‘തിയറ്റർ അടപ്പിച്ചു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ പൂട്ടിച്ചു; ഡോ. ഗിരിജയുടേത് സിനിമയാക്കേണ്ട ജീവിതം’
Mail This Article
ജീവിക്കാൻ സമ്മതിക്കുന്നില്ല, തിയറ്ററിനു നേരെ ആക്രമണം, തിയറ്ററുടമ ഡോ ഗിരിജയുടെ ദുരിതമാണ് കഴിഞ്ഞ ദിവസം മലയാളികൾ കണ്ടത്. അഞ്ചു വർഷമായി അനുഭവിച്ചുപോരുന്ന പ്രശ്നങ്ങൾക്ക് ഇനിയും അവസാനമില്ല. പരാതികൾക്കു ഫലവുമില്ല. സമൂഹമാധ്യമം വഴിയും നേരിട്ടും ടിക്കറ്റുകൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയതോടെയാണ് പ്രശ്നങ്ങൾ രൂക്ഷമായത്. തിയേറ്ററുടമ ഡോ. ഗിരിജയുടെ അവസ്ഥയെക്കുറിച്ച് സമൂഹമാധ്യമത്തിൽ പ്രിയ കിരൺ പങ്കുവച്ച കുറിപ്പ് ചർച്ചയാവുന്നു.
തന്റെ സ്കൂളിൽ പഠിച്ചിരുന്നത് ഗിരിജാ തിയേറ്റർ ഉടമയുടെ മക്കളായിരുന്നെന്ന് അന്ന് ആരും അറിഞ്ഞിരുന്നില്ലെന്നും. പരിഹാസങ്ങളും ഒറ്റപ്പെടുത്തലും ഒഴിവാക്കാനായി ആ കാര്യം കുട്ടികൾ മറച്ചുവെക്കുകയായിരുന്നുവെന്നും കുറിപ്പില്‍ പറയുന്നു. അച്ഛന്റെ മരണശേഷം സ്ഥലവും തിയറ്ററും നശിക്കാൻ അനുവദിക്കാതെ മുന്നോട്ടു വന്നു ഒറ്റയ്ക്കു നടത്തിയ ആളാണ് ഡോ.ഗിരിജ.
‘‘കേരളത്തിൽ റോൾ മോഡലാക്കാനോ, ഉപദേശം ചോദിക്കാനോ മറ്റൊരു സ്ത്രീ പോലും തിയറ്റർ ബിസിനസിൽ ഇല്ലാതിരുന്ന കാലത്താണ്, ഗിരിജ തിയറ്റർ നവീകരിച്ച് ഒരു ഫാമിലി തിയറ്റർ ആക്കാൻ അവർ തീരുമാനിച്ചതും അത് നടപ്പാക്കിയതും. സ്റ്റേഡിയം സിറ്റിങ്, റിക്ലൈനർ സീറ്റ് തുടങ്ങിയവ തൃശൂരിൽ ആദ്യമായി കൊണ്ട് വന്നത് ഡോക്ടർ ഗിരിജ പുതുക്കിയെടുത്ത ഗിരിജ തിയറ്ററിലാണ്. ജനപ്രിയസിനിമകൾ പ്രദർശിപ്പിച്ചു തൃശൂരിലെ ഒരു ഫാമിലി തിയറ്റർ ആക്കി ഗിരിജാ തിയറ്ററിനെ മാറ്റിയെടുത്ത ഡോ. ഗിരിജയുടെ കഠിനാധ്വാനവും പോരാട്ടവീര്യവും ആരെങ്കിലും ഒരു സിനിമയാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാറുണ്ട്’’ പ്രിയ എഴുതുന്നു. വനിതാ മതിൽ കെട്ടിയ സർക്കാറിന്റെ ഭരണകാലത്ത് ഒരു വനിതാസംരംഭകയ്ക്ക് ജീവിക്കാൻ ചാനലിനു മുന്നിൽ വന്നു കരയേണ്ട ഗതികേട് ആണോ എന്നും പോസ്റ്റില്‍ ചോദിക്കുന്നു.
Read also: തലപിടിച്ച് ഇടിച്ചു കരയിക്കാനുള്ളതല്ല നവവധുക്കൾ!
പ്രിയ കിരണിന്റെ പോസ്റ്റിൽനിന്ന്;
എന്റെ സ്കൂൾ കാലഘട്ടത്തിൽ, തൃശൂർ പരിസരത്ത് ഒരാളെ പൊതുജനമധ്യത്തിൽ സംഭ്രമിപ്പിക്കാൻ ഏറ്റവും പെട്ടെന്ന് ആർക്കും പറയാവുന്നൊരു കാര്യമായിരുന്നു “ഏയ്, ഇന്നലെ ഞാൻ ബസ്സിലിരിക്കുമ്പോൾ നിങ്ങളെ ഗിരിജ തിയറ്ററിന്റെ അടുത്ത് കണ്ടല്ലോ” എന്ന്.
ഗിരിജ തിയറ്ററിൽ അന്നൊക്കെ ബി ഗ്രേഡ് സിനിമകൾ മാത്രമാണ്. പുരുഷന്മാർ മുഖം മറച്ചും സ്ത്രീകൾ തീർത്തും ഒഴിവാക്കിയും പോവുന്ന ആ ഗിരിജ തിയറ്റർ ഉടമയ്ക്ക് രണ്ടു പെൺകുട്ടികളാണെന്നും, അതിൽ ഇളയ ആൾ എന്റെ സ്കൂളിൽ തന്നെ പഠിക്കുന്നുണ്ടെന്നും അന്നെനിക്കറിയില്ലായിരുന്നു. സമൂഹത്തിന്റെ പരിഹാസവും ഒറ്റപ്പെടുത്തലും ഒഴിവാക്കാനായി അവർ ഗിരിജ തിയറ്ററുമായുള്ള ബന്ധം ആരോടും പറയാറില്ലെന്നു മാത്രമല്ല, അതിലെ മൂത്ത ആൾ - ഡോക്ടർ ഗിരിജ- പ്രഫഷനൽ കോഴ്സിന് ചേർന്നപ്പോൾ, കേരളത്തിനു പുറത്തൊരു കോളജ് തിരഞ്ഞെടുക്കാൻ കാരണവും ആരും തന്നെ തിരിച്ചറിയരുത് എന്ന് വിചാരിച്ചിട്ട് കൂടിയായിരുന്നു.
അച്ഛൻ മരിച്ചപ്പോൾ, നഗരമധ്യത്തിലെ തിയറ്റർ വിൽക്കാനോ കല്യാണ ഓഡിറ്റോറിയം ആക്കാനോ ഡോ. ഗിരിജ ശ്രമിക്കുന്നെന്ന് വാർത്തകൾ വന്നു.
ഇന്റിമേറ്റ് സീനുകളുള്ള സിനിമകൾ പ്രദർശിപ്പിക്കപ്പെട്ടിരുന്നെന്ന അപരാധം മൂലം, ആ സ്ഥലവും തയറ്ററും വിറ്റു പോയില്ല.
അപമാനങ്ങളിൽനിന്ന് ഓടിയൊളിച്ച്, തീർത്തും വ്യത്യസ്തമായ ഒരു കരിയറിലൂടെ ജീവിച്ച്, ഈ കറയിൽ നിന്നൊക്കെ മാറി നിൽക്കാം എന്ന് ജീവിതത്തെപ്പറ്റി തീരുമാനമെടുത്തിരുന്ന ഒരു പെൺകുട്ടിക്ക് അപ്പോൾ രണ്ടു ചോയിസുകളുണ്ടാവുന്നു- ഒന്ന്, അത്രയും സ്ഥലവും കെട്ടിടവും കാടും പടലും കയറി നശിക്കാൻ വിട്ട് അതിനെപ്പറ്റി ദുഃഖിച്ചും പരിതപിച്ചും അമ്മയ്ക്കും അനിയത്തിക്കുമൊപ്പം സാമ്പത്തികഞെരുക്കങ്ങൾ ഉള്ള ഒരു പെൺകുട്ടിയായി കരഞ്ഞു ജീവിക്കാം, രണ്ട്- ജീവിതത്തിനു ചുമൽ കാണിച്ചു കൊടുക്കുന്നൊരു സ്ത്രീയായി വളരാം.
ഡോക്ടർ ഗിരിജ തിരഞ്ഞെടുത്തത്, രണ്ടാമത്തെ മാർഗമായിരുന്നു. കേരളത്തിൽ റോൾ മോഡലാക്കാനോ ഉപദേശം ചോദിക്കാനോ മറ്റൊരു സ്ത്രീ പോലും തിയറ്റർ ബിസിനസിൽ ഇല്ലാതിരുന്ന കാലത്താണ് ഗിരിജ തിയറ്റർ നവീകരിച്ച് ഫാമിലി തിയറ്റർ ആക്കാൻ അവർ തീരുമാനിച്ചതും, അത് നടപ്പാക്കിയതും. സ്റ്റേഡിയം സിറ്റിങ്, റിക്ലൈനർ സീറ്റ് തുടങ്ങിയവ തൃശൂരിൽ ആദ്യമായി വന്നത് ഡോക്ടർ ഗിരിജ പുതുക്കിയെടുത്ത ഗിരിജ തിയറ്ററിലാണ്.
അച്ഛന്റെ മരണശേഷം, മസാല സിനിമകളുടെ പ്രദർശനം നിർത്തിയപ്പോൾ, കുറെ കാലമായി പൂട്ടിക്കിടന്ന തിയറ്ററിലേക്കുള്ള ഫർണിചർ മുതൽ പ്രൊജക്ടർ വരെ, പെയിന്റ് അടിക്കൽ മുതൽ ഡിസ്‌ട്രിബ്യൂട്ടേഴ്സിനെ കാണൽ വരെ, ഒറ്റയ്ക്ക് ഏറ്റെടുത്തു, ഒടുക്കം ട്വന്റി ട്വന്റി, പ്രേമം തുടങ്ങിയ ജനപ്രിയ സിനിമകൾ അവിടെ പ്രദർശിപ്പിച്ചു വിജയിപ്പിച്ചു ഗിരിജയെ തൃശൂരിലെ ഒരു ഫാമിലി തിയറ്റർ ആക്കി മാറ്റിയെടുത്ത ഡോക്ടർ ഗിരിജയുടെ കഠിനാധ്വാനവും ഫൈറ്റിങ് സ്പിരിറ്റും ആരെങ്കിലും ഒരു സിനിമയാക്കിയിരുന്നെങ്കിൽ എന്ന് ഞാൻ എന്നും ആഗ്രഹിക്കാറുണ്ട്.
പക്ഷെ, മുട്ടി നിൽക്കുന്നത് വമ്പന്മാരോടാകയാൽ, ഭീഷണികളുടെയും ഒറ്റപ്പെടുത്തലുകളുടെയും പേരിൽ അവർ എന്നും ന്യൂസിലുണ്ടായിരുന്നു. തൃശൂരിലെ തന്നെ പ്രമുഖ തിയറ്റർ ഉടമകൾ അവർക്കു സിനിമകളുടെ പ്രദർശനാവകാശം കിട്ടുന്നത് തടയാൻ ശ്രമിച്ചതും, കോവിഡ് കാലത്തു, ജീവനക്കാർക്ക് കോവിഡ് ആണെന്ന വ്യാജപ്രചരണം മൂലം തിയറ്റർ അടയ്ക്കേണ്ടി വന്നതും, ഇപ്പോളിതാ അവരുടെ എഫ്ബി, ഇൻസ്റ്റഗ്രാം പേജുകളൊക്കെ പൂട്ടി പോവുന്നത് മൂലം, പ്രദർശിപ്പിക്കുന്ന സിനിമകളുടെ വിവരങ്ങൾ ആളുകളിലെത്താത്തതും ബുക്കിങ തടയപ്പെടുന്നതും..
വനിതാ മതിൽ കെട്ടിയ സർക്കാരിന്റെ ഭരണകാലത്തും, ഉന്നത വിദ്യാഭ്യാസവും ആരോഗ്യവുമടക്കം വനിതാ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന സർക്കാരിന്റെ കാലത്തും, അടിസ്ഥാനനീതി കിട്ടാൻ, ബുള്ളിയിങ്ങിൽ നിന്ന് രക്ഷപ്പെടാൻ, ഒരു സ്ത്രീസംരഭകയ്ക്ക് ചാനലിൽ വന്നു കരയേണ്ടതുണ്ടോ? പാലക്കാടു കല്യാണത്തിന് വധൂവരന്മാരുടെ തല മുട്ടിച്ചതിനു സ്വമേധയാ കേസെടുത്ത വനിതാ കമ്മിഷൻ, ഇപ്പോൾ ഏതു സദ്യയുണ്ണുന്ന തിരക്കിലാണ്? അറിയില്ല. കേരളത്തിലെ, തൃശൂരിലെ സിനിമാപ്രേക്ഷരെങ്കിലും ഡോക്ടർ ഗിരിജയോടൊപ്പം നിന്നിരുന്നെങ്കിൽ എന്ന് മാത്രം ആഗ്രഹിക്കുന്നു.
Content Summary: Girija Theater Owner Crisis in Thrissur- fb post