ADVERTISEMENT

സൗന്ദര്യം കൂടിപ്പോയെന്ന കാരണം പറഞ്ഞ് പലപ്പോഴും പല സംവിധായകരും തനിക്ക് അവസരങ്ങൾ നിഷേധിച്ചിട്ടുണ്ടെന്നു ബോളിവുഡ് താരം ദിയ മിർസ. ഒരു മോഡൽ ആവുകയും ആരുടെയും സഹായമില്ലാതെ സിനിമയിൽ എത്തുകയും ചെയ്ത അഭിനേത്രിയാണ് ദിയ. തുടക്കകാലത്തു തന്നെ ആരും പിന്തുണച്ചിട്ടില്ലെന്നും എല്ലാ കാര്യങ്ങളും ഒറ്റയ്ക്കാണ് ചെയ്യേണ്ടി വന്നതെന്നും ദിയ പറയുന്നു. 

'18 വയസ്സുള്ളപ്പോഴാണ് ഞാൻ സിനിമയിൽ അഭിനയിക്കാൻ എത്തുന്നത്. അന്ന് ആരുടെയും പിന്തുണ ഉണ്ടായിരുന്നില്ല, സിനിമയിൽ ഒരു ബാക്ഗ്രൗണ്ടും എനിക്കില്ല. കുടുംബം കൂടെ ഉണ്ടായിരുന്നില്ല, ഒറ്റയ്ക്കാണ് ഞാൻ താമസിച്ചിരുന്നത്. ഭക്ഷണം ഉണ്ടാക്കുന്നതും, വീട് വൃത്തിയാക്കുന്നതും കഴുകലും തുടയ്ക്കലുമൊക്കെ ഞാൻ ഒറ്റയ്ക്കാണ് ചെയ്തിരുന്നത്. ഇതൊക്കെ കഴിഞ്ഞാണ് ഞാൻ ജോലിസ്ഥലത്ത് എത്തിയിരുന്നത്. ടാക്സ് അടയ്ക്കുന്നതും, ഗ്യാസ് എടുക്കുന്നതും, ഫോൺ വാങ്ങിയതുമെല്ലാം ഞാൻ തനിച്ചായിരുന്നു. ആ കാലത്ത് ഒരു പെൺകുട്ടിയ്ക്ക് ഒറ്റയ്ക്ക് ജീവിതം മുന്നോട്ട് കൊണ്ടുപോവേണ്ടി വരുന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു.'- ദിയ പറയുന്നു. 

സിനിമയിൽ അഭിനയിക്കണമെന്ന് ആഗ്രഹിച്ചു വരുന്ന പുതിയ കുട്ടികള്‍ പലരും, ഞങ്ങൾക്ക് അവസരങ്ങൾ ലഭിക്കുന്നില്ല, ഓഡിഷനു വിളിച്ചില്ല എന്നൊക്കെ പരാതി പറയാറുണ്ട്. ഞാൻ അവരോടു പറയുന്നത് സ്വന്തം കഴിവിൽ ഒഴികെ മറ്റൊന്നിലും നിങ്ങൾ ശ്രദ്ധിക്കരുതെന്നാണ്. നാൽപ്പതുകളിൽ എത്തിയപ്പോഴാണ് എനിക്ക് നല്ല കഥാപാത്രങ്ങൾ ലഭിക്കുന്നത്. പണ്ട് അവസരം തരാതിരുന്ന പല സംവിധായകരും ഇപ്പോൾ തനിക്കു വേണ്ടി കഥാപാത്രങ്ങളുമായി വരാറുണ്ടെന്ന് ദിയ പറഞ്ഞു. താപ്സി പന്നുവിന്റെ പുതിയ ചിത്രമായ ധക് ധകിലെ അഭിനേതാക്കളെ ഉൾപ്പെടുത്തിയുള്ള ബോളിവുഡ് ബബിളിന്റെ അഭിമുഖത്തിലാണ് ദിയ മിർസ ഇക്കാര്യങ്ങൾ പറഞ്ഞത്. 

സ്ത്രീകളെക്കാൾ ഗോസിപ്പുകൾ പറയുന്നത് പുരുഷന്മാരാണെന്നും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതും ഇതേ ആൾക്കാരാണെന്നും ദിയയും മറ്റ് അഭിനേത്രികളും അഭിപ്രായപ്പെട്ടു. 

English Summary:

Bollywood Actress Dia Mirza Talks about directors rejected her because she is too beautiful

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com