ADVERTISEMENT

വിവാഹ സര്‍ട്ടിഫിക്കറ്റ് അടക്കമുള്ള ഉടമ്പടികളോ വ്യവസ്ഥകളോ ഇല്ലാതെ, പ്രായപൂര്‍ത്തിയായ സ്ത്രീപുരുഷന്‍മാര്‍ ഒരുമിച്ചു ജീവിക്കുന്നതിനെതിരെ രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍. ഇത്തരം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്ന സ്ത്രീകള്‍ വെപ്പാട്ടികളെപ്പോലെയാണെന്നു വിമര്‍ശിച്ച കമ്മിഷന്‍, സഹജീവിതം നയിക്കുന്ന കെട്ടുപാടുകളില്ലാത്ത ബന്ധങ്ങളെ നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഈ ആവശ്യം ഉന്നയിച്ചുകൊണ്ടുള്ള സര്‍ക്കുലര്‍ ജസ്റ്റിസുമാരായ മഹേഷ് ചന്ദ്ര ശര്‍മ, പ്രകാശ് ടാന്റിയ എന്നിവരുള്‍പ്പെട്ട കമ്മിഷന്‍ക സര്‍ക്കാരിന് അയച്ചത്.  

കോ ഹാബിറ്റേഷന്‍, ലിവ്-ഇന്‍ റിലേഷന്‍ഷിപ് എന്നിങ്ങനെയെല്ലാം അറിയപ്പെടുന്ന ബന്ധങ്ങളെ നിരുത്സാഹപ്പെടുത്തുകയും നിയമവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യേണ്ടത് സംസ്ഥാന-കേന്ദ്ര സര്‍ക്കാരുകളുടെ കടമയാണെന്നും കമ്മിഷന്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. വിവാഹം എന്ന ഉടമ്പടിപ്രകാരം ഒരുമിച്ചു ജീവിക്കുന്നതിനെയും അല്ലാത്ത ബന്ധങ്ങളെയും പ്രത്യേകം നിര്‍വചിക്കേണ്ടതുണ്ട്.  വിവാഹം കഴിക്കാതെ ഒരുമിച്ചുജീവിക്കുന്നവര്‍ക്ക് 2005 ലെ ഗാര്‍ഹികാതിക്രമ നിരോധന ബില്ലിന്റെ അടിസ്ഥാനത്തിലുള്ള സംരക്ഷണം ലഭിക്കില്ല. 

വിവാഹിതനായ ഒരു പുരുഷന്‍ മറ്റൊരു യുവതിയുടെ വീട്ടില്‍ താമസിക്കുകയും അവരെ ലൈംഗിക സംതൃപ്തിക്കുവേണ്ടി ഉപയോഗിക്കുകയും ചെയ്യുന്ന ഉദാഹരണവും കമ്മിഷന്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അത്തരമൊരു ബന്ധത്തില്‍ ഒരു പരിചാരികയുടെയോ വീട്ടുജോലിക്കാരിയുടെയോ സ്ഥാനം മാത്രമായിരിക്കും സ്ത്രീക്കു ലഭിക്കുന്നത്. ഇത്തരം കേസുകള്‍ ധാരാളമായി ഇപ്പോള്‍ കമ്മിഷന്റെ മുന്നില്‍ എത്തുന്നുണ്ടെന്നും അതിനാല്‍ അടിയന്തരമായി വിവാഹത്തിനു പുറത്തുള്ള സ്ത്രീ-പുരുഷ ബന്ധങ്ങളെ നിര്‍വചിക്കണമെന്നും കമ്മിഷന്‍ ആവശ്യപ്പെടുന്നു. 

ഭരണഘടനയുടെ 21-ാം ആര്‍ട്ടിക്കിള്‍ സ്ത്രീയുടെ മൗലികാവകാശങ്ങളെക്കുറിച്ചു പറയുന്നുണ്ട്. മോശം സ്ത്രീകളായി ചിലർ ജീവിക്കുമ്പോള്‍ അവര്‍ക്ക് മൗലികാവകാശങ്ങള്‍ നിഷേധിക്കപ്പെടുകയാണ്- കമ്മിഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്ത്രീകളുടെ നന്മയ്ക്കും ക്ഷേമത്തിനുംവേണ്ടിയാണ് തങ്ങളുടെ ഇടപെടല്‍ എന്ന് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്‍ അവകാശപ്പെടുമ്പോഴും സംഭവം വിവാദത്തിലായിരിക്കുകയാണ്. ഒട്ടേറെ സംഘടനകളുടെ പ്രതിഷേധവും ക്ഷണിച്ചുവരുത്തിയിട്ടുണ്ട്. 

മയിലുകള്‍ ഇണ ചേരാറില്ലെന്നും ആണ്‍ മയിലിന്റെ കണ്ണുനീര്‍ കുടിച്ചാണ് പെണ്‍മയില്‍ ഗര്‍ഭം ധരിക്കുന്നതെന്നും പറഞ്ഞ് മുൻപ് വിവാദത്തിലായ ജസ്റ്റിസ് മഹേഷ് ചന്ദ്ര ശര്‍മയാണ് രാജസ്ഥാന്‍ മനുഷ്യാവകാശ കമ്മിഷന്റെ അധ്യക്ഷൻ. രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജിയായിരിക്കെ ആയിരുന്നു ജസ്റ്റിസ് ശര്‍മയുടെ ഈ പരാമർശം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com