sections
MORE

കോടീശ്വരികളെന്ന് അസൂയപ്പെട്ടോളൂ; ഈ പെണ്ണുങ്ങൾ സൂപ്പറാണ്

KAYLA ITSINES, JANE LU,NICOLE WARNE,KATE MORRIS
കയ്‍ല ഇറ്റ്സീന്‍സ് , ജെയ്ന്‍ ലു , നിക്കോള്‍ വോണ്‍ ,കേറ്റ് മോറിസ്
SHARE

ഓസ്ട്രേലിയയില്‍ സമ്പത്തില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന ലക്ഷാധിപതികളുടെ പട്ടികയില്‍ പത്തുശതമാനം മാത്രമാണു സ്ത്രീകള്‍. പക്ഷേ, അവരില്‍ ചിലരുടെ കഥകളില്‍ നിന്ന് ലോകത്തിനു പഠിക്കാനേറെയുണ്ട്; പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ജോലി ചെയ്യുന്ന, മുന്‍ നിരയില്‍നിന്നു നയിക്കുന്ന സ്ത്രീകളുടെ എണ്ണം ഇന്നും കുറവാണ്. ജോലിസ്ഥലങ്ങളിലെ സ്ത്രീ-പുരുഷ അനുപാതത്തിലും പ്രകടമായ വിവേചനം കാണാനാവും. എങ്കിലും ഉറച്ച മനസ്സും ഇച്ഛാശക്തിയുമായി മുന്നോട്ടുവരുന്ന സ്ത്രീകളുടെ എണ്ണവും കൂടുകയാണ്. പ്രചോദനത്തിന്റെ കഥകളാണ് അവരുടേത്. ഓസ്ട്രേലിയയില്‍ നിന്നുള്ള നാലു സംരംഭകരെ പരിചയപ്പെടാം. അവരുടെ ജീവിതകഥയില്‍ കഷ്ടപ്പാടും പരിശ്രമവും ദൃഡനിശ്ചയവും വിജയം എത്തിപ്പിടിച്ചതിന്റെ ആവേശവുമുണ്ട്. 

കയ്‍ല ഇറ്റ്സീന്‍സ് 

ആരോഗ്യകരവും ദൃഢവുമായ ശരീരസംരക്ഷണപാഠങ്ങളിലൂടെ ഇന്‍സ്റ്റഗ്രാമില്‍ ലക്ഷക്കണക്കിന് അനുയായികളെ നേടിയ ഫിറ്റ്നസ് മന്ത്രങ്ങളുടെ ഉടമയാണ് കയ്‍ല. സമൂഹമാധ്യമങ്ങളില്‍ ഓസ്ട്രേലിയയില്‍ ഏറ്റവും കൂടുതല്‍ അറിയപ്പെടുന്ന സെലിബ്രിറ്റികളില്‍ ഒരാള്‍. പക്ഷേ, പ്രശസ്തിയുടെ പാരമ്യത്തിലേക്ക് എത്തുന്നതിനുമുമ്പ് ലളിതമായിരുന്നു കയ്‍ലയുടെ തുടക്കം. 

ഓസ്ട്രേലിയയിലെ സമ്പന്ന വനിതകളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന കയ്‍ല പഴ്സണല്‍ ട്രെയിനറായാണ് തുടങ്ങുന്നത്. അഡലെയ്ഡില്‍ സ്ത്രീകള്‍ക്കുവേണ്ടി മാത്രമുള്ള ഫിറ്റനസ് സെന്ററില്‍ തുടക്കം. തന്റെ നേതൃത്വത്തില്‍ ആരോഗ്യശീലങ്ങള്‍ സ്വന്തമാക്കിയവരുടെ അനുഭവകഥകള്‍ കയ്‍ല സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചുകൊണ്ടിരുന്നു. ആ കുറിപ്പുകളില്‍നിന്നു വിശ്വാസം ആര്‍ജിച്ചവര്‍ കയ്‍ലയുടെ സേവനങ്ങള്‍ തേടാന്‍ തുടങ്ങിയതോടെയാണ് ഓസ്ട്രേലിയയിലും പുറത്തും അവരുടെ പേര് അറിയപ്പെട്ടത്. 

പ്രതിശ്രുത വരന്‍ ടോബി പിയേഴ്സുമൊത്ത് കയ്‍ല ‘ ബിക്കിനി ബോഡി ഗൈഡ്’  തുടങ്ങി. 9 മാസത്തോളം നീണ്ട ആലോചനകളുടെ അവസാനത്തിലായിരുന്നു ബോഡി ഗൈഡിന്റെ തുടക്കം. ജോലിയോടുള്ള സമര്‍പ്പണവും സമൂഹമാധ്യമങ്ങള്‍ കൈകാര്യം ചെയ്യുന്നതിലെ കഴിവും ഒരുമിച്ചപ്പോള്‍ കയ്‍ല വേഗം തന്നെ ഹിറ്റായി. അവരുടെ ശരീര സംരക്ഷണ പാഠങ്ങളും. 2017 ന്റെ തുടക്കത്തില്‍ സ്വീറ്റ് ആപി( sweat app) നും തുടക്കമായി. ഓസ്ട്രേലിയയില്‍ ഏറ്റവും വേഗത്തില്‍ വളര്‍ച്ച കൈവരിച്ച ആപ്പാണിത്. എൈതിഹാസികം എന്നുതന്നെ വിശേഷിപ്പിക്കാവുന്ന വളര്‍ച്ച. 

സംരഭകരാകാന്‍ ഒരുങ്ങുന്നവരോട് കയ്‍ലയ്ക്കു പറയാനുള്ളത് ഒരു കാര്യം മാത്രം- നിങ്ങളുടെ ഉല്‍പന്നങ്ങളില്‍ വിശ്വസിക്കുന്നുണ്ടോ ? സ്വന്തം ഉല്‍പന്നത്തിലുള്ള വിശ്വാസമാണ് ഏതു സംരംഭത്തിന്റെയും വിജയത്തിന്റെ ആധാരം. ഉല്‍പന്നം എങ്ങനെ വില്‍ക്കണമെന്നും കച്ചവടം എങ്ങനെ മുന്നേറണമെന്നും ഉള്‍ക്കാഴ്ചയുണ്ടായിരിക്കണം. ആത്മാര്‍ഥമായ സമര്‍പ്പണവുമുണ്ടെങ്കില്‍ മുന്നോട്ടു തന്നെ പോകാം. വിജയങ്ങളില്‍ നിന്നു വിജയങ്ങളിലേക്ക്. 

ജെയ്ന്‍ ലു 

കണക്കുകളുടെ ലോകത്തായിരുന്നു ജെയ്ന്‍ ലുവിന്റെ തുടക്കം. അക്കൗണ്ടിങ്ങില്‍. ഇടയ്ക്ക് ഒരു വര്‍ഷത്തേക്കു നടത്തിയ ദീര്‍ഘയാത്രകള്‍ അവരുടെ മനസ്സുമാറ്റി. കോര്‍പറേറ്റ് ലോകത്തെ കണക്കുകളില്‍ കുടുങ്ങിക്കിടക്കേണ്ടതല്ല തന്റെ ജീവിതമെന്നു മനസ്സിലാക്കി. ഈ സമയത്താണ് സ്വന്തമായി ഒരു ബിസിനസ് എന്ന സ്വപ്നവുമായി ഒരു സുഹൃത്ത് സമീപിക്കുന്നത്. ജെയ്നിന്റെ മനസ്സിന്റെ ഉറങ്ങിക്കിടന്ന സ്വപ്നം ഉണര്‍ന്നു. സുഹൃത്തിനൊപ്പം പുതിയൊരു സംരംഭത്തിന് തുടക്കമായി- ഓണ്‍ലൈന്‍ ഫാഷന്‍ റീടെയ്‍ലര്‍ ഷോപ്: ഷോപോ. ഓണ്‍ലൈന്‍ ഷോപ് ഒരിക്കലും ലാഭകരമാകില്ലെന്നായിരുന്നു പൊതു അഭിപ്രായം. ജെയ്ന്‍ പക്ഷേ പിന്തിരിഞ്ഞില്ല. തിരഞ്ഞെടുത്ത വഴിയിലൂടെ തന്നെ മൂന്നോട്ടുപോയി. 

ലാഭകരമല്ലാത്ത ബിസിനസ് എന്നു പറഞ്ഞ് പണം മുടക്കാന്‍ ആരും തയാറായില്ല. സ്വന്തമായി സമാഹരിച്ച ഉല്‍പന്നങ്ങള്‍ അവര്‍ ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചു. ആഗ്രഹിച്ച വസ്ത്രം കയ്യിലെത്തുമ്പോള്‍ മാത്രം പണം കൊടുത്താല്‍ മതിയെന്ന വ്യവസ്ഥ ഉപഭോക്താക്കള്‍ക്കും സ്വീകാര്യമായി. വെബ്സൈറ്റും ലക്ഷ്യത്തിലേക്കുള്ള പ്രയാണത്തില്‍ ഏറെ സഹായിച്ചു. ഇന്ന് ഓസ്ട്രേലിയയില്‍ ഏറ്റവും ലാഭകരമായ വിജയമാതൃകയുടെ പേരാണ് ജെയ്ന്‍. 32 ദശലക്ഷം ഡോളറിന്റെ ആസ്തി. 40 വയസ്സില്‍ താഴെയുള്ള സംരംഭകരായ സ്ത്രീകളില്‍ ഏറ്റവും മുന്നില്‍. ഫെയ്സ്ബുക്കില്‍ സമാന മനസ്കരായ യുവതികളുടെ ഒരു ഗ്രൂപ്പും അവര്‍ തുടങ്ങിയിട്ടുണ്ട്- ലൈക്ക് മൈന്‍ഡഡ് ബിച്ചസ് ഡ്രിങ്കിങ് വൈന്‍. സിഡ്നിയിലും മെല്‍ബണിലും ഉള്‍പ്പെടെ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ കൂട്ടായ്മകളും സംഘടിപ്പിക്കാറുണ്ട്. 

നിക്കോള്‍ വോണ്‍ 

ഓസ്ട്രേലിയയില്‍ ഇന്ന് അറിയപ്പെടുന്ന വനിതയാണെങ്കിലും നിക്കോള്‍ ജനിച്ചത് ആ രാജ്യത്തല്ല. ജാപ്പനീസ്-കൊറിയ ദമ്പതികളുടെ മകളാണ്. ഓസ്ട്രേലിയന്‍ ദമ്പതികള്‍ ദത്തെടുത്തതോടെയാണ് സ്വപ്നങ്ങളുടെ നാട്ടില്‍ എത്തുന്നത്. ടാസ്മാനിയയില്‍ ജനിച്ചെങ്കിലും ഓസ്ട്രേലിയയില്‍ വളര്‍ന്ന നിക്കോള്‍ തന്നെ വളര്‍ത്തി വലുതാക്കിയവരുടെ അധ്വാനശീലം കണ്ടാണ് വളര്‍ന്നത്. അവരുടെ അതിജീവന രഹസ്യങ്ങള്‍ നിക്കോളിന്റെയും വിജയന്ത്രങ്ങളായി. 

ഫാഷന്‍ ഡിസൈനര്‍ ആകുക എന്നതായിരുന്നു നിക്കോളിന്റെ സ്വപ്നം. ഹൈ സ്കൂളിൽ പഠിക്കുമ്പോഴേ ആ സ്വപ്നത്തിന്റെ വഴിയില്‍ അവര്‍ സഞ്ചരിച്ചുതുടങ്ങിയിരുന്നു. വിദ്യാഭ്യാസത്തിനുശേഷം സിഡ്നിയിലേക്ക്. ഹാര്‍പേഴ്സ് ബസാറില്‍ പരിശീലനം. ആദ്യകാലത്തുതന്നെ സ്വന്തമായി ബിസിനസ് എന്ന മോഹം നിക്കോളിന്റെ തലയ്ക്കു പിടിച്ചു. എന്തായാലും ഒന്നു പരീക്ഷിക്കുക തന്നെ. പരാജയപ്പെട്ടാല്‍ വീണ്ടും ആദ്യം മുതല്‍ തുടങ്ങാം. അതായിരുന്നു പദ്ധതി. ഗാരി പെപ്പര്‍ ഗേള്‍ എന്ന ബ്ലോഗ് തുടങ്ങി ഇ ബേ സ്റ്റോറും തുടങ്ങി. ആറുമാസത്തിനു ശേഷം ഓണ്‍ലൈന്‍ സ്റ്റോര്‍ റജിസ്റ്റര്‍ ചെയ്തു. പിന്നീട് വളര്‍ച്ച പെട്ടെന്നായിരുന്നു. 2013 ല്‍ നിക്കോളിനെ ഓസ്ട്രേലിയയിലെ ഏറ്റവും പ്രശസ്തമായ ബാന്‍ഡ്,  മോഡലായി തിരഞ്ഞെടുക്കുകയും ചെയ്തു. സഹായിക്കാന്‍ പലരും മുന്നോട്ടുവരും. ആരുടെ ഉപദേശവും തേടാന്‍ മടിക്കരുത്: യുവ സംരഭകര്‍ക്ക് നിക്കോള്‍ നല്‍കുന്നത് ഈ ഉപദേശം മാത്രം. . 

കേറ്റ് മോറിസ് 

സര്‍വകലാശാലയില്‍ ബിരുദത്തിനു പഠിക്കുമ്പോള്‍ ക്ലെയ്ണ്‍സ് ബ്യൂട്ടി കൗണ്ടറില്‍ കണ്ടുപിടിച്ച താല്‍ക്കാലിക ജോലിയാണ് ഓസ്ട്രേലിയയില്‍ ശാഖകള്‍ ഏറെയുള്ള അഡോര്‍ ബ്യൂട്ടി എന്ന ശൃംഖല തുടങ്ങാന്‍ കേറ്റിനു പ്രേരണയായത്. ഡിപാര്‍ട്ട്മെന്റ് സ്റ്റോറുകളില്‍ കയറിയിറങ്ങി ഇഷ്ടപ്പെട്ട സൗന്ദര്യവര്‍ധക വസ്തുക്കളും മറ്റും കണ്ടുപിടിക്കുന്നതിലെ ബുദ്ധിമുട്ട് മനസ്സിലാക്കി കേറ്റ് ഒരു ഓണ്‍ലൈന്‍ ബ്യൂട്ടി ഷോപ്പിങ് സെന്റര്‍ തുടങ്ങി. 

കാമുകന്റെ മാതാപിതാക്കളില്‍ കടം വാങ്ങിയ 12,000 ഡോളറായിരുന്നു മൂലധനം. ഇന്ന് രാജ്യമാകെയുള്ള ബ്യൂട്ടി സെന്ററുകള്‍ കേറ്റിന്റെ ഓണ്‍ലൈന്‍ സ്റ്റോറില്‍നിന്ന് അവര്‍ക്കാവശ്യമുള്ളവ വാങ്ങുന്നു. ഓരോരുത്തരും പരസ്പരം പറഞ്ഞും അറിഞ്ഞുമാണ് കേറ്റിന്റെ പ്രശസ്തി വര്‍ധിച്ചത്; പരസ്യങ്ങളിലൂടെയല്ല. സാങ്കേതിക രംഗത്ത് ജോലി ചെയ്യുന്ന അധികം സ്ത്രീകളില്ല എന്നതായിരുന്നു പുതിയ സംരംഭത്തിന്റെ തുടക്കത്തില്‍ കേറ്റ് നേരിട്ട വെല്ലുവിളി. എങ്ങനെയായിരുന്നു തുടക്കം, വിജയപാതയിലേക്ക് എത്തിയത് എങ്ങനെ എന്നൊക്കെ ചോദിച്ചാല്‍ കേറ്റിന് മറുപടി പറയാനില്ല. ആകെ പറയാനുള്ളത് ഒന്നുമാത്രം: മറ്റുള്ളവരേക്കാള്‍ മുന്നോട്ട് ഞാനെന്റെ കാല്‍ വച്ചു. പിന്നെയും മുന്നോട്ടുതന്നെ നടന്നു. അത്രമാത്രം. കേറ്റ് വിജയരഹസ്യം വെളിപ്പെടുത്തുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA