ADVERTISEMENT

രണ്ടാഴ്ച മുമ്പുവരെ ഗ്രാമത്തിലെ അറിയപ്പെടുന്ന നർത്തകിയായിരുന്ന ഹിനദേവി ഇപ്പോൾ സുമനസ്സുകളുടെ സഹായം തേടി ആശുപത്രിയിൽ. ഉത്തർപ്രദേശിലാണ് സംഭവം. ഹിന ദേവിക്ക് 20 വയസ്സ്. സുന്ദരി, മികച്ച നർത്തകിയും. കല്യാണ പാർട്ടികളിലും മറ്റും ഗ്രാമത്തിൽ ഹിനയുടെ നൃത്തം ഒഴിച്ചുകൂടാത്തതായിരുന്നു. എന്ത് ആഘോഷം നടന്നാലും അവിടെയെല്ലാം നൃത്തമോ പാട്ടോ ഉണ്ടാകും; ഹിനയുടെ സാന്നിധ്യവും. ആഘോഷങ്ങളിൽ നൃത്തം ചെയ്തു കിട്ടുന്ന തുകയായിരുന്നു ഹിനയുടെ കുടുംബത്തിന്റെ ഏകവരുമാനവും. പക്ഷേ എല്ലാം അവസാനിച്ചത് ഒരു വെടിയൊച്ചയിൽ. നവംബർ 30 ന്. നൃത്തത്തിനിടെ ഒരു പഞ്ചായത്ത് തലവനാണ് ഹിനയെ വെടിവച്ചത്. താടിയെല്ല് പൂർണമായും തകർന്നു. 

ഒരു ശസ്ത്രക്രിയ കഴിഞ്ഞു. ഇനിയും വേണം ഒട്ടേറെ ശസ്ത്രക്രിയകൾ. അവ നടത്തിയാലും ഹിന പൂർവരൂപത്തിൽ എത്തുമന്ന് ഉറപ്പുപറയാനും പറ്റില്ല. എന്തായാലും നിലവിൽ ആശുപത്രിയിൽത്തന്നെ മാസങ്ങളോളം ചെലവിടേണ്ടിയും വരും. ഇപ്പോൾ തന്നെ ആശുപത്രി ബില്ലുകൾ പെരുകുകയാണ്. എന്തു വേണമെന്നറിയാതെ നെട്ടോട്ടമോടുകയാണ് ഹിനയുടെ കുടുംബം. ഇതുവരെ ഗ്രാമീണർ ഏഴു ലക്ഷം രൂപയോളം പിരിച്ച് ഹിനയുടെ ബന്ധുവിനെ ഏൽപിച്ചു. അതും പോരാത്ത അവസ്ഥയാണ്. 

ഹിനയ്ക്ക് വെടിയേറ്റപ്പോൾ തന്നെ 80 കിലോമീറ്റർ അകലെ അലഹബാദിലെ സ്വരൂപ് റാണി സർക്കാർ ആശുപത്രിയിലേക്കു കൊണ്ടുപോയി. പക്ഷേ ഞായറാഴ്ചയായതിനാൽ അന്ന് സർജൻ ഇല്ലായിരുന്നു. അങ്ങനെ ലക്നൗവിലെ സ്വകാര്യ ആശുപത്രിയെത്തന്നെ ശരണം പ്രാപിച്ചു. ഇതുവരെ പൊലീസിന്റെ ഭാഗത്തുനിന്നോ സർക്കാർ അധികാരികളിൽനിന്നോ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ഹിനയുടെ ബന്ധു രാധ പറയുന്നു. 

ഹിനയെ ശസ്ത്രക്രിയ നടത്തിയ ഡോ.ഫിറോസ് ഖാൻ പറയുന്നത് താടിയെല്ലിന്റെ വലിയൊരു ഭാഗം പൂർണമായും തകർന്നെന്നാണ്. 

അടുത്ത ശസ്ത്രക്രിയ 6 മാസത്തിനുശേഷം മാത്രമേ നടത്താനാകൂ. എങ്കിൽത്തെന്ന പഴയ രൂപത്തിൽ പൂർണമായി തിരിച്ചെത്തുമെന്ന് ഉറപ്പ് പറയാനാവാത്ത അവസ്ഥ. ഒരു വെടിയുണ്ട തകർത്തത് ഹിനയെ മാത്രമല്ല, ഞങ്ങളുടെ കുടുംബത്തെ ആകെത്തന്നെയാണ്- ഹിനയുടെ ബന്ധു വിലപിക്കുന്നു. 

കഴിഞ്ഞ വർഷം ഡിസംബർ 10 ന് ആയിരുന്നു ഹിനയുടെ വിവാഹം. അവളായിരുന്നു ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും സുന്ദരി. ആർക്കും ഒരു ഉപദ്രവവും ചെയ്യാത്ത പാവം. കുടുംബത്തിനുവേണ്ട വരുമാനം ഉറപ്പുവരുത്തുന്നതും അവൾ തന്നെ. വിവാഹമായാലും ജന്മദിനമായാലുമെല്ലാം നൃത്തം ഉറപ്പായിരുന്നു; ഹിനയും. ഇപ്പോഴിതാ എല്ലാ സ്വപ്നങ്ങളും ഒറ്റ വെടിയുണ്ടയിൽ അവസാനിച്ചിരിക്കുന്നു- ഹിനയുടെ ബന്ധുവിന്റെ വിലാപം അശുപത്രിക്കു പുറത്തേക്കും വ്യാപിക്കുകയാണ്. 

English Summery : Dancer Shot In Face

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com