ADVERTISEMENT

പാട്ടും പാടി നടക്കുന്ന ഒരു സ്ഥാനാര്‍ഥിയെ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ കേരളക്കര കാണുന്നത് ഇതാദ്യമാണ്. അതും പാട്ടിനും നൃത്തത്തിനും അപ്പുറം ഗൗരവമുള്ള ഇടതുപക്ഷ ആശയങ്ങളെ നെഞ്ചേറ്റുന്ന മണ്ണില്‍. പാട്ടും പാടി നടക്കാന്‍ ഇതെന്താ കോളജ് ഇലക്‌ഷനാണോ എന്ന എന്ന പരിഹാസത്തിൽ പൊതിഞ്ഞ കളിയാക്കലുകള്‍ നേരിടേണ്ടിവന്നു. ഒരു ആരോപണത്തിന്റെ പോലും കരിനിഴല്‍ വീഴാതെ അധ്വാനിച്ചു ജീവിച്ചിട്ടും സ്ത്രീ ആയതിന്റെ പേരില്‍ മാത്രം വ്യക്തിത്വത്തെ ചോദ്യം ചെയ്യുന്ന വിലകുറഞ്ഞ വിമര്‍ശനവും കേട്ടു. 

എല്ലാം പാട്ടും പാടി ജയിക്കാനായിരുന്നുവെന്ന് മനസ്സിലാക്കിയതിന്റെ ആഹ്ലാദം നിറഞ്ഞ ഞെട്ടലിലാണ് ആലത്തൂര്‍ ലോക്സഭാ മണ്ഡലം; കേരളവും. ഈ ലോക്സഭാ തിരഞ്ഞെടുപ്പിലൂടെ സംസ്ഥാനം രാജ്യത്തിനു നല്‍കുന്ന അദ്ഭുതക്കുട്ടിയാകുകയാണ് രമ്യ ഹരിദാസ്. കോഴിക്കോട്ടെ കുന്നമംഗലത്തുനിന്നുമെത്തി പാലക്കാട്ടെ ആലത്തൂരില്‍ ലക്ഷങ്ങളുടെ മാറ്റുള്ള വിജയം നേടിയ കോണ്‍ഗ്രസിന്റെ രാജകുമാരി. 

ramya-haridas-01
രമ്യ ഹരിദാസ്

ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായപ്പോള്‍ ‘ ബേബി’ എന്ന സ്ഥാനമാ യിരുന്നു രമ്യ ഹരിദാസിന്. ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥി- 31 വയസ്സുകാരി. ഫലം വന്നപ്പോള്‍ ഏറ്റവും തിളക്കമാര്‍ന്ന വിജയവും രമ്യയ്ക്കു തന്നെ. ആകെ പോള്‍ ചെയ്ത വോട്ടില്‍ പകുതിയലധികവും നേടി ഒരു ലക്ഷത്തിന്റെ അതിശയ രേഖയും കടന്ന് ഒന്നരലക്ഷത്തിന്റെ ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസു കാരി. പതിറ്റാണ്ടുകളുടെ ഇടവേളയ്ക്കു ശേഷം കോണ്‍ഗ്രസ് ഒരു വനിതാ അംഗത്തെ പാര്‍ലമെന്റിലേക്ക് അയയ്ക്കുകയാണ്. ലീഡര്‍ കെ.കരുണാകരന്‍ കണ്ടെടുത്ത സാവിത്രി ലക്ഷ്മണിനുശേഷം പാര്‍ലമെന്റിലേക്കു പോകുന്ന കോണ്‍ഗ്രസ് അംഗം. 

തിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ തുടങ്ങിയപ്പോള്‍തന്നെ എല്‍ഡിഎഫ് ക്യാംപ് അവരുടെ അക്കൗണ്ടില്‍ ഉറപ്പിച്ച മണ്ഡലമാണ് ആലത്തൂര്‍. ഓരോ തിരഞ്ഞെടുപ്പ് കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ ചുവന്നുകൊണ്ടിരുന്ന മണ്ഡലം. കോട്ടയത്തുനിന്നെത്തി വിജയക്കൊടി നാട്ടിയ ചെറുപ്പക്കാരന്‍ പി.കെ.ബിജു എന്ന സ്ഥാനാര്‍ഥിയും. സംശയങ്ങളില്ലാതെ, ആശങ്കയില്ലാതെ ഇടതുപക്ഷം ചിട്ടയോടുയുള്ള പ്രവര്‍ത്തനവും തുടങ്ങി.

ramya-haridas-03
രമ്യ ഹരിദാസ്

എണ്ണയിട്ട യന്ത്രം പോലെ. പരിചിത വഴികളിലൂടെയും പരിചയക്കാരെ കണ്ടും സൗഹൃദം ശക്തിപ്പെടുത്തിയും ബിജു മുന്നേറി. അദ്ദേഹം ആദ്യഘട്ടം തിരഞ്ഞെടുപ്പ് പര്യടനം പൂര്‍ത്തിയാക്കുമ്പോഴും യുഡിഎഫ് ക്യാംപ് നാഥനില്ലത്ത അവസ്ഥയിലായിരുന്നു. എന്തായാലും തോല്‍ക്കുമെന്ന മുന്‍വിധി ഉണ്ടായിരുന്നതിനാല്‍ ആലത്തൂരിനുവേണ്ടി വാശി പിടിക്കാന്‍ പ്രമുഖരാരും മുന്നോട്ടുവന്നുമില്ല. അപ്രതീക്ഷിത സ്ഥാനാര്‍ഥിയായി ഒടുവില്‍ രമ്യവന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ടാലന്റ് ഹണ്ടിലൂടെ കണ്ടെടുത്ത ചെറുക്കപ്പക്കാരി. കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്. 

ramya-haridas-02
രമ്യ ഹരിദാസ്

കൃത്യമായി പറഞ്ഞാല്‍ രണ്ടു മാസം മുമ്പു മാത്രമാണ് രമ്യ ആലത്തൂരില്‍ എത്തുന്നത്. മാര്‍ച്ച് 16 ന്. പക്ഷേ അന്നുമുതല്‍ മുദ്രാവാക്യങ്ങളേക്കാള്‍ രമ്യയുടെ പര്യടനങ്ങളില്‍ നിറഞ്ഞുനിന്നത് പാട്ട്. കലാഭവന്‍ മണിയും മറ്റും ജനകീയമാക്കിയ നാടന്‍പാട്ടുകള്‍ ഉള്‍പ്പെടെയുള്ളവ. കളിയാക്കിയവരെ കൂസാതെ രമ്യ മുന്നേറി. ആക്ഷേപിച്ചവരെ കോടതി കയറ്റി പോരാടാന്‍ താന്‍ പിന്നിലല്ലെന്നു തെളിയിച്ചു. എന്റെ പാട്ട് എന്റെ ആയുധം തന്നെ എന്നു പ്രഖ്യാപിച്ചു. അപ്പോഴും ഫല പ്രവചനക്കാര്‍ രമ്യയോടു മുഖം തിരിച്ചുതന്നെ നിന്നു. ഒടുവില്‍ എക്സിറ്റ് പോളുകാര്‍ പോലും രമ്യയെ കണ്ടില്ലെന്നു നടിച്ചു. ഇടതുകണക്കില്‍ ആലത്തൂരിനെ എഴുതിത്തള്ളിയ രാഷ്ട്രീയ നിരീക്ഷകരെയും സ്വന്തം പാര്‍ട്ടിക്കാരെപ്പോലും ഞെട്ടിച്ചുകൊണ്ട് ഒടുവില്‍ രമ്യ താരമായി. ആലത്തൂരിന്റെ, കേരളത്തിന്റെ, കോണ്‍ഗ്രസിന്റെ, ചെറുപ്പത്തിന്റെ, ആധ്വാനത്തിന്റെ, ആത്മാര്‍ഥതയുടെ തിളക്കമുള്ള പേര്. പ്രസരിപ്പുള്ള വ്യക്തിത്വം. 

കോണ്‍ഗ്രസ് പാര്‍ട്ടി സ്ഥിരമായി തോല്‍ക്കുന്ന മണ്ഡലത്തില്‍ പ്രചാരണത്തിന് ഇറങ്ങാന്‍ മടിച്ചുനിന്നവരെ ഊര്‍ജസ്വലരാക്കാനും രമ്യയുടെ ആയുധം പാട്ടുതന്നെ ആയിരുന്നു. അതിന്റെ ക്ലൈമാക്സ് ആയിരുന്നു പെരിങ്ങോട്ടുകുറിശ്ശിയില്‍ കണ്ടത്. പൂരത്തിന്റെയും വേലയുടെയും നാട്ടില്‍ ജനാധിപത്യത്തിന്റെ പൂരമായ തിരഞ്ഞെടുപ്പിനു തിലകക്കുറി ചാര്‍ത്തി പാട്ടുകൂട്ടം. അവിടെ തടിച്ചുകൂടിയ സ്ത്രീകളും സാധാരണക്കാരായ നാട്ടുകാരും രമ്യയെ ഹൃദയത്തില്‍ ഏറ്റുവാങ്ങി.

തിരഞ്ഞെടുപ്പ് ദിവസം അവരുടെ മനസാക്ഷിയുടെ അംഗീകാരവും നല്‍കി. 5,33, 815 വോട്ടു നേടിയാണ് രമ്യ വിജയിച്ചിരിക്കുന്നത്. തൊട്ടടുത്ത എതിര്‍സ്ഥാനാര്‍ഥിയേക്കാള്‍ 1,58, 968 വോട്ട് കൂടുതല്‍ നേടി. ആലത്തൂരിന്റെ പ്രതിനിധി അങ്ങനെ കേരളത്തില്‍നിന്ന് ഇത്തവണ ഡല്‍ഹിക്കു തിരിക്കുന്ന ഒരേയൊരു വനിതാ പ്രതിനിധിയാകുകയാണ്. കോണ്‍ഗ്രസിന്റെ മാനം കാത്ത യുവതി ഇനി പാര്‍ലമെന്റില്‍ കേരളത്തിന്റെ ശബ്ദം ആകുന്നു. പ്രാദേശിക രാഷ്ട്രീയത്തില്‍ നിന്ന് ദേശീയ രാഷ്ട്രീയത്തിലേക്കുള്ള കുതിച്ചുചാട്ടം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com