ADVERTISEMENT

11-ാം വയസ്സില്‍ സെലാം എന്ന പെണ്‍കുട്ടി വടക്കന്‍ എത്യോപ്യയില്‍ നിന്ന് ഒളിച്ചോടുമ്പോള്‍ നല്ലൊരു ജീവിതമായിരുന്നു മനസ്സില്‍. വളരെ പ്രായം കൂടി ഒരാളുമായി വിവാഹം ഉറപ്പിച്ചപ്പോഴായിരുന്നു സെലാമിന്റെ ഒളിച്ചോട്ടം. എന്നാല്‍ ആ പെണ്‍കുട്ടിയുടെ പ്രതീക്ഷകള്‍ പിന്നീട് തകരുകയായിരുന്നു. 

സ്കൂളില്‍ പോകുന്നത് അവസാനിക്കുകയും വീട്ടില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തതോടെ ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെടുക എന്നൊരു വഴി മാത്രമായിരുന്നു സെലാമിന്റെ മുന്നില്‍. എത്യോപ്യയില്‍ ലൈംഗിക തൊഴിൽ  ഇപ്പോഴും അനുവദനീയവുമാണ്. 

ഇപ്പോള്‍ 14 വയസ്സാണ് സെലാമിന്. ഈ ജോലി ചെയ്യാതെ താന്‍ എങ്ങനെ ഭക്ഷണം കഴിച്ചു ജീവിക്കുമെന്നാണ് സെലാം ചോദിക്കുന്നത്. രക്ഷപ്പെടണം എന്നെനിക്ക് ആഗ്രഹമുണ്ട്. എന്നാല്‍ മറ്റൊരു വഴിയും മുന്നില്‍ കാണുന്നില്ല- ഒരു പരിചയക്കാരിയുടെ വീട്ടിൽ ഇരുന്ന് സെലാം പറയുന്നു. 

എത്യോപ്യയില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ ലൈംഗിക വ്യാപാരത്തില്‍ ഏര്‍പ്പെടുന്നതു തടയാന്‍ ആരോഗ്യ പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും ഉള്‍പ്പെടെ ശ്രമിച്ചിരുന്നു. എന്നാല്‍ കോവിഡിന്റെ വ്യാപനത്തോടെ എല്ലാം ശ്രമങ്ങളും പാതിവഴിയില്‍ അവസാനിച്ചു. 

കോവിഡ് വ്യാപനം തടയാന്‍ സര്‍ക്കാര്‍ പൂര്‍ണമായി ശ്രമമാരംഭിച്ചതോടെ പൊലീസ് പരിശോധനകളും അവസാനിച്ചു. കൂടുതല്‍ കുട്ടികള്‍ ലൈംഗിക വ്യാപാരത്തില്‍ വ്യാപൃതരാകുകയും ചെയ്തു. പല കുടുംബങ്ങളും ജീവിക്കാന്‍ നിവൃത്തിയില്ലാതെ വരുന്നതോടെ കുട്ടികളെ ലൈംഗിക തൊഴിലിലേക്ക് തള്ളിവിടുന്ന പ്രവണതയുമുണ്ടെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. 

ഹോട്ടലുകളിലും  ലോഡ്ജുകളിലും മറ്റും പരിചാരകരായി ജോലി ചെയ്യുന്നവരും ഒടുവില്‍ കുടുംബത്തെ പിന്തുണയ്ക്കാനും സ്വന്തം ജീവിതത്തിനുംവേണ്ടി മാംസ വ്യാപാരത്തില്‍ ഏര്‍പ്പെടുന്നു. മറ്റൊരു ജോലിയും പലര്‍ക്കും കണ്ടെടുക്കാന്‍ കഴിയുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. കോവിഡ് കൂടി വ്യാപിച്ചതോടെ പല കുടുംബങ്ങളും പൂര്‍ണ ദാരിദ്ര്യത്തിലാണ്. കൊച്ചുകുട്ടികള്‍ ഉള്‍പ്പെടെ പട്ടിണിയിലും. ബാലവേല വ്യാപകമായിക്കഴിഞ്ഞു. 

എത്യോപ്യയുടെ തെരുവുകളില്‍ പലയിടത്തും പെണ്‍കുട്ടികളും സ്ത്രീകളും പുരുഷന്‍മാരെ കാത്തുനില്‍ക്കുന്ന കാഴ്ച പോലുമുണ്ട്. പലരും ചെറിയ പാവാടകളാണ് ധരിച്ചിട്ടുള്ളത്. ചിലര്‍ തിരിച്ചറിയപ്പെടാതിരിക്കാന്‍വേണ്ടി തല മൂടി സ്കാര്‍ഫ് ധരിച്ചിട്ടുമുണ്ട്. 

ലൈംഗിക തൊഴിൽ അനുവദനീയമാണെങ്കിലും 18 വയസ്സിനു താഴെയുള്ള പെണ്‍കുട്ടികളുമായുള്ള ലൈംഗിക ബന്ധം പിടിക്കപ്പെട്ടാല്‍ 15 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്. പെണ്‍കുട്ടിക്ക് പ്രായം 13 വയസ്സിനു താഴെയാണെങ്കില്‍ കുടുതല്‍ ശിക്ഷയ്ക്കും വകുപ്പുണ്ട്. എന്നാല്‍ അപൂര്‍വം അവസരങ്ങളില്‍ മാത്രമാണ് ഇത്തരം കേസുകള്‍ അധികൃതരുടെ കണ്ണില്‍പ്പെടുന്നത്. അതുകൊണ്ടുതന്നെ ചൂഷണവും മാംസ വ്യാപാരവും തടസ്സമില്ലാതെ തുടരുകയും ചെയ്യുന്നു.

English Summary: Ethiopian girls trapped in sex trade as COVID-19 deepens desperation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com