ADVERTISEMENT

റഷീദ...ആ പേരിന്റെ വില അഞ്ചു രൂപയാണ്. കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളിൽ ഒരാൾ. കാളിഘട്ടിലുള്ള ഇടുങ്ങിയ തെരുവിലെ ഒറ്റമുറി വീട്ടിലാണ് അവളുടെയും മൂന്ന് പെൺകുഞ്ഞുങ്ങളുടെയും താമസം. ഒരാൾക്കു പോലും നിന്നു തിരിയാൻ ഇടമില്ലാത്തിടത്താണ് നാലു ജീവിതങ്ങൾ കഴിയുന്നത്.

620 രൂപ മാസവാടക പോലും നൽകാൻ കഴിയാത്ത അവസ്ഥയിൽ അഞ്ച് രൂപയ്ക്കാണ് ശരീരം വിൽക്കുന്നതെന്ന് റഷീദ പറയുന്നു. ശകതിയായി ഒരു കാറ്റു വീശിയാൽ ആ മുറിയുടെ മേൽക്കൂര തകരും. ഭയത്തോടെയാണ് ഓരോ ദിനവും കഴിഞ്ഞു കൂടുന്നതെന്നും അവർ പറയുന്നു. രാജ്യം ലോക്ഡൗണിലായതോടെ കൊൽക്കത്തയിലെ ലൈംഗിക തൊഴിലാളികളുടെ ജീവിതം കൂടുതൽ നരകതുല്യമായിരിക്കുകയാണ്.

കോവിഡ്–19നെ തുടർന്ന് മാർച്ച് 26 മുതല്‍ രാജ്യത്ത് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. അന്ന് മുതൽ മറ്റുള്ളവരെ പോലെ റഷീദയുടെയും മൂന്ന് പെണ്‍കുട്ടികളുടെയും ജീവിതം കൂടുതൽ പ്രതിസന്ധിയിലായി. ആളുകൾ വരാതായതോടെ ജീവിതം വഴിമുട്ടി. ഭക്ഷണത്തിനോ മറ്റ് അവശ്യസാധനങ്ങൾക്കോ കയ്യിൽ പണമില്ല. അവര്‍ നിസ്സഹായതയോടെ പറയുന്നു.

ഇത്തരത്തിൽ അനൗദ്യോഗിക മേഖലകളിൽ ജീവിക്കുന്നവരെ ലോക്ഡൗൺ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പാവപ്പെട്ടവർക്കും മറ്റും സർക്കാർ ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നുണ്ടെങ്കിലും ലൈംഗിക തൊഴിലാളികൾ ഇതിൽ നിന്നെല്ലാം പുറത്താണ്. ലൈംഗിക തൊഴിൽ ഇന്ത്യയിൽ നിയമവിരുദ്ധമല്ലെങ്കിലും അതിൽ ഏർപ്പെടുന്നവർക്ക് ദുരിതമയമായ ജീവിതമായിരിക്കും കാത്തിരിക്കുന്നത്. യുഎൻ എയ്ഡ്സ് 2016ൽ നടത്തിയ സർവെ പ്രകാരം ഇന്ത്യയിൽ 6,57,800 ലൈംഗിക തൊഴിലാളികളുണ്ടെന്നായിരുന്നു കണക്ക്. നാലുവർഷങ്ങൾക്കിപ്പുറം ഈ കണക്ക് ഉയർന്നിരിക്കാനാണ് സാധ്യത.

ദിവസവേതനക്കാരാണ് ഇവരെ തേടി വരുന്നവരില്‍ ഏറെയും അല്ലെങ്കിൽ തൊഴിൽ രഹിതരുമായിരിക്കും. ഒറ്റരാത്രിക്ക് ശേഷം അവർ അപ്രത്യക്ഷരാകും. ഇക്കാലം കഴിഞ്ഞാലും ഇവരുടെ ജീവിതം ആശങ്കയിലാണെന്ന് ന്യൂ ലൈറ്റ് (കുട്ടികള്‍ക്കും ലൈംഗിക തൊഴിലാളികൾക്കുമായി കൊൽക്കത്തയിൽ പ്രവർത്തിക്കുന്ന സംഘടന) സ്ഥാപക ഉർമി ബസു പറയുന്നു. ‘ലോക്ഡൗൺ പിൻവലിച്ചാൽ ഉടൻ തന്നെ ഇവരെ തേടി ആവശ്യക്കാർ എത്തും. ആരൊക്കെയാണ് വൈറസ് ബാധിതരായി എത്തുന്നതെന്നു പോലും അറിയാൻ സാധിക്കില്ല. എച്ച്ഐവിയും എയ്ഡ്സും പോലെ ക്വാണ്ടം ഉപയോഗിച്ചു തടയാൻ കഴിയുന്നതല്ലല്ലോ. എങ്ങനെയാണ് ഇവരെ സംരക്ഷിക്കേണ്ടതെന്ന കാര്യത്തിൽ ആശങ്കയുണ്ട്.’– അവർ പറയുന്നു.

200 മില്യൺ ജനങ്ങൾക്കായി പ്രതിമാസം 500 രൂപ ബാങ്ക് വഴി നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിരുന്നു. എന്നാൽ, ലൈംഗിക തൊഴിലാളികൾക്ക് ഇതിന്റെ ഗുണഫലം ലഭ്യമാകുമോ എന്ന കാര്യത്തിൽ ആശങ്കയുണ്ട്. കാരണം മിക്കവർക്കും സർക്കാർ ഹാജരാക്കാൻ പറയുന്ന രേഖകളൊന്നും ഇല്ല. 200–300 രൂപവരെയാണ് ഇവർ ഒരാളിൽ നിന്നും പ്രതിദിനം വാങ്ങിയിരുന്നത്. മൂന്നോ നാലോ പേർ അവരെ തേടി എത്താറുണ്ട്. ഇങ്ങനെ ലഭിക്കുന്ന തുകകൊണ്ടാണ് ആശ്രിതരുടെ ചിലവും വാടകയും അവർ നൽകുന്നത്.

‘അവർ പട്ടിണിയിലാണ്. ജനൽ പോലുമില്ലാത്ത ഇടുങ്ങിയ മുറികളിലാണ് അവർ ജീവിക്കുന്നത്. ശുദ്ധവായു പോലും അവർക്ക് നിഷേധിക്കപ്പെടുകയാണ്. ശുദ്ധജലം പോലും ലഭിക്കാതെ നരകതുല്യമാണ് ആ ജീവിതം.’അപ്നെ ആപ്പ് വുമൻ വേൾഡ് വൈഡ് എന്ന സംഘടനയുടെ നേതാവ് രുചിര ഗുപ്ത പറയുന്നു. കൊൽക്കത്ത, ഡൽഹി, മുംബൈ എന്നീ നഗരങ്ങളിൽ സമൂഹിക അകലം പാലിക്കൽ പ്രായോഗികമല്ല. ഡൽഹിയിലെ ജിബി റോഡിൽ 80 ചെറിയ ലൈംഗികതൊഴിൽകേന്ദ്രങ്ങളിലായി 3000ൽ അധികംപേർ ജീവിക്കുന്നുണ്ട്. കൊൽക്കത്തയിലെ സോനാഗച്ചിയിൽ പതിനായിരത്തോളം ലൈംഗിക തൊഴിലാളികളുണ്ട്.

ശുചിത്വമാണ് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. 20 പേർക്ക് ഒരു കുളിമുറി. അടുക്കള സൗകര്യവും ഉണ്ടാകില്ല. നടത്തിപ്പുകാരനാണ് ഇവർക്ക് വേണ്ട ഭക്ഷണം എത്തിച്ചു നൽകുന്നത്. ലോക്ഡൗൺ സമയത്ത് ഈ സ്ത്രീകളുടെ ജീവിതത്തിന്റെ താളം തന്നെ തെറ്റിയിരിക്കുകയാണ്. സാമ്പത്തിക ലാഭം ഇല്ലാതാകുമ്പോൾ ഇവർക്കു ഗാർഹിക പീഡനങ്ങളും നേരിടേണ്ടി വരുന്നുണ്ട്. കുട്ടികള്‍ക്കു നേരെയും അക്രമമുണ്ടാകാനുള്ള സാധ്യതയുള്ളതായി മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന സന്നദ്ധസംഘടനയായ ‘പ്രേരണ’യുടെ സ്ഥാപക പ്രീതി പട്കർ പറയുന്നു. ലൈംഗിക തൊഴില്‍ ചെയ്യുന്ന സ്ത്രീകൾക്ക് ഈ കാലയളവിൽ അത്യാവശ്യം വേണ്ട ഭക്ഷണവും മരുന്നും എത്തിക്കാനുള്ള ഇടപെടലുണ്ടാകണമെന്നും അവർ ആവശ്യപ്പെടുന്നു.

ഒരു ലൈംഗിക തൊഴിലാളിയുടെ 12 വയസ്സുള്ള കുട്ടി വിളിച്ചതായി സാമൂഹിക പ്രവർത്തക രുചിര ഗുപ്ത പറയുന്നത് ഇങ്ങനെ: പത്ത് ദിവസമായി ഭക്ഷണമില്ലെന്ന് അവൻ പറഞ്ഞു. രാജ്യത്ത് മൊത്തമുള്ള ലൈംഗിക തൊഴിലാളികളും അവരെ ആശ്രയിച്ചു ജീവിക്കുന്നവരുടെയും അവസ്ഥ ഇതാണ്. ഈ സ്ത്രീകൾക്ക് ജീവിക്കാന്‍ വേറെ മാർഗമില്ല. പണവുമില്ല. ദിവസങ്ങളോളം ഭക്ഷണം കഴിക്കുന്നില്ല. പൊലീസ് അവരെ പുറത്തിറങ്ങാൻ അനുവദിക്കുകയുമില്ല. കൊൽക്കത്തയിൽ മാത്രം 1500 കുടുംബങ്ങളാണ് ഒറ്റപ്പെട്ട അവസ്ഥയിലുള്ളത്. ഇവർക്ക് താത്കാലികമായി സന്നദ്ധ സംഘടനകൾ അവശ്യവസ്തുക്കൾ എത്തിക്കുന്നുണ്ടെങ്കിലും അതൊന്നും ശാശ്വത പരിഹാരമല്ല. പക്ഷേ, സർക്കാരിന്റെ ഭാഗത്തു നിന്നും ഇവർക്കായി ഭക്ഷ്യവസ്തുക്കൾ എത്തുന്നില്ലെന്നും അവർ വ്യക്തമാക്കുന്നു. ഇവർക്കായി സന്നദ്ധസംഘടനകളെല്ലാം ഉണ്ടെങ്കിലും ഇന്ത്യയിൽ ഇപ്പോഴും ലൈംഗിക തൊഴിലാളികൾ അരികുവത്കരിക്കപ്പെടുന്നവരാണ്. മറ്റൊരുമാർഗവുമില്ലാതെ വന്നപ്പോൾ ഈ തൊഴിൽ തിരഞ്ഞെടുത്തവരാണ് അവര്‍. അതുകൊണ്ടുതന്നെ സർക്കാർ ഇവർക്കുവേണ്ട സഹായം നൽകണമെന്നാണ് സന്നദ്ധ സംഘടനകളെല്ലാം ഒരേസ്വരത്തിൽ ആവശ്യപ്പെടുന്നത്.

English Summary: ‘They are starving’: women in India’s sex industry struggle for survival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com