ADVERTISEMENT

12 വയസ്സിനു മുകളിലുള്ള എല്ലാ പൗരന്‍മാര്‍ക്കും അനിവാര്യ സാഹചര്യങ്ങളില്‍ ദയാവധം അനുവദിക്കപ്പെട്ട രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്സ്. എങ്കിലും പീഡനത്തെത്തുടര്‍ന്ന് കിടക്കയെ അഭയം പ്രാപിക്കേണ്ടിവന്ന, ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ട,  കൗമാരക്കാരിയുടെ മരണം ദയാവധമാണോ അല്ലയോ എന്ന ചര്‍ച്ച ചൂടുപിടിക്കുകയാണ് രാജ്യത്ത്. 

പെണ്‍കുട്ടിയുടെ മരണം ദയാവധമല്ലെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വിശദീകരിക്കുമ്പോഴും എന്താണ് സംഭവിച്ചതെന്ന് വ്യക്തതയില്ലാത്ത സാഹചര്യത്തില്‍ ദുരൂഹത വര്‍ധിക്കുകയാണ്. ഒപ്പം പീഡനം ഒരു പെണ്‍കുട്ടിയുടെ മനസ്സിലും ശരീരത്തിലും സൃഷ്ടിക്കുന്ന ഉണങ്ങാത്ത മുറിവുകളെച്ചൊല്ലിയുള്ള ചര്‍ച്ചകള്‍ക്കും ജീവന്‍ വച്ചിരിക്കുന്നു. പീഡനത്തെത്തുടര്‍ന്ന് മരണമാണോ മുറിവുകള്‍ സഹിച്ചുകൊണ്ടുള്ള ജീവിതമാണോ അഭികാമ്യം എന്ന ചോദ്യവും ചര്‍ച്ചാവിഷയമായിരിക്കുന്നു. 

കുട്ടിക്കാലത്ത് പീഡനത്തിന് വിധേയയായ ഒരു പെണ്‍കുട്ടിയാണ് ചര്‍ച്ചയുടെ കേന്ദ്രബിന്ദു. ഭക്ഷണവും വെള്ളവും നിഷേധിച്ചു ജീവിച്ച പെണ്‍കുട്ടി ദയാധത്തിന് വിധേയയായതല്ലെന്നാണ് അധികൃതര്‍ വിശദീകരിക്കുന്നത്. തെറ്റായ വാര്‍ത്തകളാണ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതെന്നും ശരിയായ വാര്‍ത്ത പുറത്തുകൊണ്ടുവരാന്‍ അന്വേഷണം പുരോഗമിക്കുകയാണെന്നുമുള്ള വിശദീകരണവുമായി നെതര്‍ലന്‍ഡ്സിലെ മന്ത്രി തന്നെ രംഗത്തെത്തുകയും ചെയ്തു.

നോവ എന്ന പതിനേഴുകാരിയായ പെണ്‍കുട്ടിയാണ് ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ട് മരണത്തെ പുല്‍കിയത്. തന്റെ കഠിനമായ അനുഭവങ്ങളെക്കുറിച്ച് നോവ ഒരു പുസ്തകമെഴുതിയിരുന്നു. അതിനുശേഷമാണ് ആ കുട്ടി അനുഭവിക്കുന്ന നരകയാതന ലോകത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. കടുത്ത നിരാശയും ദുഃഖവും വേദനയും മൂലം അകാലത്തില്‍ നോവ ഞായറാഴ്ചയാണ് വിടവാങ്ങിയത്. വേദനകളുമായി പോരടിച്ചു ജീവിക്കാനുള്ള ആഗ്രഹം തനിക്കു നഷ്ടപ്പെട്ടതായി ഇക്കഴിഞ്ഞദിവസം അവസാനത്തെ ഇന്‍സ്റ്റഗ്രാം സന്ദേശത്തിലൂടെ നോവ ലോകത്തെ അറിയിച്ചിരുന്നു.

പെണ്‍കുട്ടിയുടെ കുടുംബത്തെ ബന്ധപ്പെട്ടുവെന്നും ദയാവധമല്ല സംഭവിച്ചതെന്നും നെതര്‍ലന്‍ഡ്സിലെ ആരോഗ്യമന്ത്രി തന്നെ വ്യക്തമാക്കി. രാജ്യാന്തര മാധ്യമങ്ങള്‍ നോവയുടെ മരണം ദയാവധമാണെന്ന് റിപോർട്ടുകള്‍ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കെയാണ് ആരോഗ്യമന്ത്രിയുടെ മറിച്ചുള്ള പ്രസ്താവന പുറത്തുവന്നത്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്നും നോവയുടെ കുടുംബത്തെ സമാധാനമായി ജീവിക്കാന്‍ അനുവദിക്കണമെന്നും മന്ത്രി ആവശ്യപ്പെടുകയും ചെയ്തു. 

മരണത്തിനു മുമ്പ് ദയാവധം ഏര്‍പ്പെടുത്തിക്കൊടുക്കുന്ന ഒരു ക്ലിനിക്കിനെ നോവ സമീപിച്ചുവെന്നും എന്നാല്‍ അവര്‍ സഹായം നിഷേധിക്കുകയായിരുന്നു എന്ന റിപോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ദയാവധമല്ല നോവയുടെ കാര്യത്തില്‍ സംഭവിച്ചതെന്നും മറിച്ച് ഭക്ഷണവും വെള്ളവും വേണ്ടെന്നുവച്ച് സ്വയം മരണം വരിക്കുകയായിരുന്നു അവൾ എന്നുമാണ് ക്ലിനിക്കും വിശദീകരിക്കുന്നത്. അസഹനീയമായ അനിവാര്യ സാഹചര്യങ്ങളില്‍ മാത്രമേ നെതര്‍ലന്‍ഡ്സില്‍ പ്രത്യേക അനുവാദത്തോടെ ദയാവധം അനുവദിക്കാറുള്ളൂ.

നോവ എന്ന കൗമാരക്കാരി ഏതാനും ദിവസം മുൻപാണ് മരിക്കാനുള്ള തന്റെ ആഗ്രഹം സമൂഹമാധ്യമത്തി ലൂടെ വെളിപ്പെടുത്തിയത്. കുറേ നാളുകളായി തനിക്ക് സംശയങ്ങളായിരുന്നുവെന്നും സമൂഹമാധ്യമത്തി ലൂടെ തന്റെ ആഗ്രഹം വെളിപ്പെടുത്തണോ വേണ്ടയോ എന്ന കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിരുന്നില്ലെന്നും നോവ പറയുന്നു. ഒടുവില്‍, തന്റെ ആഗ്രഹം വെളിപ്പെടുത്തുകയാണ് നല്ലതെന്ന തീരുമാനത്തില്‍ നോവ എത്തിച്ചേര്‍ന്നു. അടുത്ത 10 ദിവസത്തിനുള്ളില്‍ താന്‍ മരിക്കുമെന്നും പെണ്‍കുട്ടി പ്രഖ്യാപിച്ചു. 

കുറച്ചുനാളുകളായി ഞാന്‍ ഭക്ഷണവും വെള്ളവും കഴിക്കുന്നില്ല. അസഹനീയമായ വേദന ഒഴിവാക്കാന്‍ മരണം മാത്രമാണ് എനിക്കു മുന്നിലുള്ള പോംവഴി. വര്‍ഷങ്ങളുടെ സഹനത്തിന് അവസാനം ജീവിക്കാനുള്ള ആഗ്രഹം പൂര്‍ണമായി എനിക്കു നഷ്ടപ്പെട്ടിരിക്കുന്നു- നോവ എഴുതി. വിന്നിങ് ഓര്‍ ലേര്‍ണിങ് എന്ന പുസ്തകം പ്രസിദ്ധീകരിച്ചതോടെയാണ് നോവ രാജ്യാന്തര ശ്രദ്ധ പിടിച്ചുപറ്റിയത്. ജീവിക്കാനുള്ള ആഗ്രഹം നഷ്ടപ്പെട്ട് താന്‍ പലതവണ ആത്മഹത്യാശ്രമം നടത്തിയത് പുസ്തകത്തില്‍ നോവ വെളിപ്പെടുത്തിയിരുന്നു.

14-ാം വയസ്സില്‍ രണ്ടുപേര്‍ മാനഭംഗപ്പെടുത്തിയതോടെയാണ് നോവയുടെ ദുരിതം തുടങ്ങുന്നത്. അക്കാലത്ത് വിവരം മാതാപിതാക്കളോട് പറയാന്‍ കുട്ടിക്കു ധൈര്യമില്ലായിരുന്നു. ദുരിതകാലത്തിനൊടുവില്‍ നോവ പൂര്‍ണമായും കിടക്കയില്‍ തളച്ചിടപ്പെടുകയും ചെയ്തു. ഒടുവില്‍ സത്യം പുസ്തകത്തിലൂടെ നോവ ലോകത്തെ അറിയിച്ചു. സമാന അനുഭവത്തിലൂടെ കടന്നുപോകുന്നവര്‍ക്ക് പ്രചോദനം നല്‍കാന്‍വേണ്ടിയായിരുന്നു നോവയുടെ തുറന്നെഴുത്ത്. പക്ഷേ, അവസാനം, വേദന സഹിക്കാനാവാതെ, കിടക്കയില്‍ ജീവിതം കഴിച്ചുകൂട്ടിയ നോവ ജീവിതം അവസാനിപ്പിച്ചിരിക്കുന്നു. മരണം ദയാവധമാണോ അല്ലയോ എന്ന ചര്‍ച്ച ഇനിയും തുടര്‍ന്നേക്കും. പക്ഷേ അപ്പോഴും ആ മരണം ഉയര്‍ത്തിയ ചോദ്യങ്ങള്‍ ലോകമനസാക്ഷിയെ വേദനിപ്പിച്ചുകൊണ്ടിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com