ADVERTISEMENT

ഭർത്താവിന്റെ സഹോദരനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയെ തലമുണ്ഡനം ചെയ്ത് വനത്തിലുപേക്ഷിച്ചു. ഒഡിഷയിലെ ബലസോറിലാണ് സംഭവം. 25കാരിയായ വിവാഹിതയാണ് ബന്ധുക്കളുടെ ക്രൂരതയ്ക്കിരയായത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ :-

യുവതിക്ക് ഭർത്താവിന്റെ സഹോദരനുമായി അവിഹിതബന്ധമുണ്ടെന്നാരോപിച്ചാണ് ആറുപേർ ചേർന്ന് യുവതിയെ തലമുണ്ഡനം ചെയ്ത് വനത്തിലുപേക്ഷിച്ചത്. യുവതിയുടെ അച്ഛൻ നൽകിയ പരാതിയെത്തുടർന്നാണ് സംഭവത്തെക്കുറിച്ച് പുറംലോകമറിഞ്ഞത്. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ബലസോർ ജില്ലയിലെ നീലഗിരി പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവങ്ങൾ അരങ്ങേറിയത്.

തലമുണ്ഡനം ചെയ്ത യുവതിയെ ഗ്രാമത്തിനടുത്തുള്ള വനത്തിൽ കൊണ്ടു പോവുകയും അവിടെ ഉപേക്ഷിക്കുകയുമായിരുന്നു. പിന്നീട് യുവതി എങ്ങനെയൊക്കെയോ വീട്ടിലെത്തുകയായിരുന്നു. യുവതിയുടെ ബന്ധുക്കൾ തന്നെയാണ് അവരെ ക്രൂരതയ്ക്കിരയാക്കിയതെന്നാണ് പൊലീസ് പറയുന്നത്. അവരെല്ലാം തന്നെ ആ ഗ്രാമത്തിൽത്തന്നെയുള്ളവരാണെന്നും യുവതി പറയുന്നു.

ചെരുപ്പുമാലയിട്ട്  നടത്തിച്ചു

ഹരിയാനയിലും കഴിഞ്ഞ ഓഗസ്റ്റിൽ ഇതിനു സമാനമായ സംഭവങ്ങൾ നടന്നതായി റിപ്പോർട്ടുകളുണ്ട്. അവിഹിതബന്ധമുണ്ടെന്നാരോപിച്ച് യുവതിയുടെയും പുരുഷന്റെയും മുഖത്ത് കരിപൂശി, ചെരുപ്പുമാലയണിയിച്ചാണ് അവരെ ഗ്രാമത്തിലൂടെ നടത്തിച്ചത്. കർനാൾ ജില്ലയിലായിരുന്നു സംഭവം. യുവാവിന്റെ കുടുംബം നൽകിയ പരാതിയെത്തുടർന്ന് അന്ന് പൊലീസ് പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെയും ഗ്രാമീണരിൽ ചിലർക്കെതിരെയും കേസ് രജിസ്റ്റർ ചെയ്തിരുന്നു.

മർദ്ദിച്ചവശയാക്കി നഗ്നയാക്കി 

ജൂലൈ 24 ന് രാജസ്ഥാനിൽ നിന്നും സമാനമായ ഒരു വാർത്ത പുറത്തു വന്നിരുന്നു. ഗ്രാമത്തിലെ ഒരു പെൺകുട്ടിക്കൊപ്പം ഒളിച്ചോടിപ്പോയ ആൺകുട്ടിയുടെ അമ്മയാണ് ഗ്രാമീണരുടെ ക്രൂരതയ്ക്കിരയായത്. രാത്രി 10 മണിയോടെ സ്ത്രീകളും പുരുഷന്മാരുമടക്കം ഒരു സംഘമാളുകൾ തന്റെ വീട് വവഞ്ഞ് തന്നെ മുടിക്കുത്തിനു പിടിച്ച് വലിച്ചിറക്കി നിലത്തിട്ടു ചവിട്ടിയെന്നും തൊഴിച്ചെന്നുമൊക്കെയായിരുന്നു ആ സ്ത്രീയുടെ പരാതി. അതിനു പുറമേയാണ് വിവസ്ത്രയാക്കി നടത്തിച്ചത്.

ഇരുമ്പു കമ്പികളും മുളവടിയുമുപയോഗിച്ചാമ് സ്ത്രീയുടെ കാൽപാദത്തിലും മുട്ടിലും പുറത്തുമൊക്കെ അടിച്ചത്. ഉപദ്രവിച്ചവരിൽ പലരും മദ്യപിച്ചിട്ടുണ്ടായിരുന്നുവെന്നും അവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നുമായിരുന്നു പൊലീസിന്റെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com