ADVERTISEMENT

ഇത്തവണ മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരം പങ്കിട്ടത് ബോളിവുഡിലെ രണ്ടു പേരാണ്. ആലിയ ഭട്ടും, കൃതി സനനും. ഗംഗുഭായി കാത്തിയവാഡി എന്ന ചിത്രത്തിലെ ഗംഗുഭായി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആലിയയ്ക്ക് സിനിമ കണ്ട എല്ലാവരും ഒരു പുരസ്കാരം അന്നേ മനസ്സുകൊണ്ട് നൽകിയിട്ടുണ്ടാവും. മിമി എന്ന ചിത്രത്തിലെ ഗർഭിണിയായി അഭിനയിച്ചപ്പോൾ കൃതിയും കൺമുന്നിലെ വിസ്മയമായി.

ഇരുവരുടെയും കഥാപാത്രങ്ങൾ വ്യത്യസ്തമാണ്, ജീവിത സാഹചര്യങ്ങളും, സന്തോഷവും, ദുഃഖവും, സ്വപ്നവും നഷ്ടവുമൊന്നും ഒരുപോലെയല്ല. പക്ഷേ രണ്ടു കഥാപാത്രങ്ങളും ജീവിതത്തോടു തന്നെ പോരാടിയവരാണ്. തോറ്റിട്ടും തോൽക്കാതെ വന്നവർ, പരാജയങ്ങളെ വിജയങ്ങളാക്കിയവർ. മികച്ച അഭിനേത്രികൾക്കു മാത്രമല്ല അവരുടെ ശക്തമായ സ്ത്രീ കഥാപാത്രങ്ങൾക്കു കൂടി ലഭിച്ച അംഗീകാരമാണിതെന്ന് ജനങ്ങൾ പറയുന്നു. 

alia-bhatt-in-white-saree-for-gangu-bhai-promotions
ആലിയ ഭട്ട്. Image Credit: instagram/aliaabhatt

മുംബൈയിലെ കാമാത്തിപ്പുര ഭരിക്കുന്ന, ഐ ആം പ്രോസ്റ്റിറ്റ്യൂട് എന്ന് സ്വയം പരിചയപ്പെടുത്തുന്ന, വെളുത്ത സാരിയും സ്വർണപ്പല്ലും ഒക്കെയായി അഭിമാനത്തോടെ തലയുയർത്തിപ്പിടിച്ചു നിൽക്കുന്ന ഗംഗുഭായിയെ കയ്യടിച്ചല്ലാതെ സ്വീകരിക്കാനാവില്ല. സിനിമയുടെ ട്രെയ്‍ലർ കണ്ടപ്പോൾ തന്നെ സംസാരങ്ങൾ ആരംഭിച്ചു, ഇത് ആലിയയുടെ കരിയറിലെ മികച്ച ചിത്രമായി മാറും. ചിത്രം മുഴുവൻ കണ്ടു കഴിഞ്ഞപ്പോൾ അഭിപ്രായം ഒന്നുകൂടി ഉറച്ചു. ഇതു തന്നെ ബെസ്റ്റ്. ഗംഗയുടെ പ്രണയവും, ദുരിതവും, നിസ്സഹായതയും, പോരാട്ടവുമെല്ലാം ആലിയ ഗംഭീരമാക്കി.

ബാരിസ്റ്ററുടെ മകൾ ഗംഗയിൽ നിന്നും കാമാത്തിപ്പുരയിലെ ലൈംഗികത്തെഴിലാളിയായ ഗംഗുവിലേക്കുള്ള യാത്ര ഒട്ടു എളുപ്പമായിരുന്നില്ല. അതുകൊണ്ട് തന്നെ ആലിയയ്ക്കും ആ ചിത്രത്തിനു വേണ്ടി ഒരുപാട് കഷ്ടപ്പെടേണ്ടി വന്നു. അഭിനയം കൊണ്ടു മാത്രമല്ല, ചടുലമായ നൃത്തച്ചുവടുകൾകൊണ്ടും കാണികളെ അമ്പരപ്പിച്ചു. കാമാത്തിപ്പുരയിലെ സ്ത്രീകൾക്കു വേണ്ടി സംസാരിച്ച, അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പോരാടിയ, ഗംഗുവിനുള്ള അംഗീകാരം കൂടിയാണ് ഈ പുരസ്കാരം.

kriti-sanon
കൃതി സനൻ. Image Credit: instagram/kritisanon

മിമി എന്ന ചിത്രത്തിനു വേണ്ടി കഷ്ടപ്പെട്ട അത്രയും മറ്റൊരു ചിത്രത്തിലും വേണ്ടി വന്നിട്ടില്ലെന്ന് കൃതി മുൻപൊരിക്കൽ പറഞ്ഞിരുന്നു. മിമി എന്ന കഥാപാത്രത്തിനു വേണ്ടി 15 കിലോ ശരീരഭാരമാണ് കൃതി സനൻ കൂട്ടിയത്. ഗർഭിണിയായി അഭിനയിക്കുന്നത് എളുപ്പമല്ല. സറോഗസിയെപ്പറ്റിയും, അമ്മയാകുന്നതിനെപ്പറ്റിയും സംസാരിക്കുന്ന ചിത്രത്തിൽ കൃതി തകർത്തഭിനയിച്ചു. ഒരുപക്ഷേ അഭിനയിച്ച സിനിമകളിൽ കൃതിയ്ക്ക് ഇത്രയേറെ പ്രശംസ ലഭിച്ച മറ്റൊരു ചിത്രം ഉണ്ടാവില്ല.

Read also: 'ഷോർട് മാര്യേജി'ന് വരനെ ആവശ്യമെന്ന് യുവതിയുടെ വിവാഹപരസ്യം; സോഷ്യല്‍ മീഡിയയിൽ പരിഹാസം

സിനിമാ നടിയാവാൻ മോഹിച്ച ഒരു സാധാരണക്കാരി പെൺകുട്ടി, ഡാൻസറായ മിമിക്ക് ആഗ്രഹങ്ങൾ സാധിക്കാൻ പണം ആവശ്യമായിരുന്നു. അതുകൊണ്ട് തന്നെയാണ് ഒരിക്കലും അമ്മയാകണമെന്ന് ആഗ്രഹിക്കാത്ത കൃതി വിദേശ ദമ്പതികൾക്കുവേണ്ടി ഗർഭം ധരിക്കാൻ തയാറായതും. എന്നാൽ ആ ദമ്പതികൾ പിന്മാറുമ്പോൾ മിമി നിസ്സഹായയാകുന്നു. കൊതിച്ച ജോലിയല്ല, തീരെ ആഗ്രഹിക്കാത്ത ഒരു കുഞ്ഞാണ് മുന്നിലെത്താൻ പോകുന്നത്. നിരാശയും പൊട്ടിത്തെറികളും ഒക്കെയായി മിമിയുടെ ജീവിതം കൃതി മനോഹരമായി അവതരിപ്പിച്ചു. പണം കൊതിച്ച് സറോഗസിക്ക് തയാറായ മിമി ശരീരം കൊണ്ടും മനസ്സ് കൊണ്ടും അമ്മയാവുന്ന യാത്രയിൽ കൃതി സനൻ കഥാപാത്രത്തിന് യോജിച്ച നടിയായി. അഭിനേത്രിയായും നർത്തകിയായും തനിക്കു ലഭിച്ച കഥാപാത്രത്തെ മികവുറ്റതാക്കുകയായിരുന്നു കൃതി.

Read also: 'ഇനി പാൽ പിഴിഞ്ഞു കളയില്ല, മുലപ്പാല്‍ ആവശ്യമുള്ള കുഞ്ഞുങ്ങൾ ഒരുപാടുണ്ട്’: ഇത് വണ്ടർ വുമൺ

Content Summary: Alia Bhatt and Kriti Sanon won National Award for Best Actress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT