ADVERTISEMENT

കാത്തിരുന്ന ഒരു ചാംപ്യനെ ലഭിച്ചിരിക്കുകയാണ് ഇന്ത്യയ്ക്ക്. മേരി കോമിനു ശേഷം ബോക്സിങ് രംഗത്ത് നേട്ടങ്ങള്‍ സൃഷിടിക്കാന്‍ കരുത്തും കഴിവുമുള്ള കൗമാര ചാംപ്യനെ. മഞ്ജു റാണി എന്നാണ് ആ കൊച്ചു ചാംപ്യന്റെ പേര്. റഷ്യയില്‍ സമാപിച്ച ലോക ബോക്സിങ് ചാംപ്യന്‍ഷിപ്പില്‍ വെള്ളി നേടിയ അദ്ഭുത താരം. 18 വര്‍ഷം മേരി കോം അടക്കിവാണ റിങ്ങില്‍ ഇന്ത്യയില്‍നിന്ന് പുതിയൊരു താരോദയം. 

ലോകം അറിയുന്ന താരമായി ഇന്ന് മഞ്ജു മാറിയെങ്കിലും അതിനുപിന്നില്‍ ആരും അറിയാത്ത, കഷ്ടപ്പാടിന്റെ കഥകളുണ്ട്. വിയര്‍പ്പിന്റെയും അധ്വാനത്തിന്റെയും മനോവേദനയുടെയും ദിവസങ്ങളുണ്ട്. കബഡിയിലായിരുന്നു മഞ്ജുവിന്റെ തുടക്കം. മേരി കോമും വിജേന്ദറുമൊക്കെ മെഡലുകള്‍ വാരിക്കൂട്ടാന്‍ തുടങ്ങിയതോടെയാണ് ബോക്സിങ്ങില്‍ ഭാഗ്യം പരീക്ഷിക്കാന്‍ തീരുമാനിച്ചത്. 

'കബഡിയായിരുന്നു എന്റെ കായികയിനം. പക്ഷേ ബോക്സിങ്ങിലേക്ക് ചുവടുമാറാന്‍ തീരുമാനിച്ചപ്പോഴും ഒരു പരിശീലകന്റെ അഭാവമുണ്ടായിരുന്നു. എന്റെ അമ്മാവനും കബഡി കോച്ചുമായ സരബ് സിങ് നര്‍വാള്‍ ഞാന്‍ ബോക്സിങ്ങിലേക്ക് മാറുന്നതിനെ അനുകൂലിച്ചു. അതിനുവേണ്ടി അദ്ദേഹം ബോക്സിങ്് പഠിച്ചു. അതിനുശേഷം എന്നെ പഠിപ്പിച്ചു. അതായിരുന്നു എന്റെ തുടക്കം' -മഞ്ജു പറയുന്നു. 

വര്‍ഷങ്ങളായി വാര്‍ത്തകളില്‍ കേള്‍ക്കാത്ത പേരാണ് മഞ്ജു റാണിയുടേത്. അതുകൊണ്ടുതന്നെ റഷ്യയിലും മെഡല്‍ പ്രതീക്ഷയില്ലായിരുന്നു. പക്ഷേ, ആശങ്കകളെ അകറ്റി നേട്ടത്തിലെത്താന്‍ താരത്തിനു കഴിഞ്ഞു. ഇന്ത്യന്‍ കായികലോകത്തിനൊപ്പം മഞ്ജുവിന്റെ കുടുംബത്തിനും ആഹ്ലാദം പകരുന്നതായിരുന്നു ലോകനേട്ടം. 

വെനസ്വേല താരത്തെ 5-0 ന് തോല്‍പിച്ചുകൊണ്ടായിരുന്നു റഷ്യയില്‍ മഞ്ജുവിന്റെ തുടക്കം. രണ്ടാം റൗണ്ടില്‍ ഉയര്‍ന്ന റാങ്കുള്ള ഉത്തരകൊറിയന്‍ താരമായിരുന്നു എതിരാളി. 4-1 ന് വിജയം. ക്വാര്‍ട്ടറില്‍ തായ്‍ലന്‍ഡ് താരത്തെ അട്ടിമറിച്ച് ഫൈനല്‍ പ്രവേശം. കടുത്ത മല്‍സരത്തില്‍ റഷ്യയുടെ താരത്തിനോട് 1-4 ന് പരാജയവും വെള്ളിമെഡലും. 

'കടുത്ത മല്‍സരങ്ങള്‍ നടക്കുമ്പോഴും അമ്മ എന്റെ മല്‍സരങ്ങള്‍ ലൈവായി കാണുന്നുണ്ടായിരുന്നു. അപ്പോള്‍ അമ്മയുടെ കണ്ണു നിറഞ്ഞുതന്നെയിരിക്കും. വര്‍ഷങ്ങള്‍ക്കുശേഷം എന്റെ കഠിനാധ്വാനത്തിനു ഫലമുണ്ടായതിന്റെ സന്തോഷമായിരുന്നു അമ്മയുടെ മനസ്സില്‍. സന്തോഷം കണ്ണുനീരായാണ് പുറത്തുവന്നതെന്നു മാത്രം'- മഞ്ജു പറയുന്നു. 

9 വര്‍ഷം മുമ്പ് പട്ടാളക്കാരനായ അച്ഛന്‍ മരിച്ചതോടെ മഞ്ജുവിന്റെ കുടുംബം സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ബോക്സിങ് കരിയറായി എടുക്കരുതെന്ന ഉപദേശവുമായി അക്കാലത്തുതന്നെയാണ് ബന്ധുക്കളും ഇടപെട്ടത്. അക്കാലത്ത് അമ്മ ഇഷ്വതി ദേവിയായിരുന്നു മഞ്ജു റാണിക്ക് കരുത്ത്. ഹരിയാനയിലെ ബോക്സിങ്ങിനു പേരുകേട്ട റോഹ്തക് ഗ്രാമക്കാരി തന്നെയാണ് മഞ്ജുവും. അച്ഛനില്ലാത്ത ദുഃഖം അമ്മ തന്നെ അറിയിച്ചിട്ടില്ലെന്നു മഞ്ജു പറയുന്നു. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ വളര്‍ച്ചയുടെ വഴിയില്‍ തടസ്സമാകരുതെന്നും അമ്മ എന്നും ശ്രദ്ധിച്ചിരുന്നു. അതിന്റെയൊക്കെ ഫലമാണ് റഷ്യയില്‍ താന്‍ നേടിയ വെള്ളിമെഡല്‍ എന്നു പറയുമ്പോള്‍ കുട്ടിത്തം വിടാത്ത കണ്ണുകളില്‍ അഭിമാനത്തിളക്കം. 

ആദ്യഘട്ടത്തില്‍ വേറെയും വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട് മഞ്ജുവിന്. നല്ല പ്രകടനം കാഴ്ചവച്ചിട്ടും ഹരിയാന ദേശീയ ടീമില്‍ കയറിപ്പറ്റാന്‍ കഴിയാത്ത സാഹചര്യവും വന്നു. അന്ന് ബോക്സിങ് ഉപേക്ഷിച്ചാലോ എന്നുപോലും മഞ്ജു ചിന്തിച്ചിരുന്നു. അന്ന് അമ്മാവനും കോച്ചും കൂടെനിന്നു. പഞ്ചാബിലെ ലവ്‍ലി പ്രഫഷണല്‍ യൂണിവേഴ്സിറ്റിയില്‍ പ്രവേശനം ഉറപ്പാക്കിയതും അവര്‍ തന്നെ. 

2017 ല്‍ പഞ്ചാബിലേക്ക് കൂടുമാറിയതോടെയാണ് മഞ്ജുവിന്റെ ഭാഗ്യം തെളിഞ്ഞത്. അക്കൊല്ലം ജനുവരിയില്‍ ദേശീയ മേഡല്‍ നേടി. ആ വര്‍ഷം തന്നെ തായ്‍ലന്‍ഡ് ഓപണില്‍ വെങ്കലവും നേടി. ഇന്ത്യന്‍ ഓപണിലും വെങ്കലം നേടിയതോടെ മഞ്ജുവിന്റെ നല്ലകാലം തുടങ്ങി. ഇനി അണ്ടര്‍ -22 ഏഷ്യന്‍ ചാംപ്യന്‍ഷിപ്പാണ് മഞ്ജുവിന്റെ അടുത്ത ലക്ഷ്യം. 2024- ഒളിംപിക്സും സ്വപ്നങ്ങളിലുണ്ട്. വിദൂരമാണെങ്കിലും ആ ലക്ഷ്യത്തിനുവേണ്ടിയും മഞ്ജു ഇപ്പോള്‍ തന്നെ ഒരുക്കം തുടങ്ങിക്കഴിഞ്ഞു. 48 കിലോ വിഭാഗത്തിലാണ് മല്‍സരം. 

English Summary : ‘I almost thought of quitting boxing,’ says Manju Rani

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com