ADVERTISEMENT

ചരിത്രം ആവർത്തിക്കുകയാണ് ബക്കിങ്ഹാം കൊട്ടാരത്തിൽ. അമ്മ ഡയാനയെ പോലെ രാജകീയ പദവികളും സൗകര്യങ്ങളും നഷ്ടമാക്കി കൊട്ടാരത്തിന്റെ പടിയിറങ്ങുകയാണ് ഹാരിയും ഭാര്യ മേഗൻ മാർക്കിളും. ഹാരിയുടെ തീരുമാനം അമ്മ ഡയാനയുടെതിനു തുല്യമെന്നു ചരിത്രം ഓർമിപ്പിക്കുന്നു. ഇരുവരും പടിയിറങ്ങിയത് രണ്ടു വിധേനയാണെന്നു മാത്രം.

24 വർഷങ്ങൾക്കു മുൻപ് ഡയാനയ്ക്കും ഹാരിയെ പോലെ രാജകീയ പദവികളെല്ലാം നഷ്ടമായിരുന്നു. ചാൾസ് രാജകുമാരനുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തിയതോടെയാണ് ഡയാനയ്ക്ക് തന്റെ രാജകീയ പദവികളെല്ലാം നഷ്ടമായത്. മരിക്കുന്നതിനു ഒരുവർഷം മുൻപ് 1996ലായിരുന്നു ഹാരിയുടെ മാതാവ് ഡയാന ബക്കിങ്ഹാം കൊട്ടാരത്തിന്റെ പടിയിറങ്ങിയത്.

ലേഡി ഡയാന സ്പെൻസർ എന്നായിരുന്നു യഥാർഥ പേര്. അടുപ്പമുള്ളവർ ലേഡി ഡി എന്നും വിളിച്ചു. ചാൾസ് രാജകുമാരനെ വിവാഹം കഴിച്ച് ബ്രിട്ടീഷ് രാജകുടുംബാംഗമായതോടെയാണ് ലോകം ആരാധിക്കുന്ന ഡയാന രാജകുമാരിയായി അവർ അറിയപ്പെട്ടത്. 1981ലായിരുന്നു ഡയാനയും ചാൾസും തമ്മിലുള്ള വിവാഹം. ദാമ്പത്യ ജീവിതത്തിലെ അസ്വാരസ്യങ്ങളെ തുടർന്ന് വിവാഹ ബന്ധം വേർപിരിയിയുകയായിരുന്നു. അക്കാലത്ത് ഡയാനയുടെ രാജകീയ പദവി ബക്കിങ്ഹാം കൊട്ടാരം സ്വമേധയാ എടുത്തു കളഞ്ഞു.

എന്നാൽ ഡയാനയുടെ രാജകീയ പദവി തിരികെ നൽകാനായി ബക്കിങ്ഹാം കൊട്ടാരത്തിൽ പിന്നീട് ആലോചനകൾ നടന്നിരുന്നു. അതിനിടെയായിരുന്നു ഡയാനയുടെ മരണം. ഡയാന പിന്നീട് ഒരിക്കലും രാജകീയ പദവികൾ തിരികെ ലഭിക്കാൻ ആഗ്രഹിച്ചിരുന്നില്ലെന്ന് മരണശേഷം അവരുടെ കുടുംബം പ്രതികരിച്ചിരുന്നു. ‘മനുഷ്യ മനസിൽ ഡയാനയുടെ പേരുണ്ടാകാൻ അവൾക്ക് രാജകീയ പദവികൾ ആവശ്യമില്ല. ഒരിക്കലും ഡയാന അത് ആഗ്രഹിച്ചിരുന്നില്ല.’ 1997ല്‍ ഡയാനയുടെ സംസ്കാര ചടങ്ങിനിടെ സഹോദരൻ ഏൾ സ്പെൻസറിന്റെ വാക്കുകളാണ് ഇത്. . 

ഹാരിയും മേഗനും രാജകീയ പദവികൾ ഉപേക്ഷിക്കുന്നതിന്റെ ഔദ്യോഗിക നടപടിക്രമങ്ങൾ കഴിഞ്ഞ രാത്രിയോടെ പൂർത്തിയായി. രാജകീയ പദവികൾ ഉപേക്ഷിച്ച് വടക്കെ അമേരിക്കയിലേക്ക് പോകുന്നതായി ഹാരിയും മേഗനും സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത് ഞെട്ടലോടെയാണ് ലോകം കേട്ടത്. ഇനി അധികകാലം ഡ്യുക്ക് ഓഫ് സസെക്സ്, ഡച്ചസ് ഓഫ് സസക്സ് എന്നീ പദവികളിൽ തുടരില്ലെന്നും മേഗനും ഹാരിയും അറിയിച്ചിരുന്നു. രാജകുടുംബത്തിന്റെ ഭാഗമായി തുടരാത്തപക്ഷം ഹാരിക്കും മേഗനും സസെക്സസ് പദവി നൽകാൻ കഴിയില്ലെന്ന് കഴിഞ്ഞ ദിവസം ബക്കിങ്ഹാം കൊട്ടാരം പ്രസ്താവനയിലൂടെ വ്യക്തമാക്കി. ഒരിക്കൽ രാജകീയ പദവികൾ നഷ്ടമായാൽ പിന്നീട് തിരികെ നൽകില്ലെന്ന് ബ്രിട്ടീഷ് ചരിത്രകാരൻമാരും വ്യക്തമാക്കുന്നു. 

English Summary: Prince Harry Gets New Title Just Like His Mother Diana

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com