ലിംഗസമത്വം ഇനിയുമകലെ: 90% സ്ത്രീകളും ഇന്നും അവഗണനയുടെ നിഴലിൽ

women-equality
Representative image. Photo Credit:Tunatura/istockphoto.com
SHARE

നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും സ്ത്രീകൾ ഇന്നും സമത്വത്തിന് വേണ്ടി പോരാടിക്കൊണ്ടിരിക്കുന്ന അവസ്ഥ. അടിസ്ഥാന മേഖലകളിൽ എത്ര കണ്ട് പുരോഗതിയുണ്ടായിട്ടും ലിംഗസമത്വം ഇനിയും അകലെയാണ്. ഇത് അടിവരയിട്ടുറപ്പിക്കുകയാണ് ഐക്യരാഷ്ട്രസഭയുടെ ജെൻഡർ സോഷ്യൽ നോംസ് ഇൻഡക്സ് 2023-ലെ റിപ്പോർട്ടിൽ നിന്നുള്ള കണ്ടെത്തലുകൾ. ഈ റിപ്പോർട്ടിന്റെ സ്ഥിതിവിവരക്കണക്കുകളിൽ ഒന്ന്, സർവേയിൽ പങ്കെടുത്ത 46 ശതമാനം ആളുകളും സ്ത്രീകളേക്കാൾ പുരുഷന്മാർക്ക് ജോലിക്ക് കൂടുതൽ അവകാശമുണ്ടെന്നാണ് പറഞ്ഞത്. ഇതിൽ നിന്നും തുല്യത കൈവരിക്കാൻ നമ്മൾ ഇനിയും എത്ര ദൂരം പോകണമെന്നതിന്റെ ഏറ്റവും വലിയ തെളിവാകുകയാണ് ഈ പുതിയ റിപ്പോർട്ട്. 

ജിഎസ്എൻഐയുടെയും ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡക്സിന്റെയും (എച്ച്ഡിഐ) സമീപകാല കണ്ടെത്തലുകൾ സ്ത്രീകളുടെ വിദ്യാഭ്യാസ അവസരങ്ങളും അവരുടെ സാമ്പത്തിക ശാക്തീകരണവും തമ്മിൽ വലിയ അന്തരമുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്. നിലവിൽ, സ്ത്രീകളും പുരുഷന്മാരും തമ്മിലുള്ള ശരാശരി വരുമാനത്തിലെ അസമത്വം വിദ്യാഭ്യാസ നിലവാരത്തിലെ വ്യത്യാസങ്ങളേക്കാൾ നിലവിലുള്ള ലിംഗ മാനദണ്ഡങ്ങളുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. ലിംഗ സമത്വമില്ലാത്ത രാജ്യങ്ങളിൽ സ്ത്രീകൾ പുരുഷൻമാരേക്കാൾ വീട്ടുജോലികൾക്കും കുടുംബ പരിചരണത്തിനും ആറിരട്ടിവരെ സമയം അധികം ചെലവഴിക്കുന്നുണ്ടത്രേ. 

Read also: ' ഇടയ്ക്കിടെ അവധിയെടുക്കുക, ജോലി ഉപേക്ഷിക്കുന്നതിനെക്കുറിച്ചു ചിന്തിക്കുക'; വില്ലനായി മാനസിക സംഘർഷം

നൂറ്റാണ്ടുകളായി, ഒരു സ്ത്രീക്ക് അവളുടെ കുടുംബത്തിൽ നിന്നും സാമൂഹികമായി ഒരു കുട്ടിയായിരിക്കെ ലഭിക്കുന്ന സന്ദേശങ്ങൾ, കർത്തവ്യനിഷ്ഠയുള്ള ഭാര്യയും കരുതലുള്ള അമ്മയും ആകാൻ തയ്യാറാവുക എന്നതാണ്. അതേസമയം, അവളുടെ സഹോദരനെ കുടുംബബിസിനസിന്റെ ഭാഗമാക്കുകയോ അല്ലെങ്കിൽ അവന് വേണ്ട എല്ലാ പ്രോത്സാഹനങ്ങളും നൽകുകയോ ചെയ്യലാണ് നമ്മുടെ സമൂഹം ചെയ്യുന്നത്. കാലം കുറേയേറെ മുന്നോട്ട് പോന്നിട്ടും കഴിഞ്ഞ ഒരു ദശാബ്ദമായി സ്ത്രീകളോടുള്ള പക്ഷാപാതപരമായ നിലപാടിൽ ഒരു മാറ്റവും വന്നിട്ടില്ലെന്നതാണ് വസ്തുത. ലോകമെമ്പാടുമുള്ള 10 ൽ 9 പുരുഷന്മാരും സ്ത്രീകളോട് ഇന്നും പക്ഷപാതത്വ നിലപാട് പുലർത്തുന്നുണ്ടെന്ന് ജിഎസ്എൻഐ റിപ്പോർട്ട് പറയുന്നു. കോർപ്പറേറ്റ് ബോർഡ് റൂമുകൾ മുതൽ പ്രസിഡൻഷ്യൽ കാബിനറ്റുകൾ വരെ, മേഖലയേതായാലും നേതൃത്വ സ്ഥാനങ്ങളിൽ സ്ത്രീകൾക്ക് പ്രാതിനിധ്യം കുറവാണ്. 1995 മുതൽ രാഷ്ട്രത്തലവന്മാരുടെയോ ഗവൺമെന്റിന്റെയോ തലവന്മാരിൽ 10 ശതമാനത്തോളം മാത്രമേ സ്ത്രീകളുള്ളു. ഈ 21-ാം നൂറ്റാണ്ടിൽ പോലും അവരെ തീരുമാനങ്ങൾ എടുക്കുന്നതിന്റെ അരികിൽമാത്രം നിർത്തുന്നു. 

Read also: ടീച്ചറിനെ കെട്ടിപ്പിടിച്ചു കരഞ്ഞ് കുട്ടികൾ, ഈ സ്നേഹം അമ്മയ്ക്കു കിട്ടിയ അവാർഡെന്ന് അധ്യാപികയുടെ മകൾ

റിപ്പോർട്ട് അനുസരിച്ച്,ഒരു പുരുഷൻ തന്റെ ഭാര്യയെ തല്ലുന്നതിൽ തെറ്റില്ലെന്നാണ് ലോകത്തിന്റെ കാൽഭാഗം ജനത ഇപ്പോഴും വിശ്വസിക്കുന്നത്. സ്ത്രീകളെക്കാളും പുരുഷന്മാർക്കാണ് യൂണിവേഴ്സിറ്റി പഠനം കൂടുതൽ ആവശ്യമെന്ന് 28 ശതമാനം ആളുകൾ കരുതുന്നു. ലോകമെമ്പാടുമുള്ള ജനങ്ങളിൽ പകുതിയും ഇപ്പോഴും പുരുഷന്മാരാണ് സ്ത്രീകളേക്കാൾ മികച്ച രാഷ്ട്രീയ നേതാക്കളെന്ന് വിശ്വസിക്കുന്നു, കൂടാതെ 40 ശതമാനത്തിലധികം പേർ സ്ത്രീകളേക്കാൾ മികച്ച ബിസിനസ്സ് എക്സിക്യൂട്ടീവുകൾ പുരുഷന്മാരാണെന്നും പറയുന്നു. ലിംഗസമത്വത്തിനെതിരായ പ്രസ്ഥാനങ്ങൾ ലോകത്തിന്റെ പല ഭാഗങ്ങളിലും സ്ത്രീകളുടെ അവകാശങ്ങൾ ഇല്ലാതാക്കുന്നതിലും ചില രാജ്യങ്ങളിൽ മനുഷ്യാവകാശ ലംഘനങ്ങളുടെ നേർസാക്ഷ്യമാണെന്നും റിപ്പോർട്ട് സമർത്ഥിക്കുന്നു. 2030 വരെ ഈ അവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടാകാൻ സാധ്യതയില്ലെന്ന് ചൂണ്ടിക്കാണിച്ച റിപ്പോർട്ട് സ്ത്രീകളോടുള്ള മനോഭാവത്തിൽ മാറ്റം വരേണ്ട കാലം അതിക്രമിച്ചിരിക്കുന്നുവെന്നും പറയുന്നു. വിദ്യാഭ്യാസ മേഖലയിലടക്കം സ്ത്രീകൾ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോഴും തൊഴിലിടങ്ങളിലും ഭരണചക്രത്തിലുമൊന്നും അവർക്ക് വേണ്ടത്ര പരിഗണനയും സ്ഥാനവും ലഭിക്കാതെ പോകുന്നത് ഈ പക്ഷാപാത നിലപാടുകൊണ്ടാണ്.

Content Summary: 90 percentage of world discriminates woman

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS
FROM ONMANORAMA