പങ്കാളിയുമായുള്ള ബന്ധത്തിൽ സോഷ്യൽമീഡിയ വില്ലനാകുമോ? പണി കിട്ടും മുൻപ് ഇക്കാര്യങ്ങൾ മനസ്സിലാക്കാം
Mail This Article
സമൂഹമാധ്യമങ്ങളുടെ ഈ കാലത്ത് ആരോഗ്യകരമായ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്നത് തീര്‍ച്ചയായും വെല്ലുവിളികള്‍ നിറഞ്ഞതാണ്. നിസാരമായ തെറ്റിദ്ധാരണ മതി ബന്ധങ്ങള്‍ക്ക് ഇളക്കം തട്ടാന്‍, പ്രത്യേകിച്ചും വിവാഹബന്ധങ്ങള്‍ക്ക്. ഇങ്ങനെ പൊതുവേദിയിലെ ഇടപെടലുകള്‍ നമ്മുടെ ജീവിത പ്രശ്നങ്ങളാവാതിരിക്കാന് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ മതി.
അമിതമായുളള പങ്കിടല്‍
വ്യക്തിപരമായ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കിടുമ്പോള്‍ പ്രത്യേക ശ്രദ്ധിക്കുക. നിങ്ങളുടെ ബന്ധത്തെകുറിച്ചും സ്വകാര്യജീവിതത്തെ കുറിച്ചും പങ്കാളിയെകുറിച്ചുമെല്ലാം സോഷ്യല്‍മീഡിയയില്‍ സംസാരിക്കുമ്പോഴും ചിത്രങ്ങളും വീഡിയോകളും ഷെയര്‍ ചെയ്യുമ്പോഴും അത് പങ്കാളിയെ അസ്വസ്ഥപ്പെടുത്തുന്നതാവരുത്. ഇത്തരം വ്യക്തിപരമായ വിവരങ്ങള്‍ നിങ്ങള്‍ വലിയൊരു വേദിയില്‍, പ്രത്യേകിച്ചും അപരിചിതര്‍ ഉള്‍പ്പെടുന്ന മാധ്യമത്തില്‍ പങ്കുവെക്കുമ്പോള്‍ അതിന് തീര്‍ച്ചയായും പങ്കാളിയുടെ സമ്മതം കൂടി ചോദിക്കാവുന്നതാണ്. ഇത്തരം നീക്കം ബന്ധങ്ങളില്‍ വിളളല്‍ വീഴ്ത്താതിരിക്കാന്‍ സഹായിക്കും. നിങ്ങള്‍ ചിലപ്പോള്‍ സോഷ്യല്‍ മീഡിയയെ സ്നേഹിക്കുന്ന ആളായിരിക്കും. പക്ഷെ പങ്കാളി അങ്ങനെയാവണമെന്നില്ല. അതിനാല്‍ പങ്കാളിയുടെ സ്വകാര്യതയെ ബഹുമാനിക്കുകയും അതിര്‍വരമ്പുകള്‍ ലംഘിക്കാതിരിക്കുകയും ചെയ്യുക.
പൊതുവേദിയിലെ വാഗ്വാദങ്ങള്‍
വ്യക്തിപരമായ തര്‍ക്കങ്ങളും അഭിപ്രായവ്യത്യാസങ്ങളും സമൂഹമാധ്യമത്തില്‍ കൊണ്ടുവരുന്നത് പ്രശ്നങ്ങള്‍ വഷളാക്കാനേ സഹായിക്കൂ. മാത്രമല്ല നിങ്ങളുടെ സുഹൃത്തുക്കളും നിങ്ങളെ ഫോളോ ചെയ്യുന്നവരും അനാവശ്യമായ അഭിപ്രായങ്ങളും ഉപദേശങ്ങളുമായി വരാനും ഇത് വഴിയൊരുക്കും. ഇത്തരത്തിലുളള തര്‍ക്കങ്ങള്‍ തീര്‍ച്ചയായും നിങ്ങള്‍ തമ്മില്‍തന്നെ പറഞ്ഞൊതുക്കാന്‍ ശ്രദ്ധിക്കുക. മാത്രമല്ല വാഗ്വാദങ്ങള്‍ പരസ്പര ബഹുമാനം നിലനിര്ത്തിക്കൊണ്ടാവാനും ശ്രദ്ധിക്കാം.
മറ്റു ബന്ധങ്ങളുമായുളള താരതമ്യം
നിങ്ങളുടെ വിവാഹബന്ധത്തെ സമൂഹ മാധ്യമങ്ങളില്‍ കാണുന്ന മറ്റ് ബന്ധങ്ങളുമായി താരതമ്യപ്പെടുത്താന്‍ ശ്രമിക്കാതിരിക്കണം. കാരണം സമൂഹമാധ്യമത്തില്‍ കാണുന്നതായിരിക്കില്ല പലപ്പോഴും യാഥാര്‍ത്ഥ്യം. ജീവിതത്തിലെ നല്ല മൂഹൂര്‍ത്തങ്ങള്‍ മാത്രമായിരിക്കും പലരും പൊതുയിടത്തില്‍ പങ്കുവെക്കുക. അതുമാത്രം കണ്ട് അവരുടെ ജീവിതംപോലെ ആവാന്‍ ആഗ്രഹിക്കുകയും സ്വന്തം സാഹചര്യങ്ങളില്‍ സംതൃപ്തിയില്ലാതിരിക്കുകയും ചെയ്യുന്നത് ജീവിതം സ്വയം നശിപ്പിക്കുന്നതിന് തുല്യമാണ്.
ഓഫ്ലൈന് ബന്ധങ്ങളും
കൂടുതല്‍ നേരം സമൂഹമാധ്യമങ്ങളില്‍ നോക്കിയിരുന്നാല്‍ വിലപ്പെട്ട സമയമാണ് നിങ്ങള്‍ക്ക് നഷ്ടമാകുന്നത്. നിങ്ങളുടെ പങ്കാളിയ്ക്കൊപ്പം ചിലവഴിക്കാന്‍ പറ്റുന്ന, അവരുമായി ആത്മബന്ധം നിലനിര്‍ത്താന്‍ സഹായിക്കുന്ന മനോഹരമായ നിമിഷങ്ങളാണ് ഈ സമൂഹമാധ്യമങ്ങള്‍ അപഹരിക്കുന്നത്. ഇത് പങ്കാളിയില്‍ നിന്ന് അകന്നുപോവാനുളള വഴികളായിരിക്കും തുറക്കുക. മാത്രമല്ല പരസ്പരം വിഷമങ്ങള്‍ പങ്കുവെക്കാനും മനസിലാക്കാനുമുളള സാഹചര്യങ്ങളും കുറയും. അതിനാല്‍ അല്പനേരമെങ്കിലും സമൂഹമാധ്യമങ്ങളെ മാറ്റിനിര്‍ത്തി മുഖാമുഖമുളള സംസാരത്തിനായി സമയം കണ്ടെത്താം.
ഫ്ളേര്ടിംഗ് ഒഴിവാക്കാം
ചിലര്‍ പങ്കുവെക്കുന്ന പോസ്റ്റുകളോട് അമിതമായി സ്നേഹം കാണിക്കുന്നതും സമൂഹമാധ്യമങ്ങളിലൂടെ ഫ്ളേര്ടിംഗ് ചെയ്യുന്നതും ബന്ധങ്ങളിലെ വിശ്വാസ്യത തകര്‍ക്കുന്ന ഒന്നാണ്. എല്ലാ ബന്ധങ്ങളെയും നിര്‍ത്തേണ്ടിടത്ത് നിര്‍ത്തുകയും സഭ്യമായ ഭാഷയും പെരുമാറ്റവും സമൂഹമാധ്യമങ്ങളിലും ഉപയോഗിക്കാന്‍ ശ്രദ്ധിക്കുന്നതും ബന്ധങ്ങള്‍ ആരോഗ്യകരമാകാന്‍ സഹായിക്കും.