ADVERTISEMENT

അകന്നുനില്‍ക്കാന്‍ ശ്രമിക്കുന്തോറും അടുപ്പിക്കുന്ന ഒന്നാണ് അഭിനയം. മാറിനില്‍ക്കാന്‍ ശ്രമിച്ചാലും അകന്നുമാറാന്‍ ശ്രമിച്ചാലുമൊക്കെ അഭിനയം ജീവിതത്തെ സ്വാധീനിക്കുകയും ജീവിതാനുഭവങ്ങളില്‍നിന്ന് ഊര്‍ജം നേടുകയും ചെയ്യും. അമേരിക്കന്‍ ടെലിവിഷന്‍ സീരിയലുകളിലെ ജനപ്രിയ താരം സാറ ജെസീക്ക പാര്‍ക്കറും പറയുന്നത് അഭിനയവും ജീവിതവും തമ്മില്‍ അതിര്‍വരമ്പുകളില്ലാതെ കൂട്ടിമുട്ടിയതിനെക്കുറിച്ചും ഒന്ന് മറ്റൊന്നില്‍നിന്ന് ഊര്‍ജം നേടിയതിനെക്കുറിച്ചുമാണ്. ഒരു ബന്ധം ഉണ്ടായിരിക്കെത്തന്നെ ഒറ്റയ്ക്കു ജീവിക്കേണ്ടിവന്ന ഒരു സ്ത്രീയുടെ അനുഭവങ്ങളിലൂടെയാണ് സാറ ഏറ്റവും കൂടുതല്‍ കാലം കടന്നുപോയത്-എച്ച്ബിഒ സിരീസ് ‘ സെക്സ് ആന്‍ഡ് ദ് സിറ്റി’ എന്ന പരമ്പരയിലെ അഭിനയകാലത്തുടനീളം. 

1998 മുതല്‍ 2004 വരെ നീണ്ടുനിന്നു സെക്സ് ആന്‍ഡ് ദ് സിറ്റി. കാരി ബ്രാഡ്ഷോ എന്ന എഴുത്തുകാരിയുടെ ജീവിതമാണ് സാറ അഭിനയിച്ചു ഫലിപ്പിച്ചത്. ഇപ്പോള്‍ എച്ച്ബിഒ യുടെ തന്നെ കോമഡി സിരീസ് ഡിവോഴ്സിൽ രണ്ടു മക്കളുടെ അമ്മയായ ഫ്രാന്‍സസ് എന്ന യുവതിയുടെ വേഷത്തില്‍ വിവാഹത്തകര്‍ച്ച നേരിടുന്ന യുവതിയുടെ ജീവിതമാണ് സാറ അഭിനയിക്കുന്നത്. 

ഡിവോഴ്സിന്റെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണ് ഇപ്പോള്‍ സംപ്രേഷണം ചെയ്യുന്നത്. ഫ്രാന്‍സസും മുന്‍ ഭര്‍ത്താവ് റോബര്‍ട്ടും തകര്‍ന്നുപോയ തങ്ങളുടെ ദാമ്പത്യത്തിന്റെ കണക്കെടുക്കുന്ന രംഗങ്ങള്‍. വിവാഹമോചനവും വലിയ അഭിഭാഷകരും കോടികളുടെ സ്വത്തുമെല്ലാമുള്‍പ്പെട്ട കഥകള്‍ക്കു പകരം ഡിവോഴ്സിന്റെ ചെറിയ, ചെറിയ പ്രശ്നങ്ങളിലൂടെയാണ് സീരിയല്‍ കടന്നുപോകുന്നതെന്ന് എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാരില്‍ ഒരാള്‍ കൂടിയായ സാറ പറയുന്നു.

തകര്‍ച്ചയും പുതിയ ബന്ധങ്ങളുടെ തുടക്കവുമെല്ലാം അവരുടെ ജീവിതത്തെ കീഴ്മേല്‍ മറിക്കുന്നു. മാത്യു ബ്രോഡറിക് എന്ന നടനുമായി 22 വര്‍ഷത്തെ ദാമ്പത്യജീവതത്തില്‍ പങ്കാളിയായ സാറയ്ക്കു പോലും അപരിചിതമായ സൂക്ഷ്മാംശങ്ങളിലൂടെയാണ് ഷോ കടന്നുപോകുന്നതെന്നും സാറ പറയുന്നു. 

ഒരു വിവാഹമോചനത്തിന്റെ ഇരയാണ് സാറ ജെസീക്ക പാര്‍ക്കര്‍. അവര്‍ക്ക് രണ്ടു വയസ്സുള്ളപ്പോഴാണ് അച്ഛനമ്മമാര്‍ വേര്‍പിരിയുന്നത്. അക്കാലത്തെക്കുറിച്ച് സാറ പറയുന്നതിങ്ങനെ :-

അക്കാലത്ത് വലിയ സംഘര്‍ഷങ്ങളൊന്നും എനിക്ക് അനുഭവിക്കേണ്ടിവന്നിട്ടില്ല. വിവാഹത്തെക്കുറിച്ചും വിവാഹമോചനത്തെക്കുറിച്ചുമുള്ള എന്റെ കാഴ്ചപ്പാടുകളെ ഈ സംഭവം സ്വാധീനിച്ചിട്ടുണ്ടെന്നു പറയുന്നതും സത്യമല്ല. കാരണം അമ്മ വേഗം തന്നെ മറ്റൊരാളെ വിവാഹം ചെയ്തു. അച്ഛനും. ജീവിതത്തിലുടനീളം അച്ഛനമ്മമാരെ ഞാന്‍ കണ്ടത് രണ്ടു വ്യത്യസ്ത വ്യക്തികളായിട്ടാണ്. തികച്ചും അപരിചിതരായ രണ്ടു വ്യക്തികള്‍. 

വിവാഹമോചന കാലം അമ്മ അതിജീവിച്ചതിനെക്കുറിച്ചും സാറയ്ക്കു പറയാനുണ്ട്:-

സ്വാതന്ത്ര്യത്തോടെയാണ് അമ്മ ഞങ്ങളെ വളര്‍ത്തിയത്. പരിചിതമായതും അപരിചിതമായതുമായ എല്ലാം ഞങ്ങള്‍ അറിയണമെന്ന് അമ്മയ്ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. സ്കൂളില്‍നിന്നുകിട്ടുന്ന സൗജന്യ ഭക്ഷണമായിരുന്നു അന്നത്തെ പ്രധാന ആഹാരം. സ്കൂളില്‍നിന്നു ലഭിക്കുന്ന സ്റ്റൈപന്‍ഡും വളരെയേറെ സഹായിച്ചിട്ടുണ്ട്. കഠിനാധ്വാനിയായിരുന്നു അമ്മ. ഞങ്ങള്‍ക്ക് ലഭിക്കാന്‍ സാധ്യതയുള്ള പദ്ധതികളെക്കുറിച്ച് നല്ല അറിവുമായിരുന്നു അമ്മയ്ക്ക്. വളര്‍ന്നുവന്നപ്പോള്‍ ഞാനും ജോലിയെ സ്നേഹിച്ചു. എത്ര കഷ്ടപ്പെടാനും തയാറായി. 

അഭിനയം ശാരീരികമായ അധ്വാനം വേണ്ട ഒരു തൊലിലായി അംഗീകരിക്കാന്‍ എനിക്കു കഴിഞ്ഞു. ഏതു രംഗവും മടുപ്പില്ലാതെയും ക്ഷീണമറിയാതെയും അഭിനയിക്കാനും എത്ര നേരം സെറ്റില്‍ ചെലവഴിക്കാനുമുള്ള ഊര്‍ജവും ലഭിച്ചു. 

സെക്സ് ആന്‍ഡ് സിറ്റിയിലെ നാലു സ്ത്രീകളെയാണ് എങ്ങനെയാണ് ഉള്‍ക്കൊണ്ടതിനെക്കുറിച്ച് താരം വ്യക്തമാക്കിയതിങ്ങനെ :-

കാന്‍ഡസ് ബുഷ്നലിന്റെ കോളം പുസ്തകമായപ്പോള്‍ തന്നെ ഞാന്‍ അതു വായിച്ചിരുന്നു. അതിനെ ആസ്പദമാക്കിയാണല്ലോ ആ സീരിയല്‍ സ‍ഷ്ടിച്ചത്. പക്ഷേ ആ സ്ത്രീകളില്‍ ആരെയും എനിക്കു പരിചയമുണ്ടായിരുന്നില്ല. അവരുടെ ജീവിതമായിരുന്നില്ല എന്റേത്. അപരിചിതമായ ജീവിതം അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് ഞാന്‍ ആ ഷോയിലെ വേഷം ഏറ്റെടുത്തത്. 

മീ ടൂ മൂവ്മെന്റിനെക്കുറിച്ചുള്ള കാഴ്ചപ്പാട് :-

'മോശമായി പെരുമാറുന്ന പുരുഷന്‍മാരെക്കുറിച്ചുള്ള ദുരനുഭവങ്ങള്‍ എനിക്കുമുണ്ടായിരുന്നു. അവയൊക്കെ വേഗം തള്ളിക്കളയുകയോ ഉപേക്ഷിക്കുകയോ െചയ്ത് മുന്നോട്ടുപോകാന്‍ ഞാന്‍ പഠിച്ചു. ഒന്നും ഒരുപരിധിക്കപ്പുറം എന്നെ ബാധിക്കാതിരിക്കാനും ഞാന്‍ പഠിച്ചു. എത്ര വലിയ നടനോ നിര്‍മാതാവോ ആയിക്കോട്ടെ. എന്നോടു മോശമായി പെരുമാറിയാല്‍ ഇതു ശരിയല്ല, ഇതു പാടില്ല എന്നു പറയാന്‍ ഞാന്‍ പഠിച്ചിരുന്നു. അക്കാര്യത്തില്‍ ഒരു മാറ്റവുമില്ല. ഒരു വിട്ടുവീഴ്ചയുമില്ല'. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com