സ്റ്റേഷനിൽ നിർത്തും മുൻപ് ട്രെയിനിൽ ഓടിക്കയറി സ്ത്രീകൾ; സോഷ്യൽ മീഡിയയിൽ വിമർശനം, വിഡിയോ വൈറൽ
Mail This Article
ട്രെയിൻ ഇല്ലാത്ത മുംബൈ നഗരത്തെപ്പറ്റി ചിന്തിക്കാനാവില്ല. മുംബൈയിലെ ജനങ്ങൾ അത്രയേറെ ആശ്രയിക്കുന്ന പൊതുഗതാഗത മാർഗമാണ് ലോക്കൽ ട്രെയിനുകൾ. സ്റ്റേഷനിൽ നിർത്തുന്നതിനു മുൻപ് ട്രെയിനിനകത്ത് ഇടം പിടിക്കാൻ ഓടുന്ന സ്ത്രീകളുടെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായി. ഒരേ സമയം പേടിപ്പിക്കുകയും സങ്കടം തോന്നിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണെന്ന് കമന്റുകൾ.
ട്രെയിൻ നിർത്തിക്കഴിഞ്ഞാൽ ഇരിക്കാൻ സീറ്റ് പോയിട്ട് അകത്തേക്ക് കാല് കുത്താൽ പോലും ബുദ്ധിമുട്ടാണ്. അതുകൊണ്ട് നിർത്തും മുൻപേ ഓടിക്കയറുകയാണ് വിദ്യാർഥികളും ജോലിക്കു പോകുന്നവരുമായ സ്ത്രീകൾ. കയറുന്നതിനിടയിൽ ട്രെയിനിനകത്ത് വീണുപോയ പെൺകുട്ടിയെയും വിഡിയോയിൽ കാണാം. ഇത്തരം അപകടം നിറഞ്ഞ രീതിയിലേക്ക് കാര്യങ്ങൾ നീങ്ങിയോ എന്നാണ് സോഷ്യൽമീഡിയയിൽ ചോദ്യങ്ങളുയരുന്നത്.
ഏറെ ദൂരം യാത്ര ചെയ്യുന്നവർക്ക് സീറ്റ് കിട്ടിയില്ലെങ്കിലോ അകത്ത് കയറാൻ പറ്റിയില്ലെങ്കിലോ ഉണ്ടാകാൻ പോകുന്ന ബുദ്ധിമുട്ട് പറഞ്ഞറിയിക്കാനാവാത്തതാണ്, മറ്റു വഴികളില്ലാത്തതുകൊണ്ടാണ് ഇങ്ങനെ ചെയ്യേണ്ടി വരുന്നതെന്നാണ് സോഷ്യൽ മീഡിയയിൽ ഒരു കൂട്ടർ പറയുന്നത്. എങ്ങനെയാണെങ്കിലും സ്വന്തം ജീവൻ പണയം വെക്കരുതെന്നും, മുൻഗണന എപ്പോഴും ജീവനു തന്നെയാണ് നൽകേണ്ടതെന്നും മറ്റൊരു കൂട്ടം ആളുകൾ പറയുന്നു.
Read also: കുഞ്ഞിനെ വളർത്തുന്നത് ജോലിയല്ല; ആര്യയും ഞാനും ചെയ്തത് സാധാരണ കാര്യം: കലക്ടർ ദിവ്യ എസ്. അയ്യർ
ട്രെയിൻ നിർത്തുമ്പോഴേക്കും എല്ലാ സീറ്റുകളും നിറയുമെന്നും. ഓഫിസിലെ ജോലിയും കഴിഞ്ഞ് രണ്ടര മണിക്കൂറോളം തിരക്കിനിടയിൽ നിൽക്കുന്നത് ദുരിതമാണെന്നും ഇതിലെ 75 ശതമാനം സ്ത്രീകളും വീട്ടിലെത്തിയാൽ വീണ്ടും ജോലി ചെയ്യേണ്ടി വരുന്നവരാണെന്ന് മറക്കരുതെന്നും ഒരാൾ കമന്റ് ചെയ്തു. മുംബൈയിൽ ഇനിയും ഒരുപാട് സൗകര്യങ്ങൾ ഉണ്ടാവേണ്ടിയിരിക്കുന്നുവെന്നും, സിനിമയിൽ കാണുന്ന മുംബൈ അല്ല ശരിക്കുമുള്ളതെന്നും കമന്റുകളുണ്ട്.
Content Summary: Women entering Moving train in Mumbai, Viral Video