ADVERTISEMENT

2012 ഡിസംബർ 16നായിരുന്നു ലോകമനസ്സാക്ഷിയെ നടുക്കിയ ആ സംഭവം. പാരാമെഡിക്കൽ വിദ്യാർഥിനിയായ പെണ്‍കുട്ടി ക്രൂരബലാത്സംഗത്തിന് ഇരയാകുകയും ചികിത്സയിലിരിക്കെ മരണത്തിനു കീഴടങ്ങുകയും ചെയ്തു. ആറുപേരായിരുന്നു കേസിലെ പ്രതികൾ. ഇതിൽ മുകേഷ് സിങ്, പവന്‍ കുമാർ ഗുപ്ത, അക്ഷയ് താക്കൂർ, വിനയ് ശർമ എന്നിവരെ ഇന്ന് രാവിലെ തീഹാര്‍ ജയിലിൽ തൂക്കിലേറ്റി. 

ഏഴുവർഷത്തെ ശക്തമായ നിയമ പോരാട്ടത്തിനൊടുവിലാണ് രാജ്യം നിർഭയ എന്നുപേരു വിളിച്ച പെൺകുട്ടിക്കും അവളുടെ കുടുംബത്തിനും നീതി ലഭിച്ചത്. രാഷ്ട്രപതിക്കു മുന്നിൽ എത്തുന്നതിനു മുൻപ് 7 വർഷക്കാലം വിചാരണ കോടതികളിൽ വിവിധ ഘട്ടങ്ങളിലൂടെ ഈ കേസിന്റെ വാദം കടന്നുപോയി. ഇക്കാലയളവിലെല്ലാം നിര്‍ഭയയുടെ മാതാപിതാക്കൾക്കൊപ്പം നിഴലായി നിന്ന ഒരു വനിത അഭിഭാഷകയുണ്ട്. അവരുടെ പേരാണ് സീമ കുശ്‌വാഹ. 

ഇത്രയും ക്രൂരമായ പ്രവർത്തിക്ക് വധശിക്ഷ തന്നെയാണ് വേണ്ടതെന്ന് രാജ്യം ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. മനുഷ്യത്വത്തിന്റെ ന്യായീകരണങ്ങളൊന്നും നിർഭയയുടെ ഘാതകരെ തൂക്കിലേറ്റുന്നതിൽ വിലപ്പോയില്ല. അതിനു കാരണമായതും ആ പെൺകുട്ടിയുടെ മാതാപിതാക്കളുടെ നീതിക്കായുള്ള പോരാട്ടമായിരുന്നു. മകൾക്ക് നീതിലഭിക്കുന്നതിനായി കോടതികൾ തോറും അവർ കയറിയിറങ്ങി.

രാജ്യത്തെ ജനങ്ങളെല്ലാം നീതിക്കായുള്ള പോരാട്ടത്തിൽ നിർഭയയുടെ അമ്മയ്ക്കൊപ്പം നിന്നു. എന്നാൽ ഏഴുവർഷവും മൂന്നുമാസവും നിർഭയയുടെ അമ്മയ്ക്കൊപ്പം നിന്ന വ്യക്തിയാണ് അഭിഭാഷക സീമ കുശ്‌വാഹ. 2014ൽ ഡൽഹി സർവകലാശാലയിൽ നിന്നാണ് സീമ പഠനം പൂർത്തിയാക്കുന്നത്. സിവിൽ സർവീസിനുള്ള ശ്രമത്തിലാണ് സീമ. ഉത്തര്‍ പ്രദേശിലെ എടാവയാണ് സീമയുടെ ജന്മനാട്. നിർഭയയുടെ പേരിലുള്ള ട്രസ്റ്റിന്റെ നടത്തിപ്പുകാരി കൂടിയാണ് സീമ.

കേസിലെ നാലു പ്രതികളുടെയും വധശിക്ഷ നടപ്പാക്കിയപ്പോൾ ആ സന്തോഷത്തിൽ പങ്കു ചേർന്നുകൊണ്ട് നിർഭയയുടെ മാതാപിതാക്കൾക്കൊപ്പം സീമയും  ഉണ്ടായിരുന്നു. കേസിലെ പ്രതികളെ രക്ഷപ്പെടുത്താൻ അഭിഭാഷകൻ എ.പി സിങ്ങ് നിരത്തിയ വാദങ്ങളൊന്നും തന്നെ സീമയുടെ നിശ്ചയദാർഢ്യത്തിനു മുന്നിൽ വിലപ്പോയില്ല. നിർഭയയ്ക്കു നീതി കിട്ടി എന്ന് വിശ്വസിക്കുന്ന വേളയിൽ സീമ കുശ്‌വാഹ എന്ന അഭിഭാഷകയ്ക്ക് ഹൃദയം കൊണ്ട് സല്യൂട്ട് നൽകുകയാണ് രാജ്യത്തെ സ്ത്രീ സമൂഹം. 

English Summary: Seema Kushwaha, lawyer who stood next to Nirbhaya's mother during legal battle that lasted over 7 yrs

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com