ADVERTISEMENT

ലോക്സഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാൻ കൂടുതൽ വനിതകൾക്ക് അവസരം കൊടുക്കാത്തത് അവരുടെ കഴിവിൽ വിശ്വാസമില്ലാത്തതുകൊണ്ടാണെന്ന് ഇനി ഒരു നേതാവും പറയുമെന്നു തോന്നുന്നില്ല, കാരണം ഇക്കഴിഞ്ഞ 16–ാം ലോക്സഭയിൽ ഏറ്റവും കൂടുതൽ ചോദ്യങ്ങൾ ഉന്നയിച്ചത് ബഹുഭൂരിപക്ഷം വരുന്ന പുരുഷ എംപിമാരിൽ ആരുമല്ല, ന്യൂനപക്ഷം മാത്രം വരുന്ന വനിതാ അംഗങ്ങളിൽ ഒരാൾ. എൻസിപിയിൽനിന്നുള്ള സുപ്രിയ സുളെ. 

ഇന്ത്യൻ രാഷ്ട്രീയത്തിലെ അതികായൻമാരിൽ ഒരാളായ ശരദ് പവാറിന്റെ മകൾ. 1181 ചോദ്യങ്ങളാണ് സുളെ ചോദിച്ചത്. മഹാരാഷ്ട്രയിൽനിന്നുതന്നെയുള്ള എൻസിപി എംപി ധനഞ്ജയ് മഹാദിക്കാണ് തൊട്ടുപിന്നിൽ– 1170 ചോദ്യങ്ങൾ. 

അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് പുറത്തുവിട്ട റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്. എംപിമാരുടെ ശരാശരി ചോദ്യങ്ങളുടെ എണ്ണം 251 മാത്രമായിരിക്കെയാണ് സുളെ അതിവേഗം ബഹുദൂരം മുന്നിലെത്തി പുരുഷ അംഗങ്ങളെ തോൽപിച്ചത്. 

33 ശതമാനം വനിതാ സംവരണം നടപ്പാകാൻ ഇനിയും കടമ്പകളേറെയുണ്ടെങ്കിലും പാർലമെന്റിൽ ഇപ്പോഴുള്ള വനിതകൾ പ്രകടനത്തിൽ പുരുഷൻമാരേക്കാൾ ഒട്ടും പിന്നിലല്ലെന്നാണ് സുപ്രിയയുടെ നേട്ടം തെളിയിക്കുന്നത്. പവാർ കുടുംബത്തിന്റെ ശക്‌തികേന്ദ്രമായ മഹാരാഷ്ട്രയിലെ ബാരാമതിയിൽനിന്നാണ്  16–ാം ലോക്സഭയിലേക്ക് സുപ്രിയ രണ്ടാം വട്ടം തിരഞ്ഞെടുക്കപ്പെട്ടത്. ഇത്തവണ അതേ മണ്ഡലത്തിൽനിന്നുതന്നെ വീണ്ടും ജനവിധി തേടുന്നുമുണ്ട്. എൻസിപി കഴിഞ്ഞ വ്യാഴാഴ്ച പുറത്തുവിട്ട 12 സ്ഥാനാർഥികളുടെ ആദ്യലിസ്റ്റിൽതന്നെ സുപ്രിയയുടെ പേരുണ്ടായിരുന്നു. 2006ൽ രാജ്യസഭാംഗമായിട്ടായിരുന്നു പാർലമെന്റ് പ്രവേശം. 2009ൽ സ്വന്തം മണ്ഡലമായ ബാരാമതി ശരദ് പവാർ മകൾക്കു കൈമാറി. 

പാർലമെന്റിൽ സുദീർഘമായ ചർച്ചകൾ നടക്കുമ്പോൾ തങ്ങൾ സാരികളെക്കുറിച്ചും മേക്കപ്പിനെ കുറിച്ചുമൊക്കെ ചർച്ചചെയ്യുകയാണു പതിവെന്നു പ്രസംഗിച്ച് ഒരിക്കൽ വിവാദത്തിലുമായിട്ടുണ്ട് സുപ്രിയ. നാസിക്കിൽ ഒരു പരിപാടിയിൽ പങ്കെടുക്കുമ്പോഴായിരുന്നു അവർ വിവാദ പരാമർശം നടത്തിയത്. പാർലമെന്റിൽ ചെല്ലുമ്പോൾ ആദ്യത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും പ്രസംഗം വരെ ശ്രദ്ധിച്ചിരിക്കാനാവും. നാലാമത്തെ പ്രസംഗം മുതൽ നേരത്തെ പറഞ്ഞതിന്റെ ആവർത്തനമാകും. ആ സമയത്തൊക്കെ എംപിമാർ കുശലാന്വേഷണത്തിൽ മുഴുകും. 

ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യങ്ങളായിരിക്കും എന്ന് കരുതിയാൽ നിങ്ങൾക്ക് തെറ്റി. ഉദാഹരണത്തിന്, ചെന്നൈയിൽ നിന്നുള്ള എംപിയോട് അവിടത്തെ പെരുമഴയെ കുറിച്ചാണ് സംസാരിക്കുന്നത് എന്നാവും നിങ്ങൾ കരുതുക. എന്നാൽ, ഈ സാരി എവിടെ നിന്നു വാങ്ങി എന്നൊക്കെയുള്ള കാര്യങ്ങളാകാം ഞങ്ങളുടെ വിഷയങ്ങൾ– ഡിഎംകെയുടെ കനിമൊഴിയുമായി അടുത്ത സൗഹൃദം പുലർത്തുന്ന സുപ്രിയ പറഞ്ഞു. പ്രസ്താവന  വിവാദമായതോടെ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കുകയാരുന്നു എന്ന് തിരുത്തിപ്പറഞ്ഞ് സുപ്രിയ രക്ഷപ്പെട്ടിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com