എന്റെ തോന്നലുകൾ, ഭയങ്ങൾ, ആശങ്കകൾ എല്ലാം ദിനം പ്രതി മാറിമറിയുകയും എന്നെ അലോസരപ്പെടുത്തുകയും ചെയ്തപ്പോൾ ആ നശിച്ച ഏകാന്തതയിൽ നിന്ന് പുറത്തു വരാൻ ഞാൻ തീരുമാനിച്ചു. പക്ഷെ എളുപ്പമായിരുന്നില്ല. കരഞ്ഞും, നിലവിളിച്ചും ഞാൻ പഴയതു പോലേയാകാൻ ശ്രമിച്ചു പരാജയപ്പെട്ടു. കുഞ്ഞാകുന്നതിനു മുമ്പുള്ള എന്നെയും കുഞ്ഞായതിനു ശേഷമുള്ള എന്നെയും കണ്ട് പങ്കാളി പകച്ചു നിന്നു. പഴയ ഞാനായില്ലെങ്കിലും രണ്ടിനുമിടയിലുള്ള പുതിയ ഞാനായി ഞാൻ മാറിപ്പോയി. ഒരു പക്ഷെ ഗർഭകാലത്ത് ഞാൻ തേടിയ പരിഗണന എനിക്ക് ലഭിച്ചിരുന്നെങ്കിൽ ഇത്രമേൽ വിഷാദത്തിന് ഞാൻ അടിമപ്പെട്ടു പോകില്ലായിരുന്നു. ഇന്നും ആത്മഹത്യ ചോദ്യ ചിഹ്നമാകുമ്പോൾ കുഞ്ഞാവയുടെ വയറിൽ മുഖം വച്ചു ഞാൻ കിടക്കും. എനിക്ക് ഇക്കിളിയാകുന്നെടാ എന്ന് പറഞ്ഞ് അവൻ ചിരിക്കുമ്പോൾ ഞാൻ നോർമലാകും. ചികിത്സ കൊണ്ടു കാര്യമുണ്ടോ എന്നു ചോദിച്ചാൽ എനിക്കറിയില്ല. തേടിപ്പോയ ഇടത്തൊന്നും എനിക്ക് കംഫർട്ടബിളായ സൊല്യൂഷൻ കിട്ടിയിട്ടില്ല. പലർക്കും എന്താണ് എന്റെ പ്രശ്നമെന്ന് പോലും മനസ്സിലായില്ല. എല്ലാർക്കും മനസ്സിലായ ഒരേയൊരു കാര്യം കുഞ്ഞ് മാത്രമാണ് എന്റെ ലോകമെന്നതാണ്.

മുകളിൽ പറഞ്ഞ കാര്യങ്ങൾ ആർക്കെങ്കിലും മനസ്സിലായോ എന്നെനിക്കറിയില്ല കൂടുതൽ എഴുതി പ്രതിഫലിപ്പിക്കാൻ പോലും പറ്റുന്നില്ല എന്നതാണ് സത്യം. എനിക്ക് എന്റെ കുഞ്ഞിനോട് സ്നേഹം തോന്നിയത് പോലെ എല്ലാവർക്കും തോന്നണമെന്നില്ല. കുഞ്ഞുണ്ടാകുന്ന കാലം വരെ അനുഭവിച്ച നല്ല ജീവിതം കുഞ്ഞായപ്പോൾ നഷ്ടപ്പെടാൻ തുടങ്ങിയാൽ കുഞ്ഞിനെ കൊന്നുകളയാൻ പോലും ചിന്തിച്ചു പോകുന്നവരുണ്ട്. അവസാനമായി ഒന്നേ പറയാൻ തോന്നുന്നുള്ളൂ. അമ്മയാകാൻ ഒരുങ്ങുന്നവളെ ഒരു തരത്തിലും, ഒരു കാരണം കൊണ്ടും ഒറ്റപ്പെടുത്തരുത്. ഒരു കുഞ്ഞിനേയെന്ന പോലെ അവളെ പരിഗണിക്കുക. അല്ലാത്തപക്ഷം അത് വരെ നിങ്ങൾ കൊടുത്ത എല്ലാ പരിഗണയും, സ്നേഹവും ഈയൊരു കാരണത്താൽ അവൾ റദ്ദ് ചെയ്തേക്കാം. സാമീപ്യത്തോളം വലിയ സ്വാന്തനമില്ല. ദയവായി തിരിച്ചറിയൂ. ശരണ്യയുടെ മാനസികാവസ്ഥ എന്തായിരുന്നു എന്നെനിക്കറിയില്ല. ഇതിവിടെ പറയണമെന്ന് മാത്രം തോന്നി"

ധന്യ മോഹൻ പറയുന്നു...

"ആ പെൺകുട്ടി ചെയ്തത് തെറ്റാണ്, ആ തെറ്റിന് ശിക്ഷ കൊടുക്കണം പക്ഷേ അവളുടെ ആ ശൂന്യമായ മുഖം തന്നെ പറയും എന്തോ എവിടെയോ പ്രശ്നമെന്ന്, പലർക്കും പോസ്റ്റുപാർട്ടം ഡിപ്രെഷൻ അറിയാമായിരിക്കും pp എന്ന പോസ്റ്റുപാർട്ടം സൈക്കോസിസ് എത്രപേർക്ക് മനസിലാവും, മരുന്ന് വേണ്ടതായ, കിടത്തി ചികിത്സ വേണ്ടതായ ഒരു അവസ്ഥ ആണെന്ന് .ഒരിക്കൽ ഒരു മെഡിക്കൽ ജേർണൽ വായിച്ച വരികൾ ഇവിടെ ഇടുന്നു - risk factors related to PP were younger age, lower per capita income, perinatal and neonatal complications, and absence of husband in peripartum ഫേസ്- ഇതിന്റെ തിയറി ആണേലും ഇത് പലതും അവരിൽ ശരിയാണ്. നമ്മൾ പറയില്ലേ everything is fair in love and war,ഇവിടെ വേറെ ഒരാളോട് പ്രണയം തോന്നുന്നു, ആ ജീവിതം വേണമെന്ന് കൊതിക്കുന്നു , ഒരു പക്ഷെ ഭർത്താവിനെക്കാളും ബെറ്റർ ആണെന്ന് അവർക്കു തോന്നിയിരിക്കാം (ഇങ്ങനെ ഇരിക്കുമ്പോൾ അക്കര പച്ച ), അങ്ങനേ ഇരിക്കെ കാമുകൻ കല്യാണം കഴിക്കാൻ പോകുന്നു എന്ന് കേട്ടപ്പോൾ സമനില തെറ്റിയിരിക്കാം , ഡിപ്രെഷൻ ആണെന്ന് പോലും അയൽക്കാർ അറിഞ്ഞാൽ, ഭ്രാന്ത് എന്നത് തലമുറകളോളം പിന്തുടരുന്ന ശാപമാണെന്നു വീട്ടുകാർ ഭയന്നിരിക്കാം, ഒരല്‍പം മനസികവിഭ്രാന്തി കിട്ടിയതിന്റെ പേരിൽ ജീവിതകാലം മുഴുവൻ ഭ്രാന്തിന്റെ ലേബലിൽ തളച്ചിടപ്പെടുന്ന ജീവിതങ്ങൾ മുന്നിലുണ്ടല്ലോ എത്ര പുരോഗമനം പറഞ്ഞാലും ഇതൊക്കെ ഒരു കല്യാണം ആലോചിച്ചു തുടങ്ങുമ്പോൾ ആൾക്കാർ പ്രചരിപ്പിക്കും , മതിയായ സമയത്തെ ചികിത്സ നിഷേധം മുതൽ ചിലപ്പോൾ ഒക്കെ ഉണ്ടായ verbal abuse വരെ ഈ കുട്ടിയെ കൊണ്ട് ഇങ്ങനൊരു പാതകം ചെയ്യിപ്പിച്ചിതാവില്ലേ അവർക്ക് ശിക്ഷ കൊടുക്കണം, അതോടൊപ്പം ട്രീറ്റ്മെന്റും കൊടുക്കണം,അതോടൊപ്പം. സർക്കാർ മുൻകൈ എടുത്ത് കുടുംബങ്ങളിൽ അവബോധം വളർത്തി എടുക്കണം. ഗർഭിണിയുടെയും കുഞ്ഞിന്റെയും മാനസിക ആരോഗ്യവും ശ്രദ്ധയിൽ കൊണ്ടുവരണം ആശ വർക്കർ അങ്കണവാടികൾ ഇവയെ ഒക്കെ ഇത്തരത്തിൽ ഉപയോഗപ്പെടുത്തി എടുക്കാം , ചികിത്സ വേണ്ടവർക്ക് വഴി കാട്ടി ആവാം."

ശ്രീദേവി എഴുതുന്നു, 

"എനിക്ക് ആ അമ്മയെ ന്യായികരിക്കാൻ പറ്റില്ല എത്ര ഡിപ്രെഷൻ സ്റ്റേജിൽ ആണേലും. കുഞ്ഞുങ്ങൾ ഇല്ലാത്ത എത്രയോ സ്ത്രീകൾ ഈ ലോകത്ത് ജീവിക്കുന്നുണ്ട്, മരുന്നും മന്ത്രവും ഇഞ്ചക്ഷന്റെ വേദനയുമായി. കൂടുതൽ പറയുവാൻ ആവുന്നില്ല"

കവിത എം കെ പറയുന്നു,

"അനുഭവങ്ങളുടെ പൊള്ളുന്ന ഓർമകളുടെ വെളിച്ചത്തിൽ പറയുന്നത്. പോസ്റ്റ്‌ പാർട്ടം വന്ന കുറച്ചുപേരെ നേരിട്ടറിയാം അവർ വീടിനുള്ളിൽ വച്ച് തന്നെ കുട്ടിയെ ഉപദ്രവിക്കാൻ ശ്രമം നടത്തിട്ടിട്ടുണ്ട്. അവർ ഒരിക്കലും പ്ലാൻ ചെയ്തു കുട്ടിയെ ഉപദ്രവിക്കാൻ ശ്രമിച്ചതായി കണ്ടിട്ടില്ല. ഒറ്റ തോന്നൽ അതങ്ങ് ചെയ്യും. അത് മാത്രമല്ല അവർ വല്ലാത്ത വിഷാദാമൂകരും ആയിരുന്നു. ആരോടും സംസാരിക്കാൻ താൽപര്യപെട്ടില്ല.

നിഷ പി  പറയുന്നു, 

"എത്ര സിംപിളായാണല്ലേ ഒരു കൊലപാതകത്തിന് ന്യായീകരണമായി പോസ്റ്റ് പാർട്ടം ഡിപ്രെഷൻനെയെടുത്തു ഓരോരുത്തർ അമ്മാനമാടുന്നത്! സ്വന്തം പാണ്ഡിത്യം വെളിപ്പെടുത്താൻ നോക്കുന്ന ചിലർ, എനിക്കുമുണ്ടായിരുന്നു പ്രസവാനന്തര ഡിപ്രഷൻ എന്നിട്ടും കുഞ്ഞുങ്ങളെ കൊല്ലാത്ത മഹതിയായ ഞാൻ ഇവരോട് ഐക്യപ്പെടുന്നു എന്ന് സ്ഥാപിക്കുന്ന ചിലർ. PPD എന്നത് നിങ്ങളൂഹിക്കുന്ന ചില ലക്ഷണങ്ങൾ കാണിക്കുന്ന അവസ്ഥയാണ് എന്നൊക്കെ പറയുന്നതിനു മുൻപ് അല്‍പമൊന്നു ഗൂഗിൾ ചെയ്യാന്‍ കനിവുണ്ടാകണം. Maternal filicide ആണ് ഇവിടെ നടന്നിരിക്കുന്നത്. 12 മാസത്തിനു മുൻപുള്ള കുട്ടികളുടെ കൊലപാതകത്തെ infanticide എന്നാണു പറയുക. അതിരൂക്ഷമായ പോസ്റ്റുപാർട്ടം ൈസക്കോസിസ് കേസുകളിൽ പോലും ആത്മഹത്യയും കുഞ്ഞിനെ കൊലപ്പെടുത്തുന്നതുമൊക്കെ കൂടുതലും post-natal കാലഘട്ടത്തിലാണ് (4 മാസം). അതിൽ ആ സ്ത്രീ സൈക്കോസിസിന്റെ മറ്റു ലക്ഷണങ്ങൾ കാട്ടുകയും, മുൻപ് തന്നെ കുട്ടിയെ ഉപദ്രവിക്കുകയോ ഒക്കെ ചെയ്യുകയും ചെയ്യുമെന്ന് NiH റിസേർച്ചുകളിൽ പറയുന്നു.

ഒന്നര വയസ്സ് (18 മാസം) ആയ കുട്ടിയെ, അതും അവനെ നോക്കാൻ അവന്റെ മുത്തശ്ശനും മുത്തശ്ശിയും ഉള്ളപ്പോൾ, ഒളിച്ചോടാൻ തയാറായി ഒരു കാമുകനെ റെഡിയാക്കി വച്ചശേഷം, ദാരുണമായി കൊന്ന്, കൃത്യമായി പോലീസിനെ വഴിതെറ്റിക്കാൻ പാകത്തിനു തെളിവും കഥയും തയാറാക്കിയ ഒരു സ്ത്രീ മാത്രമാണ് ശരണ്യ. അവൾക്കൊരൊറ്റ മനസികപ്രശ്നം മാത്രമേയുള്ളൂ. Narcissistic personality disorder.

പ്രസവാനന്തര ഹോർമോൺ വേലിയിറക്കങ്ങളിൽപ്പെട്ട് സ്വബോധം തന്നെ പാതിനഷ്ടപ്പെട്ട നിരപരാധികളായ സ്ത്രീകളെ സമൂഹത്തിനു മുന്നിൽ സംശയത്തിന്റെ മുൾമുനയിൽ നിർത്താൻ മാത്രമേ നിങ്ങളുടെ "ശരണ്യ പാവാട" നാടകങ്ങൾ ഉപകരിക്കൂ. കൊച്ചുകുഞ്ഞിനെ മടിയിൽ വച്ച് ഉറക്കമില്ലാതെ കരയുന്ന അമ്മമാരോട് "ഡിപ്രെഷൻ മൂത്തു നീ കുഞ്ഞിനെ കൊന്നെങ്ങാനും കളയുമോ" എന്നാരെങ്കിലും ചോദിച്ചാൽ... ആ അമ്മയുടെ മനസ്സ് തകർന്ന് മണ്ണടിയുമ്പോൾ ഉയരുന്ന ഓരോ തേങ്ങലുകൾക്കും നിങ്ങളാവും ഉത്തരവാദിയെന്നോർത്തുകൊള്ളുക."

നീതു പോൾസൺ പറയുന്നു,

"എനിക്ക് അവരെ ന്യായീകരിക്കാൻ ആവില്ല...പ്രാർത്ഥനയും നേർച്ചയും ആയി നടന്നാണ് എന്റെ രണ്ടു മക്കളെ കിട്ടിയത്. അവരെ ആരുടെ അടുത്തും ഏൽപ്പിക്കാൻ എനിക്ക് തോന്നില്ല. എന്നേ പോലെ ആരും അവരെ നോക്കില്ലന്ന് ഞാൻ വിശ്വസിക്കുന്നു.വഴക്കുപറയുകയും അടിക്കുകയും എല്ലാം ചെയ്യാറുണ്ട്. പക്ഷേ, അവർക്ക് ഓടി വരാനും കെട്ടിപ്പിടിക്കാനും ഞങ്ങളു മാത്രമേ ഉള്ളുവെന്ന് മനസ്സിൽ എപ്പോഴും ഉണ്ട്. വയ്യ. ഒന്നിന്റെ പേരിലും അവരെ ന്യായീകരിക്കാൻ"

സജിത ആദിയാമി എഴുതുന്നു,

‌‌"എനിക്ക് സിസേറിയൻ ആയിരുന്നു രണ്ടും.. പോസ്റ്റ് ഡെലിവറി പ്രോബ്ലങ്ങൾ ഉള്ളതായി സ്വയം തോന്നിയിട്ടുണ്ട്. ഒറ്റപ്പെട്ടു എന്നും ആരുമില്ല എന്നും കെയറിങ് ഇല്ല എന്നുമൊക്കെ എപ്പോഴും തോന്നാറുണ്ട് ...പീരിയഡ്‌സ് പ്രശ്നങ്ങളുണ്ട് ഹോർമോൺ വ്യതിയാനങ്ങളുമുണ്ട്. വൈദ്യ സഹായം ആവശ്യമായി വന്നിട്ടുണ്ട്.

ഇതിനൊക്കെപുറമെ ദേഷ്യം എന്നൊരു വികാരത്തെ ഒരൽപം പോലും നിയന്ത്രിക്കാനാവാതെ ഏറെ പ്രിയപ്പെട്ടവർക്കുപോലും ഭ്രാന്ത്‌ ഉണ്ടോ ഇവൾക്ക് എന്നുപോലും തോന്നിപ്പിക്കുന്ന സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കുട്ടികളോടു ദേഷ്യപ്പെടാറുണ്ട്. മോനെ വേദനിപ്പിക്കാറുമുണ്ട് മാത്രമല്ല ഈയിടെ ആത്മഹത്യ ചെയ്താലോ എന്നുവരെ ചിന്തിച്ചിട്ടുണ്ട്.എല്ലാം ഡെലിവറിക്ക് ശേഷം വന്നിട്ടുള്ള മാറ്റങ്ങൾ തന്നെയാണ്. ശരീരത്തിനും മനസ്സിനും. എന്നിട്ടും കൂടെയുള്ള ആളോടു പോലും "ആ ഭ്രാന്ത്"തോന്നിയിട്ടില്ല. പുറത്തുനിന്നുള്ള ശരിയല്ല എന്നുതോന്നുന്ന ഒരു റിലേഷനും പ്രോത്സാഹിപ്പിക്കാറില്ല. എല്ലാറ്റിനുമപ്പുറം നമ്മളീ ലോകം കാണിച്ച മക്കളെ ഇല്ലാണ്ടാക്കണമെന്നും. എനിക്ക് മാത്രമല്ല ഏറെക്കുറെ പല സ്ത്രീകളും ഇങ്ങനെയൊക്കെയാണ്. അവളെയൊക്കെ ന്യായീകരിക്കുന്ന ചിലരുണ്ടല്ലോ അവരോട് പുച്ഛം ആ കുരുന്നിനു പ്രണാമം.

English Summary: Women Reaction On Child Murder

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN FEATURES
SHOW MORE
FROM ONMANORAMA