ADVERTISEMENT

ഹി യും ഷി യും പരിചിതമെങ്കിലും ഷീറോ പുതിയൊരു പദമാണ്. സമൂഹത്തിന്റെ മുഖ്യധാരയില്‍ സാവധാനം നിലയുറപ്പിച്ചുകൊണ്ടിരിക്കുന്ന ഒരു പുതിയ സമൂഹം. ട്രാന്‍സ്ജെന്‍ഡറുകള്‍. പരിഹസിക്കാനും അപമാനിക്കാനും ഒറ്റപ്പെടുത്താനുമുള്ള നീക്കങ്ങളെ ചെറുത്തുതോല്‍പിച്ച് ഷീറോസ് ഇന്ന് കേരളസമൂഹത്തിന്റെ മുഖ്യധാരയില്‍ ഇടംപിടിച്ചിരിക്കുന്നു. പോരാട്ടത്തിലൂടെ. നിരന്തരമായ സമരങ്ങളിലൂടെ. അവരുടെ പോരാട്ടത്തിന്റെ ഫലമായി ആലപ്പുഴ ജില്ലയില്‍ ഉയര്‍ന്നുവന്ന പ്രസ്ഥാനമാണ് ഷീറോസ്. 

ഷീറോസിന്റെ നേതൃത്വത്തില്‍ ഒന്നിലധികം സ്ഥാപനങ്ങള്‍ ആലപ്പുഴയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു ഈവന്റ് മാനേജ്മെന്റ് സ്ഥാനപനമാണ് ആദ്യത്തേത്. വിവാഹ ബ്യൂറോയും കാറ്ററിങ് യൂണിറ്റിനും പുറമെ ജൈവ ഭക്ഷ്യവസ്തുക്കളുടെ യൂണിറ്റും ഷീറോസ് നടത്തുന്നു. 2015-ല്‍ 30 പേരുമായാണ് ഒരുകൂട്ടം ട്രാന്‍സ്ജെന്‍ഡറുകള്‍ ആലപ്പുഴയില്‍ ഒരു കുടുംബശ്രീ യൂണിറ്റ് തുടങ്ങുന്നത്. കഴിഞ്ഞ വര്‍ഷം നെഹ്റു ട്രോഫി വള്ളംകളി സമയത്ത് ഒരു കാന്റീന്‍ തുടങ്ങിക്കൊണ്ടായിരുന്നു തുടക്കം. പ്രളയത്തെത്തുടര്‍ന്ന് വള്ളംകളി ഉപേക്ഷിച്ചെങ്കിലും ഷീറോസിന്റെ സംരംഭം പ്രകീര്‍ത്തിക്കപ്പെട്ടു. ജില്ലാ ഭരണാധികാരികളില്‍നിന്നുള്‍പ്പെടെ പ്രശംസയും ലഭിച്ചു. അതിനുശേഷമാണ് അവര്‍ ഇവന്റ് മാനേജ്മെന്റ് കമ്പനി തുടങ്ങുന്നത്. 

Members of 'Shero' transgender collective Alappuzha, during Nehru Trophy boat race festival 2018
ഷീ റോ ട്രാൻസ്ജൻഡർ കളക്റ്റീവിലെ അംഗങ്ങൾ

ആദ്യമൊക്കെ ഞങ്ങള്‍ക്കു പേടിയുണ്ടായിരുന്നു. പൊതുചടങ്ങുകള്‍ ആരെങ്കിലും ഞങ്ങളെ ഏല്‍പിക്കുമോ എന്ന്. ക്രമേണ ഭയം മാറി. ഒരുപാടു പൊതുചടങ്ങുകള്‍ നടത്താനുള്ള ഉത്തരവാദിത്തം ഞങ്ങളെ തേടിയെത്തി. അവയൊക്കെ പരാതികളില്ലാതെ നടപ്പാക്കാനും കഴിഞ്ഞു- ഷീറോസിലെ അംഗം അരുണിമ അഭിമാനത്തോടെ പറയുന്നു. ഇതിനോടകം അവര്‍ 9 വിവാഹ ചടങ്ങുകള്‍ ഭംഗിയായി നടത്തി കീര്‍ത്തിനേടി. പുറമെ എണ്ണമറ്റ പൊതുപരിപാടികളുടെയും സംഘാടകരുമായി.

ആലപ്പുഴയിലെ ജനങ്ങള്‍ ഞങ്ങളെ സ്വാഗതം ചെയ്തുകഴിഞ്ഞു- ഷീറോസ് അംഗം വരദ പറയുന്നു. ഒരു കല്യാണസ്ഥലത്ത് ഞങ്ങളൊരുക്കിയ ഭക്ഷണം കഴിച്ചതിനുശേഷം വീട്ടിലെ ഗൃഹനാഥന്‍ പറഞ്ഞത് ചടങ്ങ് ഗംഭീരമായെന്നും ഇനിയും മികച്ച പരിപാടികള്‍ ഞങ്ങളെത്തന്നെ ഏല്‍പിക്കുമെന്നുമാണ്- വരദയുടെ മുഖത്ത് സംതൃപ്തി. ട്രാന്‍സ്ജെന്‍ഡറുകള്‍ ഒരു സമൂഹമെന്ന നിലയില്‍ മുന്നോട്ടുവന്നതില്‍ അദ്ദേഹം ആഹ്ലാദം പ്രകടിപ്പിച്ചുവെന്നും വരദ കൂട്ടിച്ചേര്‍ത്തു. 

വരദ, ബാല, വാണി എന്നിവരുടെ നേതൃത്വത്തില്‍  ജൈവപച്ചക്കറി കൃഷിയും തുടങ്ങി . സ്വയം സഹായ സംഘങ്ങളില്‍നിന്ന് പച്ചക്കറി വിത്തുകള്‍ ശേഖരിച്ച് വീട്ടുപറമ്പില്‍ത്തന്നെ കൃഷി തുടങ്ങി. അടുത്തുതന്നെയുള്ള ചന്തയിലാണ് പച്ചക്കറി വില്‍ക്കുന്നത്. കൃഷി സംബന്ധമായ വാര്‍ത്തകള്‍ പങ്കിടാനും സംശയങ്ങള്‍ പരിഹരിക്കാനും അവര്‍ ഒരു വാട്സാപ് കൂട്ടായ്മയും തുടങ്ങിയിട്ടുണ്ട്. കുടുംബങ്ങള്‍ ഞങ്ങളെ അംഗീകരിച്ചതാണ് ആദ്യത്തെ ചുവട്. പിന്നാലെ പൊതു സമൂഹം. ജില്ലാ ഭരണകൂടവും സംസ്ഥാന സര്‍ക്കാരും കൂടി പിന്തുണച്ചതോടെ ഞങ്ങള്‍ക്ക് ആത്മവിശ്വാസമായി- വാണി പറയുന്നു. 

ഷീറോസിന്റെ അടുത്ത പദ്ധതി വിവേചനങ്ങളൊന്നുമില്ലാത്ത ഒരു വിവാഹബ്യൂറോ. ജാതി മത വ്യത്യാസമില്ലാത്ത ബ്യൂറോയാണ് ഉദ്ദേശിക്കുന്നത്. വിവാഹം ആഗ്രഹിക്കുന്നവരുടെ വലിയൊരു പട്ടികയുണ്ടാക്കിയായിരിക്കും പ്രവര്‍ത്തനം. മിശ്രവിവാഹങ്ങളും ജാതി മാറിയുള്ള വിവാഹങ്ങളും ട്രാന്‍സ്ജെന്‍ഡര്‍ വിവാഹങ്ങളുമൊക്കെ ഇതുവരെ റജിസ്ട്രാര്‍ ഓഫിസുകളിലാണ് നടന്നിരുന്നത്. അത്തരം ചടങ്ങുകള്‍ സമൂഹത്തെ ബോധ്യപ്പെടുത്തി പൊതുചടങ്ങുകളാക്കി നടത്താനും ഷീറോസിന് ആഗ്രഹമുണ്ടെന്ന് അരുണിമ പറയുന്നു. കേരളത്തിലെ ആദ്യത്തെ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നതിനുമുമ്പുതന്നെ അതിന്റെ പിന്നിലെ ബുദ്ധികേന്ദ്രമായ അരുണിമ, സുള്‍ഫിക്കറുമായി വിവാഹം നടത്തിയിരുന്നു. 

ആലപ്പുഴ കലക്ടറേറ്റിന്റെ പരിസരത്ത് ഒരു ഭക്ഷണശാല സ്ഥാപിക്കുകയാണ് ഷീറോസിന്റെ അടുത്ത ലക്ഷ്യം. കാന്റീനില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ക്കൊപ്പം പൊതുസമൂഹത്തില്‍നിന്നുള്ളവരെയും ഉള്‍പ്പെടുത്താനും അങ്ങനെ വിവേചനമില്ലാതെ എല്ലാവരും ഉള്‍പ്പെടുന്ന ഒരു സമൂഹനിര്‍മിതിയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്നും ആലപ്പുഴ ജില്ലാ കലക്ടര്‍ അദീല അബ്ദുല്ല പറയുന്നു. 

തിരുവനന്തപുരത്തു നടന്ന കുടുംബശ്രീ വാര്‍ഷിക സമ്മേളത്തില്‍ ട്രാന്‍സ്ജെന്‍ഡറുകള്‍ ഒരു സ്റ്റാള്‍ നടത്തിയിരുന്നു. അവിടം സന്ദര്‍ശിച്ച ജര്‍മന്‍ സംഘം സ്റ്റാളിന്റെ പ്രത്യേകത ചോദിച്ചറിഞ്ഞു. ട്രാന്‍സ്ജെന്‍ഡ റുകള്‍ക്ക് എന്തിനാണ് പ്രത്യേക സ്റ്റാള്‍ എന്നായിരുന്നു അവരുടെ ചോദ്യം. വിദേശ സംഘത്തിലെ ഒരാള്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടയാളുമായിരുന്നു. അത് ശരിക്കും കണ്ണു തുറപ്പിക്കുന്ന അനുഭവമായിരുന്നു. ആലപ്പുഴയിലും ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് പൊതുസ്വീകാര്യത ലഭിക്കുന്ന നാളുകളാണ് എന്റെ സ്വപ്നം- കലക്ടര്‍ അദീല പറയുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com