ADVERTISEMENT

ബ്രിട്ടന്റെ പ്രധാനമന്ത്രിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായി ബോറിസ് ജോണ്‍സണ്‍ അധികാര മേറ്റതിനുപിന്നാലെ ഇന്ത്യന്‍ വംശജ പ്രീതിപട്ടേലിനും സ്ഥാനക്കയറ്റം. ബ്രിട്ടന്റെ, ഇന്ത്യന്‍ വംശജയായ ആദ്യത്തെ ആഭ്യന്തര സെക്രട്ടറിയായാണ് ബോറിസ് ജോണ്‍സണെ പിന്തുണക്കുന്ന പ്രീതിയുടെ നിയമനം. ബ്രെക്സിറ്റിനുവേണ്ടി ഏറ്റവും ശക്തമായി വാദിച്ച വ്യക്തി കൂടിയാണ് ഇന്ത്യയിലെ ഗുജറാത്തില്‍ വേരുകളുള്ള പ്രീതി. 

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണിനു പിന്തുണ ഉറപ്പാക്കാന്‍ മുന്‍നിരയില്‍ പ്രവര്‍ത്തിച്ച പ്രീതിക്ക് മന്ത്രിസഭയില്‍ പ്രധാനസ്ഥാനം ലഭിക്കുമെന്ന പ്രതീക്ഷകളെ ശരിവച്ചുകൊണ്ടാണ് സ്ഥാനക്കയറ്റം ലഭിച്ചിരിക്കുന്നത്. അധികാരമേല്‍ക്കുന്ന പുതിയ മന്ത്രിസഭയില്‍ ആധുനിക ബ്രിട്ടന്റെ മുഖം പ്രതിഫലിക്കണമെന്നും പുതിയ കാലത്തിലേക്ക് രാജ്യത്തെ നയിക്കാന്‍ ബോറിസിനു കഴിയുമെന്നും പ്രസ്താവനയിറക്കിയതിനു തൊട്ടുപിന്നാലെയാണ് പ്രീതിയുടെ നിയമന വാര്‍ത്ത എത്തിയതും. മൂന്നുവര്‍ഷം മുമ്പ് ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിടണം എന്ന ആവശ്യവുമായി നടത്തിയ ഹിതപരിശോധനയിലും പ്രീതി സജീവമായി പങ്കെടുക്കുകയും ബ്രെക്സിറ്റിന് അനുകൂലമായി പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം വഹിക്കുകയും ചെയ്തിരുന്നു. 

2010-ല്‍ എസ്സക്സിലാണ് 47 വയസ്സുകാരിയായ പ്രീതിയുടെ രാഷ്ട്രീയ കരിയറിന്റെ തുടക്കം. അന്നാണവര്‍ പാര്‍ലമെന്റിലേക്ക് ആദ്യമായി തിരഞ്ഞെടുക്കപ്പെടുന്നത്. അക്കാലത്ത് ഡേവിഡ് കാമറൂണ്‍ മന്ത്രിസഭയില്‍ ഇന്ത്യയുമായി ബന്ധപ്പെട്ട വിഷയങ്ങളിലും പ്രവാസി വിഷയങ്ങളിലും പ്രധാനമന്ത്രിയെ സഹായിക്കുന്ന ചുമതലയും പ്രീതിക്ക് ഉണ്ടായിരുന്നു. പിന്നീട് സഹമന്ത്രിസ്ഥാനങ്ങളിലൂടെ പ്രീതി വളര്‍ച്ചയുടെ പടികള്‍ കയറിക്കൊണ്ടിരുന്നു. 2014-ല്‍ ട്രഷറി മിനിസ്റ്റര്‍ എന്ന പോസ്റ്റിലെത്തിയ പ്രീതി 2015ലെ പൊതുതിരഞ്ഞെടുപ്പിനു മുമ്പ് തൊഴില്‍ മന്ത്രിയായി. 2016ല്‍ തെരേസ മേ പ്രീതിയെ ഇന്റര്‍നാഷനല്‍ ഡെവലപ്മെന്റ് വിഭാഗത്തില്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും തൊട്ടടുത്ത വര്‍ഷം വിവാദങ്ങളെത്തുടര്‍ന്നു രാജിവയ്ക്കേണ്ടിവന്നു. 

പാര്‍ട്ടിയുടെ നേതൃസ്ഥാനത്ത് ബോറിസ് ജോണ്‍സണ്‍ വന്നതോടെ ബ്രിട്ടന്റെ ചരിത്രത്തില്‍ വിശ്വസിക്കുന്ന ശക്തനായ നേതാവിനെയാണ് രാജ്യത്തിനു ലഭിച്ചതെന്നാണ് പ്രീതിയുടെ അഭിപ്രായം. ലോകരാജ്യങ്ങള്‍ക്കിടയില്‍ ബ്രിട്ടന്റെ വ്യക്തിത്വം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുപോകാനുള്ള അവസരമാണിതെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളുമായി ഊഷ്മള ബന്ധം സ്ഥാപിക്കാനും ബോറിസ് മുന്‍കയ്യെടുക്കുമെന്നും പ്രീതി ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. 

ഗുജറാത്തില്‍ നിന്നുള്ള പ്രീതി ബ്രിട്ടനില്‍ നടക്കുന്ന ഇന്ത്യയുമായി ബന്ധപ്പെട്ട എല്ലാ ചടങ്ങുകളിലെയും പരിചിത മുഖമാണ്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബ്രിട്ടനിലെ ശക്തയായ വക്താവായും പ്രീതി അറിയപ്പെടുന്നു. യൂറോപ്യന്‍ യൂണിയന്‍ വിടാനായി തെരേസ മേ തയാറാക്കിയ പദ്ധതിയെ ആദ്യം മുതല്‍ ശക്തമായി എതിര്‍ക്കുന്നതില്‍ മുന്‍പന്തിയിലുമായിരുന്നു പ്രീതി. ബോറിസ് ഉന്നതസ്ഥാനത്ത് എത്തിയതോടെ പ്രീതിയുടെ നല്ലകാലവും സമാഗതമായിരിക്കുന്നു. ഒപ്പം ബ്രിട്ടന്‍-ഇന്ത്യാ ബന്ധത്തിലെ സുവര്‍ണകാലത്തിനും നിയമനം വഴിതെളിച്ചേക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com