sections
MORE

നന്ദി അമ്മയോട്; കരിയർ സ്വപ്നങ്ങൾ പങ്കുവച്ച് ലോകസുന്ദരി

Toni-Ann Singh
ടോണി ആൻ സിങ്
SHARE

ലണ്ടനില്‍ നടന്ന 69-ാം ലോക സുന്ദരി മത്സര വേദി ഇത്തവണ കീഴടക്കിയത് ഒരു ജമൈക്കക്കാരി; അതും സൗന്ദര്യത്തിനും ബുദ്ധിക്കുമൊപ്പം ശബ്ദസൗകുമാര്യം കൊണ്ടും. ഒരുപക്ഷേ ഇതാദ്യമായിരിക്കും ലോകസുന്ദരിയെ തിരഞ്ഞെടുക്കാനുള്ള വേദിയില്‍ ഒരു മത്സരാര്‍ഥി പാട്ട് ആയുധമാക്കിയതും. വിറ്റ്നി ഹൂസ്റ്റണിന്റെ ‘ ഐ ഹാവ് നതിങ്’ ് എന്ന പാട്ടാണ് ജമൈക്കയില്‍ നിന്നുള്ള ടോണി ആന്‍ സിങ്ങിന് കിരീടം സമ്മാനിച്ചത്. ഫ്രാന്‍സിന്റെ ഒഫെലി മെസീനോ, ഇന്ത്യയുടെ സ്വന്തം സുമൻ റാവു എന്നവിരെ പിന്നിലാക്കി ടോണി പാട്ടും പാടി കിരീടം സ്വന്തമാക്കി.

സംഗീതം തൊഴില്‍ മേഖലയായി തിര‍ഞ്ഞെടുക്കുമോ എന്ന ചോദ്യത്തിന് അങ്ങനെ ഒരവസരം കിട്ടിയാല്‍ താന്‍ മടിക്കില്ലെന്നായിരുന്നു ടോണിയുടെ മറുപടി. നേരത്തെ ഡോക്ടറാകാനുള്ള മോഹവും അവര്‍ വെളിപ്പെടുത്തിയിരുന്നു. ലോക സുന്ദരി മത്സര വേദിയില്‍ വിജയിക്കുന്ന നാലാമത്തെ ജമൈക്കക്കാരിയാണ് 23 വയസ്സുകാരിയായ  ടോണി. 

ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്ന് വിമന്‍സ് സ്റ്റഡീസിലും സൈക്കോളജിയിലും ബിരുദം നേടിയിട്ടുമുണ്ട് ടോണി. നേരത്തെ കരീബിയന്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റായി പ്രവര്‍ത്തിച്ച് സംഘാടന ശേഷിയും അവര്‍ തെളിയിച്ചിട്ടുണ്ട്. ലോകസുന്ദരി കിരീടം ടോണി സമര്‍പ്പിക്കുന്നതാകട്ടെ സ്വന്തം അമ്മയ്ക്കും. 

തന്റെ ഇപ്പോഴത്ത നേട്ടത്തിനും ജീവിതത്തില്‍ ഇതുവരെയുള്ള എല്ലാ നേട്ടങ്ങള്‍ക്കും ടോണി നന്ദി പറയുന്നതും അമ്മയ്ക്കു തന്നെ. സൗന്ദര്യമത്സരത്തില്‍ പങ്കെടുക്കാന്‍ തനിക്ക് പിന്തുണ തന്നതും ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനവും അമ്മയാണെന്നും ടോണി വെളിപ്പെടുത്തുന്നു. 

ജീവിതത്തില്‍ ഒരു ലക്ഷ്യമുണ്ടെങ്കില്‍ അത് യാഥാര്‍ഥ്യമാക്കാന്‍ അര്‍ഹതയും പ്രാപ്തിയുമുണ്ടെന്നാണ് നേട്ടത്തെക്കുറിച്ച് ടോണി പ്രതികരിച്ചത്. ലോക സുന്ദരി മത്സര വേദിയില്‍ പ്രധാന വിധികര്‍ത്താവിയിരുന്ന ബ്രിട്ടിഷ് അവതാരകന്‍ പിയേഴ്സ് മോര്‍ഗനും മനോഹരമായ ശബ്ദത്തിന്റെ ഉടമയായ സുന്ദരി എന്നാണ് ടോണിയെ വിശേഷിപ്പിച്ചത്. 

കഥക് നര്‍ത്തകിയായ ഇന്ത്യക്കാരി സുമന്‍ റാവു അവസാന ഘട്ടം വരെ പൊരുതിയെങ്കിലും മൂന്നാം സ്ഥാനം കൊണ്ടു തൃപ്തിപ്പെട്ടു. രാജസ്ഥാനിലെ ഉദയ്പൂരില്‍നിന്നാണ് 21 വയസ്സുകാരിയായ സുമന്‍ റാവു എത്തുന്നത്. മുംബൈ സര്‍വകലാശാലയില്‍ അക്കൗണ്ടന്‍സി വിദ്യാര്‍ഥി. 

ഫെമിന മിസ് ഇന്ത്യ കിരീടം നേടിയിട്ടുള്ള സുമന്‍ റാവു മാനുഷി ഛില്ലറിന്റെ പിന്‍ഗാമിയാകാനുള്ള ശ്രമത്തിലാണ് പരാജയപ്പെട്ടത്. 2017 ലായിരുന്നു മാനുഷി ഇതിനുമുമ്പ് ലോക കിരീടം ഇന്ത്യയിലെത്തിച്ചത്. അതിനും 17 വര്‍ഷം മുമ്പ് 2000-ല്‍ പ്രിയങ്ക ചോപ്രയും ഇതേ നേട്ടം സ്വന്തമാക്കിയിരുന്നു.

എക്സല്‍ ലണ്ടനില്‍ നടന്ന ചടങ്ങില്‍ ലോക കിരീടം ശിരസ്സിലേറ്റിയപ്പോഴും വിശ്വസിക്കാനാവാത്ത മാനസികാവസ്ഥയിലായിരുന്നു ടോണി ആന്‍സിങ്. എല്ലാം ഒരു സ്വപ്നം പോലെ എന്നായിരുന്നു ടോണിയുടെ പ്രതികരണം.  

English Summary : Toni Ann Singh Missworld 2019 Talks About Her Family And Career

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
WORK & LIFE
SHOW MORE
FROM ONMANORAMA