ADVERTISEMENT

പായല്‍ എന്ന പെണ്‍കുട്ടി എതിര്‍പ്പിന്റെ ശബ്ദം ഉയര്‍ത്തുന്നത് 11-ാം വയസ്സില്‍. വീട്ടുകാര്‍ അവളുടെ വിവാഹം തീരുമാനിച്ചപ്പോള്‍. പായലിന്റെ വീട്ടിലും അയല്‍വക്കത്തുമെല്ലാം നാട്ടുനടപ്പായിരുന്നു ശൈശവ വിവാഹം. അങ്ങനെയാണ് അവളുടെ വിവാഹവും ഉറപ്പിച്ചത്.

പക്ഷേ, ശക്തമായി പ്രതിരോധിച്ചതോടെ വിവാഹം ഉപേക്ഷിക്കേണ്ടിവന്നു. അതുകൊണ്ടും തന്റെ പോരാട്ടം നിര്‍ത്താതെ ഗ്രാമത്തിലെ മുഴുവന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പോരാട്ടം പായല്‍ ഏറ്റെടുത്തു. ശൈശവ വിവാഹം എന്ന അന്ധവിശ്വാസത്തിനും അനാചാരത്തിനും എതിരെ. ഇന്നിപ്പോള്‍ 17-ാം വയസ്സില്‍ പായലിന്റെ പേരില്‍ അഭിമാനം കൊള്ളുന്നത് രാജ്യം മുഴുവനുമാണ്. പെണ്‍കുട്ടികള്‍ക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളുടെ പേരില്‍ പ്രശസ്തമായൊരു പുരസ്കാരം തേടിയെത്തിയിരിക്കുന്നു. ബില്‍ ആന്‍ഡ് മെലിന്‍ഡ ഗേറ്റ്സ് ഫൗണ്ടേഷന്റെ ചേഞ്ച് മേക്കര്‍ പുരസ്കാരം. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ ഇന്ത്യക്കാരിയാണ് രാജസ്ഥാനില്‍നിന്നുള്ള പായല്‍ ജങ്കിദ്. 

രാജസ്ഥാന്റെ തലസ്ഥാനമായ ജയ്പൂരില്‍നിന്ന് 100 കിലോമീറ്റര്‍ അകലെ ഹിന്‍സ്‍ല എന്ന ഗ്രാമത്തിലാണ് പായലിന്റെ വീട്. ഒരിക്കല്‍ ശൈശവ വിവാഹത്തിനു കുപ്രസിദ്ധമായ ഗ്രാമം ഇന്ന് അറിയപ്പെടുന്നത് ശിശുസൗഹൃദഗ്രാമമായി. ബാല്‍ മിത്ര ഗ്രാമം. ഹിന്‍സ്‍ലയ്ക്കൊപ്പം സമീപ ഗ്രാമങ്ങളും ശിശുസൗഹൃദ മായിക്കൊണ്ടിരിക്കുന്നു. എല്ലാറ്റിനും പിന്നില്‍ പ്രവര്‍ത്തിച്ചത് ഈ കൊച്ചുപെണ്‍കുട്ടിയുടെ കരങ്ങള്‍,കരളുറപ്പ്,തളരാത്ത ധീരത,കീഴടങ്ങാത്ത ഇച്ഛാശക്തി. 

ഹിന്‍സ്‍ലയില്‍ ഒരു ബാലഞ്ചായത്ത് ഉണ്ട്. കുട്ടികളുടെ പാര്‍ലമെന്റ്. ഇതിന്റെ അധ്യക്ഷയായും സേവനമനുഷ്ഠിച്ചിട്ടുണ്ട് പായല്‍. തന്റെ ഗ്രാമത്തിലെയും സമീപഗ്രാമങ്ങളിലെയും കുട്ടികള്‍ക്കുവേണ്ടി നിരന്തരമായി പ്രവര്‍ത്തിക്കുകയുമാണ്. 

''ഗ്രാമത്തില്‍ ഞങ്ങള്‍ക്ക് ഒട്ടേറെ പ്രശ്നങ്ങളുണ്ടായിരുന്നു. പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക്. അവര്‍ക്ക് പുറത്തുപോകാന്‍ അനുവാദമില്ലായിരുന്നു. പഠിക്കാനും ആരെയും അനുവദിച്ചിരുന്നില്ല. 10 വയസ്സ് ആകുമ്പോഴേക്കും വിവാഹം കഴിച്ചയച്ച് ബാധ്യത തീര്‍ക്കുന്നതായിരുന്നു കുടുംബങ്ങളുടെ പതിവ്. ഞാനും അത്തരമൊരു തീരുമാനത്തിന്റെ ഇരയാണ്''.- പായല്‍ പറയുന്നു. ശൈശവവിവാഹത്തിനെതിരെയുള്ള ബോധവത്കരണത്തിന്റെ ഭാഗമായി ഞങ്ങള്‍ ഓരോ വീടുകളും സന്ദര്‍ശിച്ചു. കുട്ടികളുടെ റാലി സംഘടിപ്പിച്ചു. പോസ്റ്റര്‍ പ്രചാരണം നടത്തി. മതിലുകളില്‍ സന്ദേശങ്ങള്‍ എഴുതിവച്ചു. ഞങ്ങള്‍ പെണ്‍കുട്ടികളുടെ അവകാശം മുതിര്‍ന്നവര്‍ കവര്‍ന്നെടുക്കുകയാണെന്ന് ‍ഞങ്ങള്‍ അവരെ ബോധ്യപ്പെടുത്തിക്കൊണ്ടിരുന്നു- പായലിന്റെ വാക്കുകളില്‍ ആത്മവിശ്വാസം. തളരാതെ പോരാടിയതിന്റെ ഫലമാണ് പായലിനെ ഇപ്പോള്‍ തേടിവന്നിരിക്കുന്ന പുരസ്കാരം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com